Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കക്കാരനെത്തിയത് 'അമ്മ'യുടെ പിറന്നാളു കൂടാൻ; മർദ്ദനമേറ്റത് ആശ്രമത്തിന് സമീപത്തെ കടൽ തീരത്ത് വച്ച്; കോഫി ഷോപ്പിലുണ്ടായ തർക്കം മാരിയോ പോളിനെ അക്രമാസക്തനാക്കി; യുവാവിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ; മാരിയോ പോളിനെ മർദ്ദിച്ചത് പൊലീസോ? ഒത്തുകളിച്ച് ആശ്രമ അധികൃതരും; ഹോട്ടൽ തല്ലിപ്പൊളിച്ചതിന് മർദ്ദനമേറ്റ അമൃതാനന്ദമയീ മഠത്തിലെ അന്തേവാസിക്കെതിരെ കേസെടുക്കും

അമേരിക്കക്കാരനെത്തിയത് 'അമ്മ'യുടെ പിറന്നാളു കൂടാൻ; മർദ്ദനമേറ്റത് ആശ്രമത്തിന് സമീപത്തെ കടൽ തീരത്ത് വച്ച്; കോഫി ഷോപ്പിലുണ്ടായ തർക്കം മാരിയോ പോളിനെ അക്രമാസക്തനാക്കി; യുവാവിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ; മാരിയോ പോളിനെ മർദ്ദിച്ചത് പൊലീസോ? ഒത്തുകളിച്ച് ആശ്രമ അധികൃതരും; ഹോട്ടൽ തല്ലിപ്പൊളിച്ചതിന് മർദ്ദനമേറ്റ അമൃതാനന്ദമയീ മഠത്തിലെ അന്തേവാസിക്കെതിരെ കേസെടുക്കും

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 64-മത് ജന്മദിനാഘോഷങ്ങൾക്കായി കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലെത്തിയ അമേരിക്കൻ പൗരൻ മാരിയോ പോളിന് മർദ്ദനമേറ്റത് നാട്ടുകാരിൽ നിന്നെന്ന് പൊലീസ്. മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ തീരത്ത് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിൽ നടന്ന തർക്കമാണ് മാരിയോയ്ക്ക് മർദ്ദനമേൽക്കാൻ കാരണമെന്ന് പൊലീസ് പറയുന്നത്. കോഫീ ഷോപ്പ് അടിച്ചു തകർത്തതിന് മരിയോ പോളിനെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. എന്നാൽ മർദ്ദനമേറ്റ മരിയോ പോളിന്റെ മൊഴി ഇനിയും പൊലീസ് എടുത്തിട്ടില്ല. വാദിയെ പ്രതിയാക്കി മാറ്റി മരിയോ പോളിനെ കുറ്റക്കാരനാക്കാനാണ് നീക്കം.

കോഫീ ഷോപ്പിൽ കയറി പ്രശ്‌നമുണ്ടാക്കിയാലും ആർക്കും നിയമപരമായി മരിയോ പോളിനെ തല്ലാൻ അവകാശമില്ല. അതും ക്രിമിനൽ കുറ്റമാണ്. എന്നാൽ ഇത്തരത്തിലൊരു കേസും പൊലീസ് എടുത്തിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള മരിയാ പോളിന്റെ അരോഗ്യ നില അതീവ ഗുരുതരമാണ്. മർദ്ദനം ഏറ്റുവെന്നത് ഡോക്ടർമാരും സ്ഥിരീകിരിക്കുന്നുണ്ട്. ഈ അമേരിക്കകാരന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ പോലും അതിലൊന്നും ആർക്കും പങ്കില്ലാത്ത വിധമാണ് തിരക്കഥ ഒരുങ്ങുന്നതെന്നാണ് സൂചന. നാട്ടുകാർക്കെതിരെ പൊലീസ് കേസെടുക്കില്ല. അമൃതാനന്ദമയീ മഠത്തിന് സംഭവത്തിൽ ഒരു പങ്കുമില്ലെന്നാണ് പൊലീസ് പറയുന്നത്. ആശ്രമത്തിനാകട്ടെ ഇതിൽ ഒന്നും പറയാനുമാകുന്നില്ല. ആശ്രമത്തിലെത്തിയ അന്തേവാസിക്ക് കഞ്ചാവ് എവിടെ നിന്ന് കി്ട്ടിയെന്നതും ദുരൂഹമാണ്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നില്ല.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ മാരിയോ ലോട്ടസ് കഫേ എന്ന കോഫി ഷോപ്പിൽ എത്തുകയും അതിക്രമിച്ച് കയറി റഫ്രിജറേറ്റർ തുറന്ന് ഒരു കുപ്പി വെള്ളവുമായി പുറത്തേക്ക് പോയി. കുപ്പിവെള്ളത്തിന്റെ പണം കൊടുക്കാതെ പുറത്തേക്ക് കടന്ന മാരിയോ പോളിനെ കടയുടമ ശ്യാംദാസ് പിൻതുടർന്ന് പിടിച്ചു നിർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം കയ്യിലിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ശ്യാംദാസിനെ ഇയാൾ മർദ്ദിച്ചു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ തന്നെ ആക്രമിക്കാൻ വരുകയാണിവർ എന്ന് കരുതി മാരിയോ കോഫി ഷോപ്പിലെ കസേരകൾ നാട്ടുകാർക്ക് നേരെ എറിഞ്ഞു. പിന്നീട് കടൽതീരത്ത് കച്ചവടം നടത്തുകയായിരുന്ന ഐസ് ക്രീം വിൽപ്പനക്കാരനെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞു. ഈ വാഹനം മറിച്ചിടാനും ശ്രമം നടത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വിലങ്ങു വച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ പൊലീസ് വാഹനത്തിൽ നിന്നും മാരിയോ പുറത്തേക്ക് ചാടി കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഇതോടെ കയർ ഉപയോഗിച്ച് കെട്ടി വരിഞ്ഞ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ക്രൂര മർദ്ദനം നടത്തിയത് നാട്ടുകാരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യാതൊരു രീതിയിലും വിദേശ പൗരനെ ആക്രമിച്ചിട്ടില്ലെന്നും അക്രമാസക്തനായ ഇയാളെ പൊലീസിന് പിടികൂടാൻ വേണ്ട സഹായം മാത്രമേ ചെയ്തുള്ളുവെന്നും നാട്ടുകാർ പറയുന്നു.

ഇതോടെ വെട്ടിലാവുന്നത് പൊലീസാണ്. വിദേശ പൗരന് ക്രൂര മർദ്ദനമേറ്റത് പൊലീസിന്റെ ഭാഗത്ത് നിന്നുമാണെന്നാണ് പ്രധാന ആരോപണം. സ്ഥിരമായി കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നയാളാണ് മാരിയോ പോളെന്നും ഇയാൾ ആശ്രമത്തിൽ വളരെയധികം ശല്യമുണ്ടാക്കുന്നയാളുമാണെന്നാണ് രഹസ്യവിവരം. ഇത് മൂലം അശ്രമ അധികൃതരുടെ കണ്ണിലെ കരടായി മാറി. ആശ്രമത്തിന് പുറത്തുണ്ടായ അക്രമണത്തിൽ പൊലീസ് പിടികൂടിയപ്പോൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ആശ്രമ അധികൃതർ പൊലീസിന് നിർദ്ദേശം കൊടുക്കുകയായിരുന്നു എന്ന് അശ്രമത്തിനകത്ത് നിന്നുള്ള ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ആശ്രമ അധികൃതരുടെ പെരുമാറ്റം.

ആശ്രമത്തിലെത്തിയ വിദേശ പൗരന് വേണ്ട നിയമ സഹായങ്ങളൊന്നും തന്നെ ഇവർ ചെയ്തുകൊടുത്തിട്ടില്ല. പൊലീസ് ഇത് വരെ മൊഴി പോലും എടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കോഫി ഷോപ്പിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയെന്ന കടയുടമ ശ്യാമിന്റെ പരാതിയിൽ പൊലീസ് നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ ഇടുകയും മഹസറെഴുതുകയും ചെയ്തു. ഒരു വിദേശ പൗരന് ക്രൂരമായി മർദ്ദനമേറ്റ് മൃതപ്രായനായി കിടക്കുമ്പോഴും പൊലീസ് തിരിഞ്ഞു നോക്കാത്തത് ഈ വിഷയത്തിൽ ദുരൂഹതയുണ്ടാക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ പൊലീസ് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാതെ ഒളിച്ച് കളിച്ചതിനെ തുടർന്ന് എവിടെ വച്ചാണ് ഇയാൾക്ക് മർദ്ദനമേറ്റത് എന്നറിയാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഭവം മൂടി വയ്ക്കാൻ പരമാവധി ശ്രമിച്ചിരുന്നു. സംഭവത്തെ പറ്റി ആശ്രമം അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവ് നിരീക്ഷണത്തിലാണ്. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ല.

യുവാവിനെ ഇപ്പോൾ കിടത്തിയിരിക്കുന്ന ഐസിയുവിന് മുന്നിൽ കാവലിന് ആളെ നിയോഗിച്ചിട്ടുണ്ട് അമൃതാനന്ദമയിയുടെ മഠം. യുവാവിന്റെ വിവരങ്ങൾ തിരക്കി ആരൊക്കെ വരുന്നുവെന്നും എന്തക്കെ സംഭവിക്കുന്നുവെന്നും നിരീക്ഷിക്കാനും പ്രത്യേകം ആളുകളുണ്ട്. യുവാവിന്റെ കാര്യങ്ങൾ തിരക്കിയെത്തുന്നവരോട് നിങ്ങൾക്ക് ഇതൊക്കെ അറിയേണ്ട കാര്യമെന്തെന്നാണ് ചിലർ ചോദിച്ചത്. അതായത് വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ പ്രത്യേക നിർദ്ദേശവും ജാഗ്രസയുമാണ് മഠം അതികൃതർ കൈക്കൊണ്ടിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇയാൾക്ക് കൂട്ടിരിപ്പുകാരനായി ഒരു വിദേശിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ മരിയോയെ സംബന്ധിക്കുന്ന ഒരു വിവരവും ഇയാൾക്ക് അറിയില്ലെന്നാണ് ഇയാൾ തന്നെ പറയുന്നത്. ഇയാൾ അന്തേവാസിയാണോ എന്ന കാര്യം പോലും പറയാൻ കാവൽ നിന്ന ഫ്രഞ്ച് പൗരനായ യുവാവിന് അറിയില്ലായിരുന്നു. മരിയോയെകുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് കാവൽ നിന്ന യുവാവ് പറഞ്ഞത്. എത്ര കാലമായി ഇയാൾ ഇവിടെയുണ്ടെന്നോ, എന്താണ് സംഭവിച്ചതെന്നോ. എങ്ങനെയാണ് മർദ്ദനമേറ്റതെന്നോ തനിക്ക് അറിയില്ലെന്നും യുവാവ് പറയുന്നു.

ഗുരുതരമായ അവസ്ഥയിലാണെങ്കിലും യുവാവ് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് മൊഴിയെടുക്കാവുന്നതാണ്. എന്നാൽ അതിനും പൊലീസ് തയ്യാറായിട്ടില്ല. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP