Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠന മികവ് പുലർത്തുന്ന നിർദ്ധനരായ അൻപതിൽ അധികം നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി മറുനാടൻ കുടുംബം; ആകാശച്ചാട്ടം വഴി ശേഖരിച്ച 32 ലക്ഷത്തോളം രൂപ റെഡി: നഴ്‌സിങ് പഠിച്ചു കുടുംബത്തെ കരകയറ്റാൻ ആഗ്രഹിക്കുകയോ ഫീസ് അടക്കാത്തതിനാൽ പഠനം വഴി മുട്ടി നിൽക്കുകയോ ചെയ്യുന്ന ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഉടൻ അറിയിക്കുക.

പഠന മികവ് പുലർത്തുന്ന നിർദ്ധനരായ അൻപതിൽ അധികം നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി മറുനാടൻ കുടുംബം; ആകാശച്ചാട്ടം വഴി ശേഖരിച്ച 32 ലക്ഷത്തോളം രൂപ റെഡി: നഴ്‌സിങ് പഠിച്ചു കുടുംബത്തെ കരകയറ്റാൻ ആഗ്രഹിക്കുകയോ ഫീസ് അടക്കാത്തതിനാൽ പഠനം വഴി മുട്ടി നിൽക്കുകയോ ചെയ്യുന്ന ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഉടൻ അറിയിക്കുക.

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മക്കളെ എന്തു പഠിപ്പിക്കാൻ വേണ്ടിയാണ് അയക്കേണ്ടത് എന്ന ചോദ്യം പല മാതാപിതാക്കളും ചോദിക്കാറുണ്ട്. പഠന മികവുണ്ട് എന്നതുകൊണ്ട് മാത്രം ആഗ്രഹിക്കുന്നത് പഠിപ്പിക്കാൻ വിടാൻ സാധിച്ചെന്നു വരില്ല. പഠനച്ചെലവും അഭിരുചിയും കൂടി പരിഗണിക്കാതെ ഒരു കുട്ടിയുടെ പഠന വിഷയം തെരഞ്ഞെടുക്കാൻ കഴിയില്ല. എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയ ശേഷം ഫീസ് ഇല്ലാത്തതു കൊണ്ട് ചേരാത്ത നിരവധി കുട്ടികളെ കുറിച്ച് നമ്മൾ കേട്ടു. ആരു ചെന്നാലും അഡ്‌മിഷൻ കിട്ടുന്ന കോഴ്‌സായി മാറിയിട്ടും അഭിരുചി പ്രശ്‌നം കൊണ്ട് മുക്കാൽ ശതമാനത്തോളം പേരും തോറ്റു പോകുന്ന കോഴ്‌സായി മാറിയിരിക്കുകയാണ് എഞ്ചിനീയറിങ്ങ്.

സാധാരണ ഒരു കുടുംബത്തിൽ ജനിച്ചു മികച്ച പഠന നിലവാരം പുലർത്തുന്ന ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ കോഴ്‌സ് നഴ്‌സിങ് ആണ് എന്നതാണ് സത്യം. എഞ്ചിനീയറിങ്ങ് അടക്കമുള്ള കോഴ്‌സുകളുടെ പതിന്മടങ്ങ് ജോലി സാധ്യതയും വിജയ ശതമാനവുമാണ് നഴ്‌സിംഗിന് ഉള്ളത്. നമ്മുടെ നാട്ടിൽ ഇപ്പോഴും നഴ്‌സിങ്ങിന് വില ഉണ്ടായിട്ടില്ലെങ്കിലും അനേകായിരം കുടുംബങ്ങൾ ആണ് മതാപിതാക്കൾ നഴ്‌സിങ് പഠിപ്പിക്കാൻ വിട്ടതു കൊണ്ട് കേരളത്തിൽ രക്ഷപ്പെട്ടത് എന്ന സത്യം മറച്ചു വച്ചിട്ട് കാര്യമില്ല. നഴ്‌സിങ് പഠിച്ചാൽ മിനിമം തൊഴിൽ ഉറപ്പാണ്. സമരവും മറ്റും മൂലം കേരളത്തിൽ പോലും വൈകാതെ മിനിമം ശമ്പളവും ഉറപ്പാവുകയാണ്.

ഐഇഎൽറ്റിഎസ് നാലു വിഷയങ്ങളിലും 7 എഴുതി എടുക്കാനുള്ള മികവ് കൂടി ഉണ്ടെങ്കിൽ നഴ്‌സിങ് പഠിക്കുന്നതിനേക്കാൾ മികച്ചൊരു കോഴ്‌സ് ചൂണ്ടിക്കാട്ടാൻ പോലുമില്ല. ഈ കടമ്പ കടക്കുന്ന ആർക്കും അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഓസ്‌ട്രോലിയായിലോ ന്യൂസിലാന്റിലോ ഒക്കെ പോകാം. അതിനു വേണ്ടി ഏജന്റുമാർക്ക് പണം കൊടുക്കേണ്ട, കാരണം ആ രാജ്യങ്ങളിൽ അത്രമേൽ രൂക്ഷമാണ് നഴ്‌സിങ് ക്ഷാമം. ബ്രിട്ടണിൽ മാത്രം 40, 000 നഴ്മസുമാരുടെ ഒഴിവാണുള്ളത്. അതുകൊണ്ടാണ് മറുനാടൻ കുടുംബത്തിൽ നിന്നുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്‌സിങ് സ്‌കോളർഷിപ്പ് പദ്ധതിയുമായി രംഗത്ത് എത്തിയത്. 32 യുകെ മലയാളികൾ ആകാശച്ചാട്ടം നടത്തി ശേഖരിച്ച 32 ലക്ഷം രൂപ ഇതിനായി ഇപ്പോൾ തന്നെ റെഡിയാണ്.

മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന യുകെയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടൽ നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് ഈ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സ്‌കോളർഷിപ്പിന് ആവശ്യമായ തുക കണ്ടെത്താൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ഒടുവിൽ സ്‌കൈ ഡൈവിങ് നടത്തിയിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് സ്‌കോളർഷിപ്പായി നൽകുക.

ഒരാൾക്ക് പരമാവധി 50,000 രൂപയായിരിക്കും സ്‌കോളർഷിപ്പായി നൽകുക. പ്ലസ്ടുവിന് കുറഞ്ഞത് 70 ശതമാനം മാർക്കുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമായി സ്‌കോളർഷിപ്പ് നിജപ്പെടുത്തും. നഴ്‌സിങ് പഠനത്തിന് മാത്രമായിരിക്കും സ്‌കോളർഷിപ്പ് നൽകുക. പ്ലസ് ടു കഴിഞ്ഞു നഴ്‌സിങ് പഠിക്കാൻ ശ്രമിക്കുന്നവർ, നഴ്‌സിങ് പഠനം ഇപ്പോൾ നടത്തുക്കൊണ്ടിരിക്കുന്നവർ എന്നിവർക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്‌സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്. എന്നാൽ ഇവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അപേക്ഷയുടെ ഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്തു അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു ആർക്കുവേണമെങ്കിലും അപേക്ഷയയ്ക്കാം.

നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അവർക്ക് അയച്ചു നൽകുക. അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകളും നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാർ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്‌കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേർത്തുള്ള [email protected]  എന്ന വിലാസത്തിലേക്ക് അയക്കുക.

ഒരു വർഷത്തെ ഫീസ് അല്ലെങ്കിൽ പരമാവധി 50,000 രൂപ ഇതിൽ കുറവേതാണോ അതായിരിക്കും നൽകുക. പണത്തിന്റെ ലഭ്യത അനുസരിച്ച് സ്‌കോളർഷിപ്പിന്റെ എണ്ണവും ഉയരും. ഇപ്പോഴത്തെ ഫണ്ട് ലഭ്യത അനുസരിച്ച് അൻപതിൽ അധികം പേർക്ക് സ്‌കോളർഷിപ്പ് നൽകും. ഈ മാസം 25 വരെയേ അപേക്ഷ സ്വീകരിക്കൂ. ഈ മഹത്തായ പദ്ധതിയിൽ പങ്കുചേരാൻ താൽപ്പര്യം ഉള്ള വായനക്കാർക്ക് ഇനിയും ഫണ്ട് നൽകാവുന്നതാണ്. ഫൗണ്ടേഷന്റെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ സംഭാവന നൽകുക. ചാരിറ്റി ഫൗണ്ടേഷന്റെ യുകെയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകേണ്ടത്. അവർക്ക് വിർജിൻ മണി വഴി നൽകാൻ സാധിക്കില്ല. തുക ഉയരുന്നത് അനുസരിച്ച് സ്‌കോളർഷിപ്പിന്റെ എണ്ണവും ഉയരും.

കേരളത്തിലെ ബിഎസ്സി നഴ്‌സിങ് സീറ്റുകളിൽ പ്ലസ്ടു പാസ്സായ കുട്ടികളുടെ മാർക്ക് അടിസ്ഥാനത്തിൽ 50% മാനേജ്‌മെന്റ് സീറ്റും 50% ഗവൺമെന്റ് സീറ്റുമാണ് നീക്കിവച്ചിരിക്കുന്നത്. ഇങ്ങനെ ഗവൺമെന്റ് സംവരണത്തിൽ സീറ്റ് ലഭിക്കുന്നവർക്ക് ഏകദേശം നാല് ലക്ഷത്തോളം രൂപ സ്റ്റുഡന്റസ് ലോണ് ലഭിക്കും. പഠനം പൂർത്തിയാക്കി ഒരു വർഷത്തിന് ശേഷം മാത്രം തിരിച്ചടവ് തുടങ്ങിയാൽ മതിയാവുമെന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. എങ്കിലും സ്റ്റുഡന്റസ് ലോൺ അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ടും വിദ്യാഭ്യാസ ലോണുകളോടുള്ള ബാങ്കുകളുടെ സമീപനവും ഏവർക്കും അറിയാവുന്നതുമാണ്.

ഈ തുക കണ്ടെത്തുന്നതിന് പുറമെ, മാസമാസമുള്ള മെസ് ഫീയും ഹോസ്റ്റൽ ഫീയുമൊക്കെ അടക്കം ഏകദേശം അറുപതിനായിരം മുതൽ ഒരു ലക്ഷം വരെ ഒരു വർഷം കയ്യിൽ നിന്നും എടുക്കുകയും വേണം. മാനേജ്‌മെന്റ് സംവരണത്തിൽ സീറ്റ് ലഭിക്കുന്നവർ സാധാരണ ലോൺ തിരിച്ചടക്കുന്നതുപോലെ പലിശസഹിതം കൃത്യമായി തിരിച്ചടക്കുകയും വേണം. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ജനറൽ നഴ്‌സിംഗിന് പോകുന്നവരുടെയും കാര്യം. ജനറൽ നഴ്‌സിംഗിനു ഫീസ് ബിഎസ്സിയേക്കാൾ വളരെ കുറവാണ്. അതുപോലെ തന്നെ നഴ്‌സിങ്ങിന് കേരളത്തിന് പുറത്തു പോകുന്നവരുടെ ഫീസിലും മൊത്തം തുകയിലുമൊക്കെ ഓരോ സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും അനുസരിച്ചു വ്യതാസമുണ്ട് താനും. പക്ഷെ മാർക്കിന്റെ ശതമാനത്തിലുള്ള കുറവ് കൊണ്ടാണത്രേ പൊതുവേ പുറത്തുപോകുന്നത്.

ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ ഗവൺമെന്റ് സീറ്റുകളിൽ അഡ്‌മിഷൻ ലഭിച്ച നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഞങ്ങളുടെ പദ്ധതി. പഠനത്തിൽ മികവ് പുലർത്തി ഗവൺമെന്റ് ക്വാട്ടയിൽ സീറ്റ് നേടിയ പാവപ്പെട്ട കുട്ടികളെ സഹായിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ അൽപ്പമെങ്കിലും മെച്ചപ്പെടുത്താനും ഈ പ്രവർത്തനത്തിലൂടെ സാധിക്കും.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആദ്യ അപ്പീൽ 2012 സെപ്റ്റംബർ മാസമാണ് തുടങ്ങുന്നത്. ഏതാണ്ട് 420,000 പൗണ്ട് (നാലു കോടിയോളം രൂപ) ആണ് ഇതുവരെയുള്ള ചാരിറ്റികളിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ചത്. കേരളത്തിൽ വിവിധ രോഗങ്ങളാൽ വലയുന്ന കുട്ടികൾ അടക്കമുള്ള 120 പേർക്കാണ് ഇതുവരെ ഈ സഹായം ലഭിച്ചത്. ഏഴ് യുകെ മലയാളികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ആക്‌സ്മികമായ ദുരന്തത്തിൽപ്പെട്ടു പോയ മൂന്നു യുകെ മലയാളികളുടെ കുടുംബത്തിനുള്ള സഹായം തുടങ്ങിയവയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതുവരെ നടന്നത്. ഇതുകൂടാതെ, ആയിരക്കണക്കിനു പേരാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകി രംഗത്തു വന്നിട്ടുള്ളത്. ഐസിഎച്ച് കോട്ടയം, ഉത്തരാഖണ്ഡ് പ്രശയ ദുരന്തം പരവൂർ വെടിക്കെട്ട് അപകടം, കൊല്ലം ഗാന്ധിഭവൻ, കേരളാ സർക്കാരിന്റെ പാലിയേറ്റീവ് കെയർ പ്രൊജക്ട്, പ്രൊഫ. ടിജെ ജോസഫിന് സഹായം എന്നിവയ്ക്കും നേപ്പാൾ ഭൂമികുലുക്കം, ആഫ്രിക്കൻ എബോള റിലീഫ് എന്നിവയ്ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം നടത്തിയ സ്‌കൈ ഡൈവിങ് അപ്പീലിലൂടെയാണ് ഏറ്റവും അധികം ഫണ്ട് (43000 പൗണ്ട്) ശേഖരിച്ചത്. 2016 ഫെബ്രുവരിയിൽ നടത്തിയ ജോമി അപ്പീലിലൂടെയാണ് രണ്ടാമതായി ഏറ്റവും കൂടിയ തുക (34000 പൗണ്ട്) ശേഖരിച്ചത്. മാത്രമല്ല, യോർക്ക് എയർ ആംബുലൻസ്, ഡയബെറ്റ്‌സ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്, കാൻസർ റിസേർച്ച് യുകെ എന്നീ സ്ഥാപനങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP