Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കിൽ' പൊലിഞ്ഞത് കെ സി വേണുഗോപാലിന്റെയും ബെന്നി ബെഹനാന്റെയും കെപിസിസി അധ്യക്ഷ മോഹം; സരിതയും സോളാറും തൊട്ടുതീണ്ടാത്ത കെ മുരളീധരന് സാധ്യതയേറി; ഹൈക്കമാൻഡും എ ഗ്രൂപ്പും പിന്തുണച്ചാൽ കുരുണാകര പുത്രൻ വീണ്ടും കോൺഗ്രസിന്റെ അമരക്കാരനാകും; പ്രതീക്ഷയോടെ വി ഡി സതീശനും കെ സുധാകരനും കെ വി തോമസും

പിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കിൽ' പൊലിഞ്ഞത് കെ സി വേണുഗോപാലിന്റെയും ബെന്നി ബെഹനാന്റെയും കെപിസിസി അധ്യക്ഷ മോഹം; സരിതയും സോളാറും തൊട്ടുതീണ്ടാത്ത കെ മുരളീധരന് സാധ്യതയേറി; ഹൈക്കമാൻഡും എ ഗ്രൂപ്പും പിന്തുണച്ചാൽ കുരുണാകര പുത്രൻ വീണ്ടും കോൺഗ്രസിന്റെ അമരക്കാരനാകും; പ്രതീക്ഷയോടെ വി ഡി സതീശനും കെ സുധാകരനും കെ വി തോമസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിൽ പോളിങ് തുടങ്ങി മണിക്കൂറുകൾക്കകമാണ് സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ ഭൂതത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടത്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദം ഇപ്പോൾ കോൺഗ്രസിനെയും യുഡിഎഫിനെയും അടിമുടി പിടിച്ചുലക്കുകയാണ്. ഉമ്മൻ ചാണ്ടിക്കും വിശ്വസ്തർക്കും കനത്ത തിരിച്ചടിയാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങളും അത് പ്രകാരം സർക്കാർ കൈക്കൊണ്ട നടപടികളും. ഉമ്മൻ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിലെ വിശ്വസ്തരായ ബെന്നി ബെഹനാനും തമ്പനൂർ രവിയും ഇതോടെ ക്രിമിനൽ കേസിൽ പ്രതികളായി മാറും. ഇതോടെ കോൺഗ്രസ് പാർട്ടിയിൽ എ വിഭാഗത്തിന്റെ പിടികൂടുതൽ അയയും എന്നത് വ്യക്തമാണ്.

ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് പൂർണമായും അംഗീകരിച്ചുകൊണ്ട് തുടർ നടപടികൾക്കു തുടക്കമിട്ട സർക്കാർ ജുഡീഷ്യൽ അന്വേഷണങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതുവരെ ആരോപണങ്ങൾ മാത്രമായി നിലനിന്ന കാര്യം കേസായി മാറുന്നതോടെ അന്വേഷണവും തെളിവെടുപ്പുമായി വിഷയം വീണ്ടും വർഷങ്ങളോളം നീണ്ടുപോകും. ഇത് വീണ്ടും തിരിച്ചടിയായി മാറുക കോൺഗ്രസിന് തന്നെയാകുമെന്നത് ഉറപ്പാണ്. കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ കൂടുതൽ നിർണായകമാണ് ഈ റിപ്പോർട്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. അതിനിടെയാണ് സോളാർ റിപ്പോർട്ട് പുറത്തുവന്നത്. പിണറായി വിജയൻ നടത്തിയ 'രാഷ്ട്രീയ സർജിക്കൽ സ്‌ട്രൈക്കിൽ' നിരവധി നേതാക്കളുടം കെപിസിസി അധ്യക്ഷ മോഹങ്ങൾ പൊലിഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ നിലയിൽ എ ഗ്രൂപ്പ് നിർദേശിച്ചിരിക്കുന്ന പേര് ബെന്നി ബെഹനാന്റേതാണ്. എന്നാൽ, ബെന്നി അധ്യക്ഷനായാൽ അത് കോൺഗ്രസിന് കൂടുതൽ ചീത്തപ്പേരേ സമ്മാനിക്കുകയുള്ളൂ. ക്രിമിനൽ കേസിൽ അറസ്റ്റു ചെയ്യാൻ അടക്കം സാധ്യതയും നിലനിൽക്കുന്നു ഈ സാഹചര്യത്തിൽ സോളാർ റിപ്പോർട്ടോടെ ബെന്നിയുടെ സാധ്യതകൾ തന്നെ അടഞ്ഞിരിക്കയാണ്.

ബെന്നിയെ കൂടാതെ അധ്യക്ഷപദവിയിൽ കണ്ണുനട്ടിരുന്ന് കെ സി വേണുഗോപാൽ എംപിക്കും റിപ്പോർട്ട് തിരിച്ചടിയാണ്. തന്നെ ആദ്യം ലൈംഗികമായി ഉപയോഗിച്ച് വേണുഗോപാൽ ആണെന്നാണ് സരിതയുടെ ആരോപണം. ഇത് പ്രകാരം കെ സി വേണുഗോപാൽ ലൈംഗിക പീഡന കേസിൽ പ്രതിയാകുകയും ചെയ്യും. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി കെപിസിസി അധ്യക്ഷനാകാനുള്ള ശ്രമങ്ങൾക്ക് മേലാണ് വെള്ളിടിയായി സർക്കാർ തീരുമാനം എത്തിയത്.

കോൺഗ്രസിലെ ഒരു ഡസനോളം പ്രമുഖ നേതാക്കൾക്കെതിരെയാണ് ഒറ്റയടിക്ക് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വിജിലൻസ് കേസെടുക്കുമ്പോൾ തിരുവഞ്ചൂരും ബെന്നി ബഹനാനും തമ്പാനൂർ രവിയും ഉൾപ്പെടെയുള്ളവർ ക്രിമിനൽ കേസിൽ പ്രതികളാവും. ഇതിനൊപ്പം സരിതയുടെ കത്തിൽ പേരു പരാമർശിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ, ലൈംഗിക പീഡന കേസുകൾ കൂടി വരുമ്പോൾ കോൺഗ്രസിന്റെയും മുന്നണിയുടെയും നില കൂടുതൽ പരുങ്ങലിലാകും. ശക്തിയും പ്രതിച്ഛായയും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇത് തിരിച്ചടിയാകുക.

ഒരു വശത്ത് കാര്യങ്ങൾ കുഴഞ്ഞു മറിയുമ്പോൾ കോൺഗ്രസിൽ അധ്യക്ഷ സ്ഥാനം മോഹിക്കുന്ന ചില നേതാക്കളുമുണ്ട്. കെ മുരളീധരനാണ് ഇപ്പോഴത്തെ നിലയിൽ അധ്യക്ഷസ്ഥാനത്തേക്ക് എത്താൻ യോഗ്യനെന്ന അഭിപ്രായം ശക്തമാണ്. സോളാർ അടക്കമുള്ള യാതൊരു വിവാദത്തിലും മുരളീധരൻ ഉൾപ്പെട്ടിട്ടില്ല. മുൻകാല അനുഭവങ്ങളിൽ നിന്നും പഠിച്ച് ഇപ്പോൾ പക്വമതിയായ നേതാവാണ് അദ്ദേഹം. അണികളുടെയും ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട് താനും. ഇപ്പോഴത്തെ സാഹചര്യത്തിൽ കെ മുരളീധരനെ പിന്തുണക്കാൻ എ ഗ്രൂപ്പും തയ്യാറായേക്കും. ഹൈക്കമാൻഡും കൂടി സന്നദ്ധത അറിയിച്ചാൽ കെ മുരളീധരനാകും കെപിസിസി അധ്യക്ഷനാകാൻ നറുക്കു വീഴുക. എന്നാൽ, രമേശ് ചെന്നിത്തലയുടെ ശക്തമായ എതിർപ്പാണ് അദ്ദേഹത്തിന്റെ സാധ്യത ഇല്ലാതാക്കുന്നത്.

ഐ ഗ്രൂപ്പിലെ ഒരു വിഭാഗം അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പേര് കെ സുധാകരന്റേതാണ്. കരുത്തനായ സുധാകരനെ അധ്യക്ഷനാക്കുന്നതിനോട് പലരും യോജിക്കുന്നുണ്ടെങ്കിലും ഹൈക്കമാൻഡ് പിന്തുണ ലഭിക്കുമോ എന്നകാര്യം സംശയമാണ്. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനും പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യവുമായ വി ഡി സതീശനും അധ്യക്ഷനാകാൻ സാധ്യത ഏറെയാണ്. യുവനേതാക്കളുടെ പിന്തുണ സതീശനൊപ്പമാണ്. സോളാർ വിവാദത്തിൽ അടക്കം ഉമ്മൻ ചാണ്ടിയുടെ വിമർശകനായിരുന്നു സതീശൻ.

അതേസമയം അപ്രതീക്ഷിതമായി അധ്യക്ഷ പദവിയിലേക്ക് എത്താൻ സാധ്യതയുള്ളത് രണ്ട് പേരാണ്. എ ഗ്രൂപ്പിന്റെ പിന്തുണയോടെ പദവിയിലെത്താൻ കരുക്കൾ നീക്കുന്നത് കെ വി തോമസാണ്. എന്നാൽ, കെ സി ജോസഫിന്റെ പേരും ഉമ്മൻ ചാണ്ടി അനുകൂലികൾ ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും അധ്യക്ഷപദവിയിൽ എത്തുമെന്ന പ്രതീക്ഷ കൈവിടുന്നില്ല. എന്നാൽ, ഗ്രൂപ്പുകൾക്ക് താൽപ്പര്യമില്ല എന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്ന ഘടകം. സോളാർ വിവാദം വീണ്ടും പുകഞ്ഞ സാഹചര്യത്തിൽ എം എം ഹസനെ തന്നെ അധ്യക്ഷ സഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വെറുമൊരു തട്ടിപ്പു കേസെന്ന വിധത്തിൽ തുടങ്ങിയ കേസിൽ ഖജനാവിന് നഷ്ടമില്ലെന്നും അഴിമതി നടന്നില്ലെന്നും പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ഇതുവരെ പിടിച്ചു നിന്നത്. എന്നാൽ, സോളാർ വിവാദകാലത്ത് അനുദിനമെന്നോണം വാർത്തകളിലൂടെ പുറത്തുവന്ന ഒട്ടുമിക്ക ആക്ഷേപങ്ങളും കമ്മിഷൻ അന്വേഷണത്തിൽ ശരിയെന്നു കണ്ടെത്തിയിരിക്കുകയാണ്. അതിലുപരി ഇവയെല്ലാം തേച്ചുമായ്ച്ചു കളയാൻ ഭരണതലത്തിൽ തന്നെ നീക്കം നടന്നതായും കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ആരോപണങ്ങൾ ഉയർന്നുവന്ന കാലത്ത് ഉമ്മൻ ചാണ്ടിയിലെ ഓഫിസിലെ ചിലർച്ചു വീഴ്ച പറ്റി എന്ന നിലയിലായിരുന്നു കോൺഗ്രസിൽനിന്നും യുഡിഎഫിൽനിന്നും ഉയർന്ന പ്രതികരണങ്ങൾ. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആരോപണ വിധേയരായ നേതാക്കളെ പൂർണമായും പ്രതിരോധിച്ചുകൊണ്ടാണ് കോൺഗ്രസും യുഡിഎഫും വിവാദത്തെ നേരിട്ടത്. വീഴ്ചയ്ക്കുള്ള പരിഹാരമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും പേരെ നീക്കുകയും ചെയ്തിരുന്നു. എന്നാൽ നേതാക്കൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ എല്ലാം ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ജനങ്ങളെ കബളിപ്പിക്കുന്നതിന് സരിത എസ് നായരെയും ടീം സോളാറിനെയും സഹായിച്ചു എന്നാണ് കമ്മിഷന്റെ കണ്ടെത്തലിന്റെ ക്ഷീണം തീരാൻ ഒരുപാട് സമയം തീരുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP