Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോരുമെന്ന ഭീതിയിൽ നടപടി മന്ത്രിമാരെപ്പോലും അറിയിച്ചില്ല; കോടിയേരിയും തോമസ് ഐസക്കും ഒഴികെയുള്ള മുതിർന്ന പാർട്ടി നേതാക്കളും വിവരമറിഞ്ഞില്ല; അഭിഭാഷകരെയും വിദഗ്ധരെയും കണ്ട് യു.ഡി.എഫിന് കുരുക്കൊരുക്കിയത് എംവി ജയരാജൻ; ലൈംഗിക സംതൃപ്തിയെ അഴിമതി നിരോധന വകുപ്പിൽ ഉൾക്കൊള്ളിക്കാമെന്ന നിയമോപദേശം നിർണായകമായി; സോളാറിലെ പിണറായിയുടെ സർജിക്കൽ സ്‌ട്രൈക്ക് ലക്ഷ്യത്തിലെത്തിച്ചത്‌ എംവി ജയരാജൻ തന്നെ

ചോരുമെന്ന ഭീതിയിൽ നടപടി മന്ത്രിമാരെപ്പോലും അറിയിച്ചില്ല; കോടിയേരിയും തോമസ് ഐസക്കും ഒഴികെയുള്ള മുതിർന്ന പാർട്ടി നേതാക്കളും വിവരമറിഞ്ഞില്ല; അഭിഭാഷകരെയും വിദഗ്ധരെയും കണ്ട് യു.ഡി.എഫിന് കുരുക്കൊരുക്കിയത് എംവി ജയരാജൻ; ലൈംഗിക സംതൃപ്തിയെ അഴിമതി നിരോധന വകുപ്പിൽ ഉൾക്കൊള്ളിക്കാമെന്ന നിയമോപദേശം നിർണായകമായി; സോളാറിലെ പിണറായിയുടെ സർജിക്കൽ സ്‌ട്രൈക്ക് ലക്ഷ്യത്തിലെത്തിച്ചത്‌ എംവി ജയരാജൻ തന്നെ

കെ വി നിരഞ്ജൻ

കോഴിക്കോട്:യു.ഡി.എഫിനെ മാത്രമല്ല സ്വന്തം പാർട്ടിയിലെ നേതാക്കളെയും അമ്പരപ്പിക്കുന്നതായിരുന്നു സോളാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നടപടികൾ. എന്നാൽ കേരളം ഞെട്ടിയ ഈ സർജിക്കൽ സ്‌ട്രൈക്കിന്റെ സൂത്രധാരൻ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടിയും മുൻ എംഎ‍ൽഎയും കൂടിയായ കണ്ണൂരിലെ സി.പി.എം നേതാവ് എം.വി ജയരാജനാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

പിണറായിയും പാർട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കൂടാതെ തോമസ് ഐസക്ക് അടക്കമുള്ള ഏതാനും നേതാക്കൾക്ക് മാത്രമായിരുന്നു സോളാർ നടപടികളെക്കുറിച്ച് വിവരമുണ്ടായിരുന്നത്. സംഭവം ചോരുമെന്നതിനാലാവണം മന്ത്രിസഭാംഗങ്ങൾപോലും അവസാന നിമിഷമാണ് വിവരമറിഞ്ഞത്. ഡി.ജി.പി ലോക്‌നാഥ് ബെഹറക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും യുവ സി.പി.എം നേതാവുമായ പുത്തലത്ത് ദിനേശനുപോലും സംഭവങ്ങളുടെ ഏകദേശ ധാരണ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും റിപ്പോർട്ടിൻ മേൽ നടപടിയൊന്നും ഇല്ലാത്തത് ഉമ്മൻ ചാണ്ടിയെ കുടക്കാൻ പറ്റിയതൊന്നും കമ്മിഷൻ റിപ്പോർട്ടിൽ ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹത്തിനോട് അടുപ്പമുള്ള പത്രക്കാർ എഴുതിവരെവേയാണ് ഇടിത്തീയായി നടപടികൾ വരുന്നത്.

കഴിഞ്ഞമാസം 26നാണ് ജസ്റ്റിസ് ശിവരാജന്റെ സോളാർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.അന്നുതന്നെ റിപ്പോർട്ട് പഠിക്കാനും തുടർ നടപടികൾ ശിപാർശചെയ്യാനും മുഖ്യമന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി ജയരാജനെയാണ് ഇത് എൽപ്പിച്ചത്. ഇടത് അനുഭാവികളായ മുതിർന്ന അഭിഭാഷകരെയും വിദഗ്ധരെയും കണ്ട് ജയരാജൻ നേരിട്ട് കാര്യങ്ങൾ ചർച്ചചെയ്തതാണ് കേസിൽ വഴിത്തിരിവായത്. ഇതാണ് മുമ്പ് ഒരു ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനും ഇല്ലാത്തത്ര രീതിയിലുള്ള കടുത്ത നടപടികളിലേക്ക് എത്തിച്ചത്.

ബലാൽസംഗം,സ്ത്രീത്വത്തെ അപാമാനിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള പുതിയ നിർവചനങ്ങളും കോടതി നിരീക്ഷണങ്ങളും സമഗ്രമായി പഠിച്ചാണ് ജയരാജൻ റിപ്പോർട്ട് തയാറാക്കിയത്. ലൈംഗിക സംതൃപ്തിയെ അഴിമതി നിരോധന വകുപ്പിൽ ഉൾക്കൊള്ളിക്കാമെന്ന സുംപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലും കേസെടുക്കാമെന്നും, കേസ് ഒതുക്കിയതിന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാമെന്നതുമൊക്കെ ജയരാജന്റെ നിരീക്ഷണത്തിൽ വന്നതോടെ സോളാർ ബോംബിന്റെ പ്രഹരശേഷി വലുതാവുകയായിരുന്നു. സമാനതകളില്ലാത്ത തട്ടിപ്പും ചൂഷണവുമാണ് സോളാർ കേസിൽ നടന്നതെന്നതിനാൽ കടുത്ത നടപടിയുണ്ടാവണമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു.

ഈ അഭിഭാഷക ശൃഖലയിൽ നിന്നും ചിലനേതാക്കളിൽനിന്നും ചോർന്ന് കിട്ടിയ വിവരം മാത്രമേ സി.പി.എം നേതാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ.വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേ യു.ഡി.എഫ് നേതാക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുതിർന്ന സി.പി.എം നേതാവും മുന്മന്ത്രിയുമായ ടി.കെ ഹംസ പ്രസംഗിച്ചിരുന്നു. ഇത്വച്ചാണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവർ റിപ്പോർട്ട് നേരത്തെ തയാറാക്കിയതാണെന്നും ഇലക്ഷൻ സ്‌പെഷ്യൽ ആണെന്നുമൊക്കെ പ്രഖ്യാപിച്ചത്.എന്നാൽ ഇത്രയും പേർക്കെതിരെ കേസ് ഉണ്ടാവുമെന്നൊന്നും താൻ അറിഞ്ഞിട്ടില്‌ളെന്നും, വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നെങ്കിൽ രണ്ടുദിവസം മുമ്പുതന്നെ ഈ വിവരങ്ങൾ പ്രഖ്യാപിക്കാമയിരുന്നില്ലേ എന്നുമാണ് ഹംസ ഇതിന് മറുപടിയായി പ്രതികരിച്ചത്.

ഏറ്റവും രസാവഹം മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം പൂർണമായും വെളിപ്പെടുത്തിയിട്ടില്‌ളെന്നതാണ്.മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്തെ ചില മുതിർന്ന മന്ത്രിമാരും ജനപ്രതിനധികളും അടക്കമുള്ളവർരുടെ ലൈംഗികത സംബന്ധിച്ച കടുത്ത പരാമർശങ്ങളാണ് സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഉള്ളതെന്ന് മാത്രമാണ് മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചത്. പറയാൻ കൊള്ളാത്ത വാചകങ്ങൾ ആയതിനാൽ റിപ്പോർട്ടിലെ പരാമർശങ്ങൾ കൂടുതൽ പറയുന്നില്‌ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തുടർന്ന റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളുൾ മാത്രം മുഖ്യമന്ത്രി യോഗത്തിൽ വായിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ പ്രസക്തഭാഗവും നിയമോപദേശവുമായിട്ടായിരുന്നു പിണറായി യോഗത്തിനത്തെിയത്. മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ബുധനാഴ്ച രാവിലെയാണ് മന്ത്രിമാർക്കുപോലും കൈമാറിയത്.അപ്പോൾ മാത്രമാണ് കടുത്ത നടപടി വരുന്നെന്ന ചിത്രം അവർക്കുപോലും കിട്ടിയത്.

സാധാരണ മുഖ്യമന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിയെവെക്കുന്ന പതിവ് സിപിഎമ്മിന് ഇല്ലെങ്കിലും ഭരണത്തിന് വേഗം പോരെന്ന പാർട്ടി വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ മുതിർന്ന നേതാവും മുൻ എംഎ‍ൽഎയുമായ എം.വി ജയരാജൻ പിണറായിയുടെ ടീമിലത്തെുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പുത്തലത്ത് ദിദേശന്റെ പരിചയക്കുറവിന് പകരം വെക്കാനും ജയരാജന് ആവുമെന്നുള്ള പാർട്ടിയുടെ വിലയിരുത്തൽ പാഴായില്ല എന്നാണ് പിന്നീടുള്ള സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. സർക്കാർ സർവീസിലെ സി.പി.എം അനുകൂല സംഘടകളെയും ഇടത് അനുഭാവികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ആദ്യം ജയരാജൻ ഏറ്റെടുത്തത്. ഇതിന്റെ ഭാഗായി സെക്രട്ടറിയേറ്റിലടക്കം ഭരണപരമായ ഏകോപനം കൊണ്ടുവരാൻ കഴിഞ്ഞു.

ഭരണ പരിചയം കുറവായ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഓഫീസിലടക്കം ഈ ഏകോപനം കാര്യമായ ഗുണം ചെയ്തു. മന്ത്രിമാരുടെ പ്രവർത്തന മടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്ന, 'മാർക്കിടൽ' പരിപാടിയും ജയരാജന്റെ ആശയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP