Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രമത്തിൽ മികച്ചു നിന്നപ്പോൾ പിഴച്ചത് ഫിനിഷിംഗിൽ; പ്രതിരോധത്തിൽ ഘാനക്കരുത്തിന് മുമ്പിൽ അവസാന നിമിഷങ്ങളിൽ അമ്പേ പരാജയം; കൗമാര ഫുട്‌ബോളിൽ ആദ്യ റൗണ്ട് പുറത്താകലിലും യുവക്കരുത്തിൽ പ്രതീക്ഷകൾ ഏറെ; ഘാനയോട് തോറ്റ് പുറത്താകലും; അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പിനപ്പുറം കടക്കാനാവാതെ ഇന്ത്യ

ആക്രമത്തിൽ മികച്ചു നിന്നപ്പോൾ പിഴച്ചത് ഫിനിഷിംഗിൽ; പ്രതിരോധത്തിൽ ഘാനക്കരുത്തിന് മുമ്പിൽ അവസാന നിമിഷങ്ങളിൽ അമ്പേ പരാജയം; കൗമാര ഫുട്‌ബോളിൽ ആദ്യ റൗണ്ട് പുറത്താകലിലും യുവക്കരുത്തിൽ പ്രതീക്ഷകൾ ഏറെ; ഘാനയോട് തോറ്റ് പുറത്താകലും; അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പിനപ്പുറം കടക്കാനാവാതെ ഇന്ത്യ

ന്യൂഡൽഹി: അണ്ടർ 17 കന്നി ലോകകപ്പിലെ ഘാനയോടും തോൽവി വഴങ്ങിയ ഇന്ത്യ പ്രീക്വാർട്ടർ കാണാതെ പുറത്തായി. മൂന്നാം മൽസരത്തിൽ രണ്ടു തവണ ലോകചാംപ്യന്മാരായ ഘാനയോടാണ് ആതിഥേയർ തോറ്റത്. എറിക് അയ്ഹ മൽസരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളാണ് ഘാനയുടെ വിജയക്കരുത്ത്. തുടർച്ചയായ രണ്ടാം വിജയത്തോടെ ഘാന പ്രീക്വാർട്ടറിൽ കടന്നു. എ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഘാനയുടെ മുന്നേറ്റം

ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിനു പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരായി കളത്തിലിറങ്ങിയ റിച്ചാർഡ് ഡാൻസോ (86), ഇമ്മാനുവൽ ടോകു (87) എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. ഗ്രൂപ്പ് എയിൽ ഘാന, കൊളംബിയ, യുഎസ്എ ടീമുകൾക്ക് ആറു പോയിന്റു വീതമാണെങ്കിലും ഗോൾ ശരാശരിയിലെ മികവാണ് ഘാനയെ ഒന്നാമതെത്തിച്ചത്. യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച കൊളംബിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നു. ആറു പോയിന്റുള്ള യുഎസ്എയും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കൊപ്പം പ്രീക്വാർട്ടറിൽ കടന്നേക്കും.

ആദ്യ മൽസരത്തിൽ യുഎസിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ഇന്ത്യ, രണ്ടാം മൽസരത്തിൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽവി വഴങ്ങിയിരുന്നു. മൂന്നാം മൽസരത്തിൽ ഘാനയോട് 4-0നും തോറ്റതോടെ ടൂർണമെന്റിലാകെ ഇന്ത്യ വഴങ്ങിയ ഗോളുകളുടെ എണ്ണം ഒൻപതായി. വഴങ്ങിയ അപ്പോഴും ലോകകപ്പ് ചരിത്രത്തിലിടം പിടിച്ച കൊളംബിയയ്‌ക്കെതിരായ ഗോൾ ഇന്ത്യയ്ക്ക് എടുത്തുകാട്ടാനുണ്ട്.

കൊളംബിയയ്‌ക്കെതിരായ മൽസരത്തിൽ കാഴ്ചവച്ച ആക്രമണ ഫുട്‌ബോളിന്റെ തുടർച്ചയായിരുന്നു ഘാനയ്‌ക്കെതിരെയും ഇന്ത്യ പുറത്തെടുത്തത്. ഇന്ത്യൻ കുട്ടിപ്പട പുറത്തെടുത്തത്. മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി. പ്രതിരോധ വീഴ്ചകളാണ് ഘാനയ്ക്ക് തുണയായത്. 43ാം മിനിറ്റിൽ എറിക് അയ്ഹയാണ് ഗോൾ നേടിയത്. വലതുവിങ്ങിൽ പന്തുമായി മുന്നേറിയ സാദിഖ് ഇബ്രാഹിമിനെ തടയുന്നതിൽ ഇന്ത്യൻ പ്രതിരോധം വരുത്തിയ പിഴവായിരുന്നു ഗോളിന് വഴിവച്ചത്. രണ്ടാം പകുതിയിൽ ഘാന നിറഞ്ഞു കളിച്ചു. 52ാം മിനിറ്റിൽ എറിക് അയ്ഹയിലൂടെ ഘാന രണ്ടാം ഗോളും നേടി.

മൽസരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ഘാന മൽസരം പൂർണമായും സ്വന്തം വരുതിയിലാക്കി. പകരക്കാരായെത്തിയ റിച്ചാർഡ് ഡാൻസോ 86ാം മിനിറ്റിലും ഇമ്മാനുവൽ ടോകു 87ാം മിനിറ്റിലും ഘാനയ്ക്കായി സ്‌കോർ ചെയ്തു. ഘാനക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം വഴങ്ങി ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും മികച്ചു നിന്ന ഇന്ത്യ രണ്ടാം പകുതിയിൽ പിന്നോട്ടു പോവുകയായിരുന്നു. അവസാന പത്ത് മിനിറ്റായപ്പോഴേക്കും ഇന്ത്യയുടെ യുവനിര തളർന്നുപോയി. ഈ അവസരം മുതലെടുത്ത് 86,87 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് ഘാന ഇന്ത്യയുടെ പരാജയഭാരം കൂട്ടി.

കൊളംബിയക്കെതിരെ കളിച്ച ആദ്യ ഇലവനിൽ നാലു മാറ്റങ്ങൾ വരുത്തി ഭാഗ്യം പരീക്ഷിച്ച ഡി മാറ്റിസിന്റെ തന്ത്രങ്ങളൊന്നും വ്യാഴാഴ്ച ഫലം കണ്ടില്ല. പ്രതിരോധത്തിൽ നമിത് ദേശ് പാണ്ഡെക്ക് പകരം ജിതേന്ദർ സിങ്ങും മുൻനിരയിൽ റഹീം അലിക്ക് പകരം അനികേത് ജാദവും തിരിച്ചെത്തിയപ്പോൾ അഭിജിത് സർക്കാറിനും നിൻതോയിബ മീട്ടിക്കും പകരം നോങ്ദാംബ നൗറമും സുരേഷ് വാങ്ജമും മധ്യനിരയിലിടം പിടിച്ചു. മുൻനിരയിൽ ക്യാപ്റ്റൻ എറിക് അയ്യമിനെ മാത്രം നിർത്തിയ ഘാന എഡ്മണ്ട് ആർകോയെ ഉൾപ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തിയാണ് പന്ത് തട്ടിയത്.

എറിക് അയ്യമിന്റെയും സാദിഖ് ഇബ്രാഹിമിന്റെയും വേഗത്തിനൊപ്പമെത്താൻ ഇന്ത്യൻ പ്രതിരോധം കളിയുടെ തുടക്കം മുതൽ വിഷമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാനം വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. മധ്യനിരയിൽ നിന്ന് വെട്ടിച്ചു കയറി ആതിഥേയ പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയ ആഫ്രിക്കൻ കരുത്ത് ഇടക്ക് ലോങ്ങ് റേഞ്ചറുകളും ഉതിർത്തെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. ധീരജും അൻവർ അലിയും സ്റ്റാലിനും പ്രതിഭക്കൊത്തുയർന്നതാണ് ഘാനയെ ഗോളിൽ നിന്നകറ്റി നിർത്തിയത്.

പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങിയ നൗറോം പന്തടക്കം കാട്ടിയെങ്കിലും കൂട്ടുകാർക്ക് പാകത്തിൽ നൽകുന്നതിൽ പരാജയപ്പെട്ടു. മറുവശത്ത് മലയാളിയായ രാഹുൽ അധ്വാനിച്ച് കളിച്ചെങ്കിലും ആഫ്രിക്കൻ പ്രതിരോധം കീറിമുറിക്കാൻ പോന്നതായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP