Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുമതലപ്പെടുത്തിയതിന് അപ്പുറം ചെയ്ത കമ്മീഷൻ റിപ്പോർട്ട് നിയമ വിരുദ്ധം; വേണ്ടതു മാത്രം അടർത്തിയെടുത്ത സർക്കാരിന്റെ നടപടിയും ക്രമവിരുദ്ധം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൽ റിപ്പോർട്ടിന്റെ കോപ്പി നൽകിയേ മതിയാവൂവെന്നും വാദം; കേസ് എടുത്താൽ അറസ്റ്റ് തടയാൻ നീക്കം; ഉമ്മൻ ചാണ്ടിയും സംഘവും ഇരിക്കപ്പൊറുതിയില്ലാത്ത നെട്ടോട്ടത്തിൽ

ചുമതലപ്പെടുത്തിയതിന് അപ്പുറം ചെയ്ത കമ്മീഷൻ റിപ്പോർട്ട് നിയമ വിരുദ്ധം; വേണ്ടതു മാത്രം അടർത്തിയെടുത്ത സർക്കാരിന്റെ നടപടിയും ക്രമവിരുദ്ധം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൽ റിപ്പോർട്ടിന്റെ കോപ്പി നൽകിയേ മതിയാവൂവെന്നും വാദം; കേസ് എടുത്താൽ അറസ്റ്റ് തടയാൻ നീക്കം; ഉമ്മൻ ചാണ്ടിയും സംഘവും ഇരിക്കപ്പൊറുതിയില്ലാത്ത നെട്ടോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മര്യാദയില്ലാത്ത നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫിനെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. സോളർ കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടാത്ത കാര്യങ്ങളെ സംബന്ധിച്ച് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ, അത് അധികാര പരിധിവിട്ട് റിപ്പോർട്ട് തയാറാക്കിയെന്നതിനു തെളിവാണെന്നാണ് യുഡിഎഫ് നിലപാട്. കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കിയ റിപ്പോർട്ടിൽ നിയമപോരാട്ടത്തിനാണ് നേതാക്കൾ തയ്യാറെടുക്കുന്നത്. പിണറായി വിജയനെ പ്രകോപിപ്പിക്കുന്നത് നല്ലതാകില്ലെന്ന വിലയിരുത്തലുമുണ്ട്. അതു ചെയ്താൽ നേതാക്കളെ എല്ലാം പീഡനക്കേസിൽ സർക്കാർ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഏതായാലും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ്.

എ ഗ്രൂപ്പാണ് വലിയ പ്രതിസന്ധിയിൽപ്പെട്ടത്. സരിതാ നായരുടെ വെളിപ്പെടുത്തൽ മുഴുവൻ എ വിഭാഗം നേതാക്കൾക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഐ സന്തോഷത്തിലും. പക്ഷേ പുറത്തു പറയുന്നത് ഏല്ലാവരും ചേർന്ന് നേരിടുമെന്നും. അതിനിടെ പരസ്യ പ്രസ്താവന പാടില്ലെന്ന നിലപാട് ഹൈക്കമാണ്ടും എടുത്തിട്ടുണ്ട്. ഇതിനിടെയാണ് സോളർ കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള സർക്കാർ നടപടികളെയും റിപ്പോർട്ട് പുറത്തുവിടാത്തതിനെയും നിയമപരമായി നേരിടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള ആരോപണവിധേയർ തയ്യാറെടുക്കുന്നത്. ആദ്യപടിയായി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി വിവരാവകാശ നിയമപ്രകാരം സർക്കാരിന് അപേക്ഷ നൽകി. റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. ഇതിനു പുറമെ പുതിയ അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു തുടർനടപടികളിലേക്കു കടക്കുമ്പോഴും നേതാക്കൾക്കു കോടതിയിലേക്കു നീങ്ങേണ്ടി വരും. മാനഭംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നതിനാൽ അറസ്റ്റ് തടയുന്നതിനുള്ള മാർഗങ്ങളും തേടും.

നിയമപരമായും രാഷ്ട്രീയമായും ഈ സാഹചര്യത്തെ നേരിടാനൊരുങ്ങുകയാണ് കോൺഗ്രസ്. റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കുന്നതിനുമുമ്പ് അതിന്റെ ഉള്ളടക്കമെന്ന് പറഞ്ഞ് കുറച്ചുകാര്യങ്ങൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയെന്ന് ആരോപിച്ച് കെ.സി. ജോസഫ് എംഎ‍ൽഎ. സ്?പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. അഴിമതി, ബലാത്സംഗം തുടങ്ങിയ കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസ് എടുക്കാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കമ്മിഷന് സരിത നൽകിയ മൊഴി തന്നെ കേസെടുക്കാൻ പര്യാപ്തമാണെന്നാണ് നിയമജ്ഞർ നേതൃത്വത്തിന് നൽകിയ ഉപദേശം. എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്താൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകും.

സോളാർ കമ്മിഷൻ പരിധിവിട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. കമ്മിഷൻ പരിഗണനാ വിഷയങ്ങൾക്കപ്പുറം പോകുകയും മൊഴികളെ മാത്രം അടിസ്ഥാനമാക്കി അന്തിമനിഗമനങ്ങളിലെത്തുകയുമാണ് ചെയ്തതെന്ന് അവർ കുറ്റപ്പെടുത്തുന്നു. സരിതയ്ക്കും മറ്റും ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും കൂട്ടുനിന്നു എന്നതാണ് കമ്മിഷന്റെ ആദ്യത്തെ നിഗമനം. ഇതിൽ നൽകിയ നിയമോപദേശത്തിൽ ഉമ്മൻ ചാണ്ടിയും കൂട്ടരും വലിയ തുകകൾ സരിതയിൽനിന്നു മറ്റും കൈക്കൂലിയായി വാങ്ങിയെന്നാണ് പറയുന്നത്. ഇവ രണ്ടും തമ്മിലെ പൊരുത്തക്കേട് കോൺഗ്രസ് നേതൃത്വം ചൂണ്ടികാട്ടുന്നു. റിപ്പോർട്ടിലെയും നടപടിയിലെയും ഇത്തരം പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

കമ്മിഷനെ നിയമിക്കുമ്പോൾ മുൻ യുഡിഎഫ് സർക്കാർ ഉത്തരവിട്ട പരിഗണനാ വിഷയങ്ങളിൽ നിന്നു കമ്മിഷൻ വ്യതിചലിച്ചു. സർക്കാരാകട്ടെ തങ്ങൾക്ക് ആവശ്യമുള്ള ഭാഗം മാത്രം അടർത്തിയെടുത്തു നടപടി പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവന്നാൽ സർക്കാർ നടപടി പ്രതിരോധിക്കാൻ കഴിയുന്ന ഒട്ടേറെ ആയുധങ്ങൾ കമ്മിഷന്റെ നിഗമനങ്ങളിൽ നിന്നു കിട്ടുമെന്നാണ് പ്രതീക്ഷ. ചരിത്രത്തിൽ ആദ്യമായാണു കമ്മിഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുൻപ് അതിന്റെ ഉള്ളടക്കം മുഖ്യമന്ത്രി തന്നെ പുറത്തുവിടുന്നത്. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനാൽ വിവരാവകാശ നിയമപ്രകാരമെങ്കിലും പകർപ്പ് കൈമാറണമെന്നാണു ആവശ്യം. ഇനി നവംബറിലാണു നിയമസഭ ചേരാൻ സാധ്യത. അപ്പോൾ റിപ്പോർട്ട് സമർപ്പിക്കുമെന്നാണു കണക്കുകൂട്ടൽ. അതിന് മുമ്പ് തന്നെ റിപ്പോർട്ട് വേണമെന്നാണ് കോൺഗ്രസ് നിലപാട്.

അതിനിടെ സോളർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകാമോ എന്നറിയാൻ സർക്കാർ നിയമോപദേശം തേടുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതടക്കം ഇരുപതോളം വിവരാവകാശ അപേക്ഷകളാണ് റിപ്പോർട്ടിന്റെ പകർപ്പു തേടി മുഖ്യമന്ത്രിയുടെ ഓഫിസിന് ഇതുവരെ ലഭിച്ചത്. നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ വിവരങ്ങൾ പുറത്തുപോകരുതെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. നിയമസഭാ ചട്ടങ്ങൾ രൂപീകരിച്ചതിനു ശേഷമാണു വിവരാവകാശ നിയമം പ്രാബല്യത്തിലായത്. അതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തു വിടുന്നതു നിയമസഭയോടുള്ള അനാദരവാകുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ കളങ്കിതരാക്കി പാർട്ടിയെ ദുർബലപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന പ്രചാരണത്തിലൂന്നിയാണ് സോളാറിൽ കോൺഗ്രസ് രാഷ്ട്രീയ പ്രതിരോധം തീർക്കുക. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപി.യെ പ്രധാന എതിരാളിയാക്കുന്നതാണ് സിപിഎമ്മിന് രാഷ്ട്രീയനേട്ടം. അതിന് വേണ്ടിയാണ് സോളാർ ഉപയോഗിക്കുന്നതെന്നാണ് ആരോപണം. സംസ്ഥാന കോൺഗ്രസ് നേതൃത്വമാകെ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഡൽഹിയിലുള്ള എകെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അദ്ദേഹത്തിന്റെ മകന്റെ പേരിൽ ആരോപണം ഉയർത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP