Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് യുഎഇ; കാരണം പ്രവാസികളായ കൊറിയക്കാർ ജോലി ചെയ്യുന്നതിന്റെ വിഹിതം സർക്കാർ പിടിക്കുന്നത്; ദുബായിൽ തൊഴിൽ രഹിതരാവുന്നത് അനേകായിരങ്ങൾ

ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് യുഎഇ; കാരണം പ്രവാസികളായ കൊറിയക്കാർ ജോലി ചെയ്യുന്നതിന്റെ വിഹിതം സർക്കാർ പിടിക്കുന്നത്; ദുബായിൽ തൊഴിൽ രഹിതരാവുന്നത് അനേകായിരങ്ങൾ

ന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടും മിസൈൽ, ആണവ ഭീഷണികളുമായി മുന്നോട്ട് പോകുന്ന ഉത്തരകൊറിയയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കാൻ യുഎഇ നിർണായക തീരുമാനമെടുത്തു. പ്രവാസികളായ കൊറിയക്കാർ ജോലി ചെയ്തുണ്ടാക്കുന്ന പണത്തിന്റെ വിഹിതം കിം ജോൻഗ് ഉന്നിന്റെ സർക്കാർ പിടിക്കുന്നതും യുഎഇയെ ചൊടിപ്പിച്ചിട്ടുണ്ട്. നയതന്ത്ര ബന്ധം ഇല്ലാതാകുന്നതിനെ തുടർന്ന് ദുബായിൽ അനേകായിരം ഉത്തരകൊറിയക്കാരാണ് തൊഴിൽ രഹിതരാകാൻ പോകുന്നത്.

നയതന്ത്ര ബന്ധത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി ഉത്തരകൊറിയൻ അംബാസിഡറോട് ഉടൻ രാജ്യം വിട്ട് പോകാൻ യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ പ്യോൻഗ്യാൻഗിലെ എല്ലാ നയതന്ത്ര സർവീസുകളും നിർത്തി വയ്ക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിൽ നിന്നുമുള്ള ഒരു പ്രസ്താവന വ്യക്തമാക്കുന്നു. ഉത്തരകൊറിയൻ പൗരന്മാർക്ക് പുതിയ വിസകളോ കമ്പനി ലൈസൻസുകളോ നൽകുന്നതും നിർത്തുകയാണെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. നിലവിൽ ആയിരക്കണക്കിന് ഉത്തരകൊറിയൻ പൗരന്മാരാണ് യുഎഇയിൽ കഴിയുന്നത്. ഇവരിൽ മിക്കവരും ഇവിടങ്ങളിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലാണ് ജോലി ചെയ്യുന്നത്.

ഇതേ ജോലി തങ്ങളുടെ സ്വന്തം രാജ്യത്ത് ചെയ്താൽ ലഭിക്കുന്നതിലും മികച്ച ശമ്പളമാണ് അവർക്ക് യുഎഇയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇത്തരക്കാരിൽ നിന്നും ഉത്തരകൊറിയൻ ഭരണകൂടം നിർബന്ധിതമായി ' ലോയൽറ്റി പേമെന്റ്സ്' എന്ന പേരിൽ നല്ലൊരു തുക വസൂലാക്കുന്നുണ്ട്. ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ഉത്തരകൊറിയൻ തൊഴിലാളികൾക്ക് ഈ ചാർജ് കനത്ത ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. അതിന്റെ രോഷം അവർ രഹസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. ഇതിനെ തുടർന്ന് ഉത്തരകൊറിയൻ തൊഴിലാളികൾ കിമ്മിന്റെ ഭരണകൂടത്തെ വിമർശിക്കുന്ന വാക്കുകൾ പറയുന്നുണ്ടോയെന്ന് രഹസ്യമായി നിരീക്ഷിക്കാൻ കിം സെക്യൂരിറ്റി ഏജന്റുമാരെ ഗൾഫിലെ വർക്ക് ക്യാമ്പുകളിലേക്ക് അയക്കുന്നതും പതിവാണ്. വിദേശങ്ങളിൽ ജോലി ചെയ്യുന്ന നോർത്തുകൊറിയക്കാരിൽ നിന്നുമുള്ള ലോയൽറ്റി പേമെന്റ് വകയിൽ പ്യോൻഗ്യാൻഗിന് ഒരു വർഷം 900 മില്യൺ പൗണ്ടാണ് ലഭിക്കുന്നതെന്ന് യുഎൻ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

അന്താരാഷ്ട്ര സമൂഹത്തെ അവഗണിച്ച് ആയുധ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന പ്യോൻഗ്യാൻഗിന് മേലുള്ള സമ്മർദം എല്ലാ രാജ്യങ്ങളും വർധിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎന്നിൽ ആഹ്വാനം ചെയ്ത് അധികം കഴിയുന്നതിന് മുമ്പെയാണ് യുഎഇ കടുത്ത നടപടികൾ ഉത്തരകൊറിയക്ക് മേൽ അനുവർത്തിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സമൂഹത്തിലെ ഒരു അംഗമെന്ന നിലിയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉത്തരകൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാക്കുന്നതെന്നാണ് യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിൽ നിന്നുമുള്ള പ്രസ്താവന വിശദീകരിക്കുന്നത്. കഴിഞ്ഞ മാസം ഖത്തറും കുവൈത്തും ഉത്തരകൊറിയയുമായുള്ള ബന്ധങ്ങൾക്ക് വിരാമം ഇടുകയും അവിടുത്തെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP