Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രഹിന്ദുത്വം കേരളത്തിൽ വിലപ്പോവില്ല; അമിത് ഷായ്ക്ക് അതു മനസ്സിലായി; ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം അതാണ് വ്യക്തമാക്കുന്നത്; സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയം വിലയിരുത്തിൽ രാജ്ദീപ് സർ ദേശായി പറയുന്നു

തീവ്രഹിന്ദുത്വം കേരളത്തിൽ വിലപ്പോവില്ല; അമിത് ഷായ്ക്ക് അതു മനസ്സിലായി; ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം അതാണ് വ്യക്തമാക്കുന്നത്; സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയം വിലയിരുത്തിൽ രാജ്ദീപ് സർ ദേശായി പറയുന്നു

ന്യൂഡൽഹി: ബിജെപിയുടെ തീവ്രഹിന്ദുത്വ പരിപാടി കേരളത്തിൽ നടപ്പാവില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യാ ടുഡേ ചാനൽ എഡിറ്ററുമായ രാജ്ദീപ് സർദേശായി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നയിച്ച ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം അതാണ് വ്യക്തമാക്കുന്നതെന്ന ദേശായിപറഞ്ഞു. അമിത് ഷായ്ക്ക് അതു മനസ്സിലായിട്ടുണ്ടെന്നും അതുകൊണ്ടാണ് യാത്ര ഇടയ്ക്കു വച്ചു നിർത്തി മടങ്ങിയതെന്നും രാജ്ദീപ് സർ ദേശായി ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തെ കുറിച്ചുള്ള രാജ്ദീപ് ദേശായിയുടെ വിലയിരുത്തൽ.

കേന്ദ്ര സർക്കാറിനെ ഡൽഹി അശോക റോഡിലെ ബിജെപി ആസ്ഥാനത്തേക്കു മാറ്റിയ പോലെയായിരുന്നു ജനരക്ഷായാത്രയോട് അനുബന്ധിച്ച് കേരളത്തിലെ സി.പി.എം അക്രമത്തെക്കുറിച്ചു സംസാരിക്കാൻ കേന്ദ്രമന്ത്രിമാർ പാർട്ടി ആസ്ഥാനത്തു തമ്പടിച്ചതെന്ന് രാജ്ദീപ് പറയുന്നു. സാമ്പത്തികവളർച്ചയിലെ മുരടിപ്പ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തത്, ജി എസ് ടി ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ, റോഹിങ്ക്യ, കശ്മീർ- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ഇതെല്ലാം വിട്ടിരിക്കുകയാണ്. കേരളത്തെ കേന്ദ്രീകരിച്ചുള്ള ഈ കോലാഹലം രാഷ്ട്രീയ പടയോട്ടത്തിനുള്ള ബിജെപിയുടെ ത്വരയാണ് എന്നാണ് രാജ്ദീപ് വിലയിരുത്തുന്നത്.

ഇതുവരെ ബിജെപിക്ക് ഒരു ലോക്സഭാ സീറ്റുപോലും ജയിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. 2016ൽ അവർക്ക് ഒരു നിയമസഭാ സീറ്റിൽ ജയിക്കാനായി. അതേസമയം വോട്ടു ശതമാനത്തിൽ നേട്ടമുണ്ടാക്കാൻ പാർട്ടിക്കായിട്ടുണ്ട്. എന്നിട്ടും തണുത്ത പ്രതികരണമാണ് അമിത് ഷാ നയിച്ച ജാഥയോട് ജനങ്ങൾ പ്രകടിപ്പിച്ചത്. കേരളത്തിലെ വെള്ളത്തിൽ താമര വിരിയാറായിട്ടില്ല എന്നു തന്നെയാണ് അതുകാണിക്കുന്നത്.

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വലിയ സാന്നിദ്ധ്യം കേരളം ബിജെപിയുടെ രാഷ്ട്രീയത്തിന് അപ്രാപ്യമാവുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണെന്ന് രാജ്ദീപ് ചൂണ്ടിക്കാട്ടുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും ചേർന്നാൽ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 45 ശതമാനമായി. പക്ഷെ ഇത് മറ്റൊരു തരത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യവും ഒരുക്കുന്നുണ്ട്. ഹിന്ദുവോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള അവസരം. പതിറ്റാണ്ടുകളായി ആർഎസ്എസിന് കേരളത്തിൽ ശക്തമായ അടിത്തറയുണ്ട്. ഇടതുപക്ഷകോൺഗ്രസ് ഇരുധ്രുവ രാഷ്ട്രീയം കേരളത്തിലെ വോട്ടർമാരിൽ വലിയൊരു വിഭാഗത്തിന്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹിന്ദുത്വയും സദ്ഭരണം സംബന്ധിച്ച അവകാശവാദവും കേരളത്തിലെ മധ്യവർഗങ്ങൾക്കിടയിൽ മോദി സർക്കാരിനോട് താൽപര്യമുണ്ടാക്കാനും അത് ബിജെപിക്ക് ഗുണം ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ട് കേരളം ബിജെപിയെ അകറ്റിനിർത്തുന്നു എന്ന ചോദ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മതവർഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് ഇവിടെ സാദ്ധ്യത കുറവാണ് എന്നതാണ് കാര്യം.

കേരളത്തിലെ ഹിന്ദു രാഷ്ട്രീയ പാരമ്പര്യം സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളാൽ നവീകരിക്കപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടുന്ന രാജ്ദീപ്, ഇതിനു വിരുദ്ധമായി നിൽക്കുന്ന യോഗി ആദിത്യനാഥിനെ ജാഥയിൽ പങ്കെടുപ്പിച്ചത് ബിജെപി കാണിച്ച അബദ്ധമാണെന്നാണ് അഭിപ്രായപ്പെടുന്നത്. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനം ബ്രാഹ്മണ ആചാരങ്ങൾക്കും ചട്ടങ്ങൾക്കുമുണ്ടായിരുന്ന അപ്രമാദിത്വം ഇല്ലാതാക്കി. പശുവിനെ ആരാധിക്കുക എന്ന പരിപാടിയേ ഇവിടെയില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമാസക്തരായി രംഗത്ത് വരുന്ന കാവി സന്യാസിമാരെ ഇവിടെ കാണാനാവില്ല. നാരയാണ ഗുരുവിനെ പോലെ മത യാഥാസ്ഥിതികത്വങ്ങളെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വിപ്ലവകാരികളായിരുന്നു ഇവിടത്തെ സന്യാസിമാർ. അവർ ആത്മീയ സ്വാതന്ത്ര്യത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടി നിലകൊണ്ടു. നാരായണഗുരു സ്വാധീനം ചെലുത്തിയ മണ്ണിൽ യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ കൊണ്ടുവന്ന് നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ പൊളിഞ്ഞ തന്ത്രമായി മാറിയെന്നാണ് രാജ്ദീപ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം തന്നെ രാഷ്ട്രീയ ഇസ്ലാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതമൗലികവാദി പ്രസ്ഥാനങ്ങൾ മുസ്ലിം യുവാക്കളെ തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നത് ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അതു മുതലെടുക്കാൻ തീവ്രഹിന്ദുത്വ അജൻഡ അവർ മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് രാജ്ദീപ് സർ ദേശായി അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP