Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയെ തായ്‌ലന്റ് ആക്കരുത്! കോടതി വിധിച്ചാലും അന്തസ്സുള്ള സ്ത്രീകൾ മല കയറില്ല; ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; സ്ത്രീകൾ എത്തിയാൽ സുരക്ഷയ്ക്ക് പട്ടാളത്തെ തന്നെ ഇറക്കേണ്ടി വരും; ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോർഡിന്റെ നിലപാട്; വിവാദ പരാമർശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമലയെ തായ്‌ലന്റ് ആക്കരുത്! കോടതി വിധിച്ചാലും അന്തസ്സുള്ള സ്ത്രീകൾ മല കയറില്ല; ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; സ്ത്രീകൾ എത്തിയാൽ സുരക്ഷയ്ക്ക് പട്ടാളത്തെ തന്നെ ഇറക്കേണ്ടി വരും; ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോർഡിന്റെ നിലപാട്; വിവാദ പരാമർശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദ പരാമർശനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയെ തായ്ലണ്ട് ആക്കരുതെന്നാണ് പ്രയാർ ഗോപാലകൃഷ്ണന്റെ അഭിപ്രായം. കോടതി വിധിച്ചാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയിൽ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ മലചവിട്ടിയാൽ സുരക്ഷാ പ്രശ്‌നമാണെന്നും. പട്ടാളത്തെ തന്നെ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോർഡിന്റെ നിലപാടെന്ന് പ്രയാർ പറഞ്ഞു. ശബരിമലയിൽ സുരക്ഷയും ആചാരവുമാണ് പ്രശ്നം. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതിയുടെ ഭരണഘടനാബെഞ്ചിന് വിട്ട നടപടി സ്വാഗതാർഹമാണെന്ന് പ്രയാർ പറഞ്ഞു. ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. എല്ലാ മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ബോർഡിന്റെ നിലപാട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ബോർഡിന്റെ ആവശ്യപ്രകാരമാണ് കേസ് ഭരണഘടനാബെഞ്ചിന് വിട്ടത്. പ്രയാർ ചൂണ്ടിക്കാട്ടി.

പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യങ് ഇന്ത്യ ലോയേഴ്സ് ആണ് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ ഹർജി സുപ്രിം കോടതി അഞ്ചംഗം ഭരണഘടനാബെഞ്ചിന് വിട്ട് ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രയാർ ഗോപാലകൃഷ്ണന്റെ പരാമർശം വന്നിരിക്കുന്നത്.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുമെന്ന് നിലപാട് സ്വീകരിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് നിർണ്ണായ വിധി പുറപ്പെടുവിട്ടത്. പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് തീരുമാനം. അഞ്ചംഗ ബഞ്ചാകും ഇക്കാര്യം പിരശോധിക്കുക.

പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. ശബരിമല പ്രവേശനം സ്ത്രീകൾക്ക് വിലക്കുന്നത് പൗരസ്വാതന്ത്രത്തിന്റെ ലംഘനമാണോ, ആരാധനാ സ്വാതന്ത്രത്തിന് എതിരാണോ, ആർത്തവ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സാധുതയുണ്ടോ എന്നീ കാര്യങ്ങളും ബെഞ്ച് പരിശോധിക്കും.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾ സമർപ്പിക്കണമെന്ന് മുഴുവൻ കക്ഷികൾക്കും ഫെബ്രുവരിയിൽ കോടതി നിർദ്ദേശം നൽകിയിരുന്നു. സർക്കാരുകൾ മാറുമ്പോൾ നിലപാടുകളിൽ മാറ്റംവരുത്താൻ കഴിയുമോ എന്നകാര്യവും ഭരണഘടാന ബെഞ്ച് പരിഗണിച്ചേക്കും. പ്രവേശനത്തെ അനുകൂലിച്ച് 2007-ൽ എൽ.ഡി.എഫ്. സർക്കാർ നൽകിയ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് പിന്നീടു വന്ന യു.ഡി.എഫ്. സർക്കാർ ആവശ്യപ്പെട്ടിരുന്നു. എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയപ്പോൾ 2007-ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. സർക്കാരുകൾക്ക് ഇങ്ങനെ നിലപാട് മാറ്റാനാവില്ലെന്നാണ് ദേവസ്വംബോർഡിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP