Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റിൽ പതിവുപോലെ ജീവനക്കാരെത്തി; ട്രാഫിക് ജംഗ്ഷനുകളിൽ സിഗ്‌നലുകൾ മിഴിവെട്ടാതെ കണ്ണു തുറന്നു; കെഎസ്ആർടിസി സ്റ്റാൻഡിൽ എല്ലാം പതിവുപോലെ; റെയിൽവേ സ്റ്റേഷൻ പരിസരത്ത് വന്നിറങ്ങിയവർക്ക് ഓട്ടോറിക്ഷകളും ധാരാളം; എല്ലാം പതിവു പോലെയായപ്പോൾ 'ഇതെന്ത് ഹർത്താൽ' എന്നു ചോദിച്ച് സോഷ്യൽ മീഡിയ; പൊളിയുമെന്ന് വന്നതോടെ ഹർത്താൽ വിജയിപ്പിക്കാൻ അക്രമവുമായി യുഡിഎഫ് പ്രവർത്തകർ

സെക്രട്ടറിയേറ്റിൽ പതിവുപോലെ ജീവനക്കാരെത്തി; ട്രാഫിക് ജംഗ്ഷനുകളിൽ സിഗ്‌നലുകൾ മിഴിവെട്ടാതെ കണ്ണു തുറന്നു; കെഎസ്ആർടിസി സ്റ്റാൻഡിൽ എല്ലാം പതിവുപോലെ; റെയിൽവേ സ്റ്റേഷൻ പരിസരത്ത് വന്നിറങ്ങിയവർക്ക്  ഓട്ടോറിക്ഷകളും ധാരാളം; എല്ലാം പതിവു പോലെയായപ്പോൾ 'ഇതെന്ത് ഹർത്താൽ' എന്നു ചോദിച്ച് സോഷ്യൽ മീഡിയ; പൊളിയുമെന്ന് വന്നതോടെ ഹർത്താൽ വിജയിപ്പിക്കാൻ അക്രമവുമായി യുഡിഎഫ് പ്രവർത്തകർ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏതൊരു കക്ഷികൾ ഹർത്താൽ പ്രഖ്യാപിച്ചാലും അപ്പോൾ തന്നെ ആഘോഷമാക്കുന്നവരാണ് മലയാാളികൾ. പ്രത്യേകിച്ചും സർക്കാർ ജീവനക്കാർ ഇഷ്ടം പോലെയുള്ള തലസ്ഥാന നഗരത്തിൽ ഒരു ഹർത്താൽ വന്നാൽ ഓഫീസുകൾ അടഞ്ഞു കിടക്കുകയും എല്ലാം സ്തംഭിക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം സംഘടിപ്പിച്ച ഹർത്താൽ തലസ്ഥാനത്തെ സാരമായി ബാധിച്ചില്ലെന്നത് ശ്രദ്ദേയമായി. സെക്രട്ടറിയേറ്റ് അടക്കം സാധാരണ നിലയിൽ പ്രവർത്തിച്ചപ്പോൾ ഗതാഗതം അടക്കം എല്ലാം പതിവുപോലെയായിരുന്നു.

ഹൈക്കോടതി ഇടപെടലും പൊലീസിന്റെ അറിയിപ്പും കൂടിയായപ്പോൾ ജനങ്ങൾക്ക് നിരത്തിലിറങ്ങാൻ അവസരം ധൈര്യമായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ഹർത്താൽ ദിനമാണെന്ന പ്രതീതി പോലും ഇല്ലാതായി. ഒരു അവധി ദിവസത്തിന്റെ ലാഘവം മാത്രമായിരുന്നു ഇന്ന് തലസ്ഥാനത്ത്. കടകമ്പോളങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നപ്പോൾ സെക്രട്ടേറിയറ്റിൽ പതിവ് ഹർത്താലുകളെ അപേക്ഷിച്ച് ഹാജർ നില കൂടുതലായിരുന്നു. ആദ്യ മണിക്കൂറുകളിൽ ഹർത്താൽ ശാന്തമായിരുന്നുവെങ്കിലും പിന്നീട് പ്രവർത്തകർ തുറന്ന് പ്രവർത്തിച്ചിരുന്ന കടകൾ അടപ്പിക്കുന്നുണ്ടായിരുന്നു.

യുഡിഎഫുകാർ നടത്തുന്ന ഹർത്താലിനെ തോൽപ്പിക്കാൻ സർക്കാർ തന്നെ രംഗത്തിറങ്ങുമെന്ന പ്രതീതിയായിരുന്നു ആദ്യം മുതൽ ഉണ്ടായിരുന്നത്. ഹർത്താൽ ദിനത്തിൽ പുറത്തിറങ്ങുന്ന സാധാരണക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇത് പ്രകാരം നഗരത്തിൽ പലയിടത്തും പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയിയൽ കോൺഗ്രസുകാരുടെ ഹർത്താൽ പരാജയമായി എന്നു പൊതുവിലയിരുത്തൽ ഉണ്ടായതോടെ പ്രവർത്തകർ തെരുവിലിറങ്ങി. ഇവർ കടകളും ഓഫീസുകളും അടപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പ്രവർത്തകർ പെട്രോൾ പമ്പുകൾ പൂട്ടിക്കുന്ന സ്ഥിഥിയിലേക്കും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തതിനെ തുടർന്ന് പിന്നീട് പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിൽ സാധാരണ ദിവസങ്ങളിലെ തിരക്കില്ലായിരുന്നുവെങ്കിലും ഒരു ഹർത്താലിന്റെ പ്രതീതി ശ്രിഷ്ടിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല. രാവിലെ 7 മണിയോടെ തന്ന െപല സ്ഥലങ്ങളിലും നിരത്തിൽ വാഹനങ്ങളിറങ്ങിയിരുന്നു. കാറുകളും ഇരു ചക്രവാഹനങ്ങൾക്കുമൊപ്പം തന്നെ കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളും ഹൃസ്വ ദൂര സർവ്വീസുകളും നടത്തി. സാധാരണ ദിവസങ്ങളിലേത് പോലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നു.

തിരുവനന്തപുരം നഗരത്തില പ്രധാന ജംങ്ങ്ഷനുകളിലെല്ലാം തന്നെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. പല സ്ഥലങ്ങളിലും ഗതാഗത തിരക്ക് കൂടുതലയായതിനാൽ അത് ക്രമീകരിക്കാനായി ട്രാഫിക് പൊലീസുകാരും രംഗത്തെത്തിയിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും മറ്റും എത്തിയവർക്കായി യാത്രാക്ലേശം പരിഹരിക്കുന്നതിനായി പൊലീസ് ബദൽ സംവിധാനങ്ങളും ലഘുഭക്ഷണങ്ങളും ഒരുക്കിയിരുന്നു.

എംജി റോഡിലും നല്ല തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്. സെക്രട്ടേറിയറ്റ് ജീവനക്കാർ പതിവ് പോലെ കന്റോൺമെന്റ് ഗേറ്റിലൂടെയാണ് ജീവനക്കാരെ പ്രവേശിപ്പിച്ചത്. മറ്റ് ഹർത്താലുകള അപേക്ഷിച്ച് ഇവിടെയും കൂടുതൽ ജീവനക്കാരെത്തിയിരുന്നു. ഹർത്താലിനോടനുബന്ധിച്ച് യുഡിഎഫ് ജാഥ ഉള്ളതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ച് വിട്ടിരുന്നു.ആദ്യ മണിക്കൂറുകളിൽ വലിയ തിരക്ക് അനുഭപ്പെട്ടതോടെയാണ് ഹർത്താൽ പരാജയപ്പെടുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെയാണ് യുഡിഎഫ് പ്രവർത്തകർ തുറന്ന് പ്രവർത്തിച്ച കടകൾ നിർബന്ധമായി അടപ്പിക്കുകയായിരുന്നു.

ഹർത്താൽ തുടങ്ങി ശേഷം കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിൽ നിന്ന് ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകൾ തടഞ്ഞു. കൊല്ലത്ത് ചിന്നക്കടയിൽ സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. കടകൾ അടപ്പിച്ചതിന് പിന്നാലെ തുറന്ന് പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പുകൾ ഉൾപ്പടെ പൂട്ടിക്കുകയായിരുന്നു. ചില സ്ഥലങ്ങളിൽ വാഹനയാത്രക്കാരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഹർത്താൽ ദിവസം പൊതു നിരത്തിലിറങ്ങുന്നവർക്കും ജോലിക്ക് പോകുന്നവർക്കും പൂർണ സുരക്ഷ ഒരുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

വടക്കൻ ജില്ലകളിൽ ചിലയിടത്ത് അക്രമം

അതേസമയം യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും നേരിയ സംഘർഷംമുണ്ടായി. പൊലീസ് സംരക്ഷണയോടെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. പലയിടത്തും കല്ലേറുമുണ്ടായി. തിരുവനന്തപുരം,പാലക്കാട്, എറണാകുളം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുകയും ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തത്. കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ബത്തേരിയിലും കായംകുളത്തും മുക്കത്തും പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.

പാലക്കാട് എലപ്പുള്ളിക്ക് സമീപവും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതിനെ തുടർന്ന് പാലക്കാട്- പൊള്ളാച്ചി റൂട്ടിലെ ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചു. പത്തനംതിട്ട കോന്നിയിലും കോഴഞ്ചേരിയിലും തിരുവനന്തപുരത്ത് പൂവച്ചലിലും എറണാകുളത്ത് പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി.

നഗരപ്രദേശങ്ങളെ ഭാഗികമാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സെക്രട്ടറിയേറ്റ്, ഐ.എസ്.ആർ.ഒ, ടെക്‌നോപാർക്ക് തുടങ്ങി സ്ഥാപനങ്ങളെ ഒന്നും ഹർത്താൽ ബാധിച്ചില്ല. ജീവനക്കാർ ഭൂരിഭാഗവും ജോലിക്കെത്തി. എന്നാൽ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. സ്‌കൂൾ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയിലും പാചകവാതകവിലയിലും പ്രതിഷേധിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP