Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാലക്കുടി രാജീവ് വധക്കേസിൽ സിപി ഉദയഭാനു ഏഴാംപ്രതി; അഡ്വക്കേറ്റിന് എതിരെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി കോടതിയിൽ അന്വേഷണ റിപ്പോർട്ട്; ചോദ്യംചെയ്യാൻ കോടതി അനുവദിച്ചതോടെ അഭിഭാഷകനെ ഉടൻ വിളിപ്പിക്കും; ഫോൺകോളുകളും രാജീവിന്റെ വീട്ടിലെ സന്ദർശനവും മുൻനിർത്തി മൊഴിയെടുപ്പിന് ഒരുങ്ങി പൊലീസ്

ചാലക്കുടി രാജീവ് വധക്കേസിൽ സിപി ഉദയഭാനു ഏഴാംപ്രതി; അഡ്വക്കേറ്റിന് എതിരെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി കോടതിയിൽ അന്വേഷണ റിപ്പോർട്ട്;  ചോദ്യംചെയ്യാൻ കോടതി അനുവദിച്ചതോടെ അഭിഭാഷകനെ ഉടൻ വിളിപ്പിക്കും; ഫോൺകോളുകളും രാജീവിന്റെ വീട്ടിലെ സന്ദർശനവും മുൻനിർത്തി മൊഴിയെടുപ്പിന് ഒരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതിയാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയതോടെ മുൻകൂർ നോട്ടിസ് നൽകി ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി പൊലീസിന് അനുവാദം നൽകി. ഇതോടെ ചാലക്കുടി രാജീവ് കൊലചെയ്യപ്പെട്ട സംഭവത്തിലും റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലും ഉൾപ്പെടെ അഭിഭാഷകനെ ഉടൻ വിളിപ്പിച്ച് ചോദ്യംചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുത്തിട്ടില്ല. അടുത്തയാഴ്ചയാണ് അപേക്ഷ വീണ്ടും പരിഗണിക്കുന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്. കൊലയിൽ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അഭിഭാഷകനെ പ്രതി ചേർത്തതായി പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചത്. രാജീവ് വധത്തിൽ ഉദയഭാനുവിനു വ്യക്തമായ പങ്കുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് രാജീവിന്റെ മകൻ അഖിലും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു.

പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് വസ്തു ഇടപാടു രേഖകളിൽ ബലമായി ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികിൽനിന്നു കണ്ടെത്തിയിരുന്നു. രാജീവിന് പരിക്കേറ്റ് കിടക്കുന്നുവെന്ന് പൊലീസിന് വിളിച്ച് അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും.

കൃത്യം സംഭവിച്ച ശേഷം പ്രതികൾ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കുകയാണ് ഉദയഭാനു ചെയ്തത്. അതുകൊണ്ട് തന്നെ വസ്തു തർക്കത്തിൽ തെളിവ് കിട്ടിയാലും രാജീവിന്റെ മരണത്തിൽ ഉദയഭാനുവിനെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ ചോദ്യംചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും സാഹചര്യ തെളിവുകളും മുൻനിർത്തിയാകും അഭിഭാഷകനെതിരെയുള്ള പ്രൊസിക്യൂഷൻ നീക്കം.

കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്‌പി: ഷാഹുൽ ഹമീദിനെ ഫോണിൽ ആദ്യം അറിയിച്ചത് അഡ്വ. സി.പി. ഉദയഭാനുവായിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയിൽ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈ.എസ്‌പി. ചോദിച്ചെങ്കിലും അക്കാര്യത്തിൽ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല. തുടർന്ന്, കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണിൽ വിളിച്ച് ഡിവൈ.എസ്‌പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാൻ നിർദ്ദേശിച്ചെന്നാണു പൊലീസ് പറയുന്നത്. ഇതനുസരിച്ച് ചക്കര ജോണി അൽപസമയത്തിനകം തന്നെ ഡിവൈ.എസ്‌പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിവൈ.എസ്‌പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും.

ചക്കരജോണിയുൾപ്പെടെ പിടിയിലായെങ്കിലും അഭിഭാഷകനെതിരെ മൊഴി നൽകാൻ ഇവർ ആദ്യം തയ്യാറായില്ല. എന്നാൽ തുടർന്നുള്ള ചോദ്യംചെയ്യലിൽ അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച തെളിവുകൾ മുൻനിർത്തി ചില വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ കേസിൽ ഏഴാംപ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുള്ളത്. രാജീവിന്റെ ബന്ധുക്കൾ ഉദയഭാനുവിനെതിരെ പരസ്യമായ നിലപാട് എടുത്തു കഴിഞ്ഞതോടെയാണ് അഭിഭാഷകന് എതിരെ പൊലീസിന് ശക്തമായി നീങ്ങേണ്ടിവന്നതും.

ഉദയഭാനുവിന്റെ അറസ്റ്റ് വൈകിപ്പിക്കാൻ തന്ത്രങ്ങൾ നടക്കുന്നതായി രാജീവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് ഉദയഭാനുവിന് മുൻകൂർ ജാമ്യം എടുക്കാൻ സാഹചര്യമൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും വിമർശനം ഉയർന്നതിനിടെ ആണ് ഇന്ന് ഏഴാംപ്രതിയാക്കി അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഉദയഭാനുവിനെ പോലൊരു പ്രമുഖനെ കൃത്യമായ തെളിവില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെങ്കിലും ഇനിയുള്ള ചോദ്യംചെയ്യലിൽ വ്യക്തമായ വിവരം ലഭിക്കുകയോ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയോ ചെയ്താൽ അറസ്റ്റ് ഉണ്ടായേക്കും.

രാജീവ് കൊല്ലപ്പെട്ട ഉടൻ തന്നെ നാല് പ്രതികളെ പൊലീസ് പിടിച്ചിരുന്നു. ചക്കര ജോണിയേയും കൂട്ടാളിയേയും പിടിച്ചതോടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം അഴിക്കുള്ളിലായി. ഉദയഭാനുവിനെതിരെ രാജീവ് കൊടുത്ത പരാതിയും പൊലീസിന് മുന്നിലുണ്ട്. തനിക്കെതിരെ വധഭീഷണിയും രാജീവ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അഡ്വക്കേറ്റ് ഉദയഭാനുവുമായുള്ള സ്വത്ത് തർക്കും പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ ഫോൺ വിളിയുടെ രേഖകൾ കിട്ടയതു കൊണ്ട് ഉദയഭാനുവിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP