Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് മന്ത്രിമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വഴങ്ങാതെ കെവി എം ആശുപത്രി മാനേജ്‌മെന്റിന്റെ വെല്ലുവിളി; നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ഹരിദാസിന്റെ തിട്ടൂരം; സമര പരിപാടികൾ തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി യുഎൻഎ; പിഴയുടെ പേരിലും പോക്കറ്റടി തുടരുന്നു

രണ്ട് മന്ത്രിമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വഴങ്ങാതെ കെവി എം ആശുപത്രി മാനേജ്‌മെന്റിന്റെ വെല്ലുവിളി; നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ഹരിദാസിന്റെ തിട്ടൂരം; സമര പരിപാടികൾ തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി യുഎൻഎ; പിഴയുടെ പേരിലും പോക്കറ്റടി തുടരുന്നു

അരുൺ ജയകുമാർ

ചേർത്തല: യുഎൻഎയുമായി ചർച്ചയ്ക്ക് തയ്യാറാകാതെ ചേർത്തല കെവി എം ആശുപത്രി മാനേജ്മെന്റിന്റെ വെല്ലുവിളി. സംഘടനാ പ്രവർത്തനം നടത്തിയതിന് രണ്ട് നഴ്സുമാരെ പിരിച്ചുവിട്ടതിൽ ഉൾപ്പടെ പ്രതിഷേധിച്ച്കൊണ്ടുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് തൊഴിലാളികളെ വെല്ലുവിളിച്ച്കൊണ്ട് ആശുപത്രി മാനേജ്മെന്റ് മുന്നോട്ട് പോകുന്നു.സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുൾപ്പടെ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും പറഞ്ഞത് മാറ്റിപറഞ്ഞ് ഒരു മുതലാളിയുടെ എല്ലാ അഹങ്കാരവും ഒരിക്കൽകൂടി ഹരിദാസ് പ്രകടിപ്പിക്കുകയും ചെയ്തു. സമരം തുടങ്ങിയപ്പോൾ മുതൽ പറഞ്ഞതാണ് പിരിച്ച് വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് എന്നാണ് ആശുപത്രി മുതലാളിയായ ഹരിദാസ് ഇന്നും പ്രതികരിച്ചത്.

സമര പരിപാടികൾ തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാനാണ് യുഎൻഎ സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന ലേബർ കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന ചർച്ചയിലാണ് ഇപ്പോൾ മാനേജ്മെൻ് പിടിവാശി കാണിച്ച് വിട്ടു നിൽക്കുന്നത്. ചേർത്തലയിലെ സമീപവാസികളുടേയും നാട്ടുകാരുടേയുമെല്ലാം പിന്തുണ കിട്ടിയിട്ടും ഭൂരിഭാഗവും നഴ്സുമാർക്കൊപ്പമാണെന്ന് മനസ്സിലായിട്ടും പ്രതികാര നടപടികൾ തുടരുകയാണ്.ഇക്കഴിഞ്ഞ ആറാം തീയതി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് സമീപവാസികൾ പ്രാദേശിക ഹർത്താലും നടത്തിയിരുന്നു. മന്ത്രി തോമസ് ഐസക് വരെ നേരിട്ട് വന്ന് ചർച്ച നടത്തിയിട്ടും ഒന്നും കരാറായി ഒപ്പിടാൻ കഴിയില്ലെന്നാണ് അധികൃതരുടെ പക്ഷം.

സംഘടന പ്രവർത്തനം നടത്തിയതിന് പിരിച്ച് വിട്ട രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുക. ഡ്യൂട്ടി സമയം ക്രമീകരിക്കുക, 2013ൽ പ്രഖ്യാപിച്ച ശമ്പളം മുതൽ ഇങ്ങോട്ടുള്ളത് മുൻകാല പ്രാബല്യത്തിൽ നൽകുക എന്നിവയാണ് നഴ്സുമാരുടെ ആവശ്യം. എന്നാൽ ഇതിൽ ഒന്നുപോലും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നതാണ് സംങ്കടകരമായ അവസ്ഥ.നഴ്സുമാർ സമരം ആരംഭിച്ചിട്ട് 57 ദിവസവും നിരാഹാര സമരം ആരംഭിച്ചിട്ട് 8 ദിവസവുമാകുന്നു. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നഴ്സിങ്ങ് സംഘടന ആവശ്യപ്പെടുന്നത്.

നിരാഹാര സമരത്തിന്റെ 4ാം ദിവസം യുഎൻഎ സംസ്ഥാന അദ്ധ്യക്ഷൻ ജാസ്മിൻ ഷാ സമരപന്തൽ സന്ദർശിച്ചിരുന്നു. 10 ദിവസത്തെ സമയമാണ് അന്ന് നൽകിയത്, അതിനുള്ളിൽ നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുൾപ്പടെയുള്ളവർ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്നും യുഎൻഎ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.2013ൽ സുപ്രീം കോടതി നിർദ്ദേശിച്ച ശംമ്പളം പോലും ഇവിടെ നൽകാറില്ല. മുൻകാല പ്രാബല്യത്തിൽ അത് നൽകിയാൽ മാത്രമെ പ്രധാനമായും സമരം അവസാനിക്കുകയുള്ളു. ഇതിനോടൊപ്പം തന്നെ പിരിച്ച് വിട്ടവരെ എത്രയും വേഗം തിരിച്ചെടുക്കണം.

ആശുപത്രിക്ക് അകത്ത് ഈച്ച കയറിയാൽ നഴ്സിന് പിഴ അമ്പതുരൂപ! ഡോക്ടർ ചെരിപ്പ് റാക്കിൽ വയ്ക്കാൻ മറന്നുപോയാൽ അതിന് നഴ്സിന് ശിക്ഷ നൂറു രൂപ! ആശുപത്രിയിലെ ഉപകരണം കേടായാൽ അതിന്റെ വില തുല്യമായി വിഭജിച്ച് ഓരോ മാസവും ശമ്പളത്തിൽ നിന്ന് പിടിക്കും!ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം നഴ്സുമാരെ പീഡിപ്പിക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ നടത്തുന്ന സമരം അമ്പതുദിവസം പിന്നിട്ടിട്ടും ഇതിൽ കാര്യക്ഷമമായി ഇടപെടാനോ സർക്കാർ സംവിധാനങ്ങൾക്കും കഴിഞ്ഞിട്ടില്ല. നഴ്സുമാർക്ക് ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഇവിടെ ജോലിയിൽ പ്രവേശിക്കുമ്പോൾ അപ്പോയിന്റ്മെന്റ് ഓർഡർ പോലും നൽകാറില്ലെന്നും വ്യാപകമായി പരാതിയുണ്ട്.

ഇപ്പോഴും ആറായിരമോ ഏഴായിരമോ നിശ്ചിത വേതനമാണ് നഴ്സുമാർക്ക് 25 വർഷത്തിലേറെ സർവീസ് ഉള്ളവർക്കു പോലും പത്തായിരമോ പന്ത്രണ്ടായിരമോ മാത്രമേ ശമ്പളമായി നൽകുന്നുള്ളൂ. മറ്റ് ആനുകൂല്യങ്ങൾ ഇല്ലെന്ന് മാത്രമല്ല, തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴയും ഈടാക്കി ഈ തുകയിൽ നിന്നുതന്നെ കയ്യിട്ടുവാരാൻ മാനേജ്മെന്റ് തന്ത്രങ്ങളും പ്രയോഗിക്കുന്നുവെന്ന് നഴ്സുമാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പീഡനം സഹിക്കവയ്യാതെയാണ് ആശുപത്രിയിലെ 130 നഴ്സുമാരിൽ 117 പേരും സമരത്തിന് ഒറ്റക്കെട്ടായി ഇറങ്ങിയത്.

സർക്കാർ നിശ്ചയിച്ച ശമ്പളം ഒരു കാരണവശാലും കൊടുക്കില്ലെന്ന് ധാർഷ്ട്യവുമായി മുന്നോട്ടുപോകുന്ന ചേർത്തലയിലെ ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലുള്ള കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ സമരത്തിന് ഇറങ്ങിയത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്. ശമ്പളവർധന ഉൾപ്പെടെ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം നേടിയെടുത്ത് കേരളത്തിൽ വൻ ചരിത്രമെഴുതിയാണ് സംസ്ഥാനമൊട്ടുക്ക് നഴ്സിങ് സംഘടനകൾ നടത്തിവന്ന സമരം അവസാനിച്ചത്.

ചേർത്തലയിൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കെ വി എം. അതിനാൽ തന്നെ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്. നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമെന്ന് അറിയാവുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വവും നഴ്സുമാർക്കൊപ്പമുണ്ട്. എന്നിട്ടും മാനേജ്മെന്റിന്റെ കടുംപിടിത്തം കൊണ്ടുമാത്രമാണ് സമരം അവസാനിക്കാത്തതെന്ന് യുഎൻഎയും നാട്ടുകാരും ഒരുപോലെ പറയുന്നു.

ആഗസ്റ്റിൽ നഴ്സുമാർ സമരം തുടങ്ങിയ ശേഷം ഒത്തുതീർപ്പിനായി ഇതിനകം പതിനാലുതവണ ചർച്ചകൾ പല തലത്തിൽ നടന്നു. ഡിഎംഓ തലത്തിലും എറണാകുളത്തുവച്ചുമെല്ലാം ചർച്ചകൾ നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക തയ്യാറാകാതെ ഇടയ്ക്കിടെ പുതിയ ഉപാധികൾ വച്ചുകൊണ്ടിരിക്കുകയാണ് മാനേജ്മെന്റ്. ഒരു ചർച്ചയ്ക്കുപോലും വരാൻ ആശുപത്രി ഉടമ തയ്യാറായില്ലെന്നും പകരം നിയമോപദേശകനെ അയക്കുകയായിരുന്നുവെന്നും യുഎൻഎ ചൂണ്ടിക്കാട്ടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കത്ത് ഒപ്പിട്ടു നൽകാനും ഉടമ തയ്യാറല്ല. വാക്കാൽ ഉറപ്പുതരാമെന്നാണ് നിലപാട്. ഇത് വിശ്വസിക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്കും പിന്നീട് മന്ത്രി തിലോത്തമനും ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ നിന്നുതന്നെ വ്യക്തമാകുകയും ചെയ്തു.

നഴ്സുമാരുടെ ആവശ്യങ്ങൾ ഏറെക്കുറെ അംഗീകരിക്കാമെന്നായിരുന്നു മന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റിന്റെ പ്രഖ്യാപനം. എന്നാൽ പിന്നീട് തിലോത്തമൻ ചർച്ചയ്ക്കെത്തിയപ്പോൾ ഐസക്കിനോട് പറഞ്ഞതെല്ലാം തിരുത്തിപ്പറയുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇത്തരത്തിൽ വാക്കുമാറ്റുന്നതിനാ്ൽ ഉടമ്പടി വച്ച ശേഷമേ സമരത്തിൽ നിന്ന് പിന്മാറൂ എന്ന് യുഎൻഎയും വ്യക്തമാക്കുന്നു. അനുരഞ്ജനത്തിന്റെ നയം വിട്ട് സർക്കാർ ശക്തമായി സമ്മർദ്ദം ചെലുത്തിയാലേ മാനേജ്മെന്റിനെ നിലയ്ക്കുനിർത്താനാവൂ എന്നും നഴ്സുമാർ പറയുന്നു.

ആശുപത്രിക്കെതിരായ സമരം ന്യായമാണെന്ന് വ്യക്തമായതോടെ ഇക്കാര്യത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ മുതിർന്ന സി.പി.എം നേതാവ് വിഎസും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞമാസം അദ്ദേഹം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്തുനൽകുകയും ചെയ്തു. ജോലിസമയം നിജപ്പെടുത്തി ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയും സർക്കാർ നിർദ്ദേശിച്ച വേതനം ലഭ്യമാക്കിയും സമരം രമ്യമായി അവസാനിപ്പിക്കണമെന്ന് കത്തിൽ വി എസ് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ ആരോഗ്യവകുപ്പ് അനങ്ങിയിട്ടില്ല. സേവന-വേതന കാര്യങ്ങളിൽ സർക്കാറും തൊഴിൽ വകുപ്പും നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ആശുപത്രിക്കെതിരെ സർക്കാരിന് നടപടിയെടുക്കാമെങ്കിലും അതിന് വേണ്ട സമ്മർദ്ദം ചെലുത്താനും സർക്കാർ തലത്തിൽ നടപടികളും ഉണ്ടാകുന്നില്ല.

ഇപ്പോൾ പ്രഖ്യാപിച്ച പുതുക്കിയ നിരക്ക് പ്രകാരം ശമ്പളം നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് വീണ്ടും നഴ്സുമാർ സമരത്തിന് ഇറങ്ങിയിട്ടുള്ളത്. അങ്ങനെയെങ്കിൽ 29,000 രൂപ അടിസ്ഥാന ശമ്പളം നിരക്കിൽ മാനേജ്മെന്റ് ശമ്പളം നൽകണം. 300 ബെഡ്ഡുകളുള്ള ആശുപത്രിയാണ് ഇത്. ഇതോടൊപ്പം നഴ്സിങ് സ്‌കൂൾ ഉൾപ്പെടെ നടത്തുന്നുമുണ്ട്. എംഎസ്സി നഴ്സിങ് ഉൾപ്പെടെ എല്ലാ പാരാമെഡിക്കൽ കോഴ്സുകളുമുള്ള നഴ്സിങ് കോളേജുമുണ്ട് ആശുപത്രിയിൽ എന്നിട്ടും നഴ്സുമാർക്ക് ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്നും യുഎൻഎ ചൂണ്ടിക്കാട്ടുന്നു.

നഴ്സിങ് കോളേജിന് അംഗീകാരം കിട്ടാൻ 300 ബെഡ്ഡുള്ള ആശുപത്രിയെന്ന് കാണിച്ച സ്ഥാനത്ത് നഴ്സുമാർക്ക് ശമ്പളം കൊടുക്കാതിരിക്കാൻ 100 ബെഡ്ഡുള്ള ആശുപത്രിയാണെന്ന് ചേർത്തല മുനിസിപ്പൽ രേഖകളിൽ കാണിച്ചും മാനേജ്മെന്റ് തന്ത്രം പ്രയോഗിക്കുന്നതായും അവർ പറയുന്നു. നിരവധി വർഷം ട്രെയിനിയെന്ന നിലയിൽ ജോലിയെടുപ്പിച്ച ശേഷമാണ് പലരേയും സ്ഥിരപ്പെടുത്തുന്നത്. എന്നാലും ആനൂകൂല്യങ്ങളില്ലാതെ ആറായിരമോ ഏഴായിരമോ ആണ് ശമ്പളമായി നൽകുക.

ഇതിനെല്ലാം പുറമെ ഷിഫ്റ്റിന്റെ പേരിലുമുണ്ട് പീഡനം. എട്ടുമണിക്കൂർ ജോലിസമയമെന്നതിന് പകരം പത്തുമണിക്കൂറാണ് ഷിഫ്റ്റ്. സാധാരണഗതിയിൽ മാസം 210 മണിക്കൂർ ജോലിചെയ്യേണ്ടതിന് പകരം 270-280 മണിക്കൂർ ജോലി ചെയ്യിപ്പിക്കാനാണ് ഇത്തരത്തിൽ ക്രമീകരണം. ഇതിന് മാറ്റമുണ്ടാകണമെന്നും നഴ്സുമാർ ആവശ്യപ്പെടുന്നു. ഓവർടൈം അലവൻസ് തരാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ക്രമീകരണം വരുത്തിയിരിക്കുന്നതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദ്ദേശിച്ച ശമ്പളം നൽകുക, ദിവസം മൂന്ന് ഷിഫ്റ്റ് എന്ന നിലിയൽ ജോലി ക്രമീകരിക്കുക, നഴ്സുമാരെ പിഴിയുന്ന ഫൈനുകൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎൻഎ സമരം നടത്തുന്നത്.

ഇതിന് പുറമെയാണ് ഫൈനെന്ന പേരിൽ ഈച്ചകയറിയതിനും ഡോക്ടറുടെ ഷൂസ് റാക്കിലല്ല വച്ചതെന്നും പറഞ്ഞുമെല്ലാം നഴ്സുമാർക്ക് ഫൈനിടുന്നത്. അടുത്തിടെ ആശുപത്രിയിലെ ഒപിയിൽ ഒരു യന്ത്രം കേടുവന്നതിനെ തുടർന്ന് അതിന്റെ വില നഴ്സുമാരിൽ നിന്ന് ഈടാക്കുമെന്നായി പ്രഖ്യാപനം. മൂന്നരലക്ഷത്തോളം വിലയുള്ള ഉപകരണമാണ് കേടുവന്നതെന്നും ഇതിന്റെ വില ഈടാക്കാൻ 16,500 രൂപവീതം നഴ്സുമാരിൽ നിന്ന് പിടിക്കുമെന്നുമായി പ്രഖ്യാപനം. ഇത് ഘട്ടംഘട്ടമായി മാസശമ്പളത്തിൽ നിന്ന് പിടിക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഇത്തരത്തിൽ പല പീഡനങ്ങളും നഴ്സുമാർക്കെതിരെ മാനേജ്മെന്റ് കൈക്കൊള്ളുന്നതായി യുഎൻഎ ഭാരവാഹികൾ മറുനാടനോട് പറഞ്ഞു.

ദശാബ്ദങ്ങളായി ജോലി സ്ഥലത്തുണ്ടാകുന്ന പീഡനങ്ങൾക്ക് ഉൾപ്പെടെ പരിഹാരം നിർദ്ദേശിക്കുകയും ശമ്പള വർധനവിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്താണ് സർക്കാർതലത്തിൽ തന്നെ ഒത്തുതീർപ്പുണ്ടാക്കി സമരം അവസാനിപ്പിച്ചത്. എന്നാൽ അത് ഒരിക്കലും നടപ്പാക്കില്ലെന്ന് കടുംപിടിത്തം പിടിക്കുകയും സമരത്തിൽ പങ്കെടുത്ത രണ്ട് നഴ്സുമാരെ പുറത്താക്കുകയും ചെയ്തുവെന്ന് മാത്രമല്ല, സമരത്തിന് ഇറങ്ങും മുമ്പ് ജോലിചെയ്ത ദിവസത്തെ ശമ്പളം പോലും ഇവർക്ക് നൽകാൻ ആശുപത്രി തയ്യാറായതുമില്ല.

ഇതോടെയാണ് ഓഗസ്റ്റ് മുതൽ ആശുപത്രിയിലെ നഴ്സുമാർ ഒന്നടങ്കം സമരത്തിന് ഇറങ്ങുന്നത്. സമരം അമ്പതുദിവസം പിന്നിട്ടിട്ടും സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് മാത്രമല്ല, ആശുപത്രി മാനേജ്മെന്റ് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലയിൽ നീങ്ങുകയും ചെയ്യുന്നു. ഇതോടെ യുഎൻഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം അനിശ്ചിതകാല നിരാഹാര സമരമാക്കികഴിഞ്ഞു. മന്ത്രിതലത്തിൽ തന്നെ ഇടപെടലുകൾ ഉണ്ടായിട്ടുപോലും ഒരു അനുരഞ്ജനത്തിന് ആശുപത്രിയുടമ തയ്യാറാവുന്നില്ല.

ആശുപത്രിയിൽ നിന്നുള്ള പെരുമാറ്റവും വളരെ കുറഞ്ഞ ശമ്പളവുമാണ് ഇത്തരമൊരു സമരത്തിന് കാരണമായതെന്ന് യുഎൻഎ ആശുപത്രി യൂണിറ്റ് പ്രസിഡന്റായ നഴ്സ് ജിബി മറുനാടനോട് പറഞ്ഞു. 2013ൽ സർക്കാർ തലത്തിൽ ചർച്ച നടത്തി കൂട്ടി നൽകാൻ നിർദ്ദേശിച്ച ശമ്പളം പോലും നൽകാൻ ആശുപത്രിയുടമ വി വി ഹരിദാസ് തയ്യാറായിട്ടില്ല ഇതുവരെ. 8,750 രൂപ അടിസ്ഥാന ശമ്പളം നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനൊപ്പം ആനുകൂല്യങ്ങളുംകൂടി ആയാൽ ജോലിയിൽ സ്ഥിരമാകുന്ന ഒരാൾക്ക് 14,000 രൂപയിൽ കൂടുതൽ ശമ്പളം കിട്ടുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP