Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യഥാർത്ഥ ഏകദൈവ വിശ്വാസം മുജാഹിദുകളുടേതാണെന്നാണ് ഇ ടി പറഞ്ഞത്; അതായത് സുന്നികൾ ശിർക്ക് പ്രചരിപ്പിക്കുന്നു എന്നതിന്റെ തനിയാവർത്തനം; ഇത് പ്രവർത്തകരിലും നേതാക്കളിലും പ്രകോപനം ഉണ്ടാക്കില്ലേ? വേങ്ങരയിൽ ഇടത്തോട്ട് ചാഞ്ഞത് ഇ കെ സുന്നി വോട്ടുകൾ തന്നെ: മലപ്പുറത്തെ 'പൊന്നാപുരം കോട്ടയിൽ' വിള്ളലുണ്ടായതിന്റെ കാരണങ്ങൾ തേടി ലീഗും പാണക്കാട് കുടുംബവും

യഥാർത്ഥ ഏകദൈവ വിശ്വാസം മുജാഹിദുകളുടേതാണെന്നാണ് ഇ ടി പറഞ്ഞത്; അതായത് സുന്നികൾ ശിർക്ക് പ്രചരിപ്പിക്കുന്നു എന്നതിന്റെ തനിയാവർത്തനം; ഇത് പ്രവർത്തകരിലും നേതാക്കളിലും പ്രകോപനം ഉണ്ടാക്കില്ലേ? വേങ്ങരയിൽ ഇടത്തോട്ട് ചാഞ്ഞത് ഇ കെ സുന്നി വോട്ടുകൾ തന്നെ: മലപ്പുറത്തെ 'പൊന്നാപുരം കോട്ടയിൽ' വിള്ളലുണ്ടായതിന്റെ കാരണങ്ങൾ തേടി ലീഗും പാണക്കാട് കുടുംബവും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇ.കെ സുന്നി വോട്ടുകൾ കൂട്ടത്തോടെ പോയത് ഇടത് പെട്ടിയിലേക്കോ?. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായ വിവാദങ്ങളും പ്രസ്താവനകളുമാണ് മുസ്ലിം ലീഗിന്റെ ബി ടീമായി പ്രവർത്തിക്കുന്ന സമസ്തയെയും പോഷക ഘടകങ്ങളേയും സംശയത്തിനിടയാക്കിയിരിക്കുന്നത്. രാഷ്ട്രീയമായി എക്കാലവും മുസ്ലിംലീഗിനൊപ്പം നിലയുറപ്പിച്ച കേരളത്തിലെ പ്രബലമായ മുസ്ലിം സംഘടനയാണ് സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും. മറ്റൊരു സംഘടിത ശക്തിയാണ് എ.പി സുന്നികളെങ്കിലും ഇവർ ആർക്കും പിടികൊടുക്കാതെ വിവിധ കക്ഷികളെയും മുന്നണികളെയും പിന്തുണച്ചു വരുന്ന രീതിയാണ് കഴിഞ്ഞകാലങ്ങളിൽ സ്വീകരിച്ചു വന്നിരുന്നത്.

എ.പി സുന്നികൾ ഇടത്തോട്ട് ചായുന്ന സമീപനമാണ് ഈ തെരഞ്ഞെടുപ്പിലടക്കം സ്വീകരിച്ചത്. എന്നാൽ സമസ്ത ഇ.കെ വിഭാഗം മുസ്ലിംലീഗിന്റെ വോട്ടുബാങ്കായി തന്നെ നിലകൊണ്ടു. ലീഗിന്റെ സലഫി സ്നേഹവും കാന്തപുരം വിഭാഗവുമായുള്ള ബന്ധവും ഇ.കെ സുന്നികളെ ചൊടിപ്പിക്കുകയും ഇത് ചിലരെയെങ്കിലും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ഇകെ സുന്നികൾ ചെറിയ ശതമാനമെങ്കിലും ലീഗിനെതിരെ നീക്കങ്ങൾ നടത്തിയതായി പാർട്ടിക്കുള്ളിലും വിലയിരുത്തലുകളുണ്ടായി. സമസ്ത-ലീഗ് ബന്ധത്തിൽ വിള്ളൽ വരുന്നതായുള്ള വാർത്തകളും ഈയിടെയായി പുറത്തു വന്നു. സമസ്ത-ലീഗ് ബന്ധം വീണ്ടും ചർച്ചയാകുന്നത് വേങ്ങര ഉപതെരഞ്ഞെടുപ്പോടുകൂടിയാണ്.

കഴിഞ്ഞ കാലങ്ങളിൽ മുസ്ലിംലീഗിന് കിട്ടിയിരുന്ന വോട്ടുകളിൽ ഗണ്യമായ കുറവുണ്ടായിരുന്നു വേങ്ങര തെരഞ്ഞെടുപ്പിൽ. സംഘടിതമായി സിപിഎമ്മിന്റെ പെട്ടിയിലെത്തിയ ഈ വോട്ടുകൾ ഏത് കോണിൽ നിന്നും ചോർന്നുവെന്ന അന്വേഷണത്തിലാണ് ലീഗും യു.ഡി.എഫും. വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് സമസ്ത നേതാക്കൾ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ സംയുക്തമായി നടത്തിയ പ്രസ്താവനയും സമസ്ത പ്രവർത്തകരെ ലീഗിനു വേണ്ടി വിളിച്ചു ചേർക്കാൻ യോഗം വിളിച്ചതും ഏറെ വിവാദമായിരുന്നു.

സലഫി അനുകൂല പ്രസ്താവ നടത്തിയതിനെതിരെ ഇ.കെ സുന്നി നേതാക്കൾ രംഗത്ത് വന്നതോടെ ലീഗ് നേതാക്കളും പ്രവർത്തകരും എതിർപ്പുമായി വരികയുമുണ്ടായി. സോഷ്യൽ മീഡിയയിൽ അടക്കം ഇത് പരസ്യ ഏറ്റുമുട്ടലിലേക്ക് വരെയെത്തി. സമസ്തയിലെ ലീഗ് വിരുദ്ധരായ നേതാക്കൾ സംഘടിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പ്രസ്താവനയിറക്കിയതെന്ന ആരോപണവുമുയർന്നു. എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെയായിരുന്നു ലീഗ് അണികളുടെ ആക്ഷേപം ശക്തമായത്.

ഹമീദ് ഫൈസി വിശദീകരണവുമായി എത്തിയെങ്കിലും ഇപ്പോഴും വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ഹമീദ് ഫൈസിയുടെ വിശദീകരണ ശബ്ദരേഖയും പ്രചരിച്ചിരുന്നു. അതിൽ അദ്ദേഹം പറയുന്നതിങ്ങനെ: 'സമസ്തയെ പിളർത്തിയതു തന്നെ കാന്തപുരം വിരോധത്തിന്റെ പേരിലാണെന്നും എന്നാൽ സമസ്തയുടെ പ്രതിയോഗികളോട് ലീഗ് രാജിയാവുകയുമാണിപ്പോൾ. ഇതുപോലെ ഒരുപാട് അനുഭവങ്ങളുണ്ട് ലീഗിൽ നിന്നും. ലീഗിന്റെ മുൻകാല നേതാക്കൾ ശരീഅത്ത് സംരക്ഷകരായിരുന്നെങ്കിൽ ഇപ്പോഴത്തെ ചില യുവ നേതാക്കൾ ശരീഅത്ത് നിയമങ്ങൾ അശാസ്ത്രീയമാണെന്നും ഭേദഗതി ചെയ്യണമെന്നും പറയുന്നത് ഇസ്ലാമിക വിരുദ്ധമാണ്. നിലവിളക്കിനേയും പർദയേയും എതിർക്കുന്ന രീതിയും തെറ്റാണ്. മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്തിരിക്കുന്നവർ സുന്നി-മുജാഹിദ് എന്ന മിതാവസ്ഥ പാലിക്കുന്നത് സാമാന്യമായ രീതിയാണ്. കുഞ്ഞാലിക്കുട്ടി ഒരു സുന്നിയാണ്.

എന്നാൽ അദ്ദേഹം ഇതുവരെ മുജാഹിദുകളെ വഴിതെറ്റിയവരായോ നരഗക്കാരായോ ചിത്രീകരിക്കാറില്ല. അതാണ് നല്ല നിലപാട് എല്ലാ മുസ്ലിം സംഘടനകളേയും കൂട്ടിയിണക്കി കൊണ്ടുപോകണമല്ലോ ലീഗ്. എന്നാൽ ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസംഗത്തിൽ സുന്നികളെ രൂക്ഷമായി വിമർശിക്കുകയും സുന്നി പണ്ഡിതന്മാർ ശിർക്കിന് (ബഹുദൈവാരാധന) ആഹ്വാനം ചെയ്യുകയാണെന്നും പറയുന്ന മുജാഹിദ് മൗലവിമാർ പ്രസംഗിക്കുന്നത് പോലെ പ്രസംഗിച്ചിട്ടുണ്ട്. മുമ്പ് ഈ സാഹചര്യത്തിൽ പാണക്കാട് ഇത് ചർച്ചക്കെത്തി പരിഹരിച്ചതാണ്. വീണ്ടും മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരകാനായി വീഡിയോ ഇറക്കിയതാണ് ഇപ്പോഴത്തെ പ്രശ്നം. യഥാർത്ഥ തൗഹീദ് (ഏകദൈവ വിശ്വാസം) മുജാഹിദുകളുടേതാണെന്നാണ് ഇ.ടി പറഞ്ഞത്. അതായത് സുന്നികൾ ശിർക്ക് പ്രചരിപ്പിക്കുന്നു എന്ന് നേരത്തെ പറഞ്ഞതിന്റെ തനിയാവർത്തനം. ഇത് പ്രവർത്തകരിലും നേതാക്കളിലും പ്രകോപനം ഉണ്ടാക്കില്ലേ..

ഇതൊരു ഹമീദ് ഫൈസിയുടേയോ നാസർ ഫൈസിയുടേയോ ഓണപിള്ളിയുടേയും സത്താറിന്റേയോ നിലപാടല്ല. തിരുവനന്തപുരത്ത് അന്ന് വിദ്യാഭ്യാസ ബോർഡിന്റെ മീറ്റിംങ് ഉണ്ട്. സമസ്തയുടെ സീനിയർ നേതാവും ഉപാദ്ധ്യക്ഷനുമായ എം ടി ഉസ്താദ് അടക്കം അവിടെയുണ്ടായിരുന്നു. എന്തിനാണ് ഇ.ടി മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നത്. സമ്മേനത്തിന് പോയിക്കോട്ടെ, പ്രസംഗിക്കുകയും ചെയ്യട്ടെ. അന്ന് യോഗത്തിലുണ്ടായിരുന്നവരെല്ലാം വികാരപ്പെട്ടു. ഇതെല്ലാമാണ് ഇ.ടിക്കെതിരെയുള്ള പ്രസ്താവനയ്ക്ക് ഇടയാക്കിയത്. സമസ്ത നിലനിന്നാലെ യഥാർത്ഥ ദീൻ നിലനിൽക്കൂവെന്ന് വിശ്വാസിക്കുന്നയാളാണ് ഞാൻ. അതിനു വേണ്ടി ഞാൻ പോരാടിയിട്ടുണ്ട്. ഇനിയും പോരാടും. സോഷ്യൽ മീഡിയ എനിക്കെതിരെ ദുഷ്പ്രചാരണം നടത്തുമ്പോഴും അതിക്ഷേപിക്കുന്നതിനും മുമ്പ് ഒന്ന് അന്വേഷിക്കുക. ആര് ഇഷ്ടപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി ഞാൻ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകും' - ഹമീദ് ഫൈസി പറഞ്ഞു.

വേങ്ങരെ തെരഞ്ഞെടുപ്പിൽ ഇടതിന് വോട്ട് ചെയ്യാൻ താൻ പറഞ്ഞില്ലെന്നും വിശദീകരണ ശബ്ദരേഖയിൽ പറയുന്നുണ്ട്. എന്നാൽ സമസ്തയിൽ തന്നെയുള്ള സജീവ ലീഗ് അനുകൂലികൾക്ക് ഹമീദ് ഫൈസി അടക്കമുള്ളവരുടെ നിലപാടിൽ എതിർപ്പുണ്ടെന്നാണ് അറിയുന്നത്. ലീഗിന് വേണ്ടി വോട്ട് ചോദിക്കാൻ ഇ.കെ സുന്നി പ്രവർത്തകരെ വിളിച്ചുകൂട്ടിയതിനെതിരെ ഹമീദ് ഫൈസി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.ഇത് വിവാദമായതോടെ ചില സമസ്ത നേതാക്കൾക്കെതിരെ ലീഗ് പ്രവർത്തകർ പ്രചാരണം നടത്തി.

ലീഗ് വിരുദ്ധരായ സമസ്തക്കാരെ നിലക്ക് നിർത്തണമെന്ന വേങ്ങരയിൽ നിന്നുള്ള പരാതി പാണക്കാട് തങ്ങളുടെ അടുത്തെത്തി. ഇതോടെ പരസ്യ വിവാദങ്ങൾ കെട്ടടങ്ങി. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള വോട്ടുചോർച്ചയുടെ കണക്കാണ് വീണ്ടും വിവാദത്തിലേക്കും ലീഗ് -സമസ്ത ഉൾപോരിലേക്കും എത്തിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP