Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സ്വമേധയാ സമ്മതിച്ച് സിബിഐയും; ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന സംശയവുമായി ഹൈക്കോടതിയും; ഇനി നിർണ്ണായകം സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്; കണ്ണൂരിലെ കൊലകളിൽ സിപിഎമ്മിനെ കുടുക്കാൻ വീണ്ടും കേന്ദ്ര ഏജൻസിയെത്തുമോ?

കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സ്വമേധയാ സമ്മതിച്ച് സിബിഐയും; ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന സംശയവുമായി ഹൈക്കോടതിയും; ഇനി നിർണ്ണായകം സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്; കണ്ണൂരിലെ കൊലകളിൽ സിപിഎമ്മിനെ കുടുക്കാൻ വീണ്ടും കേന്ദ്ര ഏജൻസിയെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തുണ്ടായിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ. രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സിബിഐ നിലപാട് അറിയിച്ചത്. ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന സംശയവും കോടതി ഈ ഘട്ടത്തിൽ ഉയർത്തി. എന്നാൽ കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി.

സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏത് ഘട്ടത്തിൽ വേണമെങ്കിലും അന്വേഷണത്തിന് സിബിഐയ്ക്ക് കോടതിയുടെ അനുമതിയുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഹർജിയിൽ സർക്കാർ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. 30നകം ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ു.
2016 ഒക്ടോബർ 12ന് പിണറായിയിൽ ബിജെപി പ്രവർത്തകനായ രഞ്ജിത്തുകൊല്ലപ്പെട്ട കേസ്, 2017 ജനുവരി 18ന് ധർമ്മടം അണ്ടലൂരിൽ ബിജെപി പ്രാദേശിക നേതാവ് സന്തോഷ് കുമാർ കൊല്ലപ്പെട്ട കേസ്, 2016 ജൂലായ് 12ന് ബിഎംഎസ് പ്രാദേശിക നേതാവ് സികെ രാമചന്ദ്രൻ കൊല്ലപ്പെട്ട കേസ്, 2017 മെയ്‌ 12ന് പയ്യന്നൂരിൽ പാലക്കോട് മുട്ടം പാലത്തിനു സമീപം ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസ്, 2016 ഡിസംബർ 28 ന് പാലക്കാട് കഞ്ചിക്കോട്ട് വിമലയും രാധാകൃഷ്ണനും കൊല്ലപ്പെട്ട കേസ്, 2017 ഫെബ്രുവരി 18ന് കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ബിജെപി പ്രാദേശിക നേതാവും റിട്ട. എസ്ഐയുമായ രവീന്ദ്രൻ പിള്ള കൊല ചെയ്യപ്പെട്ട കേസ്, 2017 ജൂലൈ 29ന് തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെട്ട കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

രാഷ്ട്രീയ കൊലക്കേസുകളിൽ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഏഴ് കൊലക്കേസുകളിലും ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയിൽപെട്ടവരാണ് പ്രതികളെന്നു ഹർജി പറയുന്നു. രാഷ്ട്രീയ കൊലപാതക പരമ്പര സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണ്. ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ പ്രതികളായ കേസുകളിൽ അന്വേഷണം ശരിയല്ലാത്തതിനാൽ വിചാരണ വേളയിൽ ഇവരെ വെറുതേ വിടുന്ന സ്ഥിതിയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. സാധാരണ ഇത്തരം കേസുകൾ ഹൈക്കോടതിയിൽ എത്തുമ്പോൾ സിബിഐ സ്വയം സന്നദ്ധത അറിയിക്കാറില്ല. കോടതി പറഞ്ഞാൽ മാത്രം കേസ് ഏറ്റെടുക്കും. എന്നാൽ ഇത്തവണ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

കതിരൂർ മനോജ് കേസും ഷുക്കൂർ വധക്കേസും സിബിഐയാണ് അന്വേഷിച്ചത്. രണ്ടിലും ഗൂഢാലോചനക്കേസിലെ അന്വേഷണം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജിനിലേക്ക് നീണ്ടിരുന്നു. ഇതിന് പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഇടപെടലാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലകളിൽ സിപിഎമ്മിനെതിരെ ബിജെപി ദേശീയ തലത്തിൽ പ്രചരണവും നടത്തി. ജനരക്ഷാ യാത്രയും ഈ പശ്ചാത്തലത്തിലായിരുന്നു. ഇതിനിടെയാണ് കൊലക്കേസുകളിൽ അന്വേഷണം നടത്താൻ സിബിഐ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് പ്രത്യേക സിബിഐ കോടതിയിൽ സിബിഐ സമർപ്പിച്ചത്.

യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചിട്ടുള്ളത്. കേസിൽ 25 ാം പ്രതിയാണ് ജയരാജൻ. ആദ്യ കുറ്റപത്രം നേരത്തെതന്നെ സമർപ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രമാണ് ഈയിടെ സമർപ്പിച്ചത്. യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന വാദം കുറ്റപത്രം സമർപ്പിക്കപ്പെട്ട വേളയിൽ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെതന്നെ കുറ്റപത്രം സ്വീകരിച്ചിട്ടുള്ളത്. കേസിന്റെ വിചാരണ വേളയിൽ ഇതടക്കമുള്ള വാദങ്ങൾ ഉന്നയിക്കാമെന്ന് പ്രത്യേക സിബിഐ കോടതി ചൂണ്ടിക്കാട്ടി. നവംബർ 16 ന് പി ജയരാജൻ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ആർഎസ്എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂരിലെ എളന്തോട്ടത്ത് മനോജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 2014 സപ്തംബർ ഒന്നിനാണ് മനോജ് കതിരൂരിലെ ഉക്കാസ്‌മെട്ടയിൽ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. ദേശവിരുദ്ധ പ്രവർത്തനം തടയൽ നിയമ (യു.എ.പി.എ.) ത്തിലെ 18 എന്ന വകുപ്പ് അടക്കമുള്ളവയാണ് ജയരാജനെതിരെ സിബിഐ. ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ട കുറ്റപത്രത്തിൽ പി ജയരാജൻ ഉൾപ്പടെ ആറു പ്രതികളാണ് ഉള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ ജയരാജനാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

അരിയിൽ ഷുക്കൂർ വധക്കേസ് അന്വേഷണവും സിബിഐക്കു ഹൈക്കോടതി വിട്ടിരുന്നു. ഈ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതി രംഗത്ത് വരികയും ചെയ്തു. ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് തെറ്റാണെന്നും ഇത്തരം പരാമർശങ്ങൾ വിചാരണയെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജി അംഗീകരിച്ച് ജസ്റ്റിസ് ബി. കെമാൽപാഷയാണ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തിയത്.

സ്വയം പ്രഖ്യാപിത രാജാക്കന്മാർ നാടു ഭരിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ഷുക്കൂറിന്റെ അമ്മയുടെ കണ്ണീർ കാണാതിരിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും സിപിഎമ്മിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടൽ അന്വേഷണം വഴിമുട്ടിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നല്ല. കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി.വി രാജേഷ് എംഎൽഎയെയും രക്ഷിക്കാൻ പൊലീസ് ശ്രമം നടത്തിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

സി.പി.എം പ്രവർത്തകർ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി പാർട്ടി ഗ്രാമത്തിലെ വയലിൽ നിർത്തി പരസ്യമായി വെട്ടിക്കൊന്നുവെന്നാണ് കേസ്. ഈ കേസും സിപിഎമ്മിന് തലവേദനയാണ്. ഇതിന് പിന്നാലെയാണ് കൂടുതൽ രാഷ്ട്രീയ കൊലപാതക കേസുകൾ സിബിഐക്ക് വിടാനുള്ള സാഹചര്യം ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP