Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുമുടി കെട്ടേന്തി കറുപ്പ് വേഷത്തിൽ മലകയറ്റം; കാനനപാതയിലെ ഒരു മണിക്കൂർ നടത്തത്തിനിടെ ജനപ്രിയ നായകനെ ആരും തിരിച്ചറിഞ്ഞില്ല; 4.45ന് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലെത്തി ഫ്രെഷാകൽ; നീല ഷർട്ടും വെള്ളമുണ്ടും വേഷമാക്കിയതോടെ സെൽഫിയെടുക്കാൻ ഭക്തരുടെ തള്ളും; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; ആഡംബരമെല്ലാം ഒഴിവാക്കി ദിലീപ് ശബരിമലയിൽ

ഇരുമുടി കെട്ടേന്തി കറുപ്പ് വേഷത്തിൽ മലകയറ്റം; കാനനപാതയിലെ ഒരു മണിക്കൂർ നടത്തത്തിനിടെ ജനപ്രിയ നായകനെ ആരും തിരിച്ചറിഞ്ഞില്ല; 4.45ന് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലെത്തി ഫ്രെഷാകൽ; നീല ഷർട്ടും വെള്ളമുണ്ടും വേഷമാക്കിയതോടെ സെൽഫിയെടുക്കാൻ ഭക്തരുടെ തള്ളും; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; ആഡംബരമെല്ലാം ഒഴിവാക്കി ദിലീപ് ശബരിമലയിൽ

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയിലെത്തുന്ന വിഐപികൾക്കെല്ലാം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പൊലീസ് സുരക്ഷ നൽകാറുണ്ട്. എന്നാൽ ജനപ്രിയ നായകനായ ദിലീപിന് പമ്പയിൽ നിന്ന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. സാധാരണ അയ്യപ്പഭക്തനെ പോലെ ദിലീപ് മല ചവിട്ടി കയറി. ഒപ്പമുണ്ടായിരുന്നത് അനുജൻ അനൂപും സഹോദരി ഭർത്താവും. പിന്നെ ഗണേശ് കുമാറിന്റെ പിഎയും.

ഫാൻസുകാരെ പോലും അറിയിക്കാതെ അതീവ രഹസ്യമായി ഇന്നലെ രാത്രി ആലുവയിലെ വീട്ടിലായിരുന്നു കെട്ടുനിറ. രാവിലെ 3.45 ഓടെ പമ്പാ ഗണപതിയെ തൊഴുതു. ഇതിനിടെ ദിലീപ് എത്തിയത് പൊലീസ് വയർലെസിലൂടെ സന്ദേശമായെത്തി. എന്നാൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസുകാർ അനുഗമിക്കരുതെന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. ദിലീപും ഇത്തരം ആഡംബരങ്ങൾക്ക് ശ്രമിച്ചില്ല. പരാതിയും പരിഭവവുമില്ലാതെ പമ്പാ ഗണപതിയെ കണ്ടു വഴങ്ങി ദിലീപ് മല ചവിട്ടി.

ഇരുമുടി കെട്ടും കറുത്ത മുണ്ടും കറുത്ത ഷർട്ടുമായിരുന്നു വേഷം. പതിവ് അയ്യപ്പവേഷത്തിൽ താടിയുമായി ദിലീപ് ഇരുട്ടത്ത് മലകയറി. ആരും നടനെ തിരിച്ചറിഞ്ഞില്ല. ഒരു മണിക്കൂർ കൊണ്ട് നാല് കിലോ മീറ്റർ നീളം വരുന്ന കാനനപതായിലൂടെ ദിലീപ് അതിവേഗം നടന്നു നീങ്ങി. ഒരിടത്തും വിശ്രമിച്ചില്ല. ഒരു മണിക്കൂർ കൊണ്ട് സന്നിധാനത്ത് എത്തി. പിന്നെ ശബരി ഗസ്റ്റ് ഹൗസിൽ വിശ്രമം. ഗണേശ് കുമാറിന്റെ പിഎ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിരുന്നു. കുളിച്ച് വസ്ത്രം മാറി.

ഇതോടെ നീല ഷർട്ടും വെള്ള വേഷവുമായി. ഇതിന് ശേഷം പുറത്തിറങ്ങിയ നടനെ ആളുകൾ തിരിച്ചറിഞ്ഞു. സെൽഫിയെടുക്കാനുള്ള തിരിക്കും തുടങ്ങി. ഇതിനിടെയിലും ഏല്ലാവരുമായി പരമാവധി ദിലീപ് സഹകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തെത്തിയ ദിലീപ് ശബരീശനെ വഴങ്ങി. ശ്രീകോവിലിന് തൊട്ടുമുമ്പിൽ വിഐപി ഏരിയയിൽ നിന്ന് തൊഴാനുള്ള സൗകര്യം ദേവസം ബോർഡ് ദിലീപിന് ഒരുക്കി. പിന്നെ ഉപദൈവങ്ങളെ എല്ലാം തൊഴുത് മാളികപുറത്തേക്ക്.

മാളികപുറം മേൽശാന്തിയിൽ നിന്ന് പ്രസാവും വാങ്ങി വീണ്ടും സോപാനത്തെത്തി. സോപാനത്ത് തന്ത്രിയേയും മേൽശാന്തിയേയും കണ്ടു. തന്ത്ര നീലപ്പട്ട് ദിലീപിന് നൽകി. അയ്യപ്പന് ചാർത്തിയ പ്രസാദമായിരുന്നു ഇത്. അതിന് ശേഷം ഗണപതി ഹോമം തൊഴാൻ നടനെത്തി. അവിടെ ആൾക്കൂട്ടം ദിലീപിനെ തിരിച്ചറിഞ്ഞു. സെൽഫിയെടുക്കലും മറ്റും കൂടിയപ്പോൾ ദിലീപ് അയ്യപ്പനെ തൊഴുത് വീണ്ടും മലയറിങ്ങി. ആറരയോടെ പമ്പയിലെത്തി തിരികെ മടക്കം. ദിലീപിനൊപ്പം ശബരിമലയിലേക്ക് എത്താൻ ഫാൻസുകാർ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

എന്നാൽ വലിയൊരു ആൾക്കൂട്ടവുമായി സന്നിധാനത്ത് എത്താൻ ദിലീപ് ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കെട്ടുനിറ ഉൾപ്പെടെ രഹസ്യമാക്കി. കുടുംബക്കാരും ഗണേശു മാത്രമാണ് എല്ലാം അറിഞ്ഞത്. അങ്ങനെ എല്ലാം രഹസ്യമാക്കി ദിലീപ് മല ചവിട്ടി. ശബരിമലയിൽ സെൽഫിയെടുക്കാൻ ഓടിക്കൂടിയ ആരേയും ദിലീപ് നിരാശനാക്കിയതുമില്ല. ഇനി വീട്ടിലെത്തുന്ന ദിലീപ് വ്രതം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് കടക്കും.

നടിയെ ആക്രമിച്ച കേസിൽ ആലുവ ജയിലിലെത്തിയപ്പോഴാണ് ദിലീപ് വ്രതം തുടങ്ങിയത്. ആത്മീയതയുടെ കരുത്തിലായിരുന്നു ദിലീപിന്റെ ജയിൽ വാസം. മോചിതനായ ശേഷം ഗുരുവായൂരിലും മറ്റും ദിലീപ് എത്തുകയും ചെയ്തു. അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും. ഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശനും യോഗത്തിൽ പങ്കെടുക്കും. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം. ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കാൻ പോന്ന കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബി സന്ധ്യയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ദിലീപിന് ഏറെ നിർണ്ണായകമാണ്.

നാളെ കമ്മാര സംഭവം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ദിലീപ് എത്തും. നടിയെ ആക്രമിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപ് അദ്യം അഭിനയിക്കുന്നത് കമ്മാര സംഭവത്തിലാണ്. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് പുനരാരംഭിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP