Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാവക്കാടും കുന്നംകുളവും കേന്ദ്രീകരിച്ച് വൻതോതിൽ കള്ളനോട്ട് അച്ചടി; കേരളത്തിലെ പെട്രോൾ പമ്പുകളിലും മലയോര മേഖലയിലും ചന്തകളിലും എത്തുന്നത് ഒറിജിനലിനെ വെല്ലുന്ന 2000, 500 രൂപ നോട്ടുകൾ; ഒരു ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ സംഘം കൂടി പിടിയിൽ; പരിശോധന ഇല്ലാത്ത സ്ഥലങ്ങളിൽ വ്യാജ നോട്ട് എത്തിക്കുന്ന മാഫിയക്ക് പിന്നാലെ പൊലീസ്

ചാവക്കാടും കുന്നംകുളവും കേന്ദ്രീകരിച്ച് വൻതോതിൽ കള്ളനോട്ട് അച്ചടി; കേരളത്തിലെ പെട്രോൾ പമ്പുകളിലും മലയോര മേഖലയിലും ചന്തകളിലും എത്തുന്നത് ഒറിജിനലിനെ വെല്ലുന്ന 2000, 500 രൂപ നോട്ടുകൾ; ഒരു ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ സംഘം കൂടി പിടിയിൽ; പരിശോധന ഇല്ലാത്ത സ്ഥലങ്ങളിൽ വ്യാജ നോട്ട് എത്തിക്കുന്ന മാഫിയക്ക് പിന്നാലെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: തൃശൂർ ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിയും വിതരണവും വലിയതോതിൽ പുരോഗമിക്കുന്നതായി പൊലീസ് വിലയിരുത്തൽ. ഈ മാസം ആദ്യം പിടിയിലായ സംഘങ്ങളുടെ ഇടപാടുകളിൽ അന്വേഷണം നടക്കുന്നതിനിടെ മൂന്നുപേർ കൂടി പൊലീസ് പിടിയിലായി. ഒരു ലക്ഷത്തിൽപരം രൂപയുടെ കള്ള നോട്ടുകളുമായി മൂന്നംഗ സംഘത്തെ ചാവക്കാട് സി.ഐ-കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

തൃശൂർ പട്ടിക്കാട് സ്വദേശികളായ ചെള്ളിയിൽ രവി, മണപ്പുറത്ത് സുഗു, കൂർക്കഞ്ചേരി പുതിയ വീട്ടിൽ റാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടെ വീട്ടിലും കള്ളനോട്ട് കൊടുത്ത മറ്റു സ്ഥലങ്ങളിലുമായി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കള്ളനോട്ടു കേസിലെ മുഖ്യ പ്രതി റഷീദിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നുണ്ടായ അനേഷണത്തിലാണ് ഇവരെ പിടികൂടിയത്. റഷീദ് 2 ലക്ഷം രൂപയുടെ കള്ള നോട്ടുകൾ തൃശൂർ സ്വദേശികൾക്കു കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

മലയോര മേഖലയായ പീച്ചി, പട്ടിക്കാട് എന്നിവിടങ്ങളിൽ കള്ള നോട്ടുകൾ വ്യാപകമായി വിതരണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് പൊലീസ് ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം പട്ടിക്കാട് പൊലീസ് പിടികൂടിയ ചീട്ടുകളി സംഘത്തിൽ നിന്ന് ലഭിച്ച നോട്ടുകൾ കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ അടയ്ക്കാൻ ചെന്നപ്പോൾ അതിൽ കള്ള നോട്ടുകൾ കണ്ടെത്തിയിരുന്നു. ഈ നോട്ടുകളിലെ സീരിയൽ നമ്പറുകൾ കഴിഞ്ഞ ദിവസം പിടികൂടിയ അതേ നമ്പറുകളിലുള്ളതാണ് ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

അതേസമയം മലയോര മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം നടത്തിയതായി പിടിയിലായ പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി വിൽപനക്കാരനായ സുഗു സമ്മാനത്തുക നൽകുന്നതിൽ കള്ള നോട്ടുകൾ ഉൾപ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായ രവി പട്ടിക്കാട് ഹാഡ്വെയർ ഷോപ്പിലെ സെയിൽസ് മാനാണ് ഇയാൾ. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും കടയുടമയെ കബളിപ്പിച്ച് കടയിലും നോട്ടുകൾ വിതരണം നടത്തിയതായി പറയുന്നു. മറ്റൊരു പ്രതിയായ റാഫി പട്ടിക്കാട് മാംസ വിൽപനക്കാരനാണ്. ഇയാൾ കാലികളെ വാങ്ങുന്ന ചന്തയിലും മറ്റും നോട്ടുകൾ വിതരണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടകളിലും, സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും ഇവർ നോട്ടുകൾ വിതരണം നടത്തിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 80,000 രൂപ ഇവർ ഇത്തരത്തിൽ ചെലവഴിച്ചതായാണ് കണ്ടെത്തൽ.

ഇത്തരത്തിൽ ചാവക്കാട്-കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വൻ കള്ളനോട്ട് അച്ചടി നടക്കുന്നതായ സംശയത്തിൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ഒക്ടോബർ ആദ്യവാരം ജില്ലയിൽ വൻ കള്ളനോട്ട് വേട്ട നടന്നിരുന്നു. തൃശൂർ നഗരത്തിൽ നിന്ന് 16 ലക്ഷം രൂപയുടെയും ആറ്റൂരിൽ നിന്നും 20 ലക്ഷം രൂപയുടെയും ചാവക്കാട് നിന്ന് രണ്ടര ലക്ഷം രൂപയുടെയും കള്ളനോട്ടുകളാണ് അന്ന് പിടികൂടിയത്. പിടികൂടി. തൃശൂരിൽ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാധന സാമഗ്രികളും ആറ്റൂരിൽ നിന്ന് മൂന്ന് പേരെയും പിടികൂടി. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ ഹോട്ടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തു.

രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് ബാഗിൽ നിന്നും കണ്ടെത്തിയത്. ആറ്റൂർ കമ്പനിപ്പടിയിൽ നിന്നുമാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കുന്നംകുളം സ്വദേശി ജോയി, ചേലക്കര സ്വദേശി റഷീദ്, ആറ്റൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവർ അറസ്റ്റിലായത്. ചാവക്കാട് സിഐ - കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കള്ളനോട്ടുമായി ഇവരെ പിടികൂടിയത്. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ചാവക്കാട് ടൗണിൽ വാഹന പരിശോധനയ്ക്കിടെയാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കൂടി ആറ്റൂരിൽ നിന്ന് പിടിച്ചെടുത്തത്. 2000, 500, 100 രൂപാ നോട്ടുകളുടെ കള്ളനോട്ടുകളുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

നേരത്തേ കൊടുങ്ങല്ലൂരിൽ വ്യാപകമായി കള്ളനോട്ട് പ്രിന്റ് ചെയ്ത് വിതരണം ചെയ്ത ബിജെപി. പ്രവർത്തകരായ സഹോദരന്മാരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവം ഏറെ വിവാദമാകുകയും കള്ളനോട്ട് മാഫിയകളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാതെ അവസാനിക്കുകയായിരുന്നു. ഇതിനിടയിലാണ് തൃശൂരിൽ നിന്ന് 16 ലക്ഷത്തിന്റെ കള്ളനോട്ടും പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തത്.

തൃശൂർ ജില്ലയിൽ ഈ മാസം ആദ്യവാരം മൂന്നിടത്തുനിന്നു പൊലീസ് പിടികൂടിയ 37.5 ലക്ഷം രൂപയുടെ കള്ളനോട്ട് നിർമ്മാണത്തിലെ പൂർണത മൂലം തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളവയെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ചാവക്കാടുനിന്നു പിടികൂടിയ കള്ളനോട്ട് സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘമാണു സെക്യൂരിറ്റി ത്രെഡും വാട്ടർമാർക്കും അതിവിദഗ്ധമായി ഉൾപ്പെടുത്തിയ നോട്ടാണിതെന്നു വിലയിരുത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള ചില സംഘങ്ങളുടെ പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും കള്ളനോട്ട് കണ്ടെത്തിയിട്ടുള്ളത്.

അതേസമയം, കേരളത്തിലെ പെട്രോൾ പമ്പുകൾ അടക്കമുള്ള ഇടങ്ങളിൽ മാസം തോറും പതിനായിരക്കണക്കിനു രൂപയുടെ കള്ളനോട്ടുകൾ എത്തുന്നുണ്ടെന്നാണു സൂചന. പെട്രോൾ പമ്പുടമകൾ പണം ബാങ്കിൽ നിക്ഷേപിക്കാനെത്തുമ്പോൾ കള്ളനോട്ടാണെന്നു കണ്ടെത്തുന്നവ തിരികെ വാങ്ങി നശിപ്പിക്കുകയാണു പതിവെന്നു പമ്പുടമകൾ പറയുന്നു. പ്രതിമാസം 10,000 15,000 രൂപ വരെ കള്ളനോട്ട് ലഭിക്കുന്ന പമ്പുകൾ ഉള്ളതായി ബാങ്ക് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP