Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്രയെത്ര രാമായണങ്ങൾ: ഒരു മുസ്ലിം രാമായണം വായിക്കുമ്പോൾ

എത്രയെത്ര രാമായണങ്ങൾ: ഒരു മുസ്ലിം രാമായണം വായിക്കുമ്പോൾ

ഷാജി ജേക്കബ്

''രാമായണം ഒരു മതപാഠമല്ല, സമൂഹ്യപാഠമാണ്'' കെ എൻ പണിക്കർ

ഉൽപത്തി, ചരിത്രാത്മകത, വംശീയത, സ്ഥലകാലബദ്ധത, ധാർമികത, രാഷ്ട്രീയം തുടങ്ങിയ ഒരു മണ്ഡലത്തിലും 'രാമകഥ'ക്ക് ഏകപാഠപരമായ അസ്തിത്വമില്ല. ഇന്ത്യൻ പുരാണമെന്ന നിലയിലോ ഹിന്ദു സാഹിത്യമെന്ന നിലയിലോ പോലും രാമായണം ഏകശിലാത്മകമായി അംഗീകരിക്കപ്പെടുന്നില്ല. മോണിയർ വില്യംസ്, എച്ച്. യാക്കോബി, ജി. ഗ്രിയേഴ്‌സൺ, വിന്റർനിറ്റ്‌സ്, ഏ.ബി. കീത്ത്, എ.വെബ്ബർ, ബി.എം. സൂക്തങ്കാർ എന്നിങ്ങനെ നിരവധിപ്പേർ രാമായണത്തെക്കുറിച്ചു നടത്തിയ വായനകളുടെ അടിത്തറയ്ക്കുമേൽ സമീപകാല സാംസ്‌കാരിക വിമർശകർ അവതരിപ്പിക്കുന്ന ബഹുസ്വരാത്മകമായ രാമയണപഠനങ്ങളുടെ ഫലമാണിത്. ചരിത്രാത്മകവും പാഠപരവും, ദേശീയവും ഭാഷാപരവും സമൂഹികവുമൊക്കെയായ ബഹുലതകളെ മുൻ നിർത്തി 'രാമകഥ' വായിക്കുന്ന ഈയൊരു പഠനപദ്ധതിക്കു തുടക്കമിട്ടത് സാമാന്യ അർഥത്തിൽ കാമിൽ ബുൽകെയാണ് എന്നു പറയാം (1950). 'വാത്മീകി രാമയണത്തിനു മുൻപും രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു' എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് കമിൽബുൽക്കെ, മഹാഭാരതം, ബൗദ്ധ കൃതികൾ, ജൈനകൃതികൾ തുടങ്ങിയവയിൽ രാമകഥ മുൻപുതന്നെ എങ്ങനെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നുവെന്നു വിശദീകരിക്കുന്നുണ്ട്. ബൗദ്ധ കൃതിയായ 'ദശരഥജാതക'മാണ് രാമകഥയുടെ ഈറ്റില്ലം എന്നത് മുൻപ് തന്നെ പൊതുവെ സ്വീകാര്യമായിക്കഴിഞ്ഞ വസ്തുതയാണ്. അതേ സമയം ഹോമറുടെ ഇതിഹാസങ്ങൾ മുതൽ (വെബ്ബർ) ഈജിപ്ത്യൻ ഫറവോന്റെ കഥവരെ (എം.വെങ്കിടരത്‌നം) യുള്ളവ രാമകഥക്കാധാരമാണെന്ന വാദങ്ങൾ അത്രമേൽ സ്വീകാര്യമായിട്ടില്ല. ബൗദ്ധതത്വങ്ങളും ബ്രാഹ്മണതത്വങ്ങളും തമ്മിലുള്ള സംഘർഷം, ആര്യ-ദ്രാവിഡ സംഘർഷം, നാട്ടുവാസികളും കാട്ടുവാസികളും തമ്മിലുള്ള സംഘർഷം എന്നിങ്ങനെ നിരവധി തലങ്ങളിൽ രാമായണത്തിന്റെ അർത്ഥസാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നു. എന്തായാലും പതിനാലാം നൂറ്റാണ്ടുവരെ സാഹിത്യപരം മാത്രമായിരുന്ന രാമകഥയുടെ മൂല്യം തുടർന്നിങ്ങോട്ട് മതപരമായിത്തീർന്നുവെന്നും രാമൻ വിഷ്ണുവിന്റെ അംശാവതാരമാകാതെ പരബ്രഹ്മത്തിന്റെ പൂർണാവതാരമായി കരുതപ്പെടാൻ തുടങ്ങിയെന്നുമുള്ള കാമിൽ ബുൽക്കെയുടെ നിരീക്ഷണം, കഴിഞ്ഞ കാൽനൂറ്റാണ്ടിൽ രാമകഥക്ക് ഇന്ത്യയിൽ കൈവന്നു കഴിഞ്ഞ 'രാഷ്ട്രീയ ഹിന്ദുത്വ'ത്തിന്റെ താത്വികഭൂതത്തെയാണ് വെളിപ്പെടുത്തുന്നത്. മുന്നൂറു രാമായണങ്ങൾ അവതരിപ്പിച്ചുകൊണ്ട് ബുൽക്കെ തുടങ്ങിവെച്ച രാമകഥാ വായന രാമാനുജൻ മുന്നോട്ട് കൊണ്ട്‌പോയെങ്കിലും ഇന്നിപ്പോൾ വിവിധ സാമൂഹ്യ-മാധ്യമ മണ്ഡലങ്ങളിൽ രാമായണ വായനകൾ അനുലോമപരവും, പ്രതിലോമപരവുമായ ഇരു കൈവഴികളിലൂടെ ഒഴുകി നിറയുകയാണ്. അസീസ് തരുവണയുടെ 'എത്രയെത്ര രാമയണങ്ങൾ' പ്രസക്തമാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

രാമായണത്തെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ള മലയാളികളിലൊരാളാണ് അസീസ്. തന്നെയുമല്ല, 'വയനാടൻ രാമയണം' എന്ന തന്റെ പ്രശസ്തമായ ഗവേഷണ പഠനത്തിലൂടെ, മുഖ്യധാരാ ഗ്രന്ഥപാഠങ്ങൾക്കും മതപഠനങ്ങൾക്കും വെളിയിൽ നിൽക്കുന്ന വാമൊഴി രാമായണങ്ങളുടെ കീഴാള മണ്ഡലം കണ്ടെത്തി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. മലയാള ഗവേഷണ രംഗത്തുണ്ടായ ഏറ്റവും ശ്രദ്ധേയവും മൗലികവുമായ ശ്രമങ്ങളിലൊന്നാണ് വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രചാരമുള്ള നിരവധി രാമായണ പാഠങ്ങൾ കണ്ടെത്തി പുറംലോകത്തെത്തിച്ച അസീസിന്റെ ഡോക്ടറൽ ഗവേഷണം. 'വയനാടൻ രാമയണ'ത്തിനാമുഖമായി, 'രാമന് അനന്തജന്മങ്ങളുണ്ട്; രാമയണത്തിന് കോടി ജന്മങ്ങളും' എന്ന തുളസിദാസന്റെ രാമചരിത മാനസത്തിലെ വരികൾ ഉദ്ധരിച്ചു ചേർക്കുന്നു അസീസ്. ഇപ്പോഴിതാ ഈ ആശയം മുൻ നിർത്തി രാമയണത്തെക്കുറിച്ച് പലകാലങ്ങളിലെഴുതിയ അക്കാദമിക ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരമായി 'എത്രയെത്ര രാമായണങ്ങൾ' എന്ന പുസ്തകവും.

രാമായണം ഉന്നയിക്കുന്ന അനവധിയായ രാഷ്ട്രീയങ്ങളിൽ പലതിനേയും നേരിട്ടഭിസംബോധന ചെയ്യുകയും അപനിർമ്മിക്കുകയും ചെയ്യുന്ന രീതിശാസ്ത്രമാണ് അസീസിന്റേത്. രാമായണം ചരിത്രമാണ്, ഹൈന്ദവമാണ്, ഭാരതീയമാണ്, സംസ്‌കൃതത്തിലെഴുതപ്പെട്ടതാണ് എന്നിങ്ങനെയുള്ള ധാരണകൾ മുതൽ രാമ സീതാ കഥ ഏകപാഠപരമാണ്, വാൽമീകിയാണ് ആദ്യ രാമായണത്തിന്റെ കർത്താവ്, വിഖ്യാതമായ അയോദ്ധ്യ-ലങ്കാസ്ഥല ഭൂമികകൾ മാത്രം കേന്ദ്രീകരിച്ചുള്ളതാണ് രാമായണം എന്നിങ്ങനെയുള്ള വിശ്വാസങ്ങളെ വരെ സയുക്തികം പൊളിച്ചെഴുതുന്ന രാമകഥാപാഠങ്ങളുടേയും പഠനങ്ങളുടെയും പിൻബലം അസീസിനുണ്ട്. ഒപ്പം, വയനാട്ടിലെ അടിയരും മുള്ളകുറുമരുമുൾപ്പെടെയുള്ള ആദിവാസികൾക്കിടയിലും ചെട്ടികൾക്കിടയിലും പ്രചാരത്തിലുള്ള തനതു രാമായണങ്ങൾ കണ്ടെത്തിയ മൗലികമായ ഗവേഷണത്തിന്റെ ആധികാരികതയും.

ഈ പുസ്തകത്തിലെ ഏഴു പഠനലേഖനങ്ങളിൽ ആറെണ്ണം രാമായണത്തിന്റെ പാഠബഹുലതയെ മുൻനിർത്തിയുള്ള അന്വേഷണങ്ങളാണ്. ഈയൊരാശയം ചരിത്രപരമായി സമർഥിച്ച കാമിൽ ബുൽക്കെയുടെ 'രാമകഥ'യെക്കുറിച്ചുള്ള നിരൂപണമാണ് ഏഴാമത്തേത്. രണ്ടനുബന്ധങ്ങളുള്ളതിൽ. ഒന്ന് മാപ്പിള രാമയണവും മറ്റൊന്ന് അസീസ് സമാഹരിച്ച വയനാടൻ രാമായണത്തിലെ 'അടിയരാമയണം' എന്ന അധ്യായത്തെ ആസ്പദമാക്കി ടി പവിത്രൻ രചിച്ച നാടകവുമാണ്.

'എത്രയെത്ര രാമായണങ്ങൾ ' എന്ന ആദ്യരചന, രാമായണത്തിന്റെ ബഹുസ്വരാത്മകമായ വൈവിധ്യങ്ങളെ സംക്ഷിപ്തമായവതരിപ്പിക്കുന്നു.

'വാല്മീകിയുടേതെന്നപോലെ ഒട്ടേറെ മഹർഷിമാരുടെ പേരിൽ രാമായണങ്ങൾ ലഭ്യമാണ്. ശ്രീരാമദാസഗൗഡർ തന്റെ ഹിന്ദുത്വം എന്ന ഗ്രന്ഥത്തിൽ 19 രാമായണങ്ങളിലെ കഥാവസ്തുവിന്റെ സംക്ഷേപം കൊടുത്തിട്ടുണ്ട്. അവയിൽ പലതും ബൃഹദ്കാവ്യങ്ങളാണ്. 1. മഹാരാമായണം (24,000 ശ്ലോകങ്ങൾ) 2. സംവൃത രാമായണം (32,000) 3. ലോമശരാമായണം (32,000 ശ്ലോകങ്ങൾ), 4. അഗസ്ത്യരാമായണം (16,000) 5. മഞ്ജുള രാമായണം (1,20,000) 6. സൗപത്മരാമായണം (40,000) 7. രാമായണമഹാമാല (56,000) 8. സൗഹാർദ്ദ രാമായണം (40,000) 9. രാമായണ മണിരത്‌നം (36,000) 10. സൗര്യരാമായണം (62,000) 11. ചാന്ദ്രരാമായണം (75,000) 12. മൈന്ദരാമായണം (52,000) 13. സ്വയംഭുവരാമായണം (18,000) 14. സുബ്രഹ്മരാമായണം (32,000) 15. സുവർച്ചസരാമായണം (15,000) 16. ദേവരാമായണം (10,000) 17. ശ്രവണരാമായണം (12,500) 18. ദുരന്തരാമായണം (61,000) 19. രാമായണ ചമ്പു.

മേൽപ്പറഞ്ഞ 19 രാമായണകഥകളുടെയും ഘടന വാല്മീകിയിൽ നിന്നു വളരെ വ്യത്യസ്തമാണ്. മഹാരാമായണവും രാമായണമഹാമാലയും ശിവ-പാർവ്വതീ സംവാദരൂപത്തിലാണ്. രാമായണമണിരത്‌നം വസിഷ്ഠ-അരുന്ധതീ സംവാദരൂപത്തിലും സൗര്യരാമായണം ഹനുമാൻ - സൂര്യസംവാദഘടനയിലും ചാന്ദ്രരാമായണം ഹനുമാന്റെയും സൂര്യന്റെയും സംവാദരൂപത്തിലും മൈന്ദരാമായണം മൈന്ദ - കൗരവ സംവാദരൂപത്തിലും സ്വയംഭുവരാമായണം ബ്രഹ്മ-നാരദസംവാദത്തിലുമാണ്. സുവർച്ചസരാമായണമാകട്ടെ സുഗ്രീവ - താരാ സംവാദഘടനയിലും ദേവ രാമായണം ഇന്ദ്ര - ജയന്ദ സംവാദരൂപത്തിലും ശ്രവണരാമായണം ഇന്ദ്ര - ജനക സംവാദരൂപത്തിലും ദുരന്തരാമായണം വസിഷ്ഠ - ജനകസംവാദഘടനയിലും രാമായണ ചമ്പു ശിവ - നാരദസംവാദരൂപത്തിലുമാണ്.

ഏറ്റവും രസകരമായ വസ്തുത, വാല്മീകി രാമായണം പോലും ഏകരൂപമല്ല എന്നതാണ്. ഗൗഡീയം, ദാക്ഷിണാത്യം, പശ്ചിമോത്തരീയം എന്നിങ്ങനെ മൂന്നു പാഠങ്ങൾ വാല്മീകി രാമായണത്തിനുണ്ട്. ഇതിൽ ദാക്ഷിണാത്യപാഠത്തിനാണ് താരതമ്യേന കൂടുതൽ പ്രചാരം. ഓരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങൾ കാണാം. ദാക്ഷിണാത്യ പാഠവും ഗൗജീയപാഠവും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നു മാത്രമേ ഓരോന്നിലും ഒരേപാഠത്തിൽ കാണപ്പെടുന്നുള്ളു. മൂന്നു പാഠങ്ങളിലും ലഭ്യമാകുന്ന ശ്ലോകങ്ങളുടെ രൂപം തന്നെ ഒരു പോലെയല്ല. പല സ്ഥലങ്ങളിലും അവയുടെ ക്രമവും വ്യത്യസ്തമാണ് എന്ന് രാമായണ പണ്ഡിതനായ എച്ച്. യാക്കോബി വ്യക്തമാക്കുന്നു.

ബൗദ്ധസാഹിത്യത്തിലെ ജാതകകഥകളിൽ നിന്ന് രാമകഥകൾ പല രൂപങ്ങളിലേക്കും പാഠങ്ങളിലേക്കും വളരുകയായിരുന്നു. ദശരഥ ജാതകം, അനാമക ജാതകം, ദശരഥ കഥനം എന്നീ മൂന്നു ബൗദ്ധ സാഹിത്യ കൃതികളും രാമയണത്തിന്റെ പൂർവ്വ പാഠങ്ങളാണ്. അതേ സമയം തന്നെ ഓർക്കേണ്ട വസ്തുതയാണ്, രാമയണം ബൗദ്ധ- ജൈന-മുസ്ലിം-ഹിന്ദു-ആദിവാസി-ദലിത് വിഭാഗങ്ങൾക്കിടയിലും ഇന്തോനേഷ്യ, മലേഷ്യ, ചൈന, വിയറ്റനാം, ജപ്പാൻ, ബർമ, നേപ്പാൾ, കംബോഡിയ, ശ്രീലങ്ക, ഫിലിപ്പിൻസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലും പ്രചാരമുള്ളതാണ് എന്നതും. പാലി, പ്രാകൃതം, സംസ്‌കൃതം എന്നീ ഭാഷകളിലുണ്ടായതാണ് ആദ്യകാല രാമായണങ്ങളെങ്കിൽ പിൽക്കാലത്ത് നിരവധി ലോകഭാഷകളിൽ രാമായണ കഥകളാവിഷ്‌കൃതമായി. വിവർത്തനങ്ങളും മൗലികകൃതികളുമായി രചിക്കപ്പെട്ട സാഹിത്യം മാത്രമല്ല, സമസ്ത ലിഖിത, വാമൊഴി, നടന, ചിത്ര, ശിൽപ, യന്ത്ര ആവിഷ്‌കാരങ്ങളിലും രാമായണം പുനർജനിച്ചു. തമ്മിൽ തമ്മിൽ സമാനതകളെന്നപോലെ വ്യത്യാസങ്ങളുമുണ്ട് എന്നതാണ് ഇവയെ ഭിന്ന രാമയണങ്ങളായി പരിഗണിക്കുന്നതിനടിസ്ഥാനം.

രണ്ടാമധ്യായത്തിലെ ചർച്ച സീതയെക്കുറിച്ചാണ്, രാമായണത്തിന്റെ പാഠാന്തര ദേശാന്തര വ്യവഹാരങ്ങൾ സീതക്കു നിർമ്മിച്ചു കൊടുത്തതുപോലുള്ള വൈവിധ്യം രാമകഥയിൽ മറ്റൊരു കഥാപാത്രത്തിനും സന്ദർഭത്തിനും ഭാവന ചെയ്യപ്പെട്ടിട്ടില്ല. അസീസെഴുതുന്നു:

ഒരു പക്ഷേ, സീതയോളം ഭിന്നപാഠങ്ങൾ ഉല്പാദിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ മറ്റൊരു ഇതിഹാസത്തിലും സാഹിത്യ രൂപങ്ങളിലും ഇല്ലാതിരിക്കാനാണ് സാദ്ധ്യത. ലിഖിതരാമായണങ്ങളിൽ മാത്രമല്ല, വാമൊഴി സാഹിത്യത്തിലും കലാരൂപങ്ങളിലും സീതയ്ക്കുണ്ടായിട്ടുള്ള പാഠങ്ങളും പാഠാന്തരങ്ങളും അസംഖ്യമാണ്. ഈ ഓരോ പാഠങ്ങളും സമൂഹത്തിൽ വ്യത്യസ്ത ദൗത്യവും കാഴ്ചപ്പാടുകളുമാണ് സൃഷ്ടിക്കുന്നത്. സീതയെക്കുറിച്ച് പലപല കഥകൾ (ഒരേ പാഠത്തിന് ഭിന്ന വ്യാഖ്യാനങ്ങൾ അടക്കം) പറയുവാനുണ്ട് എന്ന് ആദ്യം തിരിച്ചറിഞ്ഞത് സീത തന്നെയായിരിക്കണം എന്ന സൂചന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തിൽകാണാം. രംഗം ഇതാണ്: സീത രാമനോടൊത്ത് വനവാസത്തിന് പോകണമെന്ന് നിർബന്ധം പിടിക്കുകയാണ്. വനത്തിൽ ദീർഘകാലം വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും സീതയെ പിന്തിരിപ്പിക്കുന്നില്ല. ഒടുവിൽ സീത ഇങ്ങനെ വാദിക്കുന്നു:''പല കവികൾ രചിച്ച രാമായണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. രാമൻ എപ്പോഴെങ്കിലും സീതയെ കൂടാതെ വനവാസത്തിന് പോയിട്ടുണ്ടോ?

അനേകം രാമായണങ്ങൾ എന്ന പോലെ അനേകം രാമന്മാരും സീതമാരുമുണ്ട്. എന്നല്ല, രാമൻ, സീത എന്നീ കഥാപാത്രങ്ങൾ വ്യത്യസ്ത ചമയങ്ങളിലും ചായക്കൂട്ടുകളിലും അവതാരപ്പെടുകയാണ്. ഇവയുടെ ആവിഷ്‌കാരമാണ് വ്യത്യസ്ത രാമായണങ്ങൾ പങ്കു വെക്കുന്നത്. 'ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്‌സാംപിൾസ് ആൻഡ് ത്രീ തോട്‌സ്ഓൺ ട്രാൻസ്ലേഷൻസ്' എന്ന ഉപന്യാസത്തിൽ എ കെ രാമാനുജൻ ഒരു നാടോടിക്കഥ ഉദ്ധരിക്കുന്നുണ്ട്. ശ്രീരാമന്റെ നഷ്ടപ്പെട്ടുപോയ മോതിരം തേടി ഹനുമാൻ പാതാളത്തിലെത്തിയതാണ് കഥാ സന്ദർഭം. പാതാളാധിപനും പ്രേതാത്മാക്കളുടെ രാജാവും ചേർന്ന് ഒരു താലത്തിൽ അനേകം മോതിരങ്ങൾ ഹനുമാന് മുമ്പിൽ വെക്കുന്നു. അവയെല്ലാം രാമന്റേതായിരുന്നു. ഏതു തെരഞ്ഞെടുക്കും? ഹനുമാൻ ആകെ കുഴങ്ങി. അപ്പോൾ പ്രേതാത്മാക്കളുടെ രാജാവ് ഇങ്ങനെ പറഞ്ഞു: ''എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. രാമന്റെ അവതാരം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ മോതിരം ഊരിപ്പോകും. ഞാനവയെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയായിരുന്നു''. തന്റെ രാമന്റെ മോതിരം തെരഞ്ഞെടുത്തു കൊള്ളാൻ ഹനുമാനോട് പ്രേതാത്മാവ് ആവശ്യപ്പെട്ടു.

സീതയുടെ ജനനം, വംശം, വളർച്ച, വിവാഹം, വനവാസം, രാവണനുമായുള്ള ബന്ധം, ആശ്രമവാസം, അഗ്നിപരീക്ഷ, മക്കൾ, മരണം എന്നിങ്ങനെ ഓരോന്നും ഭിന്ന രീതിയിൽ ആവിഷ്‌കരിക്കപ്പെടുന്ന രാമകഥകളുണ്ട്. സീത ചില രാമയണങ്ങളിൽ ജനകന്റെ പുത്രിയാണെങ്കിൽ ചിലതിൽ രാവണന്റെ പുത്രിയാണ്. മറ്റു ചിലതിൽ ദശരഥന്റെ പുത്രി. ചന്ദ്രബതി രാമായണത്തിൽ മണ്ഡോദരിയുടെ പുത്രി.

രാമൻ സീതയുടെ ഭർത്താവാണെന്ന് ചില രാമായണങ്ങൾ പറയുമ്പോൾ മറ്റു ചിലതിൽ സഹോദരനാണ്. ഇനിയും ചിലതിൽ രാമനും ലക്ഷ്മണനും സീതയുടെ ഭർത്താക്കന്മാരാണ്. വാൽമീകി രാമയണത്തിൽ സീതയുടെ മക്കൾ ലവ-കുശന്മാരാണെങ്കിൽ ഇന്ത്യോനേഷ്യൻ രാമയണത്തിൽ ഹനുമാനും സീതയുടെ മകനാണ്. ഗുണഭദ്രന്റെ രാമകഥയിൽ സീതക്ക് എട്ട് ആൺമക്കളാണ്. അസീസ് സൂചിപ്പിക്കുന്നതുപോല, സീതയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ ഭിന്നകഥകൾ ഉള്ള ഒരു രംഗം സീതാത്യാഗമാണ്. ലോകാപവാദം, രജകന്റെ കഥ, രാവണന്റെ ചിത്രം, ശുക്രന്റെ ശാപം, താരയുടെ ശാപം, ഭൃഗുവിന്റെ ശാപം തുടങ്ങി ഇരുപതിലേറെ കഥകൾ ഇതുമായി ബന്ധപ്പെട്ട് നിരത്തുവാനാകും. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന രാമായണ പാഠങ്ങളുമുണ്ട്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ കഥയ്ക്കും പാഠഭേദങ്ങൾ അനവധിയാണ്. എം. ഗോവിന്ദന്റെ കവിതയുദ്ധരിച്ച് സീതയുടെ അവതാരവൈവിധ്യം അസീസ് ഇങ്ങനെ സംഗ്രഹിക്കുന്നു.

''ഓരോരോ കരിച്ചാലിരോരോ നുരിക്കൂമ്പിൽ
ഓരോരോ ചിരുതയുണ്ടിരിപ്പൂ ചിരിചൂടി
ജനകന്മാരും കൂടെപ്പാടുന്നു രാമന്മാരും
ജനകീയമീ മഞ്ജുമൈഥിലീ മഹാകാവ്യം''.

മൂന്നാംമധ്യായം, ഇന്ത്യയിലെ കീഴാള രാമായണങ്ങൾ എന്നതാണ്. ഇന്ന് രാമായണത്തിന്റെ രാഷ്ട്രീയം എത്തിനിൽക്കുന്ന സവർണ, ദേശീയ, ഹിന്ദുത്വ മുനമ്പിൽ നിന്നുള്ള ഒരു പ്രതിവായനയാണ് ഈ അധ്യായം. ആദിവാസികളും നാടോടികളും ഗോത്ര വർഗങ്ങളും ദലിതരുമൊക്കെ താന്താങ്ങളുടെതായികൊണ്ടു നടക്കുന്ന നൂറുകണക്കിനു രാമയണങ്ങളുണ്ട്, ഇന്ത്യയിലൂടനീളം. കേരളത്തിൽ പോലുമുണ്ട് ഇത്തരം ദലിത്, കീഴാള രാമകഥകൾ. നരവംശശാസ്ത്രപരവും വംശീയവും ജാതീയവും ഗോത്രപരവുമൊക്കെയായ വേരുകളുണ്ട്. ഈ രാമായണങ്ങൾക്ക്. തങ്ങളുടെ ജീവിതത്തിലേക്കും സംസ്‌കൃതിയിലേക്കും രാമകഥ പറിച്ചു നട്ട് വളർത്തിയെടുക്കുകയാണ് ഓരോ വിഭാഗവും ചെയ്തിട്ടുള്ളത്. സന്താളുകളുടെയും ബിർനോറുകളുടെയും പർധാനികളുടെ ഭൂമിയാകളുടെയും ആഗരിയാകളുടെയും ഇരുളരുടെയും രാമയണകഥകളെ അസീസ് വിവരിക്കുന്നു. തുടർന്ന് നാടോടിപ്പാട്ടുകളിൽ ഉള്ളടങ്ങുന്ന രാമകഥകളുടെ അവലോകനം.

ഈ കീഴാള, പ്രാദേകിക രാമായണ പാഠങ്ങളുടെ കേരളീയ സാധ്യതകളന്വേഷിക്കുന്ന അസീസിന്റെ രാമായണ പഠനത്തിന്റെ സംക്ഷിപ്ത വിവരണമാണ് 'എന്തുകൊണ്ട് വയനാടൻ രാമയണം'?' വയനാട്ടിലെ ആദിവാസികൾക്കുള്ള സമ്പന്നമായ വാമൊഴിപ്പാട്ടുകളും കഥകളും മിത്തുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് അടിയർ, മുള്ളകുറുമർ, കുറിച്യർ തുടങ്ങിയ വിഭാഗങ്ങളുടെ രാമായണപ്പാട്ടുകൾ അസീസ് വിശകലനം ചെയ്യുന്നു.

സ്ഥലനാമോൽപ്പത്തിക്കഥകൾ, വിശ്വാസങ്ങൾ, വാമൊഴി കഥകൾ, വാമൊഴി പാട്ടുകൾ, ഉൽപത്തി കഥകൾ, കലാരൂപങ്ങൾ, ക്ഷേത്ര കേന്ദ്രീകൃതമായ സങ്കൽപ്പങ്ങൾ, മലകളും പുഴകളും മറ്റു പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് വയനാടൻ ഭൂമികയിൽ രാമായണ വാമൊഴി പാഠങ്ങൾ നിലനിൽക്കുന്നത്. വയനാടിനു വെളിയിൽ മറ്റു പ്രദേശങ്ങളിൽ നിലനിൽക്കുന്ന വാമൊഴി രൂപങ്ങളുമായി വയനാടൻ രാമായണ കഥകൾക്ക് സാമ്യങ്ങൾ ഇല്ലാതെയല്ല. ഉദാഹരണമായി, അടിയരാമായണത്തിൽ (വയനാട്ടിലെ അടിയാ ആദിവാസി വിഭാഗത്തിനിടയിൽ പ്രചാരത്തിലുള്ള രാമായണ വാമൊഴി രൂപം) വള്ളിയൂർക്കാവ് ഭഗവതിയും പുൽപള്ളി ഭഗവതിയും പാക്കത്തെയ്യവും തിരുനെല്ലി പെരുമാളും സിദ്ധപ്പനും നെഞ്ചപ്പനും മാത്തപ്പദൈവവും കടന്നുവരുന്നതുപോലെയും, വയനാടൻ ചെട്ടിരാമായണത്തിൽ (വയനാടൻ ചെട്ടി എന്ന സമുദായത്തിൽ പ്രചാരമുള്ള രാമായണ പാഠം) വനദേവതമാരായ അതിരുകാളൻ, അരുപുലി, കണ്ടൻപുലി, മമ്മദൻ, കൈക്കോളൻ, തമ്പുരാട്ടി തുടങ്ങിയവർ കഥാപാത്രങ്ങളാവുന്നതുപോലെയും ബംഗാളിലെ പ്രാദേശിക ദേവതമാരായ മംഗൾപണ്ഡി, മാനസ, ബനദുർഗ്ഗ, സുലപനി, ഷിതല, ഷഷ്തി എന്നിവർ ചന്ദ്രബതി രാമായണത്തിൽ കഥാപാത്രങ്ങളാണ്. (16-ാം നൂറ്റാണ്ടിൽ കിഴക്കൻ ബംഗാളിലെ മൈമാൻസിങ് ദേശത്ത് ജീവിച്ച ചന്ദ്രബതി എന്ന സ്ത്രീ രചിച്ച കൃതി. ബംഗാളിലെ പണ്ഡിതന്മാർ അവഗണിച്ച ഈ കൃതി വാമൊഴിലിയൂടെയാണ് നാലു നൂറ്റാണ്ടുകളെ അതിജീവിച്ചത്. സ്ത്രീപക്ഷത്തു നിന്ന് രാമകഥയെ അപനിർമ്മിക്കുന്ന ഈ കൃതി ഒട്ടേറെ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്.)

വയനാട്ടിലെ ചെട്ടി സമുദായക്കാരുടെ കോൽക്കളിപ്പാട്ടുകൾ സൂചിപ്പിച്ചുകൊണ്ട് സമാനമായ പാട്ടുകൾ മറ്റ് ആദിവാസി, കീഴാള വിഭാങ്ങൾക്കിടയിലുമുണ്ടെന്നു പറയുന്നു. അസീസ് അടിയരാമായണം, ചെട്ടിരാമായണം എന്നിവ സവിശേഷമായി വിശദീകരിച്ചുകൊണ്ട് ഭൂമി ശാസ്ത്രപരവും, സാംസ്‌കാരികവും, ഭാഷാപരവും സാമൂഹ്യശാസ്ത്രപരവും മറ്റുമായി രാമയണകഥകൾ വയനാടൻ ആദിവാസികൾ സ്വാംശീകരിച്ചു പുനഃസൃഷ്ടിച്ചതിന്റെ അപഗ്രഥനം നടത്തുകയാണ്.

ഏറ്റവും കൗതുകകരമായ കാര്യം, ഏതെങ്കിലും ഒരു പാഠത്തിന്റെ (Text) ന്റെ പാഠാന്തരമാണ് വയനാടൻ ഭൂമികയിൽ വ്യത്യസ്തതരത്തിൽ നിലനില്ക്കുന്നതും വിശ്വസിക്കപ്പെടുന്നതുമായ ഇതിഹാസകഥകളെന്ന് ഒരു കൂട്ടായ്മയും കരുതുന്നില്ല എന്നതാണ്. പാഠാന്തരം എന്ന പരികല്പന പോലും ആവേദക സമൂഹത്തിന് അന്യമാണ്. അതായത്, വാല്മീകിരാമായണം, എഴുത്തച്ഛൻ രാമായണം എന്നൊന്നും കേട്ടുകേൾവി പോലുമില്ലാത്ത നിരക്ഷരരായ ആദിവാസി സമൂഹമടക്കമുള്ള വിഭാഗങ്ങൾ തങ്ങൾക്കിടയിൽ നിലനില്ക്കുന്ന ഇതിഹാസകഥകളെ തികച്ചും തങ്ങളുടേതു മാത്രമായവിശ്വാസാചാരങ്ങളുടേയും കഥ പറച്ചിലിന്റേയും പാരമ്പര്യവുമായി ബന്ധപ്പെടുത്തിയാണ് വിശ്വസിച്ചു പോരുന്നതും പരിഗണിക്കുന്നതും.

പാഠം (Text)എന്ന പരികല്പന അന്യമായതിൽ ഒരു കഥയ്ക്ക് ഒരേ വിഭാഗത്തിനുള്ളിൽത്തന്നെ ഒട്ടേറെ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും അർത്ഥതലങ്ങളും ഉല്പാദിപ്പിക്കപ്പെടാറുണ്ട്. ഒരു ആവേദകൻ (Narrator) ഭിന്ന സന്ദർഭങ്ങളിൽ കഥ പറയുമ്പോൾ ഇതിവൃത്ത ഘടനയിൽ മൗലികമായമാറ്റത്തോടെയോ ആഖ്യാനരീതി മാത്രം മാറ്റിയോ കഥ പറയുന്നതും അപൂർവ്വമല്ല. എല്ലാ ജാതികൂട്ടായ്മകൾക്കും സർവ്വസ്വീകാര്യമായതോ എല്ലാവരുടേയും ആചാരാനുഷ്ഠാനങ്ങളേയും വിശ്വാസങ്ങളേയും സ്വത്വ-അസ്തിത്വ പ്രശ്‌നങ്ങളേയും ഉൾക്കൊള്ളുന്നതോ ആയ ബൃഹദാഖ്യാനം (Grand Narration) ഇവർക്കിടയിൽ ഇല്ലെന്നു തീർത്തു പറയാനാവും.

ഹസൻകുട്ടി എന്ന മുസ്ലിം പാടി നടക്കുകയും ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ കേട്ടു പഠിക്കുകയും എം എൻ കാരശ്ശേരി പുറംലോകത്തെത്തിക്കുകയും ചെയ്ത മാപ്പിള രാമായണമെന്ന 148 വരികളുള്ള പാഠത്തിന്റെ വിശകലനമാണ് മറ്റൊരു ലേഖനം. ഇതിനാമുഖമായി 'മുസ്ലിം' രാമായണങ്ങളെക്കുറിച്ചുള്ള ഒരു പൊതു അവലോകനമുണ്ട്. ഇന്ത്യക്കു വെളിയിൽ, രാമകഥക്കും രാമപാഠങ്ങൾക്കും ഏറ്റവും ജനപ്രീതിയുള്ളത് മലേഷ്യയും ഇന്തോനേഷ്യയും പോലുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണെന്ന വസ്തുത ഓർക്കുക. (മുസ്ലിം രാമയണങ്ങളെക്കുറിച്ചുള്ള വിപുലമായ ഒരു പഠനം അസീസ് തയ്യാറാക്കി വരികയാണ്) രാമയണത്തിന്റെ മതാതീതവും ദേശാന്തരവുമായ പാഠ-പാഠാന്തര വ്യാപനത്തെക്കുറിച്ചുള്ള ഒരു ഏഷ്യൻ ഗവേഷണത്തിന്റെ രൂപരേഖതന്നെയുണ്ട് ഈ ലേഖനത്തിൽ.

ഇതിന്റെ തുടർച്ചയായി കാണാം, 'ഇന്ത്യനേഷ്യൻ രാമായണങ്ങളിലെ ഇസ്ലാമികമുദ്രകൾ' എന്ന രചന. ഇന്ത്യൻ രാമായണങ്ങളുടെ പരാവർത്തനങ്ങളോ വാൽമീകി രാമയണത്തിന്റെ വിവർത്തനമോ ഒന്നുമല്ല ഇന്തോനേഷ്യൻ രാമയണങ്ങൾ. ഇസ്ലാമിക സൂഫികൾ രചിച്ച് നിഴൽ നാടകരൂപത്തിലവതരിപ്പിക്കുന്ന രാമയണങ്ങൾപ്പോലും അവിടെയുണ്ട്. ആധുനികമായ നിരവധി രാമകഥകളുമുണ്ട് ബാലിയിലും ജാവയിലും മറ്റും. അല്ലാഹുവും മുഹമ്മദ് നബിയുമൊക്കെയുണ്ട് ഈ രാമായണങ്ങളിൽ.

ചുരുക്കത്തിൽ, ഹിന്ദുമതഗ്രന്ഥം, ഭാരതീയരാമയണം, വാൽമീകി വിരചിതം, രാമസീതാ കഥ എന്നൊക്കെ സങ്കല്പിച്ച് ഏകപാഠമായി കണക്കാക്കിപോരുന്ന രാമായണത്തെക്കുറിച്ചുള്ള പൊതുബോധത്തിന്റെ അപനിർമ്മതിയാണ് രാമായണ പഠനങ്ങളുടെ ആധുനികാനന്തര രാഷ്ട്രീയം. കമിൽ ബുൽക്കെ മുതൽ ഏ.കെ. രാമാനുജൻ വരെയുള്ളവർ അതിവിദഗ്ധമായി നിർവഹിച്ച ഈയൊരു സാംസ്‌കാരിക വിമർശത്തിന്റെ മലയാളത്തിലെ ഏറ്റവും മൗലികവും ശ്രദ്ധേയവുമായ വക്താവും പ്രതിനിധിയുമാണ് അസീസ് തരുവണ. രാമായണത്തിനു കൈവന്നിട്ടുള്ള മതേതര, കീഴാള, സ്ത്രീപക്ഷ വായനകളുടെയും പുനരാഖ്യാനങ്ങളുടെയും പശ്ചാത്തലം, ബുദ്ധ, ജൈന മുസ്ലിം-ആദിവാസി രാമായണങ്ങൾ, ഏഷ്യൻ കഥാപാരമ്പര്യത്തിന്റെ ബൃഹത്‌സന്ദർഭം, പ്രാദേശികവും ജാതീയവും വംശീയവും മതാത്മകവും മറ്റുമായ വൈവിധ്യങ്ങൾ, കേരളീയ സന്ദർഭത്തിൽ പോലും സംസ്‌കൃത-ഹൈന്ദവ ബൃഹദാഖ്യാനങ്ങൾക്കപ്പറുത്ത് നിലകൊള്ളുന്ന ചിതറിയ രാമായണ പാഠങ്ങൾ എന്നിവയൊക്കെ മുൻനിർത്തിയുള്ള സാംസ്‌കാരിക വിമർശമാണ് അസീസ് നടത്തുന്നത്. ഒന്നുകൂടി സംഗ്രഹിച്ചു പറഞ്ഞാൽ, ഒരു മതേതര മുസ്ലിം, രാമായണം വായിക്കുമ്പോൾ സംഭവിക്കുന്ന കാലാന്തരവും ദേശാന്തരവും മതാന്തരവും വംശാന്തരവുമൊക്കെയായ പരകായപ്രവേശങ്ങളുടെ പാഠ്യപദ്ധതിയായി മാറുന്നു 'എത്രയെത്ര രാമായണങ്ങൾ'.

പുസ്തകത്തിൽ നിന്ന്:

റെ പ്രാചീനമല്ലാത്ത നിരവധി രാമായണാഖ്യാനങ്ങൾ ഇന്തോനേഷ്യയിലുണ്ട്. ഹിക്കായത്ത്‌സേരിരാമ, പാതാനി രാമകഥ, ജാവിലെ നേരത്തുകാണ്ഡം, രാമകേലിംഗ എന്നിവ എടുത്തു പറയേണ്ടവയാണ്. ജാവയിലെ നാടക സാഹിത്യം മിക്കവാറും സേരത്തുകാണ്ഡത്തെയും രാമകേലിംഗത്തേയും അടിസ്ഥാനമാക്കിയുള്ളതാണ്. ബാലിയിലെ എന്ന നാടകത്തിലെ മുഴുവൻ സർഗ്ഗങ്ങളും രാമായണത്തിലെ രംഗങ്ങൾ മാത്രം അവതരിപ്പിക്കുന്നു. രാമകഥയുടെ ഈ ആധുനിക രൂപം ഇന്തോനേഷ്യയിൽ നിന്ന് ഇൻഡോ ചൈന, സയാം, ബർമ്മ എന്നീസ്ഥലങ്ങൾ വരെവ്യാപിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട സവിശേഷത ഇവയിൽ പതിഞ്ഞ ഇസ്ലാമികമുദ്രകളാണ്.

രാവണചരിതം മുതൽ സീതാത്യാഗത്തിനു ശേഷംരാമസീതാ സംയോഗം വരെയുള്ള ബൃഹദ് കഥ വിവരിക്കുന്ന കൃതിയാണ് ഹിക്കായത്ത്‌സേരിരാമ. അല്ലാഹു, ആദംനബി, മുഹമ്മദ് നബി തുടങ്ങി ഇസ്ലാമും മുസ്ലീങ്ങളുമായി ബന്ധപെട്ട പലതും ആ കൃതിയിൽ കാണാം. ആ കൃതിക്ക് ഏഴു ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്തിൽ രാവണചരിതം, ദുഷ്പ്രവൃത്തികാരണം രാവണനെ തന്റെ പിതാവ് നാടു കടത്തുന്നത് തുടങ്ങി രാവണനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സവിസ്തരം പ്രതിപാദിക്കുന്നത്. (രാവണനെ നാടു കടത്തുന്ന വർണ്ണനയിൽ സിംഹളദ്വീപിലെ വിജയൻ എന്ന ഒന്നാമത്തെ രാജാവിന്റെ കഥ ചേർത്തിട്ടുണ്ട്.) സിംഹള ദ്വീപിൽ എത്തി തപസ്സു ചെയ്ത് രാവണൻ അല്ലാഹുവിൽ നിന്നും നാലുലോകങ്ങളുടെ അധികാരം സമ്പാദിക്കുന്നു. ആദംനബിയുടെയും മുഹമ്മദി നബിയുടെയും നിർബന്ധത്താലാണ് അല്ലാഹു ഈ അധികാരങ്ങൾ നല്കുന്നത്. ന്യായപൂർവ്വം ഭരണം നടത്തണമെന്നായിരുന്നു വ്യവസ്ഥ തുടർന്നു ഓരോ ലോകത്തിലെയും ഓരോരാജകുമാരിയെ വിവാഹം കഴിച്ച് രാവണൻ അനേകം പുത്രന്മാരെ ജനിപ്പിക്കുന്നു. അവർ പിന്നീട് രാജാക്കന്മാരായിത്തീരുന്നു.

ഇന്ദ്രജിത്ത്-ദേവലോകത്തിലെരാജാവ്
പാതാള മഹാരായൻ (മഹിരാവണൻ) പാതാളരാജാവ്
ഗംഗാമഹാസൂരി- നാഗലോകത്തിലെരാജാവ്.

ഇതിനുശേഷം രാവണൻ ഭൂമിയിൽ മടങ്ങിയെത്തി ലങ്കാപുരിസ്ഥാപിക്കുകയും അവിടെ തന്റെ സഹോദരന്മാരായ കുംഭകർണ്ണനെയും വിഭീഷണനെയും ശൂർപ്പണഖയുടെ ഭർത്താവായ ബർഗസ്സിംഗനേയും യഥാക്രമം സേനാപതി, ജ്യോതിഷി, പ്രധാന ചാരൻ എന്നീ സ്ഥാനങ്ങളിൽ നിയോഗിക്കുന്നു.

സേരിരരാമിവൽ, ദശരഥന്റെ വംശാവലി ഇപ്രകാരമാണ്; ആദം നബി, ദശരഥരാമൻ, ദശരഥചക്രവർത്തി, ദശരഥൻ എന്നിങ്ങനെയാണ്. (ആദംനബി ഇസ്ലാമിക വിശ്വാസ പ്രകാരം ഒന്നാമത്തെ മനുഷ്യനാണ്. ആദ്യത്ത പ്രവാചകനും.)

ശ്രദ്ധേയമായ മറ്റൊരു ആധുനിക കഥയായ സേരത്തുകാണ്ഡത്തിലും ഇസ്ലാമികമുദ്രകൾ പതിഞ്ഞുകിടക്കുന്നു. സേരിരാമിൽ നിന്നും ഏറെയോന്നും ഭിന്നമല്ല ഈ പാഠത്തിലെ കഥ.

ആദം നബിയും മുഹമ്മദി നബിയും അല്ലാഹുവും രാമകഥയിലും കഥാപാത്രങ്ങളാവുന്നു. രാമരാവണയുദ്ധത്തിനിടയിൽ ജിബ്രീൽ (ഗബ്രിയേൽമാലാഖ) എന്ന മലക്ക് യുദ്ധമൊഴിവാക്കാനുള്ള സന്ധി സംഭാഷണങ്ങളുടെ സന്ദേശവാഹകനായി പ്രവർത്തിക്കുന്നു. (ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർക്കുള്ള സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കാണ് ജിബ്രീൽ.)

ഫിലപ്പൈൻസിൽ പ്രചാരത്തിലുള്ള മഹാരാദ്ധ്യാലാവണ (1168 ൽ ജോൺ ആർ ഫ്രാൻസിസ്‌കോയാണ് ഈ കൃതി കണ്ടെത്തിയത്) എന്ന രാമായണ പാഠത്തിലും ജിബ്രീൽ (ദിയാബറിൽ) എന്ന മലക്ക് സന്ദേശവാഹകനായി കടന്നുവരുന്നു.

കഥാപാത്രങ്ങൾ മാത്രമല്ല, ഇസ്ലാം മുമ്പോട്ടു വെക്കുന്ന മൂല്യവ്യവസ്ഥയും ജീവിതക്രമവും പല ഇന്തോനേഷ്യൻ രാമായണങ്ങളുടെയും അന്തർദ്ധാരയായി നിലകൊള്ളുന്നു. വാല്മീകിരാമായണത്തിൽ നിന്നും മറ്റിന്ത്യൻ രാമകഥാപാഠങ്ങളിൽ നിന്നും വ്യതിരിക്തമായ അത്തരം പാഠങ്ങൾ തദ്ദേശീയമായ സംസ്‌കാരവുമായി ഇഴകിച്ചേർന്നവയാണ്. അതിനാൽ ഒരു സാംസ്‌കാരിക പാഠമെന്ന നിലയിൽ ഇന്തോനേഷ്യൻ മുസ്ലീങ്ങൾ രാമായണ പാഠത്തെ തങ്ങളുടെ കൂടി സാഹിത്യ സമ്പത്തായി പരിഗണിക്കുന്നു. രാമായണത്തിന്റെ നാടകാവിഷ്‌കാരങ്ങളിലും മറ്റും സജീവമായി പങ്കുചേരുന്നു. തങ്ങളുടെ രാജ്യത്തുണ്ടായ ഇതിഹാസമായിട്ടാണ് രാമായണത്തെ അവർ വീക്ഷിക്കുന്നത്.

ഇന്തോനേഷ്യൻ രാമായണ കഥാപാത്രങ്ങളുടെ പേരുകൾ ഏറെയും ഇന്തോനേഷ്യൻ ഇന്ത്യൻ മിശ്രിത രൂപമാർന്നതാണ്. ഇന്ത്യൻ രാമായണങ്ങളുടെ സ്വാധീനം പലവിധത്തിൽ ഇന്തോനേഷ്യൻ രാമായണങ്ങൾക്കുമേലുണ്ടെങ്കിലും തദ്ദേശീയമായ മൗലിക സാഹിത്യമായിട്ടാണ് ഇന്തോനേഷ്യക്കാർ അവയെ പരിഗണക്കുന്നത്.

ഓരോ മണ്ണിലും പെയ്തിറങ്ങുന്ന മഴവെള്ളം ആ മണ്ണിന്റെ നിറവും ഗന്ധവും കലർന്നൊഴുകുന്നതു പോലെ ഓരോ ദേശത്തിലേക്കും സമുദായത്തിലേക്കും ചെന്ന രാമായണ കഥകൾ ആ നാടിന്റെയും സമുദായത്തിന്റെയും മുദ്രകളണിഞ്ഞ് പരന്നൊഴുകുകയാണ്. അവയെ അണകെട്ടി നിർത്തുവാനോ അവയുടെ വൈവിദ്ധ്യത്തെ ഇല്ലായ്മ ചെയ്യുവാനോ ഉള്ള ഏതു ശ്രമവും രാമായണ സംസ്‌കൃതിക്കുമേലുള്ള കടന്നുകയറ്റമായിട്ടേ പരിഗണിക്കാനാകൂ.

എത്രയെത്ര രാമായണങ്ങൾ
അസീസ് തരുവണ
ചിന്ത പബ്ലിഷേഴ്‌സ്
2017. വില : 105 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP