Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര ബോധവും ഇ.എം.എസ്സ് എന്ന താത്വികാചാര്യനും: സജീവൻ അന്തിക്കാട് എഴുതുന്നു...

ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര ബോധവും ഇ.എം.എസ്സ് എന്ന താത്വികാചാര്യനും: സജീവൻ അന്തിക്കാട് എഴുതുന്നു...

സജീവൻ അന്തിക്കാട്

'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രബോധമാണ് ഇസ്ലാം ' എന്ന ആശയം ലോകമെമ്പാടുമുള്ള യുക്തിവാദികളുടേതാണ്. എല്ലാ മതങ്ങളും അവ ഉരുവം കൊണ്ട കാലത്തെ പ്രാകൃത ഗോത്രബോധം അതേപടി നിലനിർത്താൻ പരമാവധി ശ്രമിക്കുന്നുവെന്നും അക്കാര്യത്തിൽ ഇസ്ലാമിനെ ജയിച്ച മതം വേറെയില്ല എന്നും കൂടി അവർ അഭിപ്രായപ്പെടുന്നു...

2) ആദ്യ മന്ത്രിസഭ കേരളത്തിൽ രൂപീകരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്കും മതത്തെപ്പറ്റി യുക്തിവാദികളുടെ അഭിപ്രായം തന്നെയായിരുന്നു. 1959 ൽ സകലമതങ്ങളും സമുദായങ്ങളും കമ്മൂണിസ്റ്റുകൾക്കെതിരെ വിമോചന സമരം നടത്തുവാനുണ്ടായ കാരണങ്ങളിൽ പ്രധാനം കമ്മൂണിസത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത മതവിരുദ്ധത തന്നെയായിരുന്നു.

എന്നാൽ മതങ്ങളും ജാതികളും ഒറ്റക്കെട്ടായി കമ്മൂണിസ്റ്റുകൾക്കെതിരെ നടത്തിയ വിമോചന സമരത്തെ തുടർന്ന് 1959 ൽ ആ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു.  തുടർന്ന് 1960 ൽ നടന്ന ഇലക്ഷനിൽ കമ്മ്യൂണിസ്റ്റുകൾ പരാജയപ്പെട്ടു.  1965 ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും രാഷ്ട്രീയ ചിത്രം വലുതായൊന്ന് മാറി. സി .പി.ഐ പിളർന്ന് സിപിഐ എം ഉണ്ടായി; കോൺഗ്രസ്സ് പിളർന്ന് കേരള കോൺഗ്രസ്സ് ഉണ്ടായി.  മത സമുദായ കക്ഷികളുടെ പിന്തുണ പ്രധാന കക്ഷികൾക്കൊന്നും പ്രകടമായി ലഭിക്കാത്ത ആ തെരഞ്ഞെടുപ്പിൽ ആർക്കും മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായില്ല.

3) മതത്തിനോടുള്ള സമീപനത്തിൽ മാറ്റം വരുത്താതെ കേരളത്തിൽ ഭരണത്തിലേറാൻ കഴിയില്ല എന്ന തോന്നൽ സിപിഎമ്മിനുണ്ടാകുന്നത് 1965 ലെ ഇലക്ഷൻ ഫലങ്ങൾക്കു ശേഷമാണ്. പിന്നീട് 1967 വരെയുള്ള ഇഎംഎസ്‌ ന്റെ എഴുത്തും പ്രവൃത്തിയും മത പ്രീണനത്തിന്റേതായിരുന്നു. ആദ്യ സർക്കാരിനെതിരെ വിമോചന സമരം നടത്തിയ ജാതി മത ശക്തികളെ ഒപ്പം കൊണ്ടുവരണമെങ്കിൽ ചില്ലറ പ്രീണനം മതിയാകുകയില്ലല്ലോ. 

അങ്ങിനെ 1967 ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെയും വിമോചന സമരം ഫെയിമായിരുന്ന ഫാദർ വടക്കന്റെ പാർട്ടിയെയുമൊക്കെ ചേർത്ത് സപ്തകക്ഷി മുന്നണി മന്ത്രിസഭ ഇഎംഎസ്‌ ന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവിൽ വന്നു. മുസ്ലിം ലീഗിന് അന്ന് കമ്മൂണിസ്റ്റുകൾ നന്ദിപൂർവ്വം കൊടുത്ത ചുവപ്പൻ പച്ച സമ്മാനമാണ് മലപ്പുറം ജില്ല .

4) മതങ്ങളോടുള്ള സമീപനത്തിൽ കമ്മൂണിസ്റ്റ് നേതാക്കൾക്കു വന്ന മാറ്റം അണികൾക്ക് പൊടുന്നനെ വിഴുങ്ങാൻ കഴിയുന്നതായിരുന്നില്ല. ലീഗിനെ ചത്ത കുതിരയായാണ് 'ജീവിച്ചിരുന്ന കാലത്ത്' കോൺഗ്രസ്സുകാരനായ നെഹ്‌റു പോലും വിശേഷിപ്പിച്ചിരുന്നത് . അതിനാൽ ലീഗ് സഖ്യത്തിനുള്ള ന്യായീകരണത്തിന് താത്വികത ആവശ്യമായി വന്നു. ഇഎംഎസ്‌ തന്നെയാണതിന് മുൻകൈയെടുത്തത്.  കേവല യുക്തിവാദം എന്ന പ്രയോഗത്തിന്റെ ഉത്ഭവം അക്കാലത്താണുണ്ടാകുന്നത്. 'മതവിശ്വാസത്തിനെതിരെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നവരാണ് കേവല യുക്തിവാദികൾ. അതുകൊണ്ട് പ്രയോജനമില്ല . കാരണം വിശ്വാസം നിരാലംബരായ ജനങ്ങളുടെ ചെലവില്ലാത്ത ആശ്വാസമാണ്.  വിശ്വാസം ഉണ്ടാകാൻ കാരണമായ ഒരു സാമ്പത്തിക അടിത്തറയുണ്ട്. അത് തകർത്താലെ വിശ്വാസം തകരൂ.

കമ്മ്യൂണിസ്റ്റ് പാർട്ടി സാമ്പത്തിക അടിത്തറ തകർക്കാൻ ശ്രമിക്കുന്ന വിപ്ലവത്തിന്റെ ചാലക ശക്തിയാണ്.  ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് തൊഴിലാളി വർഗ്ഗ ഭരണകൂടം സ്ഥാപിക്കാനുള്ള ബഹൃത് പദ്ധതിയുമായി മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ചില താൽക്കാലിക അടവുകൾ സ്വീകരിക്കേണ്ടി വരും .  മത വർഗ്ഗീയ കക്ഷികളുമായുള്ള സഖ്യങ്ങൾ അത്തരത്തിലുള്ള താൽക്കാലിക അടവു മാത്രം.' 

ഇങ്ങിനെ പോയി ഇഎംഎസ്‌ ന്റെ താത്വിക വിശദീകരണം. 50 വർഷങ്ങൾക്കു ശേഷവും ഇന്നും ഈ വിശദീകരണം പാർട്ടി അനുഭാവികൾക്ക് ബോധ്യപ്പെടുന്നു എന്നതാണ് ഈ ആയത്തിന്റെ മഹത്വം.

5) അങ്ങേയറ്റം വിചിത്രമായ അവസരവാദമായിരുന്നല്ലോ ഇ.എം എസ്സിന്റേതെന്ന് ഇന്നൊരു നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകനു തോന്നാമെങ്കിലും വിപ്ലവം അന്നൊരു ഒരു വലിയ പ്രതീക്ഷയായിരുന്നതിനാൽ സകല പാർട്ടി അനുഭാവികളും ഈ ആയത്ത് ശരിവെക്കുകയാണുണ്ടായത്.  കേവല യുക്തിവാദികളെന്ന് ഇഎംഎസ്‌ വിശേഷിപ്പിച്ചവർക്കും വേറെ നിവൃത്തിയൊന്നുമുണ്ടായില്ല.  ഉണക്ക സ്രാവുകൊണ്ട് പട്ടിയെ അടിച്ചാലുള്ള അവസ്ഥയിൽ അവർ എത്തപ്പെട്ടു.  അടിക്ക് വേദനയുണ്ട് , പക്ഷെ ഓടിപ്പോകാനാകില്ല. അത്രക്കുണ്ട് സ്രാവിന്റെ കൊതിപ്പിക്കുന്ന മണം.  ഏതു യുക്തിവാദിയെയും കൊതിപ്പിക്കുന്ന സ്രാവായിരുന്നു അന്ന് വിപ്ലവം.

6) കമ്മൂണിസ്റ്റുകളുടെ മതത്തോടുള്ള സമീപനത്തിൽ വന്ന മാറ്റം താഴെ തട്ടിലെത്താൻ സമയമെടുത്തു. കമ്മൂണിസ്റ്റായതിന്റെ പേരിൽ തെമ്മാടിക്കുഴിയലടക്കപ്പെട്ട ക്രിസ്ത്യൻ സമുദായക്കാരനും സമുദായ ഭ്രഷ്ടനായ മുസൽമാനും ക്രമേണ ഇല്ലാതായി വന്നു.  ഇതിനിടക്ക് കമ്മൂണിസ്റ്റുകളുടെ സ്ഥിരം വോട്ടു ബാങ്കായ ഹിന്ദു സമുദായങ്ങളിൽ നിന്നും പങ്കുപറ്റാനായി 1980 ൽ ജനസംഘം പേരു മാറ്റി ബിജെപിയായി വന്നു.  അക്കാലത്ത് അമ്പല പറമ്പുകളിൽ ശാഖകളിച്ചു നടന്ന വിരലിലെണ്ണാവുന്ന ആർഎസ്എസ്‌ കാരെ മൃഗീയമായി അടിച്ചമർത്തി അവസാനിപ്പിക്കാൻ സി.പി.എം പരമാവധി ശ്രമിക്കുകയുണ്ടായി. പക്ഷെ അത് വിജയിച്ചില്ല.

സവർണ്ണരുടെ പണവും സ്വാധീനവും കുതന്ത്രങ്ങളുമായിരിക്കാം ഉന്മൂലനം വിജയിച്ചില്ലെന്ന് മാത്രമല്ല താഴ്ന്ന സമുദായങ്ങളിൽ നിന്നും ആർഎസ്എസിലേക്ക് കൂടുതൽ കൂടുതൽ ബലിദാനി ചാവേറുകൾ വന്നു ചേരുകയും ചെയ്തു . സിപിഎമ്മിന്റെ പിന്നോക്ക വോട്ടു ബാങ്കിൽ നിന്ന് ചെറുതായ രീതിയിൽ വോട്ടു ചോർത്തും വിധമുള്ള ഒരു തലവേദനയായി അങ്ങിനെ ബിജെപി മാറി.

7 ) ഈ വോട്ടുചോർച്ച പരിഹരിക്കാനുള്ള മാർഗ്ഗമായി സി പി എം മുന്നിൽ കണ്ടത് ഇസ്ലാം സമുദായത്തെയാണ്. സമുദായത്തിന് ഏറ്റവും പഥ്യമുള്ള പാർട്ടി മുസ്ലിം ലീഗായിരുന്നതിനാലും ലീഗ് കോൺഗ്രസ്സ് മുന്നണിയിൽ ഉറച്ചു പോയതിനാലും ആ കോട്ട ഭേദിക്കൽ അത്ര എളുപ്പമായിരുന്നില്ല.  ബാബറി പള്ളി പൊളിഞ്ഞപ്പോൾ ലീഗ് വർഗ്ഗീയ ലഹളയുണ്ടാക്കാൻ കൂട്ടുനിന്നില്ലെന്ന് പറഞ്ഞും ഇറാഖിൽ കമ്മൂണിസ്റ്റു പാർട്ടിയെ നിരോധിച്ച സദ്ദാം ഹുസൈനു വേണ്ടി ബന്ദു നടത്തിയും തീവ്രവാദികളായ ഹമാസിനു വേണ്ടി കണ്ണീരൊഴുക്കിയും മദനിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയും ലീഗ് കോട്ടയിൽ ചില ചില്ലറ ചിന്നലുകൾ വീഴ്‌ത്താൻ സിപിഎമ്മിനായി. 

മഹല്ല് കമ്മിറ്റി പ്രസിഡണ്ടിനടക്കം പാർട്ടി മെമ്പർഷിപ്പു കിട്ടുമെന്നായതോടെ പാർട്ടിയിലേക്ക് സ്ഥാനഭ്രഷ്ടരായ ലീഗുകാർ എത്തിച്ചേർന്നു.  എന്ഐഎയുടെ കണ്ണിൽപ്പെടാതെ തീവ്രവാദ പ്രവർത്തനം നടത്താനുള്ള സുരക്ഷിതമായ ഇടമെന്ന് കരുതിയും ചിലരെത്തി.  2014 ൽ മോദി ഭരണത്തിലെത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചപ്പോഴുണ്ടായ ഭയത്തിന്റേതായ അന്തരീക്ഷം സിപിഎമ്മിന് ഇസ്ലാമിനകത്ത് സ്വീകാര്യതയുണ്ടാക്കി . ഇതോടൊപ്പം ആർഷഭാരത ഹിന്ദുവിനെ കൊല്ലുന്ന ഏക പാർട്ടിയെന്ന പ്രതിഛായയും കൂടിച്ചേർന്നതോടെ ലീഗ് കോട്ടകളിൽ വിള്ളൽ വീണു തുടങ്ങി.

8) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സി.പിഎം മുന്നണിയിൽ നിന്നും വിട്ടു പോയ 1969 മുതൽ പാർട്ടിക്ക് യാതൊരു സ്വാധീനവുമില്ലാതിരുന്ന ഇസ്ലാം സമുദായം ഇത്തിരിയിത്തിരിയായി പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന വർത്തമാനാവസ്ഥയിൽ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രബോധമാണ് ഇസ്ലാമെന്ന യുക്തിവാദവാചകം എഴുതി വെക്കാൻ സി.പിഎമ്മിനാകുമോ?  തീർച്ചയായും ഇല്ല.  മതങ്ങളെ സംബന്ധിച്ച് അങ്ങിനെ ഒരു കാഴ്ചപ്പാട് സിപിഎമ്മിനില്ല.  ഇസ്ലാമിനെ കുറിച്ച് അങ്ങിനെ ഒരു സർക്കുലർ സി.പി.എം ഇറക്കിയിട്ടുമില്ല. ഇറക്കുകയുമില്ല.

9 ) സി.പി.എം ഇന്ന് കേരളത്തിലെ ഭരണചക്രം തിരിക്കുന്ന പ്രസ്ഥാനമാണ്.  സർക്കാരിനെതിരെ ഉണ്ടാകുന്ന ജനകീയ പ്രക്ഷോഭണങ്ങളെ സംയമനത്തോടെയും സഹിഷ്ണുതയോടും കാണാനാകുന്നില്ല എന്നതാണ് പൊടുന്നനെ ഏഴാം നൂറ്റാണ്ടിലേക്ക് പോകാൻ സി.പിഎം ജില്ലാ ഘടകത്തെ പ്രേരിപ്പിച്ചത്.  പുതുവൈപ്പിനിലായാലും മുക്കത്തായാലും സമരം ചെയ്യുന്നത് ജനങ്ങളാണല്ലോ.  അവർക്ക് ന്യായമായ നഷ്ട പരിഹാരം നൽകുകയും അവരുടെ ശങ്കകൾ അകറ്റുകയുമാണ് ഉത്തരവാദിത്വപ്പെട്ട സർക്കാർ ചെയ്യേണ്ടത്.  പക്ഷെ അതിനൊന്നുമുള്ള സഹിഷ്ണുതയും സമയവും സർക്കാരിനില്ല. ആയതിനാലാണ് സംഘികളുടെ സ്ഥിരം തന്ത്രമെടുത്ത് സി.പി.എം പ്രയോഗിച്ചത്.

സമരം ചെയ്യുന്നവർ ഇസ്ലാമാണെന്നും അതിനാൽ തന്നെ തീവ്രവാദികളാണെന്നുമൊക്കെ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞാൽ മറ്റു മതക്കാരൊന്നും പിന്നെ സമരത്തിലേക്ക് അടുക്കില്ല എന്ന സംഘി ലൈൻ സി.പിഎം സ്വീകരിക്കുകയായിരുന്നു. മനുഷ്യരെ ഹിന്ദുവായും മുസൽമാനായും വിഭജിക്കുന്ന പരമ്പരാഗത ഭരണകൂട രീതി. സംഗതി 'എളിയ ബുദ്ധി' യാണെങ്കിലും 

ചിന്തിക്കാൻ സമയമുള്ളവർക്ക് ഈ എളിയ ബുദ്ധി സുപരിചിതമാണ്. അമ്പതു വർഷം മുമ്പ് ലീഗിനെ മുന്നണിയിൽ ചേർക്കാനായി താത്വികാചാര്യൻ നടത്തിയ കേവല യുക്തിവാദ പ്രയോഗം മുതൽ മദനിയെ ഗാന്ധിയോടുപമിച്ച കാവ്യഭാവന വരെ കണ്ടവരും കൺ നിറഞ്ഞവരുമായ മലയാളി രാഷ്ട്രീയ സമൂഹത്തിന്റെ മുന്നിൽ അത്ര എളുപ്പത്തിലൊന്നും എഴാം നൂറ്റാണ്ടിലെ ഗോത്ര ബോധ നമ്പർ ചെലവാകില്ലെന്നാണ് തോന്നുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP