Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർക്ക് അന്നമെത്തിച്ച് കോഴിക്കോട്ടെ എൻജിനീയറിങ് വിദ്യാർത്ഥികൾ; പോക്കറ്റ് മണിയും നാട്ടുകാരിൽ നിന്ന് ശേഖരിച്ച പണവും സ്വരൂപിച്ച് മാസത്തിൽ ഒരു ദിവസം 150 പേർക്ക് ഭക്ഷണം നൽകും; പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും എത്തിച്ചു നൽകും; വിദ്യാർത്ഥികളുടെ അടുത്ത ലക്ഷ്യം സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ലൈബ്രറി സ്ഥാപിക്കൽ

ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർക്ക് അന്നമെത്തിച്ച് കോഴിക്കോട്ടെ എൻജിനീയറിങ് വിദ്യാർത്ഥികൾ; പോക്കറ്റ് മണിയും നാട്ടുകാരിൽ നിന്ന് ശേഖരിച്ച പണവും സ്വരൂപിച്ച് മാസത്തിൽ ഒരു ദിവസം 150 പേർക്ക് ഭക്ഷണം നൽകും; പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും എത്തിച്ചു നൽകും; വിദ്യാർത്ഥികളുടെ അടുത്ത ലക്ഷ്യം സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ലൈബ്രറി സ്ഥാപിക്കൽ

കോഴിക്കോട്: വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഒരു നേരത്തെ അന്നത്തിനായിപ്പോലും ബുദ്ധിമുട്ടുന്നവർ നിരവധി ഉണ്ട് നമ്മുടെ നാട്ടിൽ. ഇത്തരക്കാരുടെ വിശപ്പടക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കോഴിക്കോട് വെസ്റ്റ്ഹിൽ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു സദ്കർമ്മവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. കോഴിക്കോട് നഗരത്തിലെ പാവപ്പെട്ടവരെ കണ്ടെത്തിയാണ് ഇവർ അന്നം നൽകുന്നത്.

പുസ്തകത്തിലുള്ളത് മനപാഠമാക്കൽ മാത്രമല്ല പഠനം എന്ന ബോധമാണ് ഈ വിദ്യാർത്ഥികളെ സാമൂഹ്യപ്രവർത്തനത്തിലേക്ക് നയിച്ചത്. പഠനത്തിനിടയ്ക്കുള്ള ഒഴിവു സമയങ്ങൾ സമൂഹ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. വിശക്കുന്നവന്റെ വിശപ്പടക്കുന്നതിന് തന്നെയായിരുന്നു ഇവരുടെ പ്രഥമ പരിഗണന. പിന്നീട് മറ്റു രംഗങ്ങളിലേക്കും ഇവർ തിരിഞ്ഞു.

നാല് മാസമായി ഇവർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട്. അടുത്തിടെ തണൽ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം. മാസത്തിൽ ഒരു തവണയാണ് ഇവർ തെരുവിലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നത്. കോളേജിലെ വിദ്യാർത്ഥികൾ എല്ലാവരും ചേർന്നാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം സ്വരൂപിക്കുക. ഓരോ വിദ്യാർത്ഥിയും അവരുടെ വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം സ്വരൂപിക്കും. കോഴിക്കോട് നഗരത്തിലുള്ള ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിൽ വെച്ച് വിദ്യാർത്ഥികൾത്തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.

ഇത് ഒരു വാഹനത്തിലാക്കി പാവങ്ങൾക്ക് വിതരണം ചെയ്യും. ചോറും കറിയും ബിരിയാണിയുമെല്ലാം ഇത്തരത്തിൽ വിദ്യാർത്ഥികൾ വിതരണം ചെയ്യുന്നുണ്ട്. ഒരു ദിവസം 150ഓളം പേരുടെ വിശപ്പാണ് ഈ വിദ്യാർത്ഥികൾ ഇത്തരത്തിൽ ശമിപ്പിക്കുന്നത്. തെരുവിലുള്ളവർക്ക് വലിയ ആശ്വാസമാണ് തങ്ങളെ തേടിയെത്തുന്ന ഈ വിദ്യാർത്ഥികൾ. പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ഇവർ ശേഖരിച്ച് നൽകുന്നുണ്ട്. ഉപയോഗിക്കാൻ പറ്റുന്നതും എന്നാൽ മറ്റുള്ളവർ ഉപേക്ഷിച്ചതുമായ വസ്ത്രങ്ങളാണ് ഈ വിദ്യാർത്ഥികൾ ശേഖരിക്കുന്നത്. ഇത് അനാഥാലയങ്ങളിലുള്ളവർക്കും മറ്റും കൈമാറും.

പാവപ്പെട്ടവർക്ക് മരുന്ന് ശേഖരിച്ച് നൽകുന്ന പരിപാടിയും ഈ വിദ്യാർത്ഥികൾക്കുണ്ട്. വീടുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്നുകളാണ് വിദ്യാർത്ഥികൾ ശേഖരിക്കുന്നത്. ഇതിനായി തങ്ങളുടെ നാട്ടിലെ ഭവനങ്ങളിലെല്ലാം ഇവർ കയറി ഇറങ്ങും. അവിടങ്ങളിൽ ബാക്കി വന്നിട്ടുള്ള എല്ലാതരം മരുന്നുകളും ശേഖരിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന മരുന്നുകൾ സൗജന്യ ചികിത്സ കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്.

സൗജന്യമായി ഡയാലിസിസ് നൽകുന്ന സെന്ററുകളിൽ ലൈബ്രറി സ്ഥാപിക്കാനും ഈ വിദ്യാർത്ഥികൾക്ക് പദ്ധതിയുണ്ട്. കോഴിക്കോട് നഗരത്തിലെ ഒരു ഡയാലിസിസ് സെന്ററിലാണ് ഇവർ ആദ്യമായി ലൈബ്രറി സ്ഥാപിച്ചത്. കൂടുതൽ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ലൈബ്രറി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇവർ. സ്വന്തമായി പുസ്തകം വാങ്ങിയും മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചുമൊക്കെയാണ് ലൈബ്രറി സ്ഥാപിച്ചത്. കോഴിക്കോട് ജില്ലാ കളക്ടർ യുവി ജോസ് സോഷ്യൽ മീഡിയയിലൂടെ ഇവരുടെ ലൈബ്രറിയിലേക്ക് പുസ്‌കതങ്ങൾ സംഭാവന ചെയ്യാൻ ആഹ്വാനം ചെയ്തത് ഇവരുടെ ഉദ്യമത്തിന് വലിയ സഹായമായി.

കോളേജിലെ വിദ്യാർത്ഥികളുടെ കാര്യവും ഇവർ ശ്രദ്ധിക്കുന്നുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പ് നൽകി വരുന്നുണ്ട്.
അവധി ദിവസങ്ങളും കോളേജിലെ ഒഴിവു സമയവുമാണ് വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ പ്രവർത്തനത്തിനായി തെരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളുടെ ഉദ്യമത്തിന് കോളേജിലെ അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണയും ഉണ്ട്.

ഒഴിവു സമയം വെറുതെ പാഴാക്കാതെ സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തങ്ങളെ ഇത്തരമൊരു സൊസൈറ്റി രൂപീകരിക്കുന്നതിലേക്കും പ്രവർത്തനങ്ങൾ നടത്തുന്നതിലേക്കും നയിച്ചതെന്ന് സൊസൈറ്റിയുടെ സെക്രട്ടറി കെടി ഷാദാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ലിൻസി വർഗീസ്, സുവൈദ്, മറിയം ഹാഷിം, മോഹൻരാജ്, മുനവർ, ഷമീമ് എന്നിവരാണ് വിദ്യാർത്ഥികളുടെ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP