Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റയാൻ ജീവിതത്തിനിടെ അവിചാരിതമായി മരണവും; ജിഷയുടെ അച്ഛൻ പാപ്പുവിന് ഇടിഞ്ഞ് വീഴാറായ വീട്ടിൽ കൂട്ടിനുണ്ടായിരുന്നത് ഏകാന്തത മാത്രം; ആഡംബരജീവിതത്തിനിടെ ഹോട്ടലുകളിൽ നൂറും ഇരുനൂറും ടിപ്പ് നൽകുന്ന ഭാര്യ രാജേശ്വരിയും പാപ്പുവിന് കൊടുത്തില്ല ഒറ്റ നാണയം പോലും; രോഗശയ്യയിലായപ്പോൾ വല്ലപ്പോഴും കാണാൻ വന്നിരുന്ന മൂത്ത മകൾ ദീപയും അവസാനനാളുകളിൽ തിരിഞ്ഞുനോക്കിയില്ല; അൽപമെങ്കിലും ആശ്വാസമെത്തിച്ചത് പാലിയേറ്റീവ് കെയർ പ്രവർത്തകർ മാത്രം

ഒറ്റയാൻ ജീവിതത്തിനിടെ അവിചാരിതമായി മരണവും; ജിഷയുടെ അച്ഛൻ പാപ്പുവിന് ഇടിഞ്ഞ് വീഴാറായ വീട്ടിൽ കൂട്ടിനുണ്ടായിരുന്നത് ഏകാന്തത മാത്രം; ആഡംബരജീവിതത്തിനിടെ ഹോട്ടലുകളിൽ നൂറും ഇരുനൂറും ടിപ്പ് നൽകുന്ന ഭാര്യ രാജേശ്വരിയും പാപ്പുവിന് കൊടുത്തില്ല ഒറ്റ നാണയം പോലും;  രോഗശയ്യയിലായപ്പോൾ വല്ലപ്പോഴും കാണാൻ വന്നിരുന്ന മൂത്ത മകൾ ദീപയും അവസാനനാളുകളിൽ തിരിഞ്ഞുനോക്കിയില്ല; അൽപമെങ്കിലും ആശ്വാസമെത്തിച്ചത് പാലിയേറ്റീവ് കെയർ പ്രവർത്തകർ മാത്രം

മറുനാടൻ മലയാളി ഡസ്‌ക്‌

പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ടതിന് മുമ്പും ശേഷവും രണ്ടുധ്രുവങ്ങളിലായിരുന്നു പിതാവ് പാപ്പുവിന്റെയും അമ്മ രാജേശ്വരിയുടെയും ജീവിതം. വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച പാപ്പുവിന്റെ ഒറ്റയാൻ ജീവിതം തികച്ചും ദുരിതപൂർണമായിരുന്നു.
ഓടക്കാലിക്കു സമീപം ചെറുകുന്നത്തുള്ള വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞ പാപ്പു അവസാനനാളുകളിൽ തീർത്തും ഒറ്റപ്പെട്ടു. രോഗശയ്യയിലായപ്പോഴും അമ്മയും മൂത്തമകളും തിരിഞ്ഞുനോക്കിയില്ല.

ജിഷയുടെ മരണത്തിന് ശേഷം കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും സർക്കാർ നൽകിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ സഹായവും കിട്ടി. എന്നാൽ ഇതിന്റെ ഒരുശതമാനം പോലും ജിഷയുടെ അച്ഛന് അമ്മയും മകളും നൽകിയില്ല. ആരുമില്ലാത്ത അവസ്ഥയിൽ രോഗവുമെത്തിയതോടെ പാപ്പു കിടപ്പിലായി. നല്ല ചികിൽസ നൽകാനോ ഏറ്റെടുക്കാനോ ആരും സന്നദ്ധരായുമില്ല.

മൂന്ന് മാസം മുമ്പ് വാഹനത്തിൽനിന്നു വീണു കാലിന് ഗുരുതരമായി പരുക്കേറ്റ പാപ്പു എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സംരക്ഷിക്കാനോ ഭക്ഷണം നൽകാനോ അരുമില്ലായിരുന്നു. ഇടിഞ്ഞുവീഴാറായ വീട്ടിൽ വെള്ളവും വെളിച്ചവും ഇല്ല. എഴുന്നേൽക്കാൻ കഴിയാത്തതിനാൽ മല മൂത്ര വിസർജനവും ഇരുളടഞ്ഞ മുറിയിലെ കട്ടിലിലായിരുന്നു. ദുരിതം നാട്ടുകാർ പറഞ്ഞു കേട്ട് അശമന്നൂർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തകരെത്തി ഇടയ്ക്ക് പരിചരിച്ചിരുന്നു.

മരിച്ച ശേഷം ജീഷയുടെ അമ്മയ്ക്ക് സർക്കാർ വീടുവച്ച് നൽകുകയും സഹോദരി ദീപയ്ക്ക് ജോലി നൽകുകയും ചെയ്തിരുന്നു. മകളുടെ പേരിൽ ലഭിച്ച അനുകൂല്യങ്ങളിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് തള്ളിപോയി. കേസിൽ സിബിഐ അന്വേഷണത്തിനും ശ്രമിച്ചു. ആരും സഹായിക്കാനില്ലാത്തതാണ് കോടതി നടപടികളിലും പാപ്പുവിന് വിനയായത്. ഏറെ നാളായി രാജേശ്വരിയുമായി അകന്നു കഴിയുകയാണ് പാപ്പു. കുടുംബവുമായി ബന്ധവുമുണ്ടായിരുന്നില്ല. മൂത്തമകൾ ഇടയ്ക്ക് ചെല്ലുമായിരുന്നെങ്കിലും അവസാനനാളുകളിൽ പാപ്പു തീർത്തും ഒറ്റപ്പെട്ടു.

ജിഷയുടെ മേൽവിലാസത്തിൽ ലഭിച്ച സഹായങ്ങൾ രാജേശ്വരി ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയാണന്നും പാപ്പു ആരോപിച്ചിരുന്നു. പിന്നീട് രാജേശ്വരിയും മകളും തമ്മിലെ തർക്കവും വാർത്തകളിലെത്തി.രാജേശ്വരി ആഡംബര ജീവിതം നയിക്കുകയാണെന്ന ആരോപണത്തിൽ കളമ്പുണ്ടെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സമ്പന്നതയുടെ മടിത്തട്ടിലേക്ക് വഴിമാറിയ രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടിയ 'സൗഭാഗ്യം' ആവോളം ആസ്വദിക്കുകയായിരുന്നു.ഇവരുടെ ആർഭാട ജീവിതത്തിന്റെ കഥ ഇന്ന് നാട്ടിലെ കൊച്ചുകുട്ടികൾക്കിടിയിൽ പോലും പാട്ടാണ്. ഇവരുടെ 'ടിപ്പ് 'നേരിൽ വാങ്ങാൻ മടിച്ച തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് സംരക്ഷണത്തിന് നിയോഗിച്ച പൊലീസുകാരി തുറന്നുപറഞ്ഞപ്പോൾ സഹപ്രവർത്തകർ പോലും അമ്പരന്നു.

കാറിലാണ് രാജേശ്വരിയുടെ സ്ഥിരം യാത്ര.പൊലീസുകാരികളുടെ സൗകര്യം കണക്കിലെടുത്താണ് കാർ യാത്രയെന്നാണ് ഇവർ പുറമേ പറയുന്നത്. താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകുന്ന സ്വഭാവമാണ് അടുത്ത കാലത്തായി രാജേശ്വരിയിൽ കാണുന്നത്. പണമില്ലാതെ ജീവിച്ച അവസ്ഥിൽ ആരും തങ്ങളെ മനുഷ്യരായിപ്പോലും കരുതിയില്ലെന്നും പണം കയ്യിലുള്ളപ്പോൾ ഇങ്ങിനെയൊക്കെ നടന്നാൽ നാട്ടുകാർ ബഹുമാനിക്കുമെന്നുള്ള ധാരണയായിരിക്കാം ആഡംബര ജീവിതത്തോടുള്ള മാതാവിന്റെ ഭ്രമത്തിന് കാരമമെന്നുമാണ് മകൾ ദീപയുടെ വിലയിരുത്തൽ.എന്തുവന്നാലും അമ്മ തോന്നും പോലെ ജീവിക്കു. ഇനി ആരെക്കൊണ്ടും അത് മാറ്റാൻ പറ്റുമെന്നും തോന്നുന്നില്ല.'ദീപ മറുനാടനോട് വ്യക്തമാക്കി.

ജിഷ കൊല്ലപ്പെട്ട ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ചികത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റിൽ സർക്കാർ പണിതുനൽകിയ കോൺക്രീറ്റ് വീട്ടിലേക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകൾ ദീപയും മകനും. ഇപ്പോൾ ഈ വീടിന് സൗകര്യം പോരെന്നാണ് ഇവരുടെ പ്രധാന പരാതി. തുണിയുണക്കാൻ സ്ഥലമില്ലന്നും ഒരുമുറി പൊലീസുകാരികൾ എടുത്തുവെന്നും അതിനാൽ വീടിന് സൗകര്യം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവർ ജില്ലാകളക്ടർക്ക് മുന്നിൽ എത്തിയിരുന്നു. സർക്കാർ നിർമ്മിച്ചുനൽകിയ രണ്ടുമുറിയും അടുക്കളയും ഹാളുമുള്ള കെട്ടിടത്തിൽ നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ജിവിതം ദുസ്സഹമാണെന്നാണ് രാജേശ്വരിയുടെ പരിദേവനം.

ജിഷകൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവർ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടർ രാജമാണിക്യം മുൻകൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ പലവകയിൽ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടൻ ജയറാം നൽകിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവർത്തകർ നൽകിയ രണ്ടരലക്ഷം രൂപയും സർക്കാർ അനുവദിച്ച പത്തുലക്ഷം രൂപയുമാണ്് ഈ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട വലിയതുകൾ. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ്ഗക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.വിവിധ സംഘടനകളും വ്യക്തികളും സംഭാവനയായി നൽകിയ തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.കെ പി സി സി പതിനഞ്ചുലക്ഷം രൂപ രാജേശ്വരിക്ക് കൈമാറിയിട്ടുണ്ട്.ഈ തുക പെരുമ്പാവൂർ അർബൻ ബാങ്ക് ശാഖയിലാണ് നിക്ഷേപിച്ചിട്ടുള്ളത്.രണ്ട് അക്കൗണ്ടുകളിലും നോമിനിയായി ദീപയുടെ പേരാണ് ചേർത്തിട്ടുള്ളത്.ഇതിന് പുറമേ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തീക സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തായ വിവരം.ഇതേക്കുറിച്ചുള്ള കൃത്യമായ കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല

അതേസമയം, ജിഷാവധക്കേസിൽ പലരും പാപ്പുവിനെ ഉപയോഗിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ജിഷ വധക്കേസിന്റെ നടത്തിപ്പിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത പലരും വഞ്ചിച്ചെന്ന് പാപ്പു തന്നെ ആരോപിച്ചിരുന്നു. പൊതു പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധൻ എന്നിവർ വഞ്ചിച്ചെന്നായിരുന്നുപാപ്പുവിന്റെ ആരോപണം.

കേസ് നടത്തിപ്പിന് സഹായം വാഗ്ദാനം ചെയ്താണ് ഇരുവരും അടുത്ത് കൂടിയത്. എന്നാൽ പിന്നീട് ഫോൺ വിളിച്ചാൽ പോലും പ്രതികരണമില്ലെന്നായിരുന്നു പാപ്പുവിന്റെ പരാതി. ഇതിനിടെ ജോമോൻ പുത്തൻ പുരയ്ക്കലിനെതിരെ പാപ്പു നൽകിയ ഹർജി പിൻവലിപ്പിക്കുകയും ചെയ്തു. ജിഷയുടെ പിതാവ് പ്രമുഖനായൊരു കോൺഗ്രസ് നേതാവാണെന്ന് പ്രചരിപ്പിച്ചത് അപകീർത്തിയുണ്ടാക്കി എന്ന് കാണിച്ചാണ് ജോമോനെതിരെ പാപ്പു രംഗത്ത് വരികയും ചെയ്തു.പി.എൻ വേലായുധന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തിയ ശേഷം ബിജെപി നേതാക്കളെ കാണാനില്ലെന്നും പാപ്പു പറഞ്ഞിരുന്നു. ഇതോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ വീട്ടിൽ തീർത്തും ഒറ്റയ്ക്കായി പാപ്പുവിന്റെ താമസം. സഹായികളെല്ലാം കൈവിട്ടതോടെ മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലായിരുന്നു.

പ്രായമായ തനിക്ക് സംരക്ഷണം നൽകേണ്ട ചുമതല ഭാര്യക്കും മകൾക്കുമുണ്ടെന്ന പാപ്പു അവകാശപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒറ്റയാൻ ജീവിതത്തിനിടെയാണ് ചെറുകുന്നത്ത് ഫാമിന് സമീപം പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അവസാനകാലത്തെങ്കിലും അൽപം സഹായം കുടുംബക്കാർ എത്തിച്ചിരുന്നെങ്കിൽ ഒരുമനുഷ്യജീവിയോടുള്ള കാരുണ്യമായി അത് കണക്കാക്കാമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP