Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നിത്തലയിൽ നിന്ന് മെമ്പർഷിപ്പ് വാങ്ങി സുബ്രഹ്മണ്യൻ; ഇടതും വലതും മാറി കളിക്കുന്ന സ്വതന്ത്രനെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ ലീഗും; പണികൊടുത്ത് അബ്ദുൽ നാസറിന്റെ അപ്രതീക്ഷിത മലക്കം മറിച്ചിൽ; ഇനിയെല്ലാം ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കും; തവനൂരിൽ പഞ്ചായത്ത് ആരു പിടിക്കുമെന്ന് അറിയാൻ കാത്തിരിക്കണം

ചെന്നിത്തലയിൽ നിന്ന് മെമ്പർഷിപ്പ് വാങ്ങി സുബ്രഹ്മണ്യൻ; ഇടതും വലതും മാറി കളിക്കുന്ന സ്വതന്ത്രനെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ ലീഗും; പണികൊടുത്ത് അബ്ദുൽ നാസറിന്റെ അപ്രതീക്ഷിത മലക്കം മറിച്ചിൽ; ഇനിയെല്ലാം ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കും; തവനൂരിൽ പഞ്ചായത്ത് ആരു പിടിക്കുമെന്ന് അറിയാൻ കാത്തിരിക്കണം

എംപി റാഫി

മലപ്പുറം: എൽ.ഡി.എഫ് പ്രസിഡന്റായിരുന്ന സ്വതന്ത്രൻ കെ.പി സുബ്രഹ്മണ്യൻ കോൺഗ്രസ് മെമ്പർഷിപ്പ് എടുത്തതിനു പിന്നാലെ തവനൂർ പഞ്ചായത്തിൽ വീണ്ടും നാടകീയ സംഭവങ്ങൾ. സുബ്രഹ്മണ്യനെ വീണ്ടും പ്രസിഡന്റാക്കുന്നതിനെതിരെ മുസ്ലിം ലീഗിന്റെ ഒരംഗം രാജിവെച്ചതോടെയാണ് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമുള്ള തവനൂരിൽ വീണ്ടും ഭരണമാറ്റക്കഥയ്ക്ക് ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. വാർഡ് എട്ടിലെ മുസ്ലിംലീഗ് മെമ്പർ അബ്ദുൽ നാസറാണ് രാജിവെച്ചത്. ഇതോടെ കുരട വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമെ ത്രിശങ്കുവിലായ പഞ്ചായത്ത് ഭരണം ഇനി ആർക്കെന്ന് വ്യക്തമാകുകയുള്ളൂ.

ഭരണത്തിലിരുന്ന യു.ഡി.എഫിനെ പിന്തള്ളി എൽ.ഡി.എഫിനൊപ്പം ചേർന്ന സുബ്രഹ്മണ്യനെ വീണ്ടും യു.ഡി.എഫിനൊപ്പം ചേർത്തതിൽ പ്രതിഷേധിച്ചാണ് എട്ടാം വാർഡിൽ നിന്നുള്ള അബ്ദുൽ നാസർ രാജിവച്ചത്. ആറ് സീറ്റുകളുള്ള മുസ്ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നൽകാതെ വീണ്ടും സുബ്രഹ്മണ്യനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നാസർ പറഞ്ഞു. 19 സീറ്റുകളുള്ള തവനൂർ പഞ്ചായത്തിൽ നേരത്തെ ഇരു മുന്നണികൾക്കും ഒൻപതു വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഏഴാം വാർഡിൽ നിന്നുള്ള സ്വതന്ത്രൻ കെ.പി സുബ്രഹ്മണ്യന്റെ പിന്തുണയോടെ യു.ഡി.എഫും എൽ.ഡി.എഫും മാറി മാറി അധികാരം പിടിക്കുകയായിരുന്നു. സ്വതന്ത്രൻ സുബ്രഹ്മണ്യൻ കോൺഗ്രസിൽ ചേരുകയും ഇപ്പോൾ അബ്ദുൽനാസർ രാജി വെയ്ക്കുകയും ചെയ്തതോടെ തവനൂർ പഞ്ചായത്തിൽ ഇരുമുന്നണികളും ഒൻപതുവീതം സീറ്റോടെ വീണ്ടും ഒപ്പത്തിനൊപ്പമായി. അതായത് പഴയ സ്ഥിതിയിലേക്ക് മാറുന്നതോടൊപ്പം ഭരണം ആർക്കും കിട്ടാത്ത അവസ്ഥയുമുണ്ടായി.

കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിംലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ ബോർഡ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലെത്തിയ യു.ഡി.എഫിനെ അവഗണിച്ച് എൽ.ഡി.ഫിനൊപ്പം ചേർന്ന കെ.പി സുബ്രഹ്മണ്യനെ വീണ്ടും പിന്തുണക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ മുസ്ലിംലീഗിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് വരികയായിരുന്നു. യു.ഡി.എഫിന് ഭരണം നഷ്ടമാകുന്ന മുസ്ലിംലീഗ് കമ്മിറ്റി സുബ്രഹ്മണ്യനെ പ്രസിഡന്റാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയി. ഇതോടെ പിപി അബ്ദുൽ നാസർ രാജി സമർപ്പിച്ചു.

തുടർന്ന് മുസ്ലിംലീഗിലെ വിഭാഗീയതയ്ക്ക് മൂർഛകൂടി. വിഭാഗീയത രൂക്ഷമായതിനു പിന്നാലെ ലീഗിൽ കൂട്ടരാജിയുമുണ്ടായി. തവനൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ലത്തീഫ് അയങ്കലം, പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് പി.എസ് ശിഹാബ് തങ്ങൾ, പ്രാദേശിക നേതാവ് താഹിർ വെള്ളാഞ്ചേരി എന്നിവരാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. അതേസമയം, പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് അബ്ദുൽനാസർ രാജിവെച്ചതെന്നും രാജിക്കു പിന്നിൽ സി.പി.എം നേതാക്കളുടെ സ്വാധീനമുണ്ടെന്നും ലീഗിലെ ഒരു വിഭാഗം ആരോപിച്ചു.

ഇതിനിടെ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യനെതിരെ ഭരണപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. സുബ്രഹ്മണ്യൻ വികസന പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയം. എന്നാൽ ചർച്ചെക്കെടുത്തെങ്കിലും പ്രസിഡന്റും യു.ഡി.എഫ് അംഗങ്ങളും പങ്കെടുത്തില്ല. ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം തള്ളുകയും ചെയ്തു. ആര് ഭരിച്ചാലും സുബ്രഹ്മണ്യന് പ്രസിഡന്റ് സ്ഥാനം ഉറപ്പായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതോടെ മൂന്നാം തവണയും ഭരണ മാറ്റത്തിന് കളമൊരുങ്ങുകയായിരുന്നു. പക്ഷെ, സുബ്രഹ്മണ്യന് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെന്ന് മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് വരെ ഭരണം തന്നെ ട്വീസ്റ്റിലൂടെ നിലച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP