Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈക്കോടതിയുടെ വിധിന്യായം വന്ന ശേഷമേ രാജിയുള്ളൂ? കോടതി വിധി പരിശോധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് പ്രഖ്യാപിച്ച് തോമസ് ചാണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ; തോമസ് ചാണ്ടിക്ക് വീണ്ടും ആയുസ് നീട്ടിക്കിട്ടി; മന്ത്രിസഭാ യോഗത്തിലും ഗതാഗതമന്ത്രി പങ്കെടുക്കും; സിപിഐ മന്ത്രിമാർക്കിടയിൽ അതൃപ്തി ശക്തം; കൈയേറ്റക്കേസിൽ സി.പി.എം ഇപ്പോഴും തോമസ് ചാണ്ടിക്കൊപ്പമോ?

ഹൈക്കോടതിയുടെ വിധിന്യായം വന്ന ശേഷമേ രാജിയുള്ളൂ? കോടതി വിധി പരിശോധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് പ്രഖ്യാപിച്ച് തോമസ് ചാണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ; തോമസ് ചാണ്ടിക്ക് വീണ്ടും ആയുസ് നീട്ടിക്കിട്ടി; മന്ത്രിസഭാ യോഗത്തിലും ഗതാഗതമന്ത്രി പങ്കെടുക്കും; സിപിഐ മന്ത്രിമാർക്കിടയിൽ അതൃപ്തി ശക്തം; കൈയേറ്റക്കേസിൽ സി.പി.എം ഇപ്പോഴും തോമസ് ചാണ്ടിക്കൊപ്പമോ?

തിരുവനന്തപുരം: ഭൂമികൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനമേറ്റുവാങ്ങേണ്ടിവന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പ് രാവിലെ എട്ട് മണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എൻ.സിപി നേതാക്കളും മന്ത്രിയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു. രാവിലെ എട്ടുമണിക്ക് കാണണമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പറഞ്ഞാൽ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ മാറി നിൽക്കുമെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി വിധിന്യായം പുറത്തു വരുന്നത് വരെ കാത്തിരിക്കാനായിരുന്നു മുഖ്യമന്ത്രി നൽകിയ ഉപദേശം.

ഹൈക്കോടതി വിധി തോമസ് ചാണ്ടിക്ക് പൂർണ്ണമായും എതിരാണെങ്കിൽ മാത്രം രാജി മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ തോമസ് ചാണ്ടി സെക്രട്ടറിയേറ്റിലെത്തിയത്. കോടതിയുടെ വെർഡിറ്റ് വരുമ്പോൾ മുഖ്യമന്ത്രി തീരുമാനിക്കും. മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും-മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്. മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല.

ഹൈക്കോടതിയിൽനിന്ന് വിധിപ്പകർപ്പ് ലഭിച്ചശേഷം വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ഗതാഗത മന്ത്രി തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റിയിരുന്നു. കോടതി വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ നിലപാട് ആരായും. മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കും. ഒഴിയേണ്ടി വന്നാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി അറിയിച്ചു. ഇതോടെ തോമസ് ചാണ്ടി ഇന്ന് രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്ന തോമസ് ചാണ്ടിയുടെ വാക്കുകൾ ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിലെ ചർച്ചകളിലേക്ക് ശ്രദ്ധകളെത്തിയത്. എന്നാൽ പ്രതീക്ഷിച്ച തീരുമാനം ഉണ്ടായതുമില്ല. മുഖ്യമന്ത്രിയുടെ നിലപാട് തോമസ് ചാണ്ടിക്ക് അനുകൂലമായതായിരുന്നു ഇതിന് കാരണം.

കോടതി വിധി കൈയിൽ കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. കോടതി വിധി തനിക്ക് പ്രതികൂലമല്ല. വിധിപ്പകർപ്പ് ലഭിക്കുമ്പോൾ കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കിൽ രാജിവെക്കും - അദ്ദേഹം പറഞ്ഞു. കോടതി പരാമർശം വിധിയായി കാണാനാവില്ല. തനിക്കുണ്ടായിരുന്ന തൊണ്ണൂറ് ശതമാനം പ്രശ്നങ്ങളും ഇപ്പോൾ പരിഹരിക്കപ്പെട്ടു. കോടതിയുടെ പരാമർശങ്ങൾക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടാണ് മുഖ്യമന്ത്രിക്ക് മുമ്പിലും തോമസ് ചാണ്ടി അവതരിപ്പിച്ചത്. ഇതിനിടെ ശശീന്ദ്രൻ കുറ്റവിമുക്തനായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് രാജി നീട്ടിയെടുക്കുന്നതെന്നും സൂചനയുണ്ട്.

ഹണിട്രാപ്പ് കേസും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എകെ ശശീന്ദ്രനെതിരായ പരാതി പിൻവലിക്കുകയാണെന്ന മംഗളത്തിലെ മാധ്യമ പ്രവർത്തകയുടെ ഹർജിയിൽ ശശീന്ദ്രന് അനുകൂലമായ തീരുമാനം ഹൈക്കോടതി എടുക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കുറ്റവിമുക്തിയുമായി ശശീന്ദ്രൻ മന്ത്രിയാകാനും സാധ്യതയുണ്ട്. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങളുണ്ടായിരുന്നു. ഭൂമി കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് ഹർജി തള്ളുകയും ചെയ്തിരുന്നു.

ഭൂമി കൈയേറ്റത്തിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ഇരട്ടപ്രഹരമാണുണ്ടായത്. തോമസ് ചാണ്ടിയുടെ ഹർജി തള്ളിയതിന് പുറമെ രാജി അനിവാര്യമാണെന്ന പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി. മന്ത്രി ഭരണ സംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചു. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ഡിവിഷൻ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്. ബെഞ്ചിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റീസ് പി.എൻ രവീന്ദ്രൻ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മന്ത്രിക്ക് ജില്ലാ കലക്ടറുടെ അടുത്തതന്നെ പരാതി ഉന്നയിച്ച് പരിഹാരം നേടാം. മന്ത്രിക്കെതിരെ നേരിട്ട് ആക്ഷേപമില്ല. രണ്ടിടത്ത് പരാമർശം മാത്രമാണുള്ളത്. അത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ മാറ്റാമെന്നും ജസ്റ്റീസ് രവീന്ദ്രൻ വ്യക്തമാക്കി.

തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. തോമസ് ചാണ്ടി ദന്ത ഗോപുരത്തിൽനിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സർക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സർക്കാർ ഹർജ്ജിയെ എതിർക്കുന്നന്നത്. മന്ത്രി എന്ന നിലയിൽ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. എന്നാൽ ഹർജി പിൻവലിക്കുന്നില്ല എന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP