Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാരും അയ്യപ്പനും കണ്ടില്ല: പോഷകാഹാരക്കുറവും കൊടുംതണുപ്പും കാരണം ശബരിമല പൂങ്കാവനത്തിൽ ആദിവാസി യുവതിയുടെ നവജാത ശിശു മരിച്ചു: വാർത്ത പുറത്തു വരുന്നത് തടയാൻ അധികൃതരുടെ വിഫലശ്രമം

സർക്കാരും അയ്യപ്പനും കണ്ടില്ല: പോഷകാഹാരക്കുറവും കൊടുംതണുപ്പും കാരണം ശബരിമല പൂങ്കാവനത്തിൽ ആദിവാസി യുവതിയുടെ നവജാത ശിശു മരിച്ചു: വാർത്ത പുറത്തു വരുന്നത് തടയാൻ അധികൃതരുടെ വിഫലശ്രമം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആ നിലവിളി അയ്യപ്പ സ്വാമിയും കേട്ടില്ല, ആദിവാസികൾക്ക് വേണ്ടി ക്ഷേമപദ്ധതികൾ വാരിക്കോരി കൊടുക്കുമെന്ന് പറയുന്ന സർക്കാർ വകുപ്പുകളും കേട്ടില്ല. കൊടുംവനത്തിൽ പട്ടിണിയും പോഷകാഹാരക്കുറവും കൊടുംതണുപ്പും ബാധിച്ച് ആദിവാസി യുവതിയുടെ നവജാത ശിശു മരിച്ചു. താമസിച്ചിരുന്ന താൽകാലിക ഷെഡിന് അടിയിൽ മൃതദേഹം ഉപേക്ഷിച്ച് ആദിവാസി ദമ്പതികൾ ഉൾക്കാട് കയറി. ദിവസങ്ങൾക്ക് ശേഷം പുറംലോകം നടുക്കുന്ന വാർത്തയറിഞ്ഞു. ആദിവാസി കുടുംബത്തെ കണ്ടെത്തുന്നതിന് പകരം,അധികാരി വർഗം വാർത്ത പടരുന്നത് തടയാനാണ് ശ്രമിച്ചത്.

കൊടും വനത്തിൽ നിന്നും പുറംലോകത്തെത്തിയവരാണ് നവജാത ശിശുവിന്റെ മരണ വിവരം ചിലരോടു പറഞ്ഞത്.ചാലക്കയം ടോൾ ഗേറ്റിനു സമീപം കുറച്ചു നാൾ മുമ്പു താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽ പെട്ട ആദിവാസികുടുംബത്തിലെ യുവതിക്കാണ് പ്രസവിച്ച് ദിവസങ്ങൾക്കകം കുഞ്ഞിനെ നഷ്ടമായത്. ആദിവാസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതടക്കമുള്ള പദ്ധതികൾ നടപ്പാക്കാൻ പട്ടിക വർഗ വകുപ്പും മറ്റും നടപടി സ്വീകരിച്ചതോടെ ഇതിനോടു താൽപര്യമില്ലാതെ കൊടും വനത്തിലേക്കു താമസം മാറ്റിയ ഭവാനി എന്ന ആദിവാസി സ്ത്രീയുടെ മകൾ മഞ്ജുവാണ് കുഞ്ഞിനു ജന്മം നൽകിയത്.

ചാലക്കയയം ടോൾ ഗേറ്റ് ഭാഗത്തു നിന്നും മൂന്നു കിലോമീറ്റർ അകലെ ഇറച്ചിപ്പാറ എന്ന സ്ഥലത്തേക്കായിരുന്നു മഞ്ജുവും ഭർത്താവ് ഭാസ്‌കരനും അടങ്ങുന്ന കുടുംബം താമസം മാറ്റിയത്. ചെന്നെത്താൻ പോലും ദുഷ്‌കരമായ കൊടും കാടിനുള്ളിൽ കഴിഞ്ഞ മഞ്ജു കഴിഞ്ഞ ആറിനാണ് പെൺകുഞ്ഞിനു ജന്മം നൽകിയതെന്ന് പറയുന്നു. കനത്ത മഴ പെയ്തിരുന്ന കഴിഞ്ഞ ആഴ്ചകളിൽ വനത്തിലെ ഷെഡിൽ പുതപ്പിക്കാൻ തുണി പോലും ഇല്ലാതെ കഴിഞ്ഞ കുഞ്ഞ് കടുത്ത തണുപ്പും പോഷകാഹാരക്കുറവും മൂലം മരണപ്പെടുകയായിരുന്നുവെന്നു പറയുന്നു.

കുഞ്ഞ് മരിച്ചത് എന്നാണെന്ന് വ്യക്തമല്ല. ആചാര പ്രകാരം കുഞ്ഞിന്റെ മൃതദേഹം തങ്ങൾ താമസിച്ചിരുന്ന ഷെഡിനുള്ളിലെ തറയിൽ വച്ച് അതിനു മുകളിലേക്ക് ഷെഡ് മറിച്ചിട്ട ശേഷം കുടുംബം മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റിയതായി പറയുന്നു. പുറംലോകത്ത് എത്തിയ ചില ആദിവാസികളാണ് നവജാത ശിശു മരണപ്പെട്ട വിവരം പറയുന്നത്. ഇതിനെ തുടർന്ന് എസ്ടി പ്രമോട്ടറും ആരോഗ്യ വകുപ്പു പ്രതിനിധികളും വിവരം അന്വേഷിച്ച് പോയിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തി പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾ സ്വീകരിക്കാനോ മരണ കാരണം കണ്ടെത്താനോ ആരും തയാറായിട്ടില്ല.

പ്രസവിച്ച യുവതിയുടെ പ്രായം സംബന്ധിച്ചും നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ടും ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും പുറം ലോകവുമായി ബന്ധമില്ലാതെ കൊടും വനത്തിൽ കഴിയുന്നവരെപ്പറ്റി ആയതിനാൽ ഇത്തരം പ്രചരണങ്ങൾക്ക് ഒരു സ്ഥിരീകരണവുമില്ല. ളാഹ മുതലുള്ള അയ്യപ്പന്റെ പൂങ്കാവനത്തിൽ ആകെ 47 കുടുംബങ്ങളിലായി 209 ആദിവാസികളായിരുന്നു കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും പ്രായം കൂടിയ ആദിവാസി സ്ത്രീ കല്യാണിയും മറ്റൊരാളും ഒരു വർഷത്തിനിടിയിൽ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരെ സംരക്ഷിക്കാനും അവരുടെ കാര്യങ്ങൾ മനസിലാക്കാനും പോലും ഇവിടെ അധികൃതർ തയാറല്ലെന്നതാണ് യാഥാർഥ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP