Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും പുണ്യനാളുകൾ; കാനന വാസനെ കാണാൻ ശബരിമലയിലേക്ക് എത്തുന്ന ഭക്തജനപ്രവാഹം; വീണ്ടുമൊരു ഒരു വൃശ്ചിക പുലരി കൂടി ആഗതമാകുമ്പോൾ

ഇനി വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും പുണ്യനാളുകൾ; കാനന വാസനെ കാണാൻ ശബരിമലയിലേക്ക് എത്തുന്ന ഭക്തജനപ്രവാഹം; വീണ്ടുമൊരു ഒരു വൃശ്ചിക പുലരി കൂടി ആഗതമാകുമ്പോൾ

വൃശ്ചിക രാത്രിതൻ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തലൊരുക്കി...

ശ്രവണ സുന്ദരമായ ഈ ഗാനം എന്നെ പ്പോലെ നിങ്ങൾക്കും ഓർമ്മയില്ലേ? ഒരിക്കൽക്കൂടി വൃശ്ചിക മാസം വന്നെത്തിയിരിക്കുന്നു... കുളിർമഞ്ഞു പെയ്യുന്ന വൃശ്ചിക പുലരികളും അസ്തമയ സൂര്യൻ ചെഞ്ചായം പൂശുന്ന, നാമജപങ്ങൾ ഉയർന്നു കേൾക്കുന്ന വൃശ്ചിക സന്ധ്യകളും... നമ്മുടെ ഹൃദയങ്ങളിലും കുളിർമ്മ പരത്തുന്നു... ദൈവീകത നിറക്കുന്നു...

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി വെളുപ്പിനെ എണീറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി നിൽക്കൽ ഒരു ശീലമായിട്ടുണ്ട്. മഞ്ഞിൽ കുളിച്ച നേർത്ത വെളിച്ചത്തിൽ ഇലകളേം,മരങ്ങളേം,ഒക്കെ കാണുമ്പോൾ ഒരു സുഖം മനസ്സിനും,ശരീരത്തിനും.....നാട്ടിലെ എന്റെ ജനാലക്കപ്പുറത്ത് ഞാൻ നോക്കി നിന്നിട്ടുള്ള എനിക്കിഷ്ടമുള്ള ചെമ്പക മരം ഇവിടെ ഇല്ല... മന്ദാരവും,നന്ത്യാർവട്ടവും ഇല്ല ..... മൈലാഞ്ചിയും ..കൂവളവും കാണാനില്ല ...

ഗന്ധരാജനെ മാത്രം എനിക്ക് കാണാം പിന്നെ കുറച്ചു അരളി പൂക്കളെയും ....എത്ര വശ്യതകൾ ആയിരുന്നു ആ ചെടികൾക്കും പച്ചപ്പിനും ....ചെമ്പകത്തിന്റെ ഇലകൾക്കും കൂടി ഒരു മനോഹര മൃദുവായ സുഗന്ധമുണ്ടായിരുന്നു .എന്നെ മോഹിപ്പിക്കുന്ന മണം.,,, ജനിച്ച മണ്ണിനെ ഓർമ്മിപ്പിക്കുന്ന ഒരു നനുത്ത ഓർമ്മ....

മന്ദാരത്തിന്റെ നിഷ്‌കളങ്കതയും,നന്ത്യാർവട്ടത്തിന്റെ പരിശുദ്ധിയുള്ള മണവും,ഗന്ധരാജന്റെ പ്രണയം നിറഞ്ഞ നിൽപ്പും ഒക്കെ കണ്ണിനു സൗന്ദര്യമുണ്ടാക്കുന്ന കാഴ്ചകൾ ആണ്.അന്നും ഇന്നും... ഓർമകളിൽ തങ്ങി നിൽക്കുന്ന മറ്റൊന്നാണ് വൃശ്ചിക മാസത്തിലെ കാറ്റ്. ആർക്കാണ് അത് മറക്കാൻ കഴിയുക. ആ ഒരു തലോടൽ നമ്മുടെ ശരീരത്തെ മാത്രമല്ല മനസ്സിനെപ്പോലും ഊഞ്ഞാൽ ആട്ടുന്നു.

ആഹ്‌ളാദ ത്തോട് കൂടി ആടി ഉലയുന്ന മരങ്ങൾക്കിടയിൽ നിഷ്‌കളങ്കമായ കുട്ടികളുടെ കയ്യടി പോലെ തമ്മിൽ കൂട്ടിയടിച്ചു ശബ്ദം ഉണ്ടാക്കുന്ന തെങ്ങിൻ ഓലകൾ, കലപില കൂട്ടുന്ന മാവിൽ ഇലകൾ, കളകള നാദം പൊഴിക്കുന്ന ആലിലകൾ, അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന കവുങ്ങ് മരങ്ങൾ, നൂൽ പൊട്ടിയ പട്ടം കണക്കെ ദിശ മാറി ആ കാറ്റിൽ പാറി പറക്കുന്ന പക്ഷികൾ, കാറ്റിന്റെ ഈ മൂളിച്ചയിൽ അന്തം വിട്ടു കുഞ്ഞുങ്ങളെ മാടി വിളിക്കുന്ന തള്ളകോഴി, കിങ്ങിണി കെട്ടി തൊടിയിൽ ഓടി നടക്കുന്ന കിടാവിനെ രണ്ടു ചെവിയും കൂർപ്പിച്ചു കൊണ്ട് തിരികെ വിളിക്കുന്ന അമ്മപശു....അങ്ങനെ ഒരുപാട് പ്രകൃതിയുടെ മായാത്ത വിസ്മയങ്ങൾ, ആ കാറ്റിൻ മാസം നമ്മുക്ക് സമ്മാനിക്കുന്നു. തീർച്ചയായും ഗൃഹാതുരത്വത്തിന്റെ ഒരു പാട് നേർത്ത ഓർമ്മകൾ ...

പ്രവാസ ജീവിതത്തിൽ ഒരു മരുപച്ചയായ് മനസ്സിൽനിന്നു ഒരിക്കലും മായാതെ, എല്ലാം നിറമുള്ള, മണമുള്ള ഓർമ്മകൾ... വെറും ഓർമ്മകൾ മാത്രം.... ഓർമകൾക്ക് എന്ത് സുഗന്ധം... ഹൈന്ദവ സഹോദരങ്ങൾക്ക് വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായിരിക്കുന്നു . കുളിർ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയിൽ ശരണ മന്ത്ര ധ്വനികൾ ഉയർന്നു കേൾക്കാൻ തുടങ്ങി. വൃതാനുഷ്ടാനങ്ങളിലൂടെ ആത്മ ശുധ്ധീകരനത്ത്തിന്റെ പവിത്രമായ 41 നാളുകൾക്കു ശുഭാരംഭം ശരണ മന്ത്ര ധ്വനികൾ അന്തരീക്ഷത്തിൽ അലയടിക്കുകയായി...

എന്റെ നാട്ടിലെ വൃശ്ചിക പുലരിയെ കുറിച്ച് എഴുതുമ്പോൾ ഞാൻ പ്രത്യേകം ഓർമ്മിക്കേണ്ട ഒന്ന് വൃശ്ചിക പുലരിയിൽ കാനന വാസനെ തൊഴാനാൻ ശബരിമലയിലേക്ക് ഉള്ള അയ്യപ്പ ഭക്തജനപ്രവാഹം തന്നെ യാണ് . എന്റെ അടുത്ത പട്ടണം ആയ മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയിൽ പേട്ടതുള്ളി വാവരുസ്വാമിയെയും ദർശിച്ച് വൃശ്ചിക പുലരിയിൽ മല ചവിട്ടാൻ നിരവധി ഭക്തർ എരുമേലിയിൽ എത്തുന്നു എരുമേലിയുടെ മുഖഛായ മാറുകയാണ്. ഇനി രണ്ടുമാസക്കാലം ഉറക്കമില്ലാത്ത ദിനങ്ങളാണ്. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീഷമായിരിക്കും എരുമേലിയുടേത്. ചായക്കൂട്ടുകളും ശരക്കോലുകളുമായി ഭക്തരെ കാത്തിരിക്കുന്ന കച്ചവടക്കാരും തമിഴ്‌നാട്ടിൽ നിന്നും മറ്റും വന്ന വാദ്യമേളക്കാരും ഉൾപ്പെടെയുള്ളവർ എപ്പോഴും ഉണർന്നിരിക്കുന്ന ദിനങ്ങളാവും ഇനി ഉണ്ടാവുക...

ശരക്കോലു നിർമ്മാണവും ഛായക്കൂട്ടുകളുടെ നിർമ്മാണവും പാണലില ശേഖരണവും ഉൾപ്പെടെ പേട്ടതുള്ളലിനാവശ്യമായ സാമഗ്രഹികൾ ഒരുക്കുന്ന പ്രദേശവാസികൾക്കും വിശ്രമമില്ലാ ദിനങ്ങളാണ്... വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും പുണ്യ നാളുകളിലൂടെ കടന്നു പോകുന്ന എന്റെ എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും പ്രാർത്ഥനകൾ ... 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP