Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എരുമേലി കൊച്ചമ്പലം മുതൽ സന്നിധാനം വരെ ത്രിമാന ദൃശ്യമികവിൽ കാണാം; സ്വകാര്യ വെബ്‌സൈറ്റിൽ ദൃശ്യങ്ങൾ എത്തിയത് സൈബർ ഡോമിലൂടെയോ? ശബരിമലയുടെ മുക്കും മൂലയും പുറംലോകത്ത് എത്തിയ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ; കാനനക്ഷേത്രത്തിലെ സുരക്ഷാ ഓഡിറ്റിംഗിന്റെ മറവിലെ സ്വാകാര്യ ഇടപെടൽ അന്വേഷണത്തിൽ

എരുമേലി കൊച്ചമ്പലം മുതൽ സന്നിധാനം വരെ ത്രിമാന ദൃശ്യമികവിൽ കാണാം; സ്വകാര്യ വെബ്‌സൈറ്റിൽ ദൃശ്യങ്ങൾ എത്തിയത് സൈബർ ഡോമിലൂടെയോ? ശബരിമലയുടെ മുക്കും മൂലയും പുറംലോകത്ത് എത്തിയ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ; കാനനക്ഷേത്രത്തിലെ സുരക്ഷാ ഓഡിറ്റിംഗിന്റെ മറവിലെ സ്വാകാര്യ ഇടപെടൽ അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ 360 ഡിഗ്രിയിൽ ചിത്രീകരിക്കുന്ന ചിത്രങ്ങൾ സ്വകാര്യ വെബ് സൈറ്റിലൂടെ പുറത്ത്. എരുമേലി കൊച്ചമ്പലം മുതൽ സന്നിധാനം വരെയുള്ള ഭാഗത്തെ ചിത്രങ്ങൾ പുറത്തായത് വൻ സുരക്ഷാഭീഷണി ഉയർത്തുന്നു. മംഗളമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശബരിമലയിൽ സനിൽ അടൂരാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. തീർത്ഥാടനകാലത്തിന് മുമ്പ് അതീവ സുരക്ഷാ മേഖലയിലെ സൈബർ ഡോമിന്റെ ത്രിഡിയിലെ ചിത്രം പകർത്തൽ വിവാദമായിരുന്നു. ഈ ദൃശ്യങ്ങളാണോ പുറത്തുവന്നതെന്ന് ഇനിയും വ്യക്തമല്ല.

കഴിഞ്ഞ തീർത്ഥാടന കാലത്ത് സമാന രീതിയിൽ സന്നിധാനത്തെ ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിച്ചിരുന്നു. സുരക്ഷാ ഏജൻസികൾ പ്രശ്നം ഗൗരവത്തിലെടുത്തിലെടുത്തതോടെ ഈ ദൃശ്യങ്ങൾ പിൻവലിച്ചെങ്കിലും പൊലീസ് കേസെടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളെക്കാൾ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് 360 ഡിഗ്രിയിൽ ചിത്രീകരിച്ചിരിക്കുന്ന പനോരമ ചിത്രങ്ങൾ. ഭീകരാക്രമണങ്ങൾക്കു പദ്ധതി തയാറാക്കാൻ ഇത്തരം പനോരമ ചിത്രങ്ങൾ ഭീകരർ ഉപയോഗിക്കാറുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ശബരിമലയിലെ പനോരമ ചിത്രങ്ങൾ വെബ് സൈറ്റിലൂടെ പുറത്തായത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നതെന്ന് മംഗളം പറയുന്നു.

എരുമേലി പട്ടണം, എരുമേലി കൊച്ചമ്പലം, പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ക്ഷേത്രം, പതിനെട്ടാംപടി, മാളികപ്പുറം ക്ഷേത്രം, പരിസരം, നാഗരാജ ക്ഷേത്രം, ഭസ്മക്കുളം, നടപ്പന്തൽ തുടങ്ങി ഇരുപതു സ്ഥലങ്ങളുടെയും സന്നിധാനത്തിന്റെ രാത്രിക്കാഴ്ചയുടെ ചിത്രങ്ങളുമാണ് ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും കാണാൻ കഴിയുന്ന രീതിയിൽ നൽകിയിരിക്കുന്നത്. കേന്ദ്രസേനയുടെ വിന്യാസത്തിന്റെ സ്വഭാവം, ആഴിയുടെ സ്ഥാനം എന്നിവയും നടപ്പന്തൽ മുഴുവനും സന്നിധാനത്തെ വിദൂര ദൃശ്യങ്ങളും കാണാൻ കഴിയും. പതിനെട്ടാംപടിക്ക് മുന്നിലെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതും സമീപത്തായി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ നിൽക്കുന്നതും ചിത്രത്തിലുണ്ട്. ഈ ഉദ്യോഗസ്ഥനോടൊപ്പം മറ്റൊരാളും ഉണ്ടെന്നതൊഴിച്ചാൽ സന്നിധാനവും പരിസരവും വിജനമാണ്.

പതിനെട്ടാംപടിക്ക് മുകളിലെ മേൽപ്പുരയിൽ പൂമാലകൾ കെട്ടിത്തൂക്കിയിരിക്കുന്നതും കാണാം. വാട്ട്സ്ആപ്പിലും ഈ ചിത്രം കാണാനുള്ള ലിങ്ക് പ്രചരിക്കുന്നുണ്ട്. വെബ്‌സൈറ്റ് വിലാസത്തിൽ വിരലമർത്തിയാൽ ആദ്യം ദൃശ്യമാകുന്നത് അയ്യപ്പന്റെ ഫോട്ടോയും തുടർന്ന് എരുമേലിയുടെ ആകാശദ്യശ്യങ്ങളും പേട്ട ശ്രീധർമശാസ്താ ക്ഷേത്രവുമാണ്. തുടർന്ന് ഏത് സ്ഥലത്തെ ദൃശ്യമാണ് കാണേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഉണ്ട്. പമ്പ മുതൽ സന്നിധാനം വരെയുള്ള പാത, ക്ഷേത്രങ്ങൾ, തന്ത്രപ്രധാന മേഖലകൾ എന്നിവ കാണാൻ കഴിയും. നട തുറന്നിരിക്കുന്ന സമയത്തെയും നടയടച്ചിരിക്കുന്ന സമയത്തെയും ചിത്രങ്ങളാണുള്ളത്.

ഈ തീർത്ഥാടന കാലത്തിന് തൊട്ടുമുമ്പ് കേരളാ പൊലീസും സ്വകാര്യ ഐടി വിദഗ്ധരുമടങ്ങുന്ന െസെബർ ഡോം ശബരിമലയുടെ ത്രിമാന ചിത്രം ഉപയോഗിച്ച് സുരക്ഷാ ഓഡിറ്റിങ് നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും തത്സമയ ദൃശ്യങ്ങൾ വെബ് സൈറ്റിൽ നൽകിയത് സർക്കാർ ഇടപെട്ടാണു പിൻവലിച്ചത്. കമ്പ്യൂട്ടർ രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ കൂടി ഉൾക്കൊള്ളുന്നതാണ് സൈബർ ഡോം. ഈ നിലയ്ക്ക് ഡോമിന്റെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നു. പുറത്തു നിന്നുള്ളവർ കൂടി അടങ്ങുന്ന സൈബർ ഡോം ശബരിമല സന്നിധാനത്തിന്റെ ത്രിമാനദൃശ്യങ്ങൾ സുരക്ഷാ ഓഡിറ്റിങ്ങിന്റെ പേരിൽ പകർത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നതിനിടെയാണ് സമാന സ്വഭാവമുള്ള ദൃശ്യങ്ങൾ വെബ്‌സൈറ്റിലെത്തുന്നത്.

സൈബർ മേഖലയിലെ ചതിക്കുഴികൾ കണ്ടെത്തുകയാണ് സൈബർ ഡോമിന്റെ ഉത്തരവാദിത്തം. സൈബർ ക്രൈമിൽ പൊലീസിനെ സഹായിക്കേണ്ട ഏജൻസി. ഇവർക്ക് മറ്റ് സുരക്ഷാ ഇടപെടലുകൾ നടത്തി പരിചയവുമില്ല. അതുകൊണ്ട് കൂടിയാണ് ശബരിമലയിലെ സൈബർ ഡോമിന്റെ ഇടപെടലിൽ സംശയങ്ങൾ ഏറുന്നത്. സൈബർ ഡോമിൽ തീവ്രവാദ സ്വഭാമുള്ളവർ പോലും ഐടി വിദഗ്ദരായി നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സംശയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലുമുണ്ട്. അത്തരത്തിലൊരു സംഘം അതീവ പ്രധാന്യമുള്ള ശബരിമലയുടെ ത്രിമാന ദൃശ്യമെടുത്തത് ഡിജിപി പോലും അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കേരളാ പൊലീസിനെന്ന വ്യാജേന ചിത്രങ്ങൾ എടുക്കുകയായിരുന്നു. സൈബർ മേഖലയിൽ ഇടപെടേണ്ട സൈബർ ഡോമിനെ ആരാണ് ചുമതല ഏൽപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല.

ശബരിമലയിൽ ആരും ഇല്ലാത്തപ്പോഴാണ് സുരക്ഷ ഓഡിറ്റിങ് നടന്നത്. ഇതുകൊണ്ട് ഒരു ഗുണവുമില്ല. സുരക്ഷയിലെ പോരായ്മകൾ അറിയണമെങ്കിൽ സജീവമായ ഭക്തജന സാന്നിധ്യം സന്നിധാനത്തും പരിസരത്തും ഉണ്ടാകണം. എങ്കിൽ മാത്രമേ ആളുകൾ നടന്നുവരുന്ന ഊടു വഴികളും സുരക്ഷയിലെ പോരായ്മയും മറ്റും തിരിച്ചറിയാൻ കഴിയൂ. എന്നാൽ സൈബർ ഡോം ശബരിമല നട അടച്ചിരുന്നപ്പോഴാണ് ത്രിമാന ചിത്രങ്ങളെടുത്തതെന്നാണ് സൂചന. അതുകൊണ്ട് തന്നെ സുരക്ഷ വീഴ്ചകൾ പരിഹരിക്കാനാകുന്ന ഒന്നും കിട്ടില്ലെന്നാണ് വിലയിരുത്തൽ. മറിച്ച് ശബരിമലയുടെ യഥാർത്ഥ ചിത്രം പുറംലോകത്ത് എത്തുകയും ചെയ്തു. ഇത് പരിശോധിച്ചാൽ ശബരിമലയിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ആർക്കും കഴിയുകയും ചെയ്യും. അതുകൊണ്ട് തന്നെ കാനനക്ഷേത്രത്തിന്റെ സുരക്ഷയെ സൈബർ ഡോമിന്റെ ഇടപെൽ ഗൗരവതരമായി ബാധിക്കുമെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തിയിരുന്നു.

കേരളാ പൊലീസും സ്വകാര്യ ഐടി മേ ഖലയിലുള്ളവരും ചേർന്നാണ് ഓഡിറ്റിങ് നടത്തിയത്. സന്നിധാനത്തിന്റെയും ക്ഷേത്രത്തിന്റെയും ത്രിമാന ദൃശ്യം എടുത്ത് ഓഡിറ്റിങ് നടത്തുകയായിരുന്നു. എവിടെയൊക്കെ അധിക സുരക്ഷ വേണം, സു രക്ഷയില്ലാത്ത ഭാഗങ്ങൾ ഏതൊക്കെ തുടങ്ങി വിശദമായ പരിശോധനയായിരുന്നു നടത്തിയത്. സന്നിധാനത്തെയും സോപനത്തേയും മുക്കും മൂലയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ ഡോം ഒപ്പിയെടുത്തു. ഇത് വൻ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ദൃശ്യങ്ങൾ സുരക്ഷാ ആശങ്കയുണ്ടാക്കുന്ന തരത്തിൽ തീവ്രവാദികളുടെ കൈയിലെത്താനും സാധ്യത ഏറെയുണ്ടെന്ന് വിലയിരുത്തിയിരുന്നു.

കേരളാ പൊലീസിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഏജൻസിയായ സൈബർ ഡോം സ്വകാര്യ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയാണ്. ഇതിൽ എത്തിക്കൽ ഹാക്കർമാരും ഉണ്ടെന്നാണ് വിവരം. സൈബർ മേഖലയിലെ വിദഗ്ദ്ധരെ കൊണ്ട് ശബരിമലയുടെയും ക്ഷേത്രത്തിന്റെയും ത്രിമാനചിത്രങ്ങൾ എന്തിന് തയാറാക്കി എന്ന ചോദ്യമാണ് പൊലീസിലെ ഉന്നതർ പോലും ചോദിക്കുന്നത്. ശബരിമലയുടെ ആകാശചിത്രങ്ങൾ പകർത്തുന്നത് കാനനക്ഷേത്രത്തിന്റെ സുരക്ഷാ ഭീഷണി വർധിപ്പിക്കുമെന്ന അഭിപ്രായവും നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യക്തികളെ കൊണ്ട് പൊലീസ് ശബരിമല ദൃശ്യങ്ങൾ ഹെലി ക്യാം ഉപയോഗിച്ച് പകർത്തിയിരുന്നു.

ഈ ദ്യശ്യങ്ങൾ യു ട്യൂബിലൂടെ മുപ്പതിലധികം ക്ലിപ്പിങ്ങ്‌സ് വഴി ലോകം മുഴുവനും കണ്ടത് വിവാദമായിരുന്നു. വനത്തിലൂടെ സന്നിധാനത്തേക്ക് എത്താൻ കഴിയുന്ന വഴികൾ, നടപ്പന്തൽ, ശ്രീകോവിൽ, ആഴി, കേന്ദ്രസേനയുടെ വിന്യാസം, സുരക്ഷാ മോർച്ചകൾ, വാച്ച് ടവറുകൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലയുടെ എല്ലാ ദൃശ്യങ്ങളും പുറത്ത് പോയിരുന്നു. ഹെലിക്യാം പൊലീസിന്റെതാണെന്ന് വരുത്താൻ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ അതിൽ പതിച്ചിരുന്നു. സ്വകാര്യ ഏജൻസി കല്യാണത്തിന് ഉപയോഗിക്കുന്ന ഹെലി ക്യാം അന്ന് വാടക കൊടുത്താണ് പൊലീസ് സന്നിധാനത്ത് എത്തിച്ച് ദൃശ്യം പകർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP