Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്തു സ്ഥിരതാമസമാക്കിയ ചെർപ്പുളശേരിക്കാരൻ; എല്ലാം ശബരിമല അയ്യപ്പനു സമർപ്പിച്ച ഭക്തൻ; സന്നിധാനത്തു ദർശനത്തിന് എത്തുന്ന വിവിഐപികളുടേയും ശതകോടീശ്വരന്മാരുടേയും പ്രിയ സുഹൃത്ത്; സുനിൽ സ്വാമിയില്ലാതെ നമുക്കെന്ത് മണ്ഡലകാലവും മകരവിളക്കും: ശബരിമലയിൽ ഇത്തവണയും ദർശന ദല്ലാൾ പിടിമുറുക്കി: ചടങ്ങുകളിലും സ്വാമിയുടെ നിതാന്തജാഗ്രത: കശുവണ്ടി വ്യവസായിയെ നിയന്ത്രിക്കാൻ കഴിയാതെ പുതിയ ദേവസ്വം ബോർഡും; സുനിൽ സ്വാമിയെ പിടിച്ചു കെട്ടാൻ ഇടത് ബോർഡിനും മടി

കൊല്ലത്തു സ്ഥിരതാമസമാക്കിയ ചെർപ്പുളശേരിക്കാരൻ; എല്ലാം ശബരിമല അയ്യപ്പനു സമർപ്പിച്ച ഭക്തൻ; സന്നിധാനത്തു ദർശനത്തിന് എത്തുന്ന വിവിഐപികളുടേയും ശതകോടീശ്വരന്മാരുടേയും പ്രിയ സുഹൃത്ത്; സുനിൽ സ്വാമിയില്ലാതെ നമുക്കെന്ത് മണ്ഡലകാലവും മകരവിളക്കും: ശബരിമലയിൽ ഇത്തവണയും ദർശന ദല്ലാൾ പിടിമുറുക്കി: ചടങ്ങുകളിലും സ്വാമിയുടെ നിതാന്തജാഗ്രത: കശുവണ്ടി വ്യവസായിയെ നിയന്ത്രിക്കാൻ കഴിയാതെ പുതിയ ദേവസ്വം ബോർഡും; സുനിൽ സ്വാമിയെ പിടിച്ചു കെട്ടാൻ ഇടത് ബോർഡിനും മടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണസമിതി പൂർണമായും ഇടതു മുന്നണിയുടെ കൈയിലാണിപ്പോൾ. എന്നിട്ടും ദർശന ദല്ലാൾ സുനിൽ സ്വാമിയെ സന്നിധാനത്ത് നിന്ന് പടിയിറക്കാൻ കഴിയുന്നില്ല. മറ്റൊരു മണ്ഡലകാലത്തിനായി നട തുറന്നതോടെ സന്നിധാനത്ത് സുനിൽ സ്വാമിയുടെ വാഴ്ചയും ആരംഭിച്ചു. കഴിഞ്ഞ ഏപ്രിലിൽ സന്നിധാനത്ത് യൗവനയുക്തകൾ ദർശനം നടത്തിയെന്ന് ആരോപണം ഉണ്ടായപ്പോൾ, ഇത്തരക്കാരെ നിയന്ത്രിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, ഒന്നും തന്നെ നടന്നില്ലെന്നു മാത്രമല്ല, സുനിൽ സ്വാമി അടക്കമുള്ളവർ പടി വാഴുകയാണ്.

നട തുറക്കുമ്പോൾ തന്നെ സുനിൽ സ്വാമി സോപാനത്ത് സ്ഥാനം പിടിക്കും. പിന്നെ കാര്യങ്ങളെല്ലാം അദ്ദേഹമാകും നിയന്ത്രിക്കുക. അതിനിടയിൽ തനിക്ക് വേണ്ടപ്പെട്ടവർക്ക് ദർശനവും തരപ്പെടുത്തും. സുനിൽ സ്വാമിയുടെ ആളുകളെ തടയരുതെന്ന് പൊലീസിന് ആഭ്യന്തരവകുപ്പിൽ നിന്ന് തന്നെ നിർദ്ദേശമുണ്ട്. 2009 ൽ അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരനാണ് സുനിൽ സ്വാമി എന്നറിയപ്പെടുന്ന കൊല്ലം സ്വദേശിയായ വ്യവസായിക്ക് സോപാനത്ത് കൂച്ചുവിലങ്ങിട്ടത്. നിയമപരമായി തന്നെ പക്ഷേ, സുനിൽ സ്വാമി അത് മറികടന്നു. സന്നിധാനത്തെ നിരക്ക് കൂടിയ വഴിപാടുകൾക്ക് ടിക്കറ്റെടുത്തു കൊണ്ട് സുനിൽ സ്വാമി സോപാനത്ത് തുടർന്നു. ആർക്കും ഇദ്ദേഹത്തെ തടയുവാൻ കഴിയുമായിരുന്നില്ല. ആ ബോർഡ് മാറി പുതിയത് വന്നതോടെ വീണ്ടും സുനിൽ സ്വാമിയുടെ നല്ലകാലം തെളിഞ്ഞു.

കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം. പണം വാരിയെറിഞ്ഞാണ് ദർശന ദല്ലാളായി സ്വാമി പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്കാണ് പണം നൽകുന്നത്. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട ദേവസ്വം മന്ത്രി ജി. സുധാകരൻ സുനിൽ സ്വാമിയടക്കം സോപാനത്തെ സ്ഥിരം കുറ്റികളെ പുറത്താക്കാനും അവിടെ നിൽക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉത്തരവിട്ടു. ഇതോടെ സുനിൽ സ്വാമിക്ക് കൂടും കുടുക്കയുമായി ഇറങ്ങേണ്ടി വന്നു. എന്നാൽ, ഉടൻ തന്നെ ദേവസ്വം ഉദ്യോഗസ്ഥർ സുനിൽ സ്വാമിക്ക് വേണ്ടി നിയമങ്ങൾ മാറ്റി കൊടുത്തു.അങ്ങനെ സുനിൽ സ്വാമി വീണ്ടും സോപാനത്തിന് മുന്നിലെ സ്ഥിരം കുറ്റിയായി. മന്ത്രിമാർ, സിനിമാ താരങ്ങൾ, വിഐപികൾ എന്നിവർ സുനിൽ സ്വാമിയുടെ കാരുണ്യത്തിൽ അയ്യപ്പനെ ദർശിച്ചു പോന്നു. സുനിൽ സ്വാമി ദർശന ദല്ലാളാണെന്ന് സന്നിധാനത്തെ പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗസ്റ്റ് ഹൗസിലെ റൂമുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത ശേഷം മറിച്ചു നൽകുക. പടിപൂജയടക്കമുള്ള പൂജകൾ ബുക്ക് ചെയ്ത ശേഷം മറ്റുള്ളവരിൽ നിന്ന് വൻ തുക ഈടാക്കി നൽകുക.

അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവർക്ക് സോപാനത്ത് നിന്ന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി നൽകുക എന്നിവയാണ് ഇയാൾ ചെയ്യുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുംകീഴ്ശാന്തിമാരും ഇയാളുടെ വലയിലുണ്ട്. ഇവർക്ക് കമ്മിഷൻ കൊടുക്കുന്നുമുണ്ട്. സുനിൽ സ്വാമിയുടെ ആതിഥ്യം സ്വീകരിക്കാത്ത പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമില്ല. എപ്പോൾ നട തുറന്നാലും സുനിൽ സ്വാമി സോപാനത്തുണ്ടാകും. ചടങ്ങുകളിൽ പരികർമിയെപ്പോലെ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. ഭരണസമിതികളും ദേവസ്വം കമ്മിഷണർമാരും മാറി വന്നെങ്കിലും സുനിൽ സ്വാമിയെ ഓടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണയും മാറ്റമൊന്നുമില്ല. സുനിൽ സ്വാമിയുടെ അധീശത്വം തുടരുകയും ചെയ്യുന്നു.

ബാർകോഴയിലും ഉയർന്നുകേട്ട പേര്

ബാർ കോഴയിൽ സ്വാമിമാർക്ക് എന്ത് കാര്യമെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് കൈക്കൂലി കൊടുക്കാൻ ബാറുടമകൾക്ക് അഞ്ചു കോടി രൂപ കടമായി നൽകിയതു കൊല്ലത്തുകാരനായ സുനിൽ സ്വാമിയാണെന്നതാണ് അന്ന് ഉയർന്ന ഒരു ആരോപണം. ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലാണ് ബാർ മുതലാളിമാരുടെ പ്രിയപ്പെട്ട സുനിൽ സ്വാമിയുടെ പേരുയരുന്നത്.

എല്ലാം കള്ളത്തരമെന്നും ശബ്ദരേഖയിൽ കാര്യമില്ലെന്നും മാണിയും അദ്ദേഹത്തെ പിന്തുടരുന്നവരും ഉറച്ചു പറഞ്ഞു. എന്നാൽ അഞ്ച് കോടി രൂപ കടം കൊടുത്ത സുനിൽ സ്വാമിയെ പറ്റി ചോദിച്ചാൽ കാശിടപാടിൽ സുനിൽ സാമിയുടെ കരുത്തിനെ കുറിച്ച് അവർക്കു പോലും സംശയമില്ല. സുനിൽ സ്വാമിയിൽ നിന്ന് പണം വാങ്ങി ബാറുടമകൾ മറ്റാർക്കെങ്കിലുമാകും കൊടുത്തതെന്നാണ് ശബ്ദരേഖയിൽ മാണിയെ അനുകൂലിക്കുന്നവർ അന്ന് വാദമുയർത്തിയത്. ഇതോടെ അത്രയും സാമ്പത്തിക അടിത്തറയുള്ള കൊല്ലത്തുകാരൻ സുനിൽ ആരാണെന്ന ചോദ്യമുയർന്നു. എങ്ങനെയാണ് മുതലാളിമാരുടേയും ഭരണ വർഗ്ഗത്തിന്റെ നല്ല പുസ്തകത്തിൽ സുനിൽ എത്തിയത്? എന്തുകൊണ്ട് സ്വാമിയെന്ന് ഇദ്ദേഹത്തെ വിളിക്കുന്നു? സന്യാസിയാണോ? ഇങ്ങനെ ഒരുപാട് സംശയങ്ങളാണ് ചർച്ചചെയ്യപ്പെട്ടത്.

സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനിൽ സ്വാമിയെന്ന് ഉറപ്പ്. പിന്നെ എന്തുകൊണ്ട് കൊല്ലത്ത് താമസിക്കുന്ന സുനിൽ, സുനിൽ സ്വാമിയായി. ഉത്തരം ലളിതമാണ്. തികഞ്ഞ ശബരിമല ഭക്തനായതുകൊണ്ടാണ് സുനിൽ സ്വാമിക്ക് ആ പേര് വീണത്. ശബരിമല നട തുറന്നിരുന്നാൽ സന്നിധാനത്ത് സുനിൽ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. കശുവണ്ടി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ശബരി ട്രെയ്ഡിങ്ങ് കമ്പനിയുടെ നടത്തിപ്പുകാരൻ.

വിഐപികൾക്കെല്ലാം പ്രിയങ്കരൻ

ശബരിമലയിൽ എത്തുന്ന വിഐപികൾക്കെല്ലാം പ്രിയങ്കരനാണ് സുനിൽ സ്വാമി. മറ്റൊരു താൽപ്പര്യവുമില്ലാതെ ശബരിമലയിൽ അയ്യപ്പ ദർശനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തി. എന്നും അയ്യപ്പ സന്നിധിയിലെ എല്ലാ പൂജകളും തൊഴാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. തിരുവിതാംകൂർ ദേവസം ബോർഡിലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രിയങ്കരൻ. ശബരിമലയിലെ സെക്യൂരിറ്റിക്കാർ മുതൽ എക്‌സിക്യൂട്ടീവ് ഓഫീസർവരെയുള്ളവർക്കും പ്രിയങ്കരൻ. സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് സുനിൽ സ്വാമി ശബരിമലയിൽ താമസിക്കുന്നത്. ജീവനക്കാർക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നൽകുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനിൽ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേർച്ചയ്ക്കും മറ്റുമായി സുനിൽ സ്വാമി ചെലവാക്കുന്നത്.

ഒന്നും ശബരിമലയിൽ നിന്ന് കൊണ്ട് പോവുന്നുമില്ല. മറ്റ് വ്യവസായ താൽപ്പര്യവുമില്ല. മാളികപ്പുറത്തിനടുത്ത് ആറ് കോടി രൂപ മുടക്കി ഭക്തർക്കായി അന്നദാന മണ്ഡപം പണി കഴിപ്പിക്കുന്നതിന് മുൻപന്തിയിൽ നിന്നു. അന്നദാന മണ്ഡപമെന്നത് നടക്കാത്ത സ്വപ്നമായി ശബരിമല മാസ്റ്റർ പ്ലാൻ വികസന സമിതിക്ക് മാറിയപ്പോൾ രക്ഷകനായി സുനിൽ സ്വാമിയെത്തുകയായിരുന്നു. സ്‌പോൺസർഷിപ്പിൽ ആ നിർമ്മാണ പ്രവർത്തനം സുനിൽ സ്വാമി തന്നെ ഏറ്റെടുത്തു. ഇത്തരം ശബരിമല വികസനത്തിലെ നിർണ്ണായക ഘട്ടത്തിലെല്ലാം താങ്ങും തുണയുമാണ് സുനിൽ സ്വാമി. കൊല്ലത്തുകാരെന്ന് എല്ലാവരും വിളിക്കുന്ന സുനിൽ സ്വാമിയുടെ യഥാർത്ഥ വീട് പാലക്കാട് ചെർപ്പുളശേരിയിൽ ആണെന്നതാണ് വസ്തുത.

കശുവണ്ടി ബിസിനസ്സാണ് സുനിൽ സ്വാമിയുടെ വ്യവസായ മേഖല. അങ്ങനെയാണ് കൊല്ലത്ത് എത്തി അവിടെ സ്ഥിര താമസമാക്കുന്നത്. അവിവാഹിതനുമാണ്. ചേട്ടനും കൊല്ലത്ത് കശുവണ്ടി കച്ചവടം തന്നെ. അയ്യപ്പനോടുള്ള ഭക്തികാരണം ശബരി എന്ന പേരിലാണ് സ്ഥാപനങ്ങൾ. സുനിൽ സ്വാമിയുടെ മറ്റ് കാര്യങ്ങളെല്ലാം ദുരൂഹമാണ്. ആർക്കും ഒന്നുമറിയില്ല. കശുവണ്ടി കച്ചവടക്കാരന് എങ്ങനെ ശബരിമല വികസനത്തിന് കോടികൾ ചെലവിടാനാകുന്നു എന്ന ചോദ്യത്തിനും ആർക്കും വ്യക്തമായ മറുപടി ഇല്ല.

ഇന്ത്യയിലും പുറത്തും ബന്ധങ്ങൾ

ശബരിമലയിലെ സാന്നിധ്യത്തിലൂടെ ഇന്ത്യയിലും പുറത്തും സുനിൽ സ്വാമിക്ക് ബന്ധങ്ങളുണ്ടത്രേ. അതുകൊണ്ട് തന്നെ അയ്യപ്പഭക്തരായ കോടിശ്വരന്മാർ സുനിൽ സ്വാമി ചോദിച്ചാൽ എന്തും നൽകും. ശബരീശ ഭക്തരായ ബോളിവുഡ് സൂപ്പർതാരങ്ങൾ മുതൽ മലേഷ്യൻ മന്ത്രി വരെയുള്ള സുനിൽ സ്വാമിയുടെ സൗഹൃദ പട്ടിക നീളുന്നു.

പക്ഷേ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും സുനിൽ സ്വാമിക്ക് എതിരെയുണ്ട്. എല്ലാ പൂജയും മുന്നിൽ നിന്ന് തൊഴുന്നു. അഞ്ച് കൊല്ലം മുമ്പ് ഇത് വലിയ വിവാദമുണ്ടായി. ബാബാറി മസ്ജിദിന്റെ ഓർമ്മദിനമായ ഡിസംബർ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസം ജീവനക്കാർക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ദിവസവും സുനിൽ സ്വാമി സന്നിധാനത്ത് സജീവമായിരുന്നു. കൈരളി ടിവിയാണ് ഈ വിഷയം വാർത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ സുനിൽ സ്വാമിക്ക് ഒന്നും സംഭവിച്ചില്ല.

കൊടിമര ദേവപ്രശ്‌ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്‌നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സസ്‌പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

എന്നും എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല.

ഉദ്യോഗസ്ഥരുടെ നോട്ടം മറ്റുപലതിലും

ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.

എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകുമെന്നാണ് ആരോപണം. അതുകൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്‌സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും. സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലെ അനധികൃത താമസം പോലും ആരും ചോദ്യം ചെയ്യുന്നില്ല.

ശബരിമലയിൽ സുനിൽ സ്വാമിക്ക് ശത്രുക്കൾ കുറവാണ്. ഒരു രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ലെയിസൺ ഓഫീസറായിരുന്നു വർഷങ്ങളായി വലം കൈ. എന്നാൽ കൊടിമര വിവാദത്തിൽപ്പെട്ടതോടെ ലെയിസൺ ഓഫീസർ വരാതെയായി. എന്നിട്ടും സുനിൽസ്വാമിക്ക് ഒന്നും സംഭവിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP