Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേലത്തെത്തിയ ഹാദിയ കോളേജിൽ എത്തുമ്പോൾ വീണ്ടും അഖിലയായി മാറും! ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുവദിക്കില്ലെന്ന് ശിവരാജ് കോളേജ് പ്രിൻസിപ്പൽ; സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമെന്നും പ്രൊഫ. കണ്ണൻ; ഷെഫിൻ സന്ദർശിക്കാൻ ശ്രമിച്ചാൽ നിയമപരാമായി നേരിടുമെന്ന് പിതാവ് അശോകനും; കോളേജ് കാമ്പസിലും ഹോസ്റ്റലിലും മുഴുവൻ സമയവും പൂർണ്ണസുരക്ഷ ഒരുക്കുമെന്ന് സേലം പൊലീസും

സേലത്തെത്തിയ ഹാദിയ കോളേജിൽ എത്തുമ്പോൾ വീണ്ടും അഖിലയായി മാറും! ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുവദിക്കില്ലെന്ന് ശിവരാജ് കോളേജ് പ്രിൻസിപ്പൽ; സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമെന്നും പ്രൊഫ. കണ്ണൻ; ഷെഫിൻ സന്ദർശിക്കാൻ ശ്രമിച്ചാൽ നിയമപരാമായി നേരിടുമെന്ന് പിതാവ് അശോകനും; കോളേജ് കാമ്പസിലും ഹോസ്റ്റലിലും മുഴുവൻ സമയവും പൂർണ്ണസുരക്ഷ ഒരുക്കുമെന്ന് സേലം പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

സേലം: സേലത്തെ കോളേജിൽ ചേർത്ത് വീണ്ടും പഠനം തുടരാനുള്ള അനുമതി സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതോടെ ഹാദിയ അതിനുള്ള തയ്യാറെടുപ്പിലാണ്. കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ഹാദിയ സേലത്തെ എത്തിക്കഴിഞ്ഞു. കോളേജിലെ ഹോസ്റ്റലിലാണ് ഹാദിയയെ എത്തിക്കുന്നത്. വൻ സുരക്ഷായാണ് തമിഴ്‌നാട് പൊലീസ് ഹാദിയക്കായി ഒരുക്കിയിരിക്കുന്നത്. കേരളാ പൊലീസാണ് സേലത്ത് ഹാദിയക്ക് അഡ്‌മിഷൻ ഒരുക്കുന്നത് വരെയുള്ള കാര്യങ്ങൾ നോക്കുന്നത്. അതിന് ശേഷം സുരക്ഷാ ചുമതല വഹിക്കേണ്ടത് സേലം പൊലീസ് തന്നെയാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണ്. സുപ്രീം കോടതി വിധിയിൽ ഹാദിയയെ ആർക്കൊക്കെ കാണാൻ സാധിക്കുമെന്ന് തെളിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം സേലം പൊലീസിനും തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഹാദിയെ സന്ദർശിക്കാനുള്ള അനുമതി പിതാവ് അശോകന് മാത്രമാണെന്ന് ഹാദിയ പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപ്പതി കോളജ് പ്രിൻസിപ്പാൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അനുമതി നൽകുന്നത് കോടതിവിധി വിശദമായി പഠിച്ചതിന് ശേഷം മാത്രമാണെന്നും പ്രിൻസിപ്പാൾ കണ്ണൻ വ്യക്തമാക്കി. കോളജ് രേഖകളിൽ ഹാദിയ ഇപ്പോഴും അഖിലയാണെന്നും ഹാദിയയെ കോളജിൽ ചേർത്തത് അച്ഛനാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്സ് തുടങ്ങുന്ന നടപടികൾ ആരംഭിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

ചുരുക്കത്തിൽ സേലത്തെ കാമ്പസിൽ പഠനം തുടരുമ്പോൾ ഹാദിയ വീണ്ടും അഖിലായായി മാറും. രേഖകളിൽ അഖില എന്നു തന്നെയാണ് ഇപ്പോഴും ഹാദിയയുടെ പേര്. അതുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കുന്നത് വരെ രേഖകളിൽ അഖില തന്നെയാകും ഹാദിയ. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തെ സ്വീകരിച്ച് അവർക്ക് മതചര്യ തുടർന്നു കൊണ്ടുപോകുന്നതിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നതും ശ്രദ്ധേയാണ്. എന്നാൽ, ഹാദിയക്ക് നൽകുന്നത് കനത്ത പൊലീസ് സുരക്ഷ തന്നെയാകും. അതുകൊണ്ട് തന്നെ മറ്റ് വിദ്യാർത്ഥികൾക്ക് അതൊരു പ്രശ്‌നമാകുമോ എന്നതിലും കോളേജ് അധികൃതർക്ക് ആശങ്കയുണ്ട്.

പതിനഞ്ചംഗ പൊലീസ് സംഘമാണ് ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുക എന്നാണ് പുറത്തു വരുന്ന വിവരം. കോളജിലും ഹോസ്റ്റലിലും മുഴുവൻ സമയ പൊലീസ് സുരക്ഷയിലും നിരീക്ഷണത്തിലുമാകും ഹാദിയ. ഹാദിയക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള സുരക്ഷ ഒരുക്കുമെന്നാണ് തമിഴ്‌നാട് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സുബ്ബലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടതിയിൽ ഉണ്ടായത് ഹാദിയക്ക് അനുകൂലമായ പരാമർശമാണെന്നും ഹാദിയയെ സേലത്തുപോയി കാണുമെന്നുമാണ് ഷെഫിൻ ജഹാൻ പറയുന്നത്.

ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. വൈകാതെ തങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്നും ഷെഫിൻ ജഹാൻ പറഞ്ഞു. കരിപ്പൂർ വിമാനത്തവളത്തിലെത്തിയ ഷെഫിൻ ജഹാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ ഹാദിയ നടത്തിയ പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് ഷെഫിൻ പറഞ്ഞിരുന്നു. ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാർത്ഥനയെന്നും ഷെഫിൻ കൂട്ടിച്ചേർത്തു. തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഷെഫിൻ പറഞ്ഞു.

എന്നാൽ, കോളേജിൽ ഷെഫിൻ ഹാദിയയെ സന്ദർശിച്ചാൽ അതിന് നിയമപരമായി നേരിടുമെന്നാണ് പിതാവ് അശോകൻ പറഞ്ഞത്. താൻ സേലത്തേക്ക പോകുന്ന കാര്യം തൽക്കാലം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെഫിൻ ജഹാൻ തീവ്രവാദിയാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഭർത്താവ് ശഫീൻ ജഹാനെ കാണണമെന്ന മുൻ നിലപാട് ആവർത്തിരക്കുകയാണ് ഹാദിയ ചെയ്തത്. സേലത്ത് വെച്ച് ഭർത്താവിനെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ പറഞ്ഞു. ഇഷ്ടമുള്ള സുഹൃത്തുകളെ കാണാനും സ്ഥലങ്ങളിൽ പോകാനും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. പഠനം പുനരാരംഭിക്കാൻ കോടതി അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു.

ഇന്ന് ഉച്ചക്ക് 11 മണിയോടെയാണ് മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെട്ടത്. കേരളാ ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ന്യൂഡൽഹി വിമാനത്താവളത്തിലേക്ക് സംഘമെത്തി. ഇവിടെ നിന്നും 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിൽ എത്തിയത്. ഇവിടെ നിന്നും റോഡ് മാർഗ്ഗം കോളേജിൽ എത്തുകയായിരുന്നു. ഹാദിയയുടെ യാത്രക്കുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കേരളാ ഹൗസ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് യാത്രാ വേഗത്തിലാക്കിയത്.

ഇന്നലെ കോളേജിൽ ഷെഫിൻ ജഹാനും ഹാദിയയും ഉണ്ടായിരുന്നെങ്കിലും ഇരുവർക്കും നേരിൽ കാണാൻ സാധിച്ചിരുന്നില്ല. ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഭർത്താവ് ചെലവിന് നൽകിയാൽ മതിയെന്നും ഭർത്താവ് തന്നെ രക്ഷിതാവായാൽ മതിയെന്നും ഹാദിയ സുപ്രീംകോടതിക്ക് മുമ്പാകെ ആവർത്തിച്ച് ആവശ്യപ്പെടുന്നത് സന്ദർശക ഗാലറിയുടെ കൈവരി പിടിച്ച് ശഫിൻ കാണുന്നുണ്ടായിരുന്നു. പക്ഷേ, ഹാദിയ അത് കണ്ടില്ല. വാദം കഴിഞ്ഞ് തിരിച്ചുകൊണ്ടുപോകുമ്പോഴും ഇരുവരും നേരിട്ടു കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP