Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ മാനസിക നില ശരിയല്ലെങ്കിൽ ഡോക്ടർമാർ പരിശോധിക്കെട്ടെ; വൈക്കത്ത് വീട്ടിൽ കഴിയവേ തന്നെ ഘർവാപ്പസി നടത്താൻ ശ്രമം നടന്നു; ശിവശക്തി യോഗ സെന്ററിൽ നിന്നു കൗൺസിലിങ്ങിന്റെ പേരും പറഞ്ഞെത്തിയവർ മാനസികമായി പീഡിപ്പിച്ചു; തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാർത്താസമ്മേളനം നടത്താൻ അവർ ആവശ്യപ്പെട്ടു; ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണ്; ആദ്യം ഷെഫിനെ കാണണം: മനസു തുറന്ന് ഹാദിയ

തന്റെ മാനസിക നില ശരിയല്ലെങ്കിൽ ഡോക്ടർമാർ പരിശോധിക്കെട്ടെ; വൈക്കത്ത് വീട്ടിൽ കഴിയവേ തന്നെ ഘർവാപ്പസി നടത്താൻ ശ്രമം നടന്നു; ശിവശക്തി യോഗ സെന്ററിൽ നിന്നു കൗൺസിലിങ്ങിന്റെ പേരും പറഞ്ഞെത്തിയവർ മാനസികമായി പീഡിപ്പിച്ചു; തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാർത്താസമ്മേളനം നടത്താൻ അവർ ആവശ്യപ്പെട്ടു; ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണ്; ആദ്യം ഷെഫിനെ കാണണം: മനസു തുറന്ന് ഹാദിയ

മറുനാടൻ മലയാളി ബ്യൂറോ

സേലം: തന്റെ മാനസികനില ശരിയല്ലെന്ന് മാതാപിതാക്കൾ വാദിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഹാദിയ. തന്റെ മാനസിക നില ശരിയല്ലെങ്കിൽ ഡോക്ടർമാർ പരിശോധിക്കട്ടെയെന്നും ഹാദിയ സേലത്തു വെച്ച് മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു. സുപ്രീം കോടതി നിർദേശപ്രകാരം ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ സേലത്തെത്തിയ ഹാദിയ കോളേജിലെത്തിയ വേളയിലാണ് മാധ്യമങ്ങളോട് മനസു തുറന്നത്. പഠനം പൂർത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികൾക്കു ഹാദിയ അപക്ഷേ നൽകും.

തന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഹാദിയ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഷെഫിൻ ജഹാനെ കാണാൻ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. മാനസിക നില ശരിയല്ലെന്ന വാദത്തോട് അതു പരിശോധിക്കാമെന്നാണ് ഹാദിയ വ്യക്തമാക്കി. തനിക്ക് അങ്ങനെയില്ലാ എന്നു പറഞ്ഞാൽ അതിന് എന്തു വിലയുണ്ടാകും. ആറു മാസം വീട്ടിലായിരുന്നു. ഇനി ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്നും മാതാപിതാക്കളെ കാണാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനു ഹാദിയ മറുപടി പറഞ്ഞു.

ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണ്, അല്ലെന്ന് കോടതി പറഞ്ഞിട്ടില്ല. ഭർത്താവാണെന്നാണു താൻ കോടതിയിൽ പറഞ്ഞത്. മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട്. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണിൽ സംസാരിച്ചു. വീട്ടിൽ കഴിഞ്ഞ കാലത്ത് തന്നെ മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നുവെന്നും ഹാദിയ വ്യക്തമാക്കി. ഇതിനായി ശിവശക്തി യോഗ സെന്ററിൽനിന്നു കൗൺസിലിങ്ങിനായി ആളു വന്നിരുന്നു. തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാർത്താസമ്മേളനം നടത്താൻ അവർ ആവശ്യപ്പെട്ടു. കൗൺസിലിങ്ങിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ അറിയിച്ചു.

അതിനിടെ, ഹാദിയയെ കാണാൻ ഷെഫിനെ അനുവദിക്കുമെന്ന സൂചന കോളജ് പ്രിൻസിപ്പൽ നൽകി. അതേസമയം കോടതി അനുവദിച്ച സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഹാദിയ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇന്നലെ എത്തിയിട്ടേയുള്ളൂവെന്നും എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോൾ അറിയില്ലെന്നും ഹാദിയ വ്യക്തമാക്കി. പഠിക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ട്. ഷെഫിൻ ജഹാനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തനിക്ക് പ്രിയപ്പെട്ടവരോട് കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞു.

ഇന്നലെ രാത്രി സേലത്തെത്തിയ ഹാദിയക്ക് കനത്ത സുരക്ഷ തന്നെയാണ് തമിഴ്‌നാട് പൊലീസ് ഒരുക്കിയിരുന്നത്. കേരളാ പൊലീസിൽ നിന്നും തമിഴ്‌നാട് പൊലീസ് അവരുടെ സുരക്ഷാ ചുമതല ഏറ്റുവാങ്ങിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത് എന്നതിനാൽ തന്നെ അനുമതിയില്ലാതെ പുറത്തു പോകാനും ഹാദിയക്ക് സാധിക്കില്ല. സുപ്രീം കോടതി നിർദേശപ്രകാരം ഹാദിയയയ്ക്ക് ഹോമിയപ്പതിയിൽ ഹൗസ് സർജൻസി ചെയ്യാനുള്ള നടപടികൾ ഇന്ന് തുടങ്ങും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പഠനം തുടരാൻ ഒരാഴ്‌ച്ചയെങ്കിലും സമയമെടുക്കുമെന്നാണ് സൂചന. അഡ്‌മിഷന് വേണ്ടി ഇന്ന് കോളജിലെത്തി ഹാദിയ സർവകലാശാലയ്ക്ക് അപേക്ഷ നൽകും.

പഠനസമയത്ത് തനിക്ക് എത്തിയ തനിക്ക് മുഴുവൻ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ അറിയിച്ചിരുന്നു. എന്നാൽ കോളജിലും പരിസരത്തും തമിഴ്‌നാട് കനത്തസുരക്ഷവലയം ഒരുക്കും. ഇന്നലെ വൈകിട്ട് സേലത്ത് എത്തിയപ്പോഴും ഹാദിയ ഷെഫിൻ ജഹാനെ കാണണമെന്ന് ആവർത്തിച്ചു. എന്നാൽ ഷെഫിൻ ജഹാനെ കാണാൻ അനുവിദിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നായിരുന്നു പൊലീസ് നിലപാട് . കോളേജിൽ പുനപ്രവേശനത്തിനുള്ള നടപടികൾ ബുധനാഴ്ച പൂർത്തിയാകും. ഹാദിയയുടെ അപേക്ഷ സർവ്വകലാശാല അംഗീകരിച്ചാൽ പഠനം തുടരാം.

സുരക്ഷയുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ ചൊവ്വാഴ്ച സേലം ജില്ല കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും കത്ത് നൽകി. തമിഴ്‌നാട് പൊലീസിന്റെ 24 മണിക്കൂർ സുരക്ഷവലയമുണ്ടാകുമെങ്കിലും മറ്റു വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സൗകര്യങ്ങളും സ്വാതന്ത്ര്യവും ഹാദിയക്ക് അനുവദിക്കുമെന്ന് കോളജ് മാനേജിങ് ഡയറക്ടർ കൽപന ശിവരാജ് അറിയിച്ചു. സേലം ഹോമിയോ കോളജിലെത്തി പഠനം തുടരാൻ സുപ്രീം കോടതി അനുവദിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്ന് ഉച്ചയോടെ പുറപ്പെട്ട ഹാദിയ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി റോഡുമാർഗമാണ് സേലത്തിലെത്തിയത്. വിഐപി സുരക്ഷയാണ് തമിഴ്‌നാട് പൊലീസ് ഹാദിയക്കായി ഒരുക്കിയത്. കോളജിലും പരിസരത്തും തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നു. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അൻപതോളം പൊലീസുകാരും പ്രത്യേക കമാൻഡോകളും ചേർന്നാണു കോളജ് ഓഫിസിലേക്ക് ഹാദിയയെ എത്തിച്ചത്.

രാത്രി ഏഴു മണിയോടെ കോളജിലെത്തിയ ഹാദിയക്ക് ഹോസ്റ്റലിൽ താമസം ഒരുക്കി. മുഴുവൻ സമയ സുരക്ഷ ഒരുക്കുമെന്നാണ് സേലം ഡിസിപി അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നു ഹാദിയയ്ക്കൊപ്പം എത്തിയ കടുത്തുരുത്തി സിഐ ടോംസിന്റെ നേതൃത്വത്തിൽ കോടതി ഉത്തരവു കോളജ് അധികൃതർക്കും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസിനും കൈമാറി. മുക്കാൽ മണിക്കൂറോളം നീണ്ട നടപടികൾക്കു ശേഷം പുറത്തിറങ്ങിയ ഹാദിയയോട് 'ഇത്രയും സുരക്ഷ ആവശ്യപ്പെട്ടിരുന്നോ' എന്നു മാധ്യമപ്രവർത്തകർ ചോദിപ്പോൾ 24 മണിക്കൂർ സുരക്ഷ വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി നിർദേശപ്രകാരമുള്ളതാണീ സുരക്ഷയെന്നുമായിരുന്നു ഉത്തരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP