Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം വിരോധം ട്രംപിനെ കൊണ്ടു ചെയ്യിച്ചത് ഭൂലോക മണ്ടത്തരം; അമേരിക്കയുടെ ലോകത്തിന് മേലുള്ള സ്വാധീനത്തിൽ വൻ ഇടിവുണ്ടാകും; കുഴപ്പത്തിലയാരിക്കുന്നത് അമേരിക്കയുമായി അടുപ്പം പുലർത്തിയ സൗദി അടങ്ങിയ മുസ്ലിം രാജ്യങ്ങൾ

മുസ്ലിം വിരോധം ട്രംപിനെ കൊണ്ടു ചെയ്യിച്ചത് ഭൂലോക മണ്ടത്തരം; അമേരിക്കയുടെ ലോകത്തിന് മേലുള്ള സ്വാധീനത്തിൽ വൻ ഇടിവുണ്ടാകും; കുഴപ്പത്തിലയാരിക്കുന്നത് അമേരിക്കയുമായി അടുപ്പം പുലർത്തിയ സൗദി അടങ്ങിയ മുസ്ലിം രാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ പ്രിസഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുസ്ലിം വിരോധം ഇതിന് മുമ്പും വാർത്തകളിലെത്തിയിരുന്നു. അമേരിക്കയിൽ പ്രസിഡന്റായി ജയിച്ചു കയറിയതും ഈ വികാരം ആളി കത്തിച്ചാണ്. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള യാത്രവിലക്ക് ഉൾപ്പെടെ ചർച്ചയായി. ഐഎസ് ഭീകരതയെ ചെറുക്കാനെന്ന പേരിലായിരുന്നു ഇതെല്ലാം ട്രംപ് നടപ്പാക്കിയത്. അമേരിക്കയിലെ മതഭൂരിപക്ഷത്തെ ഒപ്പം നിർത്താനുള്ള നീക്കമായിരുന്നു ഇത്. അതിനായാണ് അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിക്കുന്നത്. ജറുസലേമിന്റെ കാര്യത്തിൽ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം.

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് സ്ഥാനപതി കാര്യാലയം അവിടേയ്ക്ക് മാറ്റുന്നതിന് തീരുമാനമെടുത്തത് വെട്ടിലാക്കുന്നത് അമേരിക്കയ്‌ക്കൊപ്പമുള്ള മുസ്ലിം രാജ്യങ്ങളെയാണ്. സൗദി അറേബ്യയുൾപ്പെടെ മുസ്ലിം രാജ്യങ്ങളിലെ വമ്പന്മാർ അടുത്ത് നിൽക്കുന്നത് അമേരിക്കയ്‌ക്കൊപ്പമാണ്. ഗൾഫ് മേഖലയിൽ അമേരിക്കയ്ക്ക് നിർണ്ണായക സ്വാധീനം നൽകുന്നതും സൗദിയുടെ പിന്തുണയാണ്. എന്നാൽ ട്രംപിന്റെ പുതിയ തീരുമാനത്തെ ഉൾക്കൊള്ളാൻ മത നിയമങ്ങൾ പിന്തുടരുന്ന സൗദിക്ക് കഴയില്ല. ഇറാനൊപ്പം അമേരിക്കയെ ഈ വിഷയത്തിൽ സൗദിയും എതിർക്കും. ഐഎസ് പോലുള്ള ഭീകര സംഘടനകൾക്കും ഇത് ഊർജ്ജം നൽകും. മുസ്ലിം വിശ്വാസികളെ തങ്ങളിലേക്ക് അടുപ്പിക്കാൻ അമേരിക്കൻ നയമാറ്റം ചൂണ്ടിക്കാട്ടി ട്രംപ് ശ്രമിക്കുകയും ചെയ്യും. മാർപാപ്പ പോലും ഇക്കാര്യത്തിൽ ട്രംപിനെ എതിർക്കുകയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവ രാജ്യങ്ങളും ട്രംപിനെ പരസ്യമായി പിന്തുണയ്ക്കില്ല.

ചരിത്രത്തോടും യാഥാർഥ്യങ്ങളോടും മുഖംതിരിക്കാനാകില്ലെന്നു വ്യക്തിമാക്കിയാണു ട്രംപിന്റെ നീക്കം. നിലവിൽ ടെൽ അവീവിൽ പ്രവർത്തിക്കുന്ന അമേരിക്കൻ നയതന്ത്രകാര്യാലയം വിശുദ്ധ നഗരമായ ജറുസലേമിലേക്കു മാറ്റാനാണ് പ്രസിഡന്റിന്റെ തീരുമാനം. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാകുകയാണ് അമേരിക്ക. ഇസ്ലാം, ക്രൈസ്തവ, യഹൂദ മതവിഭാഗങ്ങളുടെ പുണ്യനഗരമായ ജറുസലേമിന്റെ പദവി സംബന്ധിച്ച തർക്കം പുതിയ വഴിത്തിരിവിലെത്താനുള്ള സാധ്യതയുമുണ്ട്. പുരാതനകാലം മുതൽ യഹൂദസമൂഹത്തിന്റെ തലസ്ഥാനമായിരുന്നു ജറുസലേമെന്ന് നയംമാറ്റം വിശദീകരിച്ച് വൈറ്റ് ഹൗസ്വൃത്തങ്ങൾ പറഞ്ഞു. മതാടിസ്ഥാനത്തിലെ വേർതിരിവ് ഈ തീരുമാനം അതിശക്തമാക്കുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.

ട്രംപ് മുസ്ലിം വിരോധം പ്രകടിപ്പിച്ചതിന്റെ പേരിൽ ഏറെ വിമർശനം നേരിട്ട വ്യക്തിയാണ്. താൻ അമേരിക്കൻ പ്രസിഡന്റായാൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും മുസ്ലിംങ്ങൾ പ്രവേശിക്കുന്നതിനെ പൂർണമായും നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും അതിനെതിരെ ലോകമെങ്ങു നിന്നും കടുത്ത വിമർശന ശരങ്ങൾ അദ്ദേഹത്തിന് നേരെ വരുകയും ചെയ്തിരുന്നു. 2015 ഡിസംബറിൽ നടന്ന റാലിക്കിടെയായിരുന്നു ട്രംപ് വിവാദപരമായ പ്രസ്താവന നടത്തിയിരുന്നത്.

എന്നാൽ എതിർപ്പ് ശക്തമായതിനെ തുടർന്ന് നിലപാടിൽ വെള്ളം ചേർക്കാൻ ട്രംപ് നിർബന്ധിതനാവുകയും തീവ്രവാദവുമായി ബന്ധമുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന മുസ്ലിം കുടിയേറ്റം നിരോധിക്കുമെന്നുമുള്ള നിലപാടിലെത്തുകയായിരുന്നു ഇറാഖ്, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് വരുന്നവരെ വിലക്കാനും തീരുമാനിച്ചു. ഐസിസ് ഭീകരർ പാരീസ് ആക്രമിച്ചതിന് ശേഷവും അത് പരിഗണിക്കാതെ 10,000 സിറിയൻ അഭയാർത്ഥികൾക്ക് യുഎസിൽ ഒബാമ അഭയം കൊടുത്തതിനെയും ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. ഇതെല്ലാം നൽകിയ മുസ്ലിം വിരുദ്ധനെന്ന പ്രതിച്ഛായയ്ക്ക് പുതിയ തലം നൽകുന്ന തീരുമാനമാണ് ട്രംപ് ഇപ്പോഴെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ മറ്റൊരു വാഗ്ദാനം കൂടി പ്രസിഡന്റ് പാലിക്കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം പുരാതനകാലം മുതൽ യഹൂദ ജനതയുടെ തലസ്ഥാനമായിരുന്നു ജറുസലേം-ട്രംപ് ഭരണകൂടതത്തിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതും ഇസ്രയേൽ-ഫലസ്തീൻ സമാധാന കരാറും തമ്മിൽ ബന്ധമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റു രാഷ്ട്രത്തലവന്മാരുമായി ട്രംപ് ആശയവിനിമയം നടത്തിയതായും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇത് മുസ്ലിങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നുമാണ് അമേരിക്കയ്‌ക്കൊപ്പമുള്ള രാജ്യങ്ങൾ തന്നെ പറയുന്നത്.

ഫ്രാൻസ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ പുതിയ നീക്കത്തെ എതിർത്തിട്ടുണ്ട്. ജറുസലേമിന്റെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന പുതിയ നിലപാടിൽ ഫലസ്തീനുള്ള നീരസം അറിയിച്ചതായി ഫലസ്തീൻ വക്താവ് വ്യക്തമാക്കുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണിൽ ബന്ധപ്പെട്ടതായും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായും വക്താവ് പറഞ്ഞു. ലോകരാജ്യങ്ങളിൽ അമേരിക്കൻ സ്വാധീനം കുറയ്ക്കാൻ ചൈനയും റഷ്യയും കരുനീക്കം നടത്തുന്നുണ്ട്. ഈ പുതിയ സാഹചര്യം ഈ കൂട്ടുകെട്ടിന് തുണയാകും. മുസ്ലിം രാജ്യങ്ങളെ അമേരിക്കയിൽ നിന്ന് ഇവർ അകറ്റും. ഇതിലൂടെ ആഗോള തലത്തിൽ അമേരിക്കൻ സ്വാധീനം കുറയുമെന്നാണ് വിലയിരുത്തൽ. യുഎൻ അടക്കമുള്ള ഫോറങ്ങളിൽ ഇത് നിർണ്ണായകമായി മാറും.

ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ചുവന്ന സമാധാന ശ്രമങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് അമേരിക്കയുടെ പുതിയ നീക്കം. മേഖലയിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് വഴിവെച്ചേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യയും ഈ നിലപാടിനെ അംഗീകരിക്കാൻ ഇടയില്ല. മിഡിൽ-ഈസ്റ്റിൽ യു.എസിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായ സൗദി അറേബ്യയിലെ ഭരണാധികാരി സൽമാൻ രാജാവിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയുടെയും ആശങ്കകൾ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം. അറബ് ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരത്തെ പ്രകോപിപ്പിക്കുന്ന നീക്കമെന്നാണ് സൽമാൻ രാജാവിന്റെ മുന്നറിയിപ്പ്.

മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള യത്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ഇടവരുത്തുമെന്ന ഭീതിയാണ് അൽസിസി പങ്കുവച്ചത്. ഇറാൻ അടക്കമുള്ള രാജ്യങ്ങൾ അമേരിക്കയ്ക്കെതിരേ രംഗത്തുണ്ട്. അറബ് രാജ്യങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഇറാൻ ശ്രമം നടക്കുകയും ചെയ്യും. ഖത്തറിനെതിരായ സൗദിയുടെ നേതൃത്വത്തിലെ അറബ് കൂട്ടായ്മയുടെ വിലക്കിനെ തുടർന്ന് ചില അസ്വാരസ്യങ്ങൾ ഈ മേഖലയിലുണ്ട്. ഇതെല്ലാം പുതിയ നീക്കത്തോടെ മറ്റൊരു തലത്തിലെത്തും. മുസ്ലിം രാജ്യങ്ങളുടെ രക്ഷകന്റെ റോളിലെത്താൻ ചൈനയും റഷ്യയും ശ്രമിച്ചേക്കും. ആദ്യമായാണ് അമേരിക്കയുടെ നയപരമായ തീരുമാനത്തെ സഖ്യ രാജ്യങ്ങൾ പോലും വലിയ തോതിൽ എതിർക്കുന്നത്. ബ്രിട്ടണു പോലും ഇതിനെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.

ട്രംപിന്റെ നീക്കം മധ്യേഷ്യൻ രാജ്യങ്ങളിലെ സമാധാനം ഹനിക്കുമെന്നും ഇവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും യുഎസിന്റെ വിലയിടിക്കുമെന്നുമാണ് പൊതുവേയുള്ള നിരീക്ഷണം. യുഎസ് നീക്കം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനം പ്രകോപനപരമാണെന്ന് തുർക്കിഷ് പ്രസിഡന്റ് എർദോഗാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ റുഹാനി കുറ്റപ്പെടുത്തി. യെരുശലേം വിഷയം ചർച്ചചെയ്യാൻ ഈ മാസം 13ന് എർദോഗാൻ വിളിച്ചുചേർത്ത ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ യോഗത്തിൽ പങ്കെടുക്കുമെന്നും റുഹാനി വെളിപ്പെടുത്തി.

ട്രംപിന്റെ നടപടിയിൽ അതിയായ ഖേദമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ജെറുസലേമിൽ തൽസ്ഥിതി നിലനിർത്തണമെന്നും ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന മാനിക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. ട്രംപിന്റെ നീക്കം ലോകത്തെ ആകെയും പ്രത്യേകിച്ച് മധ്യേഷ്യൻ മേഖലയെ എരിതീയിൽ നിർത്തുമെന്ന് തുർക്കി പ്രസിഡന്റ് റസിപ് തയ്യിബ് എർദോഗാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണോട് തങ്ങളുടെ അതൃപ്തി അറിയിച്ചതായി തുർക്കി വിദേശകാര്യ മന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് യെരുശലേം വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് മേ പറഞ്ഞത്. യെരുശലേം വിഷയം ഇസ്രയേലിന്റെയും ഫലസ്തീനിന്റെയും പൊതു അഭിപ്രായം കണക്കിലെടുത്ത് പരിഹരിക്കേണ്ടതാണെന്നാണ് മേ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP