Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നിലപാടിനെ നെതന്യാഹുവിന്റെ ഉറ്റചങ്ങാതിയായ മോദി പിന്തുണയ്ക്കുമോ? 'ലോകത്തെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയെന്ന്' പറഞ്ഞ് സ്വീകരണം ഒരുക്കിയെങ്കിലും അറബ് ലോകത്തെ പിണക്കുന്ന നയം കൈക്കൊള്ളാൻ സാധ്യത കുറവ്; ഫലസ്തീനിന്റെ കാര്യത്തിൽ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടുണ്ടെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നിലപാടിനെ നെതന്യാഹുവിന്റെ ഉറ്റചങ്ങാതിയായ മോദി പിന്തുണയ്ക്കുമോ? 'ലോകത്തെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയെന്ന്' പറഞ്ഞ് സ്വീകരണം ഒരുക്കിയെങ്കിലും അറബ് ലോകത്തെ പിണക്കുന്ന നയം കൈക്കൊള്ളാൻ സാധ്യത കുറവ്; ഫലസ്തീനിന്റെ കാര്യത്തിൽ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടുണ്ടെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ജറൂസലം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും ലോകരാജ്യങ്ങളിൽ രണ്ട് ചേരി തന്നെ രൂപംകൊണ്ടു കഴിഞ്ഞു. മുസ്‌ലിം, ക്രിസ്ത്യൻ, യഹൂദ മതങ്ങൾക്ക് ഒരുപോലെ പ്രാധാന്യമുള്ള ജറുസലേമിനെ യഹൂദരാഷ്ട്രത്തിന്റെ തലസ്ഥാനമാക്കാനുള്ള തീരുമാനം ഒരുപക്ഷേ വീണ്ടുമൊരു ലോക മഹായുദ്ധത്തിന് തന്നെ വഴിവെച്ചേക്കുമെന്ന വിധത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ ഇന്ത്യ കൈക്കൊള്ളുന്ന നിലപാട് എന്താകും എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹത്താണ് ഇസ്രയേൽ. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ ലഭിച്ചത് ഗംഭീര സ്വീകരണമാണ്. മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തു കൂടിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതുകൊണ്ടു തന്നെ മോദി ഈ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്ന ആകാംക്ഷ എങ്ങുമുണ്ട്.

എന്നാൽ, ഈ വിഷയത്തിൽ ഇന്ത്യ ഇസ്രയേലിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. ഈ വിഷയത്തിൽ സ്വതന്ത്രമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുക എന്ന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. ഫലസ്തീനിന്റെ കാര്യത്തിൽ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടുണ്ടെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. ഇന്ത്യയുടെ താൽപര്യങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാണ് ഈ നിലപാട് രൂപപ്പെടുത്തിയത്. അത് മറ്റൊരു മൂന്നാം ലോക രാജ്യത്തിന്റെ തീരുമാനത്തെ ആശ്രയിച്ചല്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇസ്രയേലിനേക്കാൾ ഉപരിയായി ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ ജോലി ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇസ്രയേലിനെ പിന്തുണച്ച് അറബ് രാജ്യങ്ങളുടെ അപ്രീതിക്ക് പാത്രമാകാൻ മോദി തയ്യാറായേക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. എന്നാൽ, അടുത്തിടെയുണ്ടായ മോദിയുടെ ഇസ്രയേൽ സന്ദർശനം പല അറബ് രാജ്യങ്ങൾക്കും ദഹിച്ചിരുന്നില്ല. എക്കാലവും ഫലസ്തീനോട് ചേർന്നു നിൽക്കുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. ഈ നയം മോദി തിരുത്തുന്നു എന്ന പ്രതീതിയും ശക്തമായിരുന്നു. ഇസ്രയേൽ ഉറ്റ സുഹൃത്താണെന്നും മോദി ആവർത്തിക്കുകയുണ്ടായി. എങ്കിലും അതിവൈകാരികമായ ഈ വിഷയത്തിൽ മുൻനിലപാട് തന്നെ കൈകൊള്ളാനാണ് ഇന്ത്യയുടെ തീരുമാനം.

കഴിഞ്ഞദിവസമാണ് ജറൂസലം നഗരത്തെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിനെതിരെ ലോക രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏഴു പതിറ്റാണ്ടായി അമേരിക്ക സ്വീകരിച്ച നയതന്ത്ര സൗഹൃദം അട്ടിമറിച്ച് തെൽഅവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും ട്രംപ് നിർദ്ദേശം നൽകി. മുസ്‌ലിം, ക്രിസ്ത്യൻ, യഹൂദ മതങ്ങൾ ഒരുപോലെ വിശുദ്ധഭൂമിയായി പരിഗണിക്കുന്ന ജറൂസലം തലസ്ഥാനമാക്കി 1980ൽ ഇസ്രയേൽ നിയമവിരുദ്ധ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല.

ഫലസ്തീനികളും തലസ്ഥാനനഗരമായി ജറൂസലമിനെ കാണുന്നതിനാൽ മധ്യസ്ഥ ചർച്ചകളിലെ പ്രധാന അജണ്ടയായി നഗരം തുടരുന്നതിനിടെയാണ് ലോകത്തിന്റെ അഭ്യർത്ഥന തള്ളി ട്രംപിന്റെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നൽകിയ വാഗ്ദാനമായിരുന്നു ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കൽ. ഇന്ത്യൻ സമയം അർധരാത്രിയോടെ വൈറ്റ് ഹൗസിൽ നടത്തിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ലോക രാജ്യങ്ങളെ ഞെട്ടിച്ചത്.

ഇസ്രയേൽ അധിനിവേശ പ്രദേശമായ കിഴക്കൻ ജറുസലമിലെ പഴയ നഗരം ഇസ്ലാം, ക്രൈസ്തവ, യഹൂദ മതവിശ്വാസികളുടെ പുണ്യനഗരമാണ്. സ്വതന്ത്ര ഫലസ്തീൻ ഉണ്ടാകുമ്പോൾ അതിന്റെ തലസ്ഥാനമായി ഫലസ്തീൻ ജനത കരുതുന്ന പ്രദേശമാണിത്. ഇസ്രയേൽ പാർലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീം കോടതി തുടങ്ങിയവ ജറുസലമിൽ ആണെങ്കിലും ഇവിടെ ഒരു രാജ്യത്തിന്റെയും എംബസികൾ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിലൊരു നയമാണ് ലോകരാജ്യങ്ങൾ ജറുസലമിൽ പിന്തുടർന്നത്. ഇതാണ് ട്രംപ് മാറ്റി മറിച്ചത്. ഇസ്രയേലിന്റെ ആഗ്രഹം കണക്കിലെടുത്താണ് തീരുമാനം. പ്രഖ്യാപനത്തോടെ തന്നെ പ്രതിഷേധവും മേഖലയിൽ ശക്തമായി. ഗസ്സയിലും ടർക്കിയിലും ജോർദ്ദാനിലും അമേരിക്കൻ തീരുമാനത്തിനെതിരെ പ്രതിഷേധം തുടങ്ങി. ഹമാസും ഈ തീരുമാനത്തെ നരകത്തിലേക്കുള്ള വഴിയെന്നാണ് വിശേഷിപ്പിച്ചത്.

മധ്യപൂർവേഷ്യയിൽ വ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതും ഇസ്രയേൽഫലസ്തീൻ സമാധാന ചർച്ചകൾ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റമെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യൻ യൂണിയനും ഫ്രാൻസിസ് മാർപാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു. മാർപാപ്പ പോലും എതിർത്തത് ട്രംപിന് വലിയ തിരിച്ചടിയാണ്. അറബ് ലോകത്തിനെതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ ഫലസ്തീൻ കാണുന്നു. റഷ്യയും ഇറാനും കുടത്ത നിരാശയിലാണ്. സ്റ്റ്സ്‌കോ നിലനിർത്തണമെന്ന് പോപ്പ് പോലും പറയുന്നു. ഇത് തന്നെയാണ് ചൈനയുടേയും നിലപാട്. ജറുസലമിൽ തൽസ്ഥിതി നിലനിർത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങൾ സങ്കടപ്പെടുത്തുന്നതായും ഇതേക്കുറിച്ചു നിശ്ശബ്ദത പാലിക്കാനാവില്ലെന്നും മാർപാപ്പ പറഞ്ഞു. യുഎൻ പ്രമേയം എല്ലാവരും അംഗീകരിക്കണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു.

എന്നാൽ ഇസ്രയേൽ ഫലസ്തീൻ പ്രശ്നത്തിനു പുതിയ ദിശാബോധം നൽകുന്നതാണു പ്രഖ്യാപനമെന്ന് ട്രംപ് പറയുന്നത്. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താൽപര്യം ഇരുരാജ്യങ്ങൾക്കുമുണ്ടെങ്കിൽ അത് യുഎസ് അംഗീകരിക്കും. അതിർത്തി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ തീരുമാനം മേഖലയിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപായി ഡോണൾഡ് ട്രംപ് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോർദാനിലെ അബ്ദുല്ല രാജാവ്, സൗദി അറേബ്യയുടെ സൽമാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ സമാധാന ഉടമ്പടിയിലെത്തും മുൻപേ ഇസ്രയേലിലെ യുഎസ് എംബസി ജറുസലമിലേക്കു മാറ്റിയാൽ അതു മുസ്ലിം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ പ്രശ്നങ്ങൾ സംബന്ധിച്ചു സമാധാന ഉടമ്പടിയിലെത്തും മുൻപ് യുഎസ് ഏതെങ്കിലും വിധത്തിൽ ഇടപെടുന്നതു സമാധാനശ്രമങ്ങളെ ബാധിക്കുമെന്നു സൽമാൻ രാജാവ് പറഞ്ഞു.

1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ - ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം. 1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കൻ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികൾ ടെൽ അവീവിലാണു പ്രവർത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP