Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുതിപ്പ് അവസാനിച്ചത് ക്വാർട്ടറിൽ; സെമിയിലേക്ക് മുന്നേറാനാകാത്തതിന് കാരണം മികച്ച ഓപ്പണറുടെ അഭാവവും മധ്യനിരയുടെ കഴിവില്ലായ്മയും കാരണം; വില്ലനായത് ഫോമിൽ കളിച്ചാലും മുതിർന്ന താരങ്ങൾ വേണ്ടെന്ന നിലപാട്; ജഗദീഷിനെ കളിപ്പിക്കാത്തത് അസോസിയേഷൻ ക്രൂരതയെന്ന് വിലയിരുത്തൽ; രഞ്ജിയിൽ കേരളത്തിന് സെമി കളിക്കാനാവാത്തത് കെസിഎയുടെ തലതിരിഞ്ഞ നയം തന്നെ

കുതിപ്പ് അവസാനിച്ചത് ക്വാർട്ടറിൽ; സെമിയിലേക്ക് മുന്നേറാനാകാത്തതിന് കാരണം മികച്ച ഓപ്പണറുടെ അഭാവവും മധ്യനിരയുടെ കഴിവില്ലായ്മയും കാരണം; വില്ലനായത് ഫോമിൽ കളിച്ചാലും മുതിർന്ന താരങ്ങൾ വേണ്ടെന്ന നിലപാട്; ജഗദീഷിനെ കളിപ്പിക്കാത്തത് അസോസിയേഷൻ ക്രൂരതയെന്ന് വിലയിരുത്തൽ; രഞ്ജിയിൽ കേരളത്തിന് സെമി കളിക്കാനാവാത്തത് കെസിഎയുടെ തലതിരിഞ്ഞ നയം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയിക്കുമ്പോൾ... എത്ര വലിയ തെറ്റു ചെയ്താലും വിമർശനങ്ങൾ ഉയരില്ല. തോൽക്കുമ്പോൾ നല്ല തീരുമാനങ്ങൾ പോലും പലപ്പോഴും വിമർശിക്കപ്പെടും.. ഇത്തവണ കേരളാ ക്രിക്കറ്റ് വിജയ തീരത്തായിരുന്നു. അതുകൊണ്ട് തന്നെ ചെയ്തു കൂട്ടിയ മണ്ടത്തരവും കള്ളക്കളിയുമെല്ലാം അതിൽ മാഞ്ഞു പോയി. കേരളം ക്വാർട്ടറിൽ കടന്ന ചരിത്ര നിമിഷത്തിനും ഇത്തവണ സാക്ഷിയായി. പക്ഷേ ജയത്തിനിടയിൽ ആരും തെറ്റുകൾ ചൂണ്ടിക്കാട്ടിയില്ല. അതുകൊണ്ട് മാത്രമാണ് സെമിയിലേക്കുള്ള കേരളത്തിന്റെ യാത്ര തടസ്സപ്പെടുന്നത്. കെസിഎയും സെലക്ടർമാരും മാത്രമാണ് കേരളത്തെ ക്വാർട്ടറിൽ തോൽപ്പിച്ചതിന് ഉത്തരവാദിത്തം. കളിമികവ് നോക്കാതെ താൽപ്പര്യങ്ങൾ മാത്രം വാട്‌മോറിന് വിട്ടുകൊടുത്തതിന്റെ ദുരന്തഫലം. എല്ലാ കളിയിലും ഓപ്പണിങ് പരാജയമായിരുന്നു. എന്നിട്ടും മികച്ച താരത്തെ വാട്‌മോറിന് കാണിച്ചു കൊടുക്കാൻ പോലും സെലക്ടർമാരും കെസിഎയും തയ്യാറായില്ല.

കെസിഎയിൽ നിന്ന് ടിസി മാത്യുവിനെ പുറത്താക്കിയത് നിലവിലെ സെക്രട്ടറി ജയേഷ് ജോർജും സംഘവുമായിരുന്നു. കേരളം ക്വാർട്ടറിൽ പ്രവേശിച്ചതോടെ ടിസിയെ സസ്‌പെന്റ് ചെയ്യാൻ പോലുമുള്ള കരുത്ത് ജയേഷ് കാട്ടി. അങ്ങനെ ക്രിക്കറ്റിന്റെ സമ്പൂർണ്ണ നിയന്ത്രം ഏറ്റെടുത്ത സെക്രട്ടറിയുടെ ഒറ്റവാക്ക് നശിപ്പിച്ചത് കെസിഎയുടെ സെമി ഫൈനൽ മോഹമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാമെല്ലാമായ സച്ചിൻ തെണ്ടുൽക്കർ വിമരിച്ചത് നാൽപതാം വയസ്സിലാണ്. സ്‌കോർ ചെയ്യാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിലെ മാനദണ്ഡം. മഹേന്ദ്ര സിങ് ധോണി എന്നും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ എത്ര മികച്ചവരായാലും ടിസിയുടെ കാലത്തെ പ്രതിഭകളെ വേണ്ടെന്ന നിലപാടാണ് കെസിഎ എടുത്തത്. കളിച്ച എല്ലാ കളിയിലും ഓപ്പണർമാർ പരാജയപ്പെട്ടിട്ടും വിശ്വസ്തനായ താരം ജഗദീഷിനെ കേരളാ ക്രിക്കറ്റ് മറന്നു. ജഗദീഷിനെ പോലൊരു താരം ടീമിലുണ്ടായിരുന്നുവെങ്കിൽ കേരളം സെമിയിലെത്തുമായിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ സീസൺ വരെ കേരളാ ക്രിക്കറ്റിന്റെ സജീവതയായിരുന്നു ജഗദീഷെന്ന ഓപ്പണർ. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ 42 റൺസുമായി ബാറ്റു ചെയ്യുമ്പോൾ വില്ലനായി പരിക്കെത്തി. റിട്ടയേർഡ് ഹാർട്ടായി മടങ്ങിയ ജഗദീഷ് വീണ്ടും അടുത്ത സീസണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കെസിഎ സാധ്യതാ പട്ടികിയിൽ പോലും മുൻ ഇന്ത്യൻ എ ടീം താരത്തെ ഉൾപ്പെടുത്തിയില്ല. ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികളാണ് ജഗദീഷ് കളിച്ചത്. മൂന്ന് ഇന്നിങ്‌സിൽ രണ്ട് അർദ്ധശതകങ്ങൾ. രണ്ട് ഇന്നിങ്‌സിലും തൊണ്ണൂറിൽ അധികം റൺസ് നേടി. എന്നിട്ടും ഈ പ്രതിഭയെ ഐപിഎൽ ടീമിൽ പോലും എടുക്കാൻ ആരും കേരളാ ക്രിക്കറ്റിൽ സമ്മർദ്ദം ചെലുത്തിയില്ല. പ്രതിഭ കൊണ്ട് മാത്രം കേരളത്തിൽ ക്രിക്കറ്റ് കളിച്ച വ്യക്തിയായിരുന്നു ജഗദീഷ്-കേരളാ ക്രിക്കറ്റിലെ മുതിർന്ന ഭാരവാഹി മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

രണ്ട് മറുനാടൻ താരങ്ങളായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ജലജ് സക്‌സേനയും അരുൺ കാർത്തിക്കും. ഇതിൽ ജലജ് സക്‌സേന മുതൽക്കൂട്ടായി. അരുൺ കാർത്തിക്കിനെ ഇന്നിംങ്‌സ് ഓപ്പൺ ചെയ്യാനാണ് കൊണ്ടു വന്നത്. ഇതിന്റെ പേരിലാണ് ജഗദീഷിനെ മാറ്റി നിർത്തിയത്. എന്നാൽ അരുൺ ഓപ്പണറായത് രണ്ട് ഇന്നിങ്‌സിൽ മാത്രമാണ്. ബാക്കിയെല്ലാം അസറുദ്ദീനും വിഷ്ണു വിനോദുമൊക്കെ ഓപ്പണറുടെ റോളിലെത്തി. അരുൺ കാർത്തിക് മധ്യനിരയിൽ കളിച്ചു. അങ്ങനെ ബാറ്റിംഗിന്റെ ബാലൻസ് നഷ്ടമായി. അരുൺ കാർത്തിക്ക് ശരാശരി നിലവാരത്തിൽ മാത്രമാണ് ബാറ്റ് വീശിയത്. അരുൺ കാർത്തിക്കിനെ വിളിച്ചില്ലായിരുന്നുവെങ്കിൽ ജഗദീഷിനേയും മറ്റൊരു മുതിർന്ന താരത്തേയും ടീമിൽ എടുക്കേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനുള്ള കള്ളക്കളിയായിരുന്നു അരുൺ കാർത്തിക്കെന്നാണ് ഉയരുന്ന ആക്ഷേപം.

ജഗദീഷ് ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിന്റെ കളി കൂടുതൽ മെച്ചമായിരുന്നു. ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും മികവ് കാട്ടി. പക്ഷേ ബാറ്റിംഗിൽ റോഹനും സഞ്ജുവും ജലജ് സക്‌സേനയും മാത്രമാണ് തിളങ്ങിയത്. ഇവരെല്ലാതെ ആരും റൺസ് നേടിയില്ല. ബാറ്റിംഗിൽ ക്യാപ്ടൻ സച്ചിൻ ബേബി വൻ പരാജയമായിരുന്നു. ഓപ്പറായി പലരേയും പരീക്ഷിച്ചു. എന്നാൽ യുവതാരങ്ങൾക്കൊന്നും മികവ് കാട്ടാനായില്ല. ഈ ഘട്ടത്തിൽ ജഗദീഷിനെ ടീമിലെടുക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നു. മോശം പ്രകടനം നടത്തിയ താരങ്ങളെ വിന്നിങ് കോമ്പിനേഷന്റെ പേരിൽ കേരളാ ക്രിക്കറ്റ് ചുമന്നു. അപ്പോഴും ഗോഡ് ഫാദറും ജില്ലാ അസോസിയേഷന്റെ പിന്തുണയുമില്ലാത്ത ജഗദീഷിനെ മനപ്പൂർവ്വം മറുന്നു. വാട്‌മോറിന്റെ കണ്ണിൽ ജഗദീഷ് പെടരുതെന്ന വ്യക്തമായ കാഴ്ചപാട് കെസിഎയിലെ ഭാരവാഹികൾക്കുണ്ടായിരുന്നു. ഇതിന് അനുസരിച്ച് സെലക്ഷൻ കമ്മറ്റിയും പെരുമാറി-കെസിഎ ഉന്നതൻ മറുനാടനോട് പറഞ്ഞു.

ജയത്തിനിടെയിലും ഓപ്പണിങ് പരാജയം പലഘട്ടത്തിൽ ചർച്ചയായിരുന്നു. അപ്പോഴെല്ലാം ജഗദീഷിലേക്ക് ചർച്ചയെത്തി. എന്നാൽ പഴയ താരങ്ങൾ എത്ര ഫോമിലായാലും എടുക്കേണ്ടതില്ലെന്ന നിർദ്ദേശം കെസിഎ സെലക്ടർമാർക്ക് നൽകി. ഇതിന്റെ ഫലമാണ് വിദർഭയ്‌ക്കെതിരായ തോൽ. ക്വാർട്ടറിൽ വിദർഭ നേടിയത് ആദ്യഇന്നിങ്‌സിൽ 246 റൺസായിരുന്നു. പക്ഷേ സാങ്കേതിക തികവുള്ള ഓപ്പണറുടെ അഭാവം കേരളത്തിന് വിനയായി. തുടക്കത്തിൽ തന്നെ വിക്കറ്റ് പോയി. ജലജും റോഹനും സഞ്ജുവും വമ്പൻ സ്‌കോറുകൾ ഉയർത്തിയില്ല. സച്ചിൻ ബേബിയും മധ്യനിരയും അമ്പാടെ പാരാജയമായി. ഇതോടെ കേരളം തകർന്നടിഞ്ഞു. അങ്ങനെ ബാറ്റിങ് അത്ര ദുഷ്‌കരമല്ലാത്ത പിച്ചിൽ ഒന്നാം ഇന്നിങ്‌സിൽ കേരളം ലീഡ് വഴങ്ങി. രഞ്ജിയിലെ സെമി പ്രവേശനം സ്വപ്‌നമാവുകയും ചെയ്തു-കെസിഎയിലെ കളി അറിയാവുന്നവരുടെ വിശകലനം അങ്ങനെയാണ്.

കളി ജയിക്കുകയല്ല. കളിക്കാരെ ഒഴിവാക്കാനാണ് കേരളാ ക്രിക്കറ്റിലെ ചിലരുടെ താൽപ്പര്യം. ജഗദീഷിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്ന് അവർ പറയുന്നു. കളിക്കാരെ തിരിച്ചറിയാവുന്ന കോച്ചാണ് വാട്‌മോർ. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ അവരെ മാറ്റുക അസാധ്യം. അതുകൊണ്ട് തന്നെ ജഗദീഷിനെ പോലൊരു താരത്തെ സാധ്യതാ ടീമിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അവർ പറയുന്നു. ഇതിനുള്ള വിലയാണ് ക്വാർട്ടറിലെ തോൽവി. വർഷങ്ങളായി കേരളാ ക്രിക്കറ്റിന്റെ സെലക്ഷൻ കമ്മറ്റിക്ക് മാറ്റമില്ല. സ്ഥിരം ചെയർമാനാണുള്ളത്. ചില ജില്ലാ അസോസിയേഷൻ താൽപ്പര്യങ്ങളാണ് നടക്കുന്നത്. ഫോമിൽ അല്ലെങ്കിലും കളിക്കാം. അസോസിയേഷന്റെ പിന്തുണ മാത്രമതിയെന്നതാണ് സ്ഥിതി. ഒരു മത്സരം കഴിയുമ്പോൾ ഒരു താരത്തിന് ഒരു ലക്ഷത്തിലധികം രൂപ ബിസിസിഐയിൽ നിന്ന് കിട്ടും. ഇത് മോഹിച്ച ചില ഇടപെടലുകൾ കെസിഎയിൽ നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.

കഴിഞ്ഞ സീസണിൽ ജഗദീഷ് പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നാണ് സെലക്ടർമാർ പറയുന്നത്. അങ്ങനെ പറയുന്നവർക്ക് അടുത്ത സീസണിൽ എങ്ങനെ സച്ചിൻ ബേബിയെ നിലനിർത്താനാകുമെന്ന ചോദ്യമാണ് ചിലരുയർത്തുന്നത്. അസോസിയേഷന് താൽപ്പര്യമുണ്ടെങ്കിൽ അർക്കും കേരളാ ടീമിൽ കളിക്കാമെന്നാണ് വിലയിരുത്തൽ. മധ്യനിര സർവ്വത്ര പരാജയമായിരുന്നു. അപ്പോഴും റൈഫി വിൻസന്റ് ഗോമസ്, കെജ രാകേഷ് തുടങ്ങിയ ഫോമിലുള്ള മുൻതാരങ്ങളെ കെസിഎ പരിഗണിച്ചില്ല. ഗോഡ് ഫാദർമാരില്ലാത്ത പല യുവ ബാറ്റ്‌സാമാന്മാരും തഴയപ്പെട്ടു. ബൗളിങ്ങിൽ അക്ഷയ് കെസിയും സിജി മോൻ ജോസഫുമാണ് താരങ്ങൾ. നിധീഷെന്ന ഫാസ്റ്റ് ബൗളറും ശ്രദ്ധേയനായി. വാട്‌മോറിന്റെ ഉപദേശങ്ങൾ ഇവരെ മികച്ച താരങ്ങളാക്കി.

ഹരിയാനയ്‌ക്കെതിരെ റോഹൻ നേടിയ 93 റൺസാണ് കേരളത്തിന് തുണയായത്. ക്രീസിൽ ഉറച്ചു നിന്നായിരുന്നു ഈ നേട്ടം. എന്നാൽ സ്ലോ ഇന്നിങ് കളിച്ച റോഹനെ അടുത്ത സീസണിൽ കളിപ്പിക്കണോ എന്ന ചർച്ച സെലക്ഷൻ കമ്മറ്റി തുടങ്ങി കഴിഞ്ഞു. പുതിയ താരങ്ങളെ പരീക്ഷിക്കാമെന്നാണ് അവരുടെ വാദം. ഇതിന് പിന്നിൽ ചില അസോസിയേഷൻ പ്രമുഖരുടെ അഴിമതിയുണ്ടെന്നാണ് കെസിഎയ്‌ക്കെതിരെ ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP