Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമേയത്തിന്റെപരിമിതി അവതരണ മികവിൽ മറികടന്ന് ഫിദ; ഇത് ഒരു മലയാള സിനിമ പോലെ തന്നെ ആസ്വദിക്കാവുന്ന മൊഴിമാറ്റ ചിത്രം; വീണ്ടും കൈയടി നേടി ഹാപ്പി ഡേയ്‌സ് ശേഖർ കമൂല; പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ സായി പല്ലവി വീണ്ടും

പ്രമേയത്തിന്റെപരിമിതി അവതരണ മികവിൽ മറികടന്ന് ഫിദ; ഇത് ഒരു മലയാള സിനിമ പോലെ തന്നെ ആസ്വദിക്കാവുന്ന മൊഴിമാറ്റ ചിത്രം; വീണ്ടും കൈയടി നേടി ഹാപ്പി ഡേയ്‌സ് ശേഖർ കമൂല; പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ സായി പല്ലവി വീണ്ടും

കെ വി നിരഞ്ജൻ

നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചി കാണാനാണ് തിയേറ്ററിലത്തെിയത്. ഇതേ കോംപ്‌ളക്‌സിലെ മറ്റൊരു സ്‌ക്രീനിൽ തെലുങ്ക് മൊഴിമാറ്റ ചിത്രം ഫിദയും കളിക്കുന്നുണ്ട്. റിച്ചിയുടെ വരിയിൽ നിന്ന് ടിക്കറ്റടെുക്കാൻ പണം കൊടുത്തപ്പോൾ കൗണ്ടറിലുള്ള പരിചയക്കാരന്റെ ചോദ്യം. ഫിദ കണ്ടാൽ പോരെ. എന്തങ്കെിലും പറയുന്നതിന് മുമ്പ് തന്നെ പുള്ളി ഫിദയ്ക്കുള്ള ടിക്കറ്റ് മുറിച്ചു തന്നു. ചില മുൻകാല തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളുടെ അനുഭവം ഉള്ളതുകൊണ്ട് തന്നെ കാശുപോകുമോ എന്നായിരുന്നു സംശയം. തെലുങ്കിൽ വൻ വിജയം നേടിയ ചിത്രം എന്നൊക്കെ പരസ്യം കണ്ടിട്ടുണ്ടെങ്കിലും പല തെലുങ്ക് ചിത്രങ്ങളും നിരാശപ്പെടുത്തിയതായതുകൊണ്ട് ഫിദയിൽ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.

സംശയിച്ചതുപോലെ പ്രമേയത്തിൽ അശേഷം പുതുമ അനുഭവപ്പെടാത്ത ഒരു സിനിമ തന്നെയാണ് ഫിദ. മലയാളത്തിലും തമിഴിലുമായി നമ്മൾ പല വട്ടം കണ്ട പ്രമേയം. എന്നാൽ ശേഖർ കമൂല എന്ന സംവിധായകന്റെ അവതരണ മികവാണ് രസകരമായി ആസ്വദിക്കാവുന്ന ഒരു പ്രണയ ചിത്രമായി ഇതിനെ മാറ്റുന്നത്. പ്രണയവും തെറ്റിദ്ധാരണയും വീണ്ടുമുള്ള ഒന്നിക്കലുമെല്ലാം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഒരു മലയാള സിനിമ പോലെ തന്നെ ആസ്വദിക്കാവുന്നതാണ് ഈ തെലുങ്ക് മൊഴി മാറ്റ ചിത്രവും.

വരുൺ എന്ന എൻ ആർ ഐ യുവാവ് സഹോദരൻ രാജുവിന്റെ വിവാഹ ആവശ്യങ്ങൾക്കായി അമേരിക്കയിൽ നിന്ന് നാട്ടിലത്തെുന്നു. കൂടെ അവരുടെ മാതാപിതാക്കൾ ദത്തെടുത്ത കൊച്ചനുജനമുണ്ട്. വിവാഹാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ സഹോദരൻ വിവാഹം ചെയ്യാൻ പോകുന്ന രേണുകയുടെ സഹോദരി ഭാനുമതിയുമായി വരുണിനുണ്ടാകുന്ന സൗഹൃദവും അത് പതിയെ പ്രണയത്തോളത്തെുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ പിന്നീടുണ്ടാകുന്ന ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇവർ അകലുന്നു. പിന്നീട് സഹോദരി ഗർഭിണിയാകുമ്പോൾ അവളെ സഹായിക്കാനായി അമേരിക്കയിലത്തെുന്ന ഭാനുമതിയും വരുണും തമ്മിൽ അവിടെ വെച്ച് വീണ്ടും ഉടക്കുന്നു. പക്ഷേ പതിയെ ഇത് സൗഹൃദത്തിലേക്ക് നീങ്ങുകയും തെറ്റിദ്ധാരണകൾ മാറി അവർ വീണ്ടും ഒന്നിക്കുന്നതുമാണ് ഫിദ.

കഥ കേൾക്കുമ്പോൾ ഇതെത്ര തവണ കണ്ടതാണ്, ഇതിലെന്ത് പുതുമ എന്നെല്ലാം വായനക്കാർക്ക് തോന്നിയേക്കാം. പക്ഷെ ഇവിടെയാണ് ശേഖർ കമ്മൂല എന്ന സംവിധായകന്റെ മിടുക്ക്. ഹാപ്പി ഡേയ്‌സ് എന്ന രസകരമായ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയംങ്കരനായ ഈ സംവിധായകൻ ലളിതമായ ഈ കഥയെ വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

പതിവ് തെലുങ്ക് സിനിമകളിലേതുപോലെ അട്ടഹാസങ്ങളോ അവിശ്വസനീയമായ സംഘട്ടന രംഗങ്ങളോ കഥയുമായി ബന്ധമില്ലാത്ത കോമഡി രംഗങ്ങളോ മൂന്നാംകിട ഡപ്പാം കൂത്ത് ഡാൻസുകളോ ഒന്നും ഫിദയിലില്ല. നായകനും നായികയുമായുള്ള ബന്ധമെല്ലാം രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കോണ്ടം എന്ന് മടിച്ച് പറയുന്ന അമേരിക്കക്കാൻ നായകനോട് ഇത് പറയാനാണോ ഇത്രയും ചമ്മിയത് എന്ന് ചോദിക്കുന്ന ഫിദയെന്ന നായിക വെട്ടിത്തുറന്നാണ് കാര്യങ്ങൾ പറയുന്നത്.

പ്രധാന പ്രണയത്തിന്റെ കഥ പറയുമ്പോൾ വഴിയിലെ തടസ്സങ്ങളെല്ലാം വളരെ എളുപ്പമാണ് സംവിധായകൻ തട്ടിമാറ്റുന്നത്. പ്രണയവും തെറ്റിദ്ധാരണയും പിന്നീടുള്ള ഒന്നുചേരലും മാത്രം ഫോക്കസ് ചെയ്ത സംവിധായകൻ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റ് കാര്യങ്ങളെ പീന്നീട് പൂർണ്ണമായും വിസ്മരിക്കുന്നു. പ്രേക്ഷക മനസ്സ് നായകനും നായികയ്ക്കും പിന്നാലെയായതുകൊണ്ട് അത്തരം ചോദ്യങ്ങൾ വലിയ ചോദ്യങ്ങളാവില്ല എന്ന് സംവിധായകന് നന്നായറിയാം. അതുകൊണ്ട് തന്നെയാവണം വളരെ നിസ്സാരമായി തെറ്റിദ്ധാരണകളെ തച്ചുടയ്ക്കുന്ന സംവിധായകൻ, ഭാനുവുമായി വിവാഹം ഉറപ്പിച്ച വ്യക്തിയെ അവസാനം പരാമർശിക്കുക പോലും ചെയ്യതെ ഭാനുവിനെ വരുണുമായി ഒന്നിപ്പിച്ചത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങളും സത്യം തിരിച്ചറിയുന്നതുമെല്ലാം തട്ടിക്കൂട്ടിയുണ്ടാക്കിയതുപോലെ തോന്നുമെങ്കിലും ഭാനുവിന്റെ പ്രണയം പ്രേക്ഷക മനസ്സുകളെ സ്പർശിക്കും. ഒരു പ്രണയ ചിത്രമാണെങ്കിലും ചെറു നർമ്മങ്ങൾ ഇഴചേർത്താണ് കഥ മുന്നോട്ട് പോകുന്നത്.

വരുൺ-സായി പല്ലവി ടീമിന്റെ രസകരമായ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ മറ്റൊരു ഘടകം. രണ്ടുപേരും മത്സരിച്ച് അഭിനയിക്കുമ്പോൾ പ്രേക്ഷകരും ഈ കഥാപാത്രങ്ങൾക്കോപ്പം സഞ്ചരിക്കുന്നു. പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ സായി പല്ലവി മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. പ്രേക്ഷകർക്ക് അത്രയ്ക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമാണ് ഭാനു. ആ ചിരിയും നോട്ടവും വെട്ടിത്തുറന്നുള്ള സംസാരവുമെല്ലാം ആരെയും ആകർഷിക്കും. തെലുങ്കിന്റെ പതിവ് അമിതാഭിനയത്തിന്റെ ഭാരമില്ലാതെ നായക കഥാപാത്രത്തെ വരുൺ തേജും ഭംഗിയാക്കി.

വരുണിന്റെ സഹോദരങ്ങളായി രാജ ചെമ്പോല, ആര്യൻ എന്നിവരും ഭാനുവിന്റെ സഹോദരിയായത്തെുന്ന ശരണ്യ പ്രദീപും മികച്ച പ്രകടനം കാഴ്ച വെച്ചു. ഗീത, ഹർഷവർധൻ, ഗായത്രി, മനീഷ, ശ്രീഹർഷ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടത്. താരചിത്രങ്ങൾ അരങ്ങ് വാഴുന്ന തെലുങ്ക് സിനിമയിൽ താര സാന്നിധ്യമില്ലാതെ ഇത്രയ്ക്ക് ലളിതമായി കഥപറയാൻ സംവിധായകൻ കാട്ടിയ ധൈര്യം പ്രശംസനീയമാണ്. വിജയ് സി കുമാറിന്റെ ക്യാമറാക്കാഴ്ചകളാണ് ചിത്രത്തെ വർണ്ണ മനോഹരമാക്കുന്നത്. മാർത്താണ്ട് കെ വെങ്കിടേഷിന്റെ എഡിറ്റിംഗും ശക്തികാന്ത് കാർത്തിക് ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു.

ഡബ്ബിംങ്ങിലെ പോരായ്മകളാണ് മലയാളത്തിലേക്ക് എത്തുന്ന തെലുങ്ക് സിനിമകളുടെ പലപ്പോഴുമുള്ള പോരായ്മ. എന്നാൽ ഫിദയിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. മൊഴിമാറ്റമെന്ന് തോന്നാത്ത തരത്തിൽ മികച്ച രീതിയിൽ പൂർത്തിയാക്കിയ ഡബ്ബിംങ്ങ് ആണ് ചിത്രത്തെ ആകർഷകമാക്കുന്നത്. തുടക്കം ഒരു തെലുങ്ക് ചിത്രമെന്ന് ഓർക്കുമെങ്കിലും കഥയുടെ മുന്നോട്ടുള്ള വഴിയിൽ ഒരു മൊഴിമാറ്റ ചിത്രമാണിതെന്ന കാര്യം പോലും പ്രേക്ഷകർ മറന്നുപോകും. പൈങ്കിളി,ക്‌ളീഷേ എന്നൊക്കെ ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ ഓർക്കുക പ്രണയമെപ്പോഴും അൽപ്പം പൈങ്കിളിയാണ്. അത് പലപ്പോഴും ക്‌ളീഷയുമാണ്. തെലുങ്കിലായാലും മലയാളത്തിലായാലും അത് അങ്ങിനെ തന്നെ.

ആ കുഗ്രാമവും അവിടുത്തെ പാടവും കർഷകരും നാട്ടുകാരുമെല്ലാം ഒരു കേരളീയ ജീവിതത്തെ ഓർമ്മിപ്പിക്കും. പുതുമകളുള്ള മികച്ച ഒരു സിനിമയാണെന്നൊന്നും പറയുന്നില്ല. പക്ഷെ മലയാളത്തിലേതുപോലെ ലളിതസുന്ദരമായ ഒരു തെലുങ്ക് പ്രണയ ചിത്രം കാണണമെന്ന് തോന്നിയാൽ ഫിദയ്ക്ക് ടിക്കറ്റടെുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP