Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷ വധക്കേസ് അപൂർവ്വത്തിൽ അപൂർവ്വമായ കേസായി തോന്നുന്നില്ല; രക്തദാഹികളായ ആൾക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം; ഒരാൾക്ക് മാത്രമായി ഈ കൃത്യം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് പോസ്റ്റുമോർട്ടം ഡോക്ടർ നൽകിയ മൊഴി ഉൾപ്പെടെ അപ്പീലിൽ പ്രൊസിക്യൂഷന് വിനയാകും: പ്രതി അമീറുലിന് വധശിക്ഷ നൽകിയ കോടതിവിധി വിലയിരുത്തി അഡ്വ. ഹരീഷ് വാസുദേവൻ

ജിഷ വധക്കേസ് അപൂർവ്വത്തിൽ അപൂർവ്വമായ കേസായി തോന്നുന്നില്ല; രക്തദാഹികളായ ആൾക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം; ഒരാൾക്ക് മാത്രമായി ഈ കൃത്യം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് പോസ്റ്റുമോർട്ടം ഡോക്ടർ നൽകിയ മൊഴി ഉൾപ്പെടെ അപ്പീലിൽ പ്രൊസിക്യൂഷന് വിനയാകും: പ്രതി അമീറുലിന് വധശിക്ഷ നൽകിയ കോടതിവിധി വിലയിരുത്തി അഡ്വ. ഹരീഷ് വാസുദേവൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ വിധി പുറത്തുവന്നതോടെ നിയമവിദഗ്ധരും വിധിയിലെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുന്നു. ജിഷ കേസിൽ പ്രതി അമീറുൽ ഇസ്‌ളാമിന് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചത്. കൊലപാതകത്തിന് വധശിക്ഷയും മാനഭംഗം ഉൾപ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, പത്തുവർഷം, ഏഴുവർഷം എന്നിങ്ങനെ കഠിനതവും അഞ്ചുലക്ഷം രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചത്.

അപൂർവത്തിൽ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്ത്രീകളുടെ അന്തസ്സുയർത്താൻ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ ഈ കേസ് അപൂർവത്തിൽ അപൂർവമാണെന്ന് കരുതാനാകില്ലെന്ന് ആണ് അഡ്വ. ഹരീഷ് വാസുദേവൻ വിലയിരുത്തുന്നത്. കേരളത്തിൽ പല സാമൂഹ്യവിഷയങ്ങളിലും സോഷ്യൽമീഡിയയിൽ ഉൾപ്പെടെ സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന വ്യക്തിയാണ് അഡ്വ. ഹരീഷ് വാസുദേവൻ.

ഹരീഷിന്റെ അഭിപ്രായ പ്രകടനം ഇങ്ങനെ:

ജിഷ വധക്കേസ് അപൂർവ്വത്തിൽ അപൂർവ്വമായ കേസായി തോന്നുന്നില്ല. അങ്ങനെ ബോധ്യപ്പെടുത്തുന്ന സാഹചര്യങ്ങളും ഈ കേസിൽ ഇല്ല. അതുകൊണ്ടുതന്നെ, പ്രതി വധശിക്ഷ അര്ഹിക്കുന്നുമില്ല. പൊതുവിൽ വധശിക്ഷ വേണോ വേണ്ടയോ എന്ന വാദം ഈ കേസിൽ എന്നെ സംബന്ധിച്ച് പ്രസക്തവുമല്ല.

രക്തദാഹികളായ ആൾക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം, അത് ക്രിമിനൽ ജസ്റ്റിസ് ഉറപ്പുവരുത്തുക മാത്രമാണ്. ജീവപര്യന്തം (14 വർഷമല്ല) ആയിരുന്നു ഉചിതം.

ഒരാൾക്ക് മാത്രമായി ഈ കൃത്യം ചെയ്യാൻ കഴിയുമോ എന്ന ക്രോസ് എക്സാമിനേഷനിലെ ചോദ്യത്തിന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ നൽകിയ മൊഴി അടക്കം പലതും അപ്പീലിൽ പ്രോസിക്യൂഷന് വിനായാകും എന്നാണ് ട്രയൽ കേട്ട സുഹൃത്തുക്കൾ പറയുന്നത്. ആകട്ടെ. അപ്പീലിൽ കാണാം. ബാക്കി, വിധിന്യായം മുഴുവൻ വായിച്ചിട്ട്. - ഇതാണ് ഹരീഷ് നൽകിയ കുറിപ്പ്.

ജിഷ കേസ് വിചാരണ വേളയിലും കേസന്വേഷണ വേളയിലും നിരവധി സംശയങ്ങളാണ് ഉയർന്നത്. പ്രൊസിക്യൂഷനും പൊലീസും ഉയർത്തുന്ന വാദങ്ങളിൽ പലതും ദുരൂഹമാണെന്ന വാദവും ഉയർന്നിരുന്നു. കേസിൽ മറ്റൊരു പ്രതികൂടി ഉണ്ടെന്ന വാദം അന്വേഷണ ഘട്ടത്തിൽ പൊലീസിൽ നിന്നുതന്നെ പുറത്തുവന്നിരുന്നു. എ്ന്നാൽ അന്തിമ കുറ്റപത്രത്തിൽ അമീറുൽ മാത്രമാണ് കുറ്റംചെയ്തതെന്ന വാദമാണ് പ്രൊസിക്യൂഷൻ ഉയർത്തിയത്.

ഇതിനെതിരെ പ്രതിഭാഗം അഭിഭാഷകനായ ആളൂർ വിചാരണവേളയിൽ രംഗത്തുവരികയും അനാറുൽ ഇസ്‌ളാം എന്ന മറ്റൊരു പ്രതി ചോദ്യംചയ്യലിനിടെ കൊല്ലപ്പെട്ടുവെന്ന വാദം ഉന്നയിക്കുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാട്ടി പുനരേന്വഷണം വേണമെന്നും ആളൂർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വിധി വന്നതിന് പിന്നാലെ ഇത്തരം അഭിപ്രായങ്ങളും ഏറുകയാണ്. വിധിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ആളൂർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് കീഴ്‌ക്കോടതി നൽകിയ വധശിക്ഷ സുപ്രീംകോടതിയിൽ ഖണ്ഡിച്ച് ജീവപര്യന്തമാക്കി ചുരുക്കാൻ കഴിഞ്ഞതോടെയാണ് ആളൂർ ശ്രദ്ധേയനാകുന്നത്. സമാന രീതിയിൽ മേൽക്കോടതിയിൽ പ്രൊസിക്യൂഷനെ ഖണ്ഡിക്കാൻ ജിഷ കേസിലും ആളൂരിന് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

അഭിഭാഷകനായ ഹരീഷ് വാസുദേവൻ ഉൾപ്പെടെയുള്ളവർ ഈ കേസിൽ ജീവപര്യന്തം ശിക്ഷയായിരുന്നു ഉചിതമെന്ന വിലയിരുത്തൽ ഉയർത്തുന്നതോടെ ഇക്കാര്യം വരുംദിവസങ്ങളിൽ വലിയ ചർച്ചയാകും. കേസുകളിൽ പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നതിന് എതിരെ പ്രസിദ്ധ നിയമജ്ഞൻ ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ നടത്തിയ നിരീക്ഷണങ്ങളും അടുത്തിടെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP