Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെൽഫെയർ പാർട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി; ഹാദിയയ്ക്ക് താൻ നൽകിയ ഉപദേശത്തിന് മറുപടിയായി ലീഗ് ന്യൂസ് പുറത്ത് വിട്ട പോസ്റ്റ് പ്രചരിപ്പിക്കുന്നത് ആരാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടെന്ന് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്‌

സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെൽഫെയർ പാർട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി; ഹാദിയയ്ക്ക് താൻ നൽകിയ ഉപദേശത്തിന് മറുപടിയായി ലീഗ് ന്യൂസ് പുറത്ത് വിട്ട പോസ്റ്റ് പ്രചരിപ്പിക്കുന്നത് ആരാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടെന്ന് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്‌

മറുനാടൻ മലയാളി ഡസ്‌ക്‌

മലപ്പുറം: മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം മറന്നുപോകരുതെന്ന് മന്ത്രി കെ.ടി.ജലീൽ അഖില എന്ന ഹാദിയയെ ഒരാഴ്ച മുമ്പ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉപദേശിച്ചിരുന്നു.ഇതിനെ തുടർന്ന് ഹാദിയയുടെ മറുപടി എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ കുറിപ്പ് ഹാദിയ എഴുതിയതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഇതിന് പിന്നിൽ ആരാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിവൈഭവം ഒന്നും വേണ്ടെന്നും മന്ത്രി പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെൽഫെയർ പാർട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും തന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായെന്നും കെടി.ജലീൽ പറഞ്ഞു.

മന്ത്രി കെ.ടി.ജലീലിന്റെ ആദ്യ പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

'നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളർത്തിയ പിതാവിനും മക്കൾ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താനാവില്ല. 'ആരാന്റെമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലെന്ന് ' നാട്ടിലൊരു ചൊല്ലുണ്ട് . ഹാദിയയെ മുൻനിർത്തി ആദർശ വിജയം കൊണ്ടാടുന്നവർ മറിച്ച് സംഭവിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്ത്‌നിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും. ഒരാളുടെ വേദനയും കണ്ണുനീരും ഒരു ദർശനത്തിന്റെയും വിജയമോ പരാജയമോ ആയി ആഘോഷിക്കപ്പെട്ട്കൂട . മാധവിക്കുട്ടി കമലാസുരയ്യയായപ്പോൾ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം അഖില ഹാദിയയായപ്പോൾ നെഞ്ചോട് ചേർത്ത് വെക്കാൻ മടിച്ച് നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളിൽ ആർത്തിരമ്പുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ആർക്കെങ്കിലും ഇല്ലാതെ പോയെങ്കിൽ , പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല അവനവനെത്തന്നെയാണ് .

എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയിൽ ഒരഭ്യർത്ഥനയേ എനിക്കുള്ളു . ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു . അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം . മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുത് . ഒരാളെ സംബന്ധിച്ചേടത്തോളം എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റാം . ഭാര്യാ ഭർതൃ ബന്ധം വരെ . മരണത്തിന് പോലും അറുത്തെറിയാൻ പറ്റാത്തതാണ് മാതൃ പിതൃ ബന്ധങ്ങൾ . മാതാവിനോട് ' ഛെ ' എന്ന വാക്കുപോലും ഉച്ഛരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി അമ്മയുടെ കാൽചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗമെന്നും അരുൾ ചെയ്തു . വിശുദ്ധ യുദ്ധത്തേക്കാൾ പവിത്രമാണ് പ്രായമായ മാതാപിതാക്കളെ പരിപാലിക്കലെന്നും പറഞ്ഞ പ്രവാചകൻ , പക്ഷെ ഇവിടെയൊന്നും മാതാവ് സ്വന്തം മതക്കാരിയാകണമെന്ന വ്യവസ്ഥ വെച്ചിട്ടില്ലെന്ന് കൂടി ഓർക്കണം .'

പുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

അഖിലയുടെ അല്ലെങ്കിൽ ഹാദിയയുടെ വിശ്വാസസ്വാതന്ത്ര്യം


ഹാദിയയോട് കെ.ടി.ജലീൽ
ഹാദിയയുടെ തിരുത്തെന്നപേരിൽ
തട്ടിവിടുന്നവരോട് ഒരു വാക്ക്
-- - - - - - - - - - - - - - - - - - - - - - - - - -
എന്റെ മൂന്ന് മക്കളിൽ രണ്ട് പേരും പെൺകുട്ടികളാണ് . ആ നിലക്കാണ് ഹാദിയയോട് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചില കാര്യങ്ങൾ ഉണർത്തിയത് . അതിനുള്ള പ്രതികരണമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഹാദിയയുടേതായി ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട് . അത് വായിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു അതിലെ പദപ്രയോഗങ്ങളും വാചകങ്ങളും ആ കുട്ടിയുടേതല്ലെന്ന് . നിഷ്‌കളങ്കയായ ഒരു വ്യക്തിയിൽ നിന്ന് ഒരിക്കലും അത്തരം വാക്കുകൾ ഉണ്ടാവില്ലെന്ന കാര്യത്തിൽ എനിക്കശേഷം സംശയമില്ല .

എന്നാൽ ( ലീഗ് ന്യൂസ് ) എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ എന്റെയും ഹാദിയയുടെയും ഫോട്ടോ ചേർത്ത് ഒരു പോസ്റ്റ് വന്നതുകൊണ്ട് (അഖില എന്ന ഹാദിയ എഴുതിയതാണെങ്കിലും അല്ലെങ്കിലും) ഏതാനും വാക്കുകൾ അനുബന്ധമായി ചേർക്കേണ്ടതുണ്ടെന്ന് തോന്നുന്നു . നേരത്തെ ഞാൻ ഹാദിയ വിഷയത്തിൽ നടത്തിയ അഭിപ്രായം ഗഹനമായ ചിന്തക്കൊടുവിൽ എത്തിച്ചേർന്ന സുചിന്തിതമായ അഭിപ്രായം തന്നെയാണ് . അതിൽ ഒരു മാറ്റവുമില്ല .

മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചതും സമാനമായ ആശയങ്ങൾ ഉൾകൊള്ളുന്ന വരികളായിരുന്നു . അതേ കുറിച്ച് ഒരു പരാമർശവും ലീഗ് ന്യൂസ് പുറത്ത് വിട്ട പോസ്റ്റിൽ ഇല്ലാത്തതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . ചിലത് പറഞ്ഞും മറ്റുചിലത് മറച്ച് വെച്ചുമുള്ള പ്രചാരണങ്ങൾക്കു പിന്നിൽ ആരാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിവൈഭമൊന്നും വേണ്ട . സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെൽഫെയർ പാർട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി . വിശുദ്ധ ഖുർആനിലെ ഒരു സൂക്തമാണ് എല്ലാ മതഭ്രാന്തന്മാരെയും എനിക്കോർമ്മപ്പെടുത്താനുള്ളത് : 'നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്കെന്റെ മതം'. തിന്മയേക്കാൾ നന്മ ഒരംശം മുന്തിക്കാനായാൽ അവനാണ് സ്വർഗ്ഗാവകാശിയെന്നാണ് മുഹമ്മദ് നബി ഉൽബോധിപ്പിച്ചത് . ആ പട്ടികയിൽ എല്ലാ നിറഭേദങ്ങളിൽനിന്നുമുള്ള നല്ല മനുഷ്യരുണ്ടാകുമെന്ന് വിശ്വസിക്കാൻ ഒരു മതതീവ്രവാദിയുടേയും താമ്രപത്രം എനിക്കാവശ്യമില്ല . ഞാൻ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇസ്ലാം അതാണ് . മറുത്ത് അഭിപ്രായമുള്ളവരുണ്ടാകാം . അവരോട് മാന്യമായി മാത്രമേ വിയോജിക്കു . ആരെയും ഒന്നിന്റെയും പേരിൽ പടിയടച്ച് പിണ്ഡം വെക്കാനോ നരകത്തിലേക്ക് പിടിച്ച് തള്ളാനോ ഞാനില്ല . പടച്ചവൻ ആ ജോലി ഒരാളെയും ഏൽപിച്ചിട്ടില്ലല്ലൊ . ഹാദിയക്കും അച്ഛനമ്മമാർക്കും മനഃശ്ശാന്തി നേർന്ന്‌കൊണ്ട് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് വിരാമം കുറിക്കുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP