Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുജറാത്തിലും ഹിമാചലിലും ബിജെപി തന്നെ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ; മോദിയുടെ നാട്ടിൽ ബിജെപിക്ക് 99 മുതൽ 109 വരെ സീറ്റുകൾ ലഭിക്കുമെന്ന് സർവേകൾ; കോൺഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും അധികാരം ഇനിയും അകലെ; ഹിമാചലിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്നും പ്രവചനം; മോദി-അമിത്ഷാ കൂട്ടുകെട്ടിൽ ബിജെപി രാജ്യത്ത് അനിഷേധ്യ ശക്തിതന്നെയെന്ന് പ്രഖ്യാപിച്ച് പുതിയ തിരഞ്ഞെടുപ്പുകളും; അധികാരം ബിജെപിക്ക് ഉറപ്പിച്ച് എല്ലാ ചാനലുകളും

ഗുജറാത്തിലും ഹിമാചലിലും ബിജെപി തന്നെ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ; മോദിയുടെ നാട്ടിൽ ബിജെപിക്ക് 99 മുതൽ 109 വരെ സീറ്റുകൾ ലഭിക്കുമെന്ന് സർവേകൾ; കോൺഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും അധികാരം ഇനിയും അകലെ; ഹിമാചലിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്നും പ്രവചനം; മോദി-അമിത്ഷാ കൂട്ടുകെട്ടിൽ ബിജെപി രാജ്യത്ത് അനിഷേധ്യ ശക്തിതന്നെയെന്ന് പ്രഖ്യാപിച്ച് പുതിയ തിരഞ്ഞെടുപ്പുകളും; അധികാരം ബിജെപിക്ക് ഉറപ്പിച്ച് എല്ലാ ചാനലുകളും

മറുനാടൻ മലയാളി ഡസ്‌ക്

അഹമ്മദാബാദ്: രണ്ടാംഘട്ട ഗുജറാത്ത് തിരഞ്ഞെടുപ്പും പൂർത്തിയായതിന് പിന്നാലെ ഗുജറാത്തിലും ഹിമാചലിലും ബിജെപി ജയം നേടുമെന്ന് വ്യക്തമാക്കി എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ബിജെപിക്ക് മുൻതവണത്തേതിന് സമാനമായ വിജയം ഗുജറാത്തിൽ ആവർത്തിക്കുമെന്ന് വ്യക്തമാക്കി  എക്സിറ്റ് പോൾ ഫലം പുറത്ത് വന്നു. 182 സീറ്റിൽ ബിജെപി 109 സീറ്റും കോൺഗ്രസ് 70 സീറ്റും നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പത്തുസീറ്റെങ്കിലും മുൻതവണത്തേതിനേക്കാൾ കുറയുമെന്നാണ് പ്രവചനം. വിവിധ ചാനലുകളുടെ നേതൃത്വത്തിൽ നടന്ന എക്‌സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവരുന്നത്. ഇതിൽ 99 മുതൽ 109 വരെ സീറ്റുകൾ നേടി ഗുജറാത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് എല്ലാ ചാനലുകളും ഒരുപോലെ വ്യക്തമാക്കുന്നു. എന്നാൽ മുൻ തവണത്തേ അപേക്ഷിച്ച് കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന നിലയിലും പ്രവചനങ്ങൾ കണക്കുകൂട്ടുന്നുണ്ട്. ഇതോടെ അന്തിമഫലം ആർക്കൊപ്പമാകുമെന്ന ചർച്ചകളും സജീവമായി.

93 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇന്ന് നടന്നത്. 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9ന് നടന്നിരുന്നു. വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിലാണ് ഇപ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ചാനലുകൾ പുറത്തുവിടുന്നത്. കോൺഗ്രസ് അധ്യക്ഷനായി പാർട്ടി തിരഞ്ഞെടുത്ത രാഹുലും ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടാണ് ഇക്കുറി തിരഞ്ഞെടുപ്പിന് ഗുജറാത്തിൽ നേതൃത്വം നൽകിയത്. അതിനാൽ തന്നെ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ ഇരുവരും നേർക്കുനേർ പോരാടുമ്പോൾ എന്തുസംഭവിക്കുമെന്ന ചർച്ചകളും സജീവമായി.

ഗുജറാത്തിലെ രണ്ടാംഘട്ട പോളിങ് അഞ്ച് മണിക്ക് അവസാനിച്ചതോടെയാണ് വിവിധ ചാനലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ടു തുടങ്ങിയത്. 22 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരതിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

ബിജെപിക്ക് 111 സീറ്റുകളും കോൺഗ്രസിന് 68 സീറ്റുകളും ലഭിക്കുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ പറയുന്നു. അതേസമയം വാർത്താ ചാനലായ എ.ബി.പിയും സി.എസ്.ഡി.എസും ചേർന്ന് നടത്തിയ സർവേയിൽ ബിജെപി 91-99 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസിന് 78-86 സീറ്റുകൾ ലഭിക്കുമെന്നാണ് അവരുടെ പ്രവചനം.

ഇന്ത്യാ ടുഡെ-ആക്‌സിസ് സർവേ പ്രകാരം ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 47-55 സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 13-20 സീറ്റുകൾ. റിപ്പബ്ലിക്-ജൻ കി ബാത് സർവേ ഗുജറാത്തിൽ ബിജെപിക്ക് 108 സീറ്റും കോൺഗ്രസിന് 74 സീറ്റും പ്രവചിക്കുന്നു. സൗരാഷ്ട്ര-കച്ച് മേഖലയിൽ ബിജെപിക്ക് ശക്തമായ മുന്നേറ്റമാണ് റിപ്പബ്ലിക്-ജൻ കി ബാത് സർവേ പ്രവചിക്കുന്നത്. സി.എൻ.എൻ-ന്യൂസ് 18 സർവേ ഗുജറാത്തിൽ ബിജെപിക്ക് 115 സീറ്റും കോൺഗ്രസിന് 61 സീറ്റും പ്രവചിക്കുന്നു. മറ്റുള്ളവർ ആറ് സീറ്റ്. എബിപി-സിഎസ്ഡിഎസ് സർവേ പ്രവചിക്കുന്നത് ബിജെപി 91-99 സീറ്റുകൾ, കോൺഗ്രസിന് 78-86 സീറ്റുകൾ.

നിലവിലെ ഗുജറാത്തിലെ കക്ഷിനില: ബിജെപി -115, കോൺഗ്രസ് 61, മറ്റുള്ളവർ 6 എന്നിങ്ങനെയാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 89 സീറ്റുകളിലേക്ക് ഡിസംബർ 9 നും 93 സീറ്റുകളിലേക്ക് ഇന്നുമാണ് (ഡിസംബർ 14) വോട്ടെടുപ്പ് നടന്നത്. ഹിമാചലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപി നേടുമന്നാണ് പ്രവചനങ്ങൾ.

ഇതോടെ രാജ്യത്ത് മോദിയുടേയും അമിത്ഷായുടേയും നേതൃത്വത്തിൽ പടയോട്ടം തുടരുകയാണെന്നും കോൺഗ്രസിന്റെ ഇടപെടലുകൾക്കും നയംമാറ്റങ്ങൾക്കും രാജ്യത്ത് ഒരു സ്വാധീനവും ചെലുത്താനാവുന്നില്ലെന്നും വ്യക്തമാകുകയാണെന്ന് വിലയിരുത്തലുകൾ പുറത്തുവരുന്നു.

വിവിധ സർവേകൾ ഒറ്റനോട്ടത്തിൽ

ഗുജറാത്ത് ( ആകെ 182 സീറ്റ്)

ടൈംസ് നൗ
ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ ബിജെപിക്കും കോൺഗ്രസിന് 70 സീറ്റുകൾ വരെയും ലഭിക്കും

റിപ്പബ്ലിക് ടിവി
ബിജെപി 108 സീറ്റ്. കോൺഗ്രസ് 78 സീറ്റ്

സീ വോട്ടർ
ബിജെപി 116, കോൺഗ്രസ് 64

ന്യൂസ് എക്‌സ്
ബിജെപി 110-120, കോൺഗ്രസ് 65-75

ഇന്ത്യ ടുഡേ- ആക്‌സിസ്
ബിജെപി 99-113, കോൺഗ്രസ് 68-84, മറ്റുള്ളവർ 1-4

ഹിമാചൽ (ആകെ 68 സീറ്റ്)

ഇന്ത്യാ ടുഡേ സർവേ
55 സീറ്റ് ബിജെപിക്ക്. കോൺഗ്രസിന്റേത് മോശം പ്രകടനം

സീവോട്ടർ
ബിജെപി: 41, കോൺഗ്രസ്: 25, മറ്റുള്ളവർ: 2

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP