Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി സ്വയം തീരുമാനിക്കട്ടേയെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കൈയൊഴിഞ്ഞു; പിണറായിയും കോടിയേരിയും ഒരുപോലെ വാദിച്ചെങ്കിലും മുഖം തിരിച്ച് കേന്ദ്ര നേതൃത്വം; മഹാസമ്മേളനം വഴി കരുത്തറിയിച്ചെങ്കിലും മാണിയുടെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളാ കോൺഗ്രസ് ഏത് മുന്നണിക്കൊപ്പമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം

മാണി സ്വയം തീരുമാനിക്കട്ടേയെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കൈയൊഴിഞ്ഞു; പിണറായിയും കോടിയേരിയും ഒരുപോലെ വാദിച്ചെങ്കിലും മുഖം തിരിച്ച് കേന്ദ്ര നേതൃത്വം; മഹാസമ്മേളനം വഴി കരുത്തറിയിച്ചെങ്കിലും മാണിയുടെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളാ കോൺഗ്രസ് ഏത് മുന്നണിക്കൊപ്പമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം

ബി രഘുരാജ്‌

കോട്ടയം: കെ എം മാണി ഇടത്തോട്ടോ വലത്തോട്ടോ? ജോസ് കെ മാണിയുടെ താൽപ്പര്യം ഇടതുപക്ഷമാണെന്ന് വ്യക്തം. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ സിപിഎം അന്തിമ തീരുമാനം എടുക്കൂ. എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്ളിന് ഇടതുപക്ഷത്തേക്ക് സ്വാഗമേകിയ സിപിഎം കേരളാ കോൺഗ്രസിൽ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇടതുപക്ഷ ഐക്യത്തിനെ തകർക്കുന്ന തരത്തിൽ സിപിഎം-സിപിഐ ഏറ്റുമുട്ടൽ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടാകുമോ എന്ന ആശങ്ക സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ച് ആഗ്രഹിച്ചിട്ടും മാണിയെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യാൻ സിപിഎമ്മിന് കഴിയാത്തത്. ബാർ കോഴ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎം കേന്ദ്ര നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.

യുഡിഎഫിലേക്ക് മാണിയെ എത്തിക്കാൻ കരുക്കൾ നീക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. എന്നാൽ ജോസ് കെ മാണിയുടെ മനസ്സ് ഇടത്തോട്ടാണെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. ഇതോടെ മുന്നണിയിലേക്ക് കേരളാ കോൺഗ്രസിനെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉമ്മൻ ചാണ്ടി അവസാനിപ്പിച്ചു. മുസ്ലിം ലീഗും കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിലനിർത്താൻ എന്ത് വിട്ടു വീഴ്ചയും വേണമെന്ന നിലപാടിലാണ്. പക്ഷേ കരുതലോടെ മാത്രമേ അവരും നീങ്ങുന്നുള്ളൂ. കേരളാ കോൺഗ്രസിൽ മോൻസ് ജോസഫിന് യുഡിഎഫിനോടാണ് താൽപ്പര്യം. യുഡിഎഫുമായി അകലാൻ മാണി തീരുമാനിച്ചാൽ മോൻസ് കേരളാ കോൺഗ്രസ് വിടും. ഇത് കോൺഗ്രസും കണക്ക് കൂട്ടുന്നു. അത്തരമൊരു പിളർപ്പിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. മാണി ഇടതുപക്ഷത്ത് എത്തിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും സിപിഎം ബന്ധം അവസാനിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഈ ഗ്രൂപ്പിനെ യുഡിഎഫിൽ എത്തിക്കാനും കോൺഗ്രസ് കരുക്കൾ നീക്കം.

കേരള കോൺഗ്രസ്-എമ്മിനെ എൽഡിഎഫിലെടുക്കാനുള്ള സിപിഎം സംസ്ഥാന ഘടകത്തിന്റെ നീക്കത്തിനു സിപിഎം കേന്ദ്ര നേതൃത്വം തടസ്സം പറഞ്ഞതായി സൂചന. ശരദ് യാദവും എച്ച്.ഡി.ദേവെഗൗഡയും തമ്മിലുള്ള ചർച്ചയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ജനതാദൾ- യു വീരേന്ദ്രകുമാർ ഘടകത്തെ മുന്നണിയിലേക്കു പരിഗണിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. മാണിയെ മുന്നണിയിലെടുക്കണമെങ്കിൽ ആദ്യം എൽഡിഎഫിനെ വിശ്വാസത്തിലെടുക്കണമെന്നാണു സെക്രട്ടേറിയറ്റിൽ വ്യക്തമാക്കപ്പെട്ടത്. അതായത്, സിപിഐയെ പിന്നിലേക്കു തള്ളുന്ന തരത്തിലുള്ള നടപടികൾ പാടില്ല. അതു ദേശീയതലത്തിലും ഇടത് ഐക്യത്തെ ബാധിക്കും. മാത്രമല്ല, മാണി വരുമ്പോൾ പി.ജെ.ജോസഫും പറ്റുമെങ്കിൽ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസും ഒപ്പമുണ്ടാകുന്നതാണ് ഏറെ സ്വീകാര്യമെന്നു സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മോൻസ് പാർട്ടിയെ പിളർത്തുമെന്ന് സിപിഎമ്മിന് അറിയാം. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ കരുതൽ.

പരസ്യമായി ക്ഷണിച്ചാൽ വരാമെന്നൊക്കെ മാണി സൂചിപ്പിക്കുന്നതു വിലപേശലാണോയെന്ന സംശയവും സിപിഎമ്മിലെ ചില നേതാക്കൾക്കുണ്ട്. ബാർ കോഴയിൽ മാണിക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടു മുന്നണിയിൽ ഉൾപ്പെടുത്തിയാൽ പാർട്ടിക്കുള്ളിൽത്തന്നെ എങ്ങനെ ന്യായീകരിക്കുമെന്ന ആശങ്കയുമുണ്ട്. ഇതും മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിന് ഇപ്പോഴും തടസ്സമാണ്. കേരളാ കോൺഗ്രസിലാകട്ടെ വിവിധ ഗ്രൂപ്പുകളുടെ രാഷ്ട്രീയ മനസ്സ് വ്യക്തവുമാണ്. സിപിഎമ്മിനെ എതിർക്കാതെയും കോൺഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിച്ചും കേരള കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിൽ കെ.എം.മാണിയുടെയും ജോസ് കെ.മാണിയുടെയും പ്രസംഗം എല്ലാം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ ഭരണത്തിൽ അഹങ്കരിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയനോടും ഇതു തന്നെയാണു പറയാനുള്ളത്. എന്നാൽ പിണറായിയോട് ഒരു വിരോധവുമില്ല. പിണറായി വിജയൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു തീർച്ചയായും കേരള കോൺഗ്രസിന്റെ പിന്തുണയുണ്ട്. എന്നാൽ തെറ്റു ചെയ്താൽ അതു തെറ്റാണെന്നു പറയും - പാർട്ടി ചെയർമാൻ കെ.എം. മാണി ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ പറഞ്ഞു.

വൈസ് ചെയർമാൻ കൂടിയായ ജോസ് കെ.മാണിയും എംപി പ്രസംഗത്തിലുടനീളം കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. കേരള കോൺഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാർട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോൺഗ്രസിനെ പിന്നിൽ നിന്നു കുത്തിയത് - സ്വാഗത പ്രസംഗത്തിൽ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവർ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. നേതൃമാറ്റം ഇപ്പോൾ അജൻഡയിലില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ കേരള കോൺഗ്രസിനു സാധിക്കും. കേരള കോൺഗ്രസ് പാർട്ടിക്ക് ആരോടും പകയോ വിദ്വേഷമോ ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

എന്നാൽ അധ്യക്ഷത വഹിച്ച പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പ്രസംഗത്തിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും നേരിട്ടു പറഞ്ഞില്ല. എന്നാൽ മുൻ സർക്കാർ നടപ്പാക്കിയ നയങ്ങൾ മാത്രമാണ് ഈ സർക്കാരും പിന്തുടരുന്നതെന്നു പറഞ്ഞതിലൂടെ യുഡിഎഫിനോടുള്ള ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തെപ്പറ്റി ഒരിക്കൽക്കൂടി ജോസഫ് സൂചന നൽകി. യുഡിഎഫിനെ ജോസഫ് ഇപ്പോഴും തള്ളിപ്പറയുന്നില്ലെന്നതിന്റെ സൂചനയാണ് ഇത്. വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. നിർണായക രാഷ്ട്രീയ നയങ്ങൾ തീരുമാനിക്കുന്ന പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10നു ഹോട്ടൽ ഐഡയിൽ നടക്കും. ഇതിൽ നിർണ്ണായക ചർച്ചകളുണ്ടാകും. എന്നാൽ മുന്നണി പ്രവേശനത്തിൽ ഒരു തീരുമാനവും എടുക്കില്ല. ഇക്കാര്യത്തിൽ മാണിയും ജോസഫും ചേർന്നൊരു തീരുമാനം എടുക്കട്ടേയെന്നാകും ഉണ്ടാവുന്ന ധാരണ.

കേരളാ കോൺഗ്രസിനെ പിളരരുതെന്നാണ് കെഎം മാണിയുടെ ആഗ്രഹം. മുന്നണി സംവിധാനത്തിൽ അല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും അറിയാം. മോൻസ് ജോസഫാണ് വലിയ തലവേദന. യുഡിഎഫിനൊപ്പമേ താനുള്ളൂവെന്ന് മോൻസ് ജോസഫ് അറിയിച്ചു കഴിഞ്ഞു. അതായത് കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടാൽ മോൻസ് പാർട്ടി വിടും. കോൺഗ്രസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമാകാനാണ് മോൻസിന്റെ താൽപ്പര്യം. കേരളാ കോൺഗ്രസിന് മാണിയുൾപ്പെടെ ആറ് പേരാണുള്ളത്. ഇതിൽ ജയരാജും റോഷി അഗസ്റ്റിനും മാണിക്കൊപ്പം നിൽക്കും. സിഎഫ് തോമസിനും മാണിയോട് പഴയ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സിഎഫ് തോമസിന്റെ നിലപാട് നിർണ്ണായകമാകും. പിജെ ജോസഫ്, മാണിക്കൊപ്പം നിന്നാൽ സിഎഫും കേരളാ കോൺഗ്രസിൽ ഉറച്ചു നിൽക്കും. അതായത് പിജെയെ അടുപ്പിക്കാനായാൽ മോൻസ് മാത്രമാകും എംഎൽഎമാരിൽ മാണിക്ക് വെല്ലുവിളിയാകുക.

ഇരിങ്ങാലക്കുടക്കാരൻ തോമസ് ഉണ്ണിയാടനും മുന്നണി മാറ്റത്തിൽ ആശങ്കയിലാണ്. യുഡിഎഫിനൊപ്പം നിന്നാൽ തനിക്ക് അടുത്ത തവണയും ഇരിങ്ങാലക്കുട മത്സരിക്കാനാകും. ഇടതു പക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് അത്. അതിനാൽ മുന്നണി മാറിയാൽ ഈ സീറ്റ് കേരളാ കോൺഗ്രസിന് കിട്ടുമെന്ന് ഉറപ്പില്ല. ഇരിങ്ങാലിക്കുടയിലാണ് ഉണ്ണിയാടന് ബന്ധങ്ങളുമുള്ളത്. അതുകൊണ്ട് തന്നെ മാണിക്കൊപ്പം ഇടതുപക്ഷത്ത് എത്താൻ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട ഉറപ്പിക്കണമെന്നും മാണിയോട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ഈ ഘട്ടത്തിൽ ഉറപ്പു നൽകാൻ സിപിഎം തയ്യാറുമല്ല. അതുകൊണ്ട തന്നെ ഉണ്ണിയാടനും മാണിയെ കൈവിടാൻ സാധ്യത ഏറെയാണ്. പിജെ ജോസഫിന്റെ പിന്തുണയുണ്ടെങ്കിൽ ഈ വെല്ലുവിളികളെ മറികടക്കാമെന്നാണ് മാണിയുടെ പ്രതീക്ഷ.

ഏറ്റുമാനൂരും കുട്ടനാടും തിരുല്ലയിലും കേരളാ കോൺഗ്രസായിരുന്നു യുഡിഎഫിൽ മത്സരിച്ചിരുന്നത്. ഏറ്റുമാനൂരിൽ സിപിഎം നേതാവ് സുരേഷ് കുറുപ്പാണ് എംഎൽഎ. കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് ചാണ്ടിയും തിരുവല്ലയിൽ മന്ത്രി മാത്യു ടി തോമസും. അതുകൊണ്ട് തന്നെ ഈ സീറ്റ് ഇടതുപക്ഷത്ത് എത്തിയാലും സിപിഎമ്മിന് കിട്ടാൻ സാധ്യതയില്ല. എൻസിപിയുടേയും ദള്ളിന്റെ സീറ്റുകളിൽ കേരളാ കോൺഗ്രസിന് താൽപ്പര്യം ഏറെയാണ്. മൂന്ന് സീറ്റും കേരളാ കോൺഗ്രസിന്റെ കുത്തകകളായിരുന്നു ഒരു കാലത്ത്. അതിനാൽ ഈ സീറ്റുകൾ ലക്ഷ്യമിടുന്ന നിരവധി പേർ മാണി ഗ്രൂപ്പിലുണ്ട്. ഈ സീറ്റുകൾ കിട്ടില്ലെന്ന് ഉറപ്പായാൽ അവരെല്ലാം യുഡിഎഫിലേക്ക് ചുവടുമാറാൻ സാധ്യത ഏറെയാണ്. ഇതും മാണിയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.

ഇടതുമുന്നണിയിലെത്താൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് സിപിഎമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്‌സഭാ സീറ്റുമാണെന്നാണ് സൂചന. മാണി-ജോസഫ് വിഭാഗങ്ങൾ പിളരാതെ നിലവിലുള്ള എംപിമാരും എംഎൽഎമാരും ഒന്നിച്ച് എൽ.ഡി.എഫിലെത്തണമെന്നാണ് സിപിഎമ്മിന്റെ ഡിമാൻഡ്. എന്നാൽ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാർലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനൽകണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഏല്ലാവരേയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തേക്ക് നീങ്ങാൻ മാണിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP