Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരത്തിന് ഇരുപത്തയ്യായിരം വാങ്ങിത്തരാം; ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തണം; വാഗ്ദാനം വിശ്വസിച്ചെത്തിയവർക്ക് സംഘാടകരുടെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് പന്തികേട്; ഭിന്നശേഷിക്കാരുടെ മറവിൽ പത്തനംതിട്ടയിൽ നടന്ന തട്ടിപ്പ് ഇങ്ങനെ

ആയിരത്തിന് ഇരുപത്തയ്യായിരം വാങ്ങിത്തരാം; ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തണം; വാഗ്ദാനം വിശ്വസിച്ചെത്തിയവർക്ക് സംഘാടകരുടെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് പന്തികേട്; ഭിന്നശേഷിക്കാരുടെ മറവിൽ പത്തനംതിട്ടയിൽ നടന്ന തട്ടിപ്പ് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തട്ടിപ്പിന് എന്തൊക്കെ വഴികളാണെന്ന് നോക്കണേ? ഭിന്നശേഷിക്കാരെ സഹായിക്കാമെന്ന പേരിൽ സംഘടന രൂപീകരിക്കുക, പിന്നെ അതിന്റെ പേരിൽ അവരെ പറ്റിക്കുക. ഇന്ന് രാവിലെ ജില്ലാ ആസ്ഥാനത്ത് നടന്ന തട്ടിപ്പ് ശ്രമം മാധ്യമപ്രവർത്തകർ തക്ക സമയത്ത് ഇടപെട്ടതിനാൽ പരാജയപ്പെട്ടു.

1000 രൂപ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്ന് 25,000 രൂപ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിയുള്ളവരെ വിളിച്ചു കൂട്ടുകയായിരുന്നു. സംശയം തോന്നിയ ചിലർ മാധ്യമങ്ങളെ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. പൊലീസ് സ്ഥലത്ത് ചെന്നതോടെ തങ്ങൾ പണം വാങ്ങിയില്ലെന്ന് പറഞ്ഞ് സംഘാടകർ മുങ്ങി.

ഇന്നു രാവിലെ മുതലാണ് സെൻട്രൽ ജങ്ഷന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് കേരളാ വികലാംഗ ഫെഡറേഷൻ എന്ന സംഘടനയുടെ പേരിൽ ജില്ലാ പ്രസിഡന്റടക്കമുള്ള ആറോളം പേർ പിരിവ് നടത്താൻ ശ്രമിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി അപേക്ഷകരാണ് ഫോൺ വഴി നൽകിയ അറിയിപ്പിനെ തുടർന്ന് പത്തനംതിട്ടയിലെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം സംഘടനയിൽ അംഗത്വം എടുത്തതിന്റെ പേരിൽ നുറു രൂപ വാങ്ങി നൽകിയ ഐഡിന്റിറ്റി കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഇവയുടെ സർക്കാർ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആയിരം രൂപ എന്നിവയുമായി എത്താനായിരുന്നു നിർദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ, മണക്കാല, പയ്യനാമൺ, തടിയൂർ, വടശേരിക്കര, തിരുവല്ല, മല്ലപ്പള്ളി, തട്ട, ളാഹ പ്രദേശങ്ങളിൽ നിന്നും ഓട്ടോ വിളിച്ചും പണം കടം വാങ്ങിയും മറ്റും ആളുകൾ എത്തി. സർക്കാർ ധനസഹായത്തിന് ഓൺ ലൈൻ അപേക്ഷിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുന്നതിനുമാണ് പണം വാങ്ങുന്നതെന്നാണ് ഭാരവാഹികൾ അപേക്ഷകരെ ധരിപ്പിച്ചത്. എന്നാൽ പത്തനംതിട്ടയിലെ ലോഡ്ജിലെ ഇടുങ്ങിയ റൂമിൽ അപരിചിതരായ ചിലരെ കണ്ടതും ഇവരുടെ സംസാരത്തിലെ പൊരുത്തക്കേടും മനസിലാക്കിയ അപേക്ഷകരിൽ ചിലർ പത്ര സ്ഥാപനങ്ങളിൽ വിളിച്ചു പറയുകയായിരുന്നു.

ഇതിനിടയിൽ നിർദ്ദേശിച്ചിരുന്ന പണം കൊടുക്കാൻ കഴിയാത്ത ചിലർ വായ്പക്കായി പരിചയക്കാരെ സമീപിച്ചതും സംശയത്തിനിടയാക്കി. തുടർന്ന് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ പണം ആരോടും ചോദിച്ചിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി അപേക്ഷകർക്ക് മനസിലായത്. തുടർന്ന് വിവരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സംഘാടകരെ ചോദ്യം ചെയ്തെങ്കിലും തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.

എന്നാൽ തങ്ങളോട് ആയിരം രൂപയുമായി എത്താൻ ഭാരവാഹികൾ ആവശ്യപ്പെട്ടതായും മുമ്പും സമാന രീതിയിൽ പണം വാങ്ങിയിരുന്നതായും സ്ഥലത്തുണ്ടായിരുന്ന തുവയൂർ അന്തിച്ചിറ തെപ്ലാവില വീട്ടിൽ എബി ജോർജ്, മണക്കാല കിഴക്കേ കോയിപ്പുറത്ത് അജിത, തട്ട മാമൂട് മലയിൽ പറമ്പിൽ ശാരദ സദാനന്ദൻ, വടശേരിക്കര ഇടയക്കാട്ട് ഫിലിപ്പ് വർഗീസ്, പയ്യനാമൺ മണക്കാലായിൽ റെന്ി തോമസ് എന്നിവർ പൊലിസിന് മൊഴി നൽകി. ഇതിനിടെ ആദ്യമെത്തിയ ചിലർ പണം നൽകി തിരിച്ചു പോയിരുന്നു.

കഥയറിയാത്ത മറ്റ് ചിലർ പകർപ്പുകൾ എടുക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി മിനി സിവിൽ സ്റ്റേഷനിലേക്കും പോയിരുന്നു. സാമ്പത്തികമായി തട്ടിപ്പിനിരയായവർ ബന്ധപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അപേക്ഷകർ ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തമെന്നും പത്തനംതിട്ട പൊലിസ് അറിയിച്ചു. സാമൂഹിക ക്ഷേമ വകുപ്പിൽ നിന്നും നൽകുന്ന ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷയും നടപടി ക്രമങ്ങളും സൗജന്യമാണ്. ഇതിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി ഇടനിലക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ സാമുഹിക ക്ഷേമ ഓഫീസർ എൽ ഷീബ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP