Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെയ്യക്കോലമായി ലക്ഷ്മി അരങ്ങിലെത്തുമ്പോൾ

തെയ്യക്കോലമായി ലക്ഷ്മി അരങ്ങിലെത്തുമ്പോൾ

കേരളത്തിൽ തെയ്യം കെട്ടുന്ന ഏക സ്ത്രീയാണ് ലക്ഷ്മി...

സ്ത്രീകൾ ഒറ്റയ്ക്കാണ് എന്ന് ഇന്നാരെങ്കിലും പറഞ്ഞാൽ എതിർക്കാൻ ആളുണ്ടാകും; അവർ ലക്ഷ്മിയെ കാണുംവരെ! കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ ലക്ഷ്മിയേടത്തി ജീവിതത്തിലല്ല ഒറ്റയ്ക്ക്. അവരുടെ കർമവഴിയിലാണ്.

പ്രബലരായ ദൈവങ്ങളെല്ലാം സ്ത്രീരൂപങ്ങളാണെങ്കിലും അത് കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരാണ്. ശരിക്കും പുരുഷമേധാവിത്വം! അതിന് ഏക അപവാദമാണ് ലക്ഷ്മി. അതുകൊണ്ടുതന്നെ അവർ അവതരിപ്പിക്കുന്ന ദേവക്കൂത്ത് വളരെ പ്രസിദ്ധവുമായിത്തീർന്നിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി ലക്ഷ്മി ദേവക്കൂത്ത് കെട്ടിയാടിക്കൊണ്ടിരിക്കുന്നു. പഴയ ചിറയ്ക്കൽ രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനം) അവതരിപ്പിക്കുന്ന തെയ്യക്കോലമാണിത്. ഒന്നിടവിട്ട കൊല്ലങ്ങളിലാണിതിന്റെ അവതരണം.

തെയ്യം കെട്ടുന്ന സമുദായത്തിലെ അംഗമാണെങ്കിലും ലക്ഷ്മിക്ക് തെയ്യം കെട്ടലിന്റെ എബിസിഡി ഒന്നും അറിയില്ലായിരുന്നു. നേരത്തെ കെട്ടിയിരുന്ന ആളുകൾ പിന്മാറിയപ്പോൾ സംഗതി മുടങ്ങുമെന്ന അവസ്ഥയായി. അങ്ങനെയാണ് നിയോഗം ലക്ഷ്മിയുടെമേൽ എത്തിയത്. ഭർത്താവും തെയ്യം കെട്ടുകാരനുമായ കേളുപ്പണിക്കർ ധൈര്യം തന്നില്ലായിരുന്നെങ്കിൽ ഒന്നിനും കഴിയില്ലായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

മക്കളൊക്കെ വല്ലാതെ വേവലാതിപ്പെട്ടു. ചടങ്ങും ചുവടുമറിയാത്ത അമ്മ നാട്ടുകാരുടെ മുന്നിൽ നാണംകെട്ടുപോകുമോന്നായിരുന്നു അവരുടെ പേടി. പക്ഷേ, ചെറുപ്പത്തിലേ നാടൻപാട്ടു പാടി വന്ന പരിചയം എനിക്കുണ്ടായിരുന്നു. പിന്നെ കോതാമൂരിപ്പാട്ട് നിരവധിയിടങ്ങളിൽ അവതരിപ്പിച്ച പരിചയവും ഉണ്ടായിരുന്നു. അത് രക്ഷയായി, ലക്ഷ്മി പറഞ്ഞു.

സത്യത്തിൽ തെയ്യം കെട്ടാൻ പ്രത്യേക ധൈര്യം വേണമെന്ന് ലക്ഷ്മിക്ക് തോന്നുന്നുണ്ട്. വലിയ ആൾക്കൂട്ടത്തിനുമുന്നിൽ അവതരിപ്പിക്കണ്ടേ, പിഴവു പറ്റാതെ!പെൺകുട്ടികളാരും തെയ്യംകെട്ട് ഏറ്റെടുക്കുന്നില്ല. അശുദ്ധിയാകുമ്പോ പ്രശ്‌നാവില്ലേന്ന് പേടിച്ചിട്ടാ! എന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. അശുദ്ധക്കമാവുന്ന ഘട്ടത്തിലാണ് തെയ്യം കെട്ടലെങ്കിൽ അപ്പോഴെന്താ ചെയ്യുക എന്ന ചോദ്യത്തിന് ഉടനെ വന്നു ഉത്തരം: അത് ഗുളികയൊക്കെ കയിച്ചിറ്റ് അതിന്റെ സമയം മാറ്റണം!

41 ദിവസത്തെ വ്രതം വേണം. അനുഷ്ഠാനങ്ങൾ ന്നായി പഠിച്ചിരിക്കണം. ചുവടുകളും. വല്യ അവശതയ്ണ്ട്. കാലിന് തീരെ സുഖ്ല്ല. പക്ഷേ, തെയ്യം കെട്ടിയാല്പിന്നെ തീരും വരെ ഒന്നും അറീല്ല! ലക്ഷ്മി ആ അനുഭവത്തിൽ ആഹ്ലാദവതിയാണ്. തെയ്യം കെട്ടിന് ഫോക്ലോർ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് ലക്ഷ്മി.

കടപ്പാട്-ഗൃഹലക്ഷ്മി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP