Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൊവീനോയുടെയും ദുൽഖറിന്റെയും വർഷം! ഒന്നിലൊതുങ്ങി ലാൽ മാജിക്ക്; മമ്മൂട്ടിക്ക് ആശ്വാസവർഷം; ദിലീപിനെ രക്ഷിച്ച് രാമലീല ; എസ്രയിലൊതുങ്ങി പൃഥ്വി; ഫഹദ് സ്റ്റെഡി, നിവിന് തിരിച്ചടി; വെടിതീർന്ന് കുഞ്ചാക്കോയും ജയാറാമും; ആട് രക്ഷിച്ച് ജയസൂര്യ; മഞ്ജു വാര്യരിൽ നിന്ന് ലേഡി സൂപ്പർസ്റ്റാർ പദവി പിടിച്ചുവാങ്ങി പാർവതി: മലയാളം സിനിമാ താരങ്ങളുടെ 2017 ഇങ്ങനെയാണ്

ടൊവീനോയുടെയും ദുൽഖറിന്റെയും വർഷം! ഒന്നിലൊതുങ്ങി ലാൽ മാജിക്ക്; മമ്മൂട്ടിക്ക് ആശ്വാസവർഷം; ദിലീപിനെ രക്ഷിച്ച് രാമലീല ; എസ്രയിലൊതുങ്ങി പൃഥ്വി; ഫഹദ് സ്റ്റെഡി, നിവിന് തിരിച്ചടി; വെടിതീർന്ന് കുഞ്ചാക്കോയും ജയാറാമും; ആട് രക്ഷിച്ച് ജയസൂര്യ; മഞ്ജു വാര്യരിൽ നിന്ന് ലേഡി സൂപ്പർസ്റ്റാർ പദവി പിടിച്ചുവാങ്ങി പാർവതി: മലയാളം സിനിമാ താരങ്ങളുടെ 2017 ഇങ്ങനെയാണ്

എം മാധവദാസ്

താരങ്ങളാൽ താരങ്ങൾക്ക്വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് സിനിമയെന്നാരു ചൊല്ലുണ്ട്.സ്റ്റാർഡം എന്നത് ലോക വ്യാപകമായ ചലച്ചിത്ര പ്രതിഭാസവുമാണ്.ഒരുതരത്തിൽ അത് ഇൻഡസ്ട്രിയെ അത് താങ്ങിനിർത്തുമ്പോഴും മറ്റൊരു രീതിയിൽ ദുർബലപ്പെടുത്തുന്നുമുണ്ട്.എല്ലാം താരങ്ങൾ തീരുമാനിക്കുന്ന ഏകാധിപത്യകാലത്തിന് വലിയമാറ്റെമൊന്നും 2017ലും കണ്ടില്ല. എല്ലുറപ്പുള്ള സംവിധായകരും എഴുത്തുകാരും ഈ ന്യൂജൻകാലത്തും കുറവ്.

പക്ഷേ വലിയ താരങ്ങൾക്കിടയിലും ചില കൊച്ചുസിനിമകൾ വിജയിക്കുന്നതും, ടൊവീനോതോമസിനേപ്പോലുള്ള യുവ നടന്മാർ ഉയർന്നുവരുന്നതും കടന്നുപോവുന്ന വർഷം സാക്ഷിയായി.താരപ്പോരിന്റെ വാർഷിക വിളവെടുക്കുമ്പോൾ
ടൊവീനോയുടെയും ദുൽഖറിന്റെയും വർഷം എന്ന് നിസ്സംശയം പറയേണ്ടിവരും.

ടൊവീനോ ഭാവിയുടെ സൂപ്പർതാരം!

2017നെ ഏതെങ്കിലും ഒരു യുവനടന്റെപേരിൽ അടയാളപ്പെടുത്തുകയാണെങ്കിൽ അത് ടൊവീനോതോമസ് എന്ന 29കാരന്റെതായരിക്കണം.കഴിഞ്ഞവർഷംവരെ 'മൊയ്തീനിലെ' അപ്പുവെന്ന സഹനടന്റെപേരിലും ഗപ്പിയെന്ന അധികം ആരും കാണാത്ത ഒരു മികച്ച ചിത്രത്തിന്റെ നായകനായും മാത്രം അറിയപ്പെട്ടിരുന്ന ഈ ചെറുപ്പക്കാരൻ അവസാനം ഇറങ്ങിയ ആഷിക്അബുവിന്റെ മായാനദിയിലെ ഇരുത്തംവന്ന പ്രകടനത്തോടെ അതിവേഗം താരപദവിയിലേക്ക് കുതിക്കയാണ്.ടൊവീനോയുടെ കരിയറിലെ ബിഗ്‌ബ്രേക്കാണ് മായാനദിയിലെ മാത്തനെന്ന് നിസ്സശയം പറയാം.

2017ൽ ടൊവീനോ നായകനായ നാലുചിത്രങ്ങളിൽ മൂന്നും വൻ വിജയങ്ങളായി.വെറും ഒരാഴ്ചകൊണ്ട് മുടക്കുമുതൽ തിരിച്ചുപിടിച്ച മെക്‌സിക്കൻ അപാരതയും, 24കോടിയോളം നേടിയ ഗോദയും, പിന്നെ ഇപ്പോൾ നിറഞ്ഞ തീയേറ്റിൽ പ്രദർശിപ്പിക്കുന്ന മായനദിയും.തരംഗം എന്ന ചിത്രംമാത്രമാണ് ക്‌ളച്ച് പിടിക്കാതെപോയത്.പക്ഷേ അതിലും ടൊവീനോയുടെ പൊലീസ് വേഷം ശ്രദ്ധിക്കപ്പെട്ടു.ഒരുകാര്യം ഉറപ്പാണ്.യാതൊരു അഭിനയ പാരമ്പര്യവുമില്ലാതെ ഇഛാശക്തികൊണ്ടുമാത്രം ഇവിടെയത്തെിയ ടൊവീനോയുടെ കഠിനാധ്വാനം കാണുമ്പോൾ, മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ മോഹൻലാലിനെയാണ് ഓർമ്മവരുന്നത്.ഒരു സൂപ്പർസ്റ്റാർ പതുക്കെ പൊട്ടിവിടരുന്നുണ്ട്.

ദുൽഖർ: മമ്മൂട്ടിയെ വെല്ലുന്ന മിനിമം ഗ്യാരണ്ടി

ജോമോന്റെ സുവിശേഷങ്ങൾ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രം കണ്ടവർക്കറിയാം അത് എത്രമാത്രം ദുർബലമാണെന്ന്.എന്നാൽ അതും നേടി 20കോടിയിലധികം. ഒരുകാലത്ത് മമ്മൂട്ടിക്കുണ്ടായിരുന്ന മിനിമം ഗ്യാരണ്ടി ഇന്ന് ദുൽഖറിനാണുള്ളത്.ഈ 31കാരന്റെ ഒരുചിത്രത്തിനായി ആരാധകർ കാത്തിരിക്കയാണ്.ദുൽഖറിന്റെ ഒരു കഷ്ണം കിട്ടിയാൽ മതി ഞങ്ങൾ വിജയിപ്പിച്ചോളം എന്ന മട്ടിലുള്ള താരാരാധന മലയാളത്തിൽ മുമ്പ് ജയനും, മോഹൻലാലിനും മാത്രമേ കിട്ടിയിട്ടുള്ളൂ.

2017ൽ അഭിനയിച്ച നാലിൽ മൂന്ന് ചിത്രങ്ങളും വിജയിപ്പിക്കാൻ ദുൽഖറിനായി. ജോമോന് ശേഷമിറങ്ങിയ അമൽനീരദിന്റെ സിഐഎയും വൻ വിജയമായി.സൗബിൻ ഷാഹിന്റെ പറവയെ 25കോടി ക്‌ളബിൽ എത്തിച്ചത് ദുൽഖറിന്റെ ഗസ്റ്റ് അപ്പിയറൻസിൽനിന്ന് അൽപ്പംകൂടി മുന്നോട്ടുമാത്രംപോയ കഥാപാത്രംകൊണ്ടുകൂടിയാണ്.സോളോ എന്ന പൂരം ജാഡ സിനിമമാത്രമാണ് ദുൽഖറിൽ ഈ വർഷം കടുത്ത തിരച്ചടിയായത്.അതിലും ഡീക്യൂവെന്ന് ന്യൂജൻകാർ വിളിക്കുന്ന ആരാധകരുടെ കുഞ്ഞിക്കയുടെ അഭിനയം ഗംഭീരമായിരുന്നു.സിഐഎയിൽ കാൾമാർക്‌സിനോടും ലെനിനോടുമൊക്കെ മദ്യപിച്ച സംസാരിക്കുന്ന ആ സാങ്കൽപ്പിക സീനിലുണ്ട് ഈ നടന്റെ ക്‌ളാസ്.

മുന്തിരിവള്ളിയിൽ തൂങ്ങി ലാൽ!

150കോടിവാരിയ പുലിമുരുകനും,65കോടിനേടിയ ഒപ്പവുമായി കഴിഞ്ഞവർഷം ബോക്‌സോഫീസിന്റെ പകുതി ഒറ്റക്ക് ചുമലിലേറ്റിയ മോഹൻലാലിന്റെ വിജയം ഇത്തവണ മുന്തിരവള്ളി തളിർക്കുമ്പോൾ എന്ന ജിബുജേക്കബ് ചിത്രത്തിൽ ഒതുങ്ങി. വർഷാരംഭത്തിൽതന്നെ വീണ്ടും 50കോടി ക്‌ളബിലേക്ക് ഒരുലാൽ ചിത്രംകൂടി കുതിച്ചപ്പോൾ ആഹ്‌ളാദത്തിലായ ഫാൻസുകാരുടെ തുള്ളൽ അടക്കുന്നതായിരുന്ന പിന്നീടുള്ള ലാൽ ചിത്രങ്ങൾ. മേജർരവിയുടെ ബിയോണ്ട് ബോർഡേഴ്‌സ് കൂപ്പുകുത്തിയപ്പോൾ ബി.ഉണ്ണികൃഷ്ണന്റെ വില്ലൻ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചു.

ജിമിക്കികമ്മൽ പാട്ടിന്റെ തരംഗത്തിലും മറ്റുമായി ലാൽജോസിന്റെ വെളിപാടിന്റെ പുസ്തകം 20കോടിയിലേറെ നേടി. സാറ്റലൈറ്റ് റൈറ്റകൂടി നോക്കുമ്പോൾ ചിത്രം സാമ്പത്തിക വിജയമാവും.പക്ഷേ അപ്പോഴും ലാൽജോസ്-ലാൽ കൂട്ടുകെട്ടിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. പക്ഷേ മലയാള സിനിമാ വിപണിയിലെ ലാലിന്റെ ആധിപത്യത്തെ ചോദ്യംചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത താരം, ഏറ്റവും കൂടുതൽ സാറ്റലൈറ്റ് ഓവർസീസ് റൈറ്റുകൾ കിട്ടുന്നതാരം തുടങ്ങിയ പദവികളെല്ലാം ഇപ്പോഴും ഈ 57കാരന് സ്വന്തം.

ലാൽ ഫാൻസിന്റെ കണക്കുകൾവെച്ച് ബിയോണ്ട് ദ ബോർഡേഴ്‌സിനുപോലും 15കോടിയുടെ കളക്ഷൻ കിട്ടിയിട്ടുണ്ട്.25കോടി വെളിപാടിന്റെ പുസ്തകത്തിനും, 30കോടി വില്ലനും കളക്റ്റ് ചെയ്തുവെന്നും സാറ്റലൈറ്റ് റൈറ്റ് അടക്കമുള്ളകാര്യങ്ങൾ നോക്കുമ്പോൾ ഈ പടങ്ങളും ലാഭത്തിലാവുമെന്നാണ് അവർ പറയുന്നത്. അതെന്തെങ്കിലും ആവട്ടെ.മോഹൻലാൽ എന്ന മഹാനടനെ വെല്ലുവിളിക്കത്തക്ക ഒരു കഥാപാത്രവും ഈ വർഷം അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഒടിയനും, ലൂസിഫറും,രണ്ടാമൂഴവുമായി വരുംവർഷങ്ങളിൽ ഈ കടം നികത്തട്ടെ.

ആദ്യത്തെ 50കോടി ക്‌ളബിൽ മമ്മൂട്ടി

മമ്മൂട്ടിയെ സംബന്ധിച്ച് മോശമല്ലാത്ത വർഷണയരുന്നു 2017.അതിനുമുമ്പത്തെ വർഷത്തെ കടുത്ത തിരിച്ചടിയിൽനിന്ന് അദ്ദേഹം ഏതാണ്ട് മോചിതനായ വർഷം. ഗ്രേറ്റ് ഫാദർ എന്ന ചിത്രം ഒരു മമ്മൂട്ടിചിത്രത്തെ ആദ്യമായി 50കോടി ക്‌ളബിൽ എത്തിച്ചു. എന്നാൽ തുടർന്നിറങ്ങിയ പുത്തൻപണവും, പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും വൻ ദുരന്തങ്ങളായി.വർഷാവസാനം ഇറങ്ങിയ മാസ്റ്റർപീസ് ഫാൻസ്‌ഷോയടക്കമുള്ള വൻ ഇനീഷ്യൽ കളക്ഷന്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്നു ദിവസം കൊണ്ട് 10കോടി നേടി മികച്ച തുടക്കം ഇട്ടിട്ടുണ്ട്.പക്ഷേ കലാപരമായ നോക്കുമ്പോൾ ഇത് തെലുങ്കിനെ അതിശയിപ്പിക്കുന്ന മസാലയാണെന്നതിനാൽ ഇനിയുള്ള ദിവസങ്ങളിലെ കളക്ഷൻ കണ്ടറിയേണ്ടതാണ്.

എന്നിരുന്നാലും ഗ്രേറ്റ് ഗ്രാൻഡ് ഫാദർ ആകേണ്ട 67ാംവയസ്സിലും ഫാദറാവുന്നു ഈ വയോധിക താരത്തെ വെല്ലാൻ യുവാക്കൾ കഷ്ടപ്പെടുമെന്നാണ് മാസ്റ്റർപീസിലെയൊക്കെ അദ്ദേഹത്തിന്റെ കൊലമാസ് പ്രകടനം വ്യക്തമാക്കുന്നത്.ഓരോ വർഷവും കഴിയുമ്പോൾ പ്രായം കുറഞ്ഞുവരുന്ന അത്ഭുദ മനുഷ്യനാവുകയാണ് ഈ നടൻ.

രാമലീലയിലെ ഗോപാലലീല

ഹിറ്റ് ആവശ്യമുള്ള സമയത്ത് ദിലീപിന് തന്റെ കരിയറിലെ സർവകാല റെക്കാർഡ് ഉണ്ടാക്കിക്കൊടുത്തു രാമലീലയെന്ന അരുൺഗോപി ചിത്രം.ഈ വർഷത്തെ പണംവാരി പടമായ രാമലീല ഇല്ലായിരുന്നെങ്കിൽ ദിലീപ് ശരിക്കും വെടിതീർന്നേനെ.അതിനുമുമ്പ് ഇറങ്ങിയ ജോർജേട്ടൻസ് പൂരം വെറുപ്പിക്കലിന്റെ ഭയാനക വേർഷനായിരുന്നു.
രാമലീല വിജയിച്ചതുകൊണ്ട് പ്രേക്ഷകരുടെ കോടതിയിൽ ദിലീപ് ജയിച്ചുവെന്ന് പറയുന്നത് പൊട്ടത്തരമാണ്.ഒരു വിജയത്തിനാവശ്യമായ എല്ലാ ചേരവുകളും ആ പടത്തിൽ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.അതുമനസ്സിലാക്കാനുള്ള ബുദ്ധിപോലും ദിലീപ് ഫാൻസിന് ഉണ്ടാകുന്നില്‌ളെന്നത് കഷ്ടമാണ്.

എസ്രയിലേറി പ്രഥ്വി

നാലുചിത്രങ്ങളിൽ നായകനായ പ്രഥ്വീരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രം 50കോടി ക്‌ളബിലത്തെിയ ഹൊറർ മൂവി എസ്രയാണ്.ആദം ജോണും ബോക്‌സോഫീസിൽ വിജയമായപ്പോൾ, അരവട്ട് മോഡലിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയ ടിയാൻ വമ്പൻ പരാജയമായി.വർഷവസാനം ഇറങ്ങിയ വിമാനത്തെക്കുറിച്ചും അത്ര നല്ല റിപ്പോർട്ടുകളല്ല ഉയരുന്നു. ചിത്രത്തിന്റെ ആദ്യപകുതിയിലെ ബോറടി പ്രേക്ഷകരുടെ ക്ഷമപരീക്ഷിക്കുന്നുണ്ട്.എന്നിരുന്നാലും 2016ലെ പരാജയ പരമ്പരകൾ വെച്ചുനോക്കുമ്പോൾ ഈ നടനും പ്രതീകഷയേകിയ വർഷമാണ് കടന്നുപോയത്.

ഫഹദ് സ്റ്റഡി; നിവിന് തിരിച്ചടി

യുവതാരങ്ങളിൽ ഫഹദ് ഫാസിലിന്റെ നില സ്റ്റഡിയായി തുടരുകയാണ്.അഭിനയിച്ച മൂന്നുചിത്രങ്ങളിൽ രണ്ടും ( ടേക്ക്ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും) വൻ വിജയമായി.ഈ രണ്ടു ചിത്രങ്ങളിലും ഫഹദിന്റെ അഭിനയവും അസാധ്യമായിരുന്നു. റാഫിയുടെ റോൾമോഡൽസിൽ മാത്രമാണ് ഫഹദിന് പിഴച്ചത്.എങ്കിലും 'തേച്ചില്‌ളെപെണ്ണേ' അടക്കമുള്ള നൃത്ത രംഗങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. തമിഴ് ചിത്രമായ വേലെക്കാരനിലും ഫഹദിന് നല്ലപേരാണ് കിട്ടിയത്.

ബോക്‌സോഫീസ് വണ്ടർബോയ് എന്ന് പേര് കിട്ടിയ നിവൻപോളിക്ക് ഇത്തവണകാര്യങ്ങൾ അത്രമെച്ചമായിരുന്നില്ല. സിദ്ധാർഥ് ശിവയുടെ സഖാവ് ആവറേജിൽ ഒതുങ്ങിയപ്പോൾ, തമിഴ് ചിത്രമായ റിച്ചി ശ്രദ്ധിക്കപ്പെട്ടില്ല.എന്നാൽ നിവൻ നിർമ്മാതാവുകൂടിയായ 'ഞണ്ടുകളുടെ നാട്ടിലെ ഇടവേള' ഹിറ്റായി.

ആട് രക്ഷിച്ച് ജയസൂര്യ

ബോക്‌സാഫീസിൽ പൊളിഞ്ഞ് പാളീസായ ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രത്തിലെ ഷാജിപാപ്പൻ സോഷ്യൽ മീഡിയയിലൂടെ തരംഗമായത് ജയസൂര്യയെ ശരിക്കും രക്ഷിച്ചു.ആട്-2 ഈ വർഷത്തെ തകർപ്പൻ ചിത്രങ്ങളിലൊന്നുമായി.ഒരു സൂപ്പർ സ്റ്റാറിന് കിട്ടിയ സ്വീകരണമാണ് ഷാജിപാപ്പന് തീലേറ്റുകളിൽ ലഭിച്ചത്.അതുപോലെ തന്നെ ഒന്നാംഭാഗത്തേക്കാൾ മോശമായിട്ടും പുണ്യാളൻ പ്രൈവറ്റ് ലമിറ്റഡും സാമ്പത്തികമായി വിജയിച്ചു.ഹിറ്റമേക്കർ സിദ്ദീഖിന്റെ ഫുക്രി എന്ന അസഹനീയമായ കത്തി മാത്രമാണ് ഇത്തവണ ജയസൂര്യചിത്രങ്ങളിൽ നിലംപൊത്തിയത്.

ബിജുമോനോന് രക്ഷാധികാരി തുണ

മിനിമം ഗ്യാരണ്ടിയുള്ള മലയാളത്തിന്റെ മറ്റൊരു നടനാണ് നമ്മുടെ ബിജുമോനോൻ.പക്ഷേ ഇത്തവ അദ്ദേഹത്തിന് കഴിഞ്ഞവർഷത്തെ ചിരി ആവർത്തിക്കാനായില്ല. രഞ്ജൻ പ്രമോദിന്റെ രക്ഷാധികാരി ബൈജുവാണ് ബിജുവിന് ആശ്വാസമായത്.ലക്ഷ്യം,ഷെർലക്ക്‌ടോംസ് എന്നീ മറ്റ് ചിത്രങ്ങൾ തീയേറ്റിൽ വിജയമായില്ല.

വെടിതീർന്ന് കുഞ്ചാക്കോയും ജയാറാം

ടേക്ക്ഓഫിലെ അർധ നായക കഥാപാത്രം മാത്രമായിരുന്നു 2017ൽ കുഞ്ചാക്കോബോന്റെ ആശ്വാസം.സിദ്ധാർഥ് ഭരതന്റെ വർണ്യത്തിൽ ആശങ്ക,രഞ്ജിത്ത് ശങ്കറിന്റെ വൻ പ്രതീക്ഷയുണർത്തിയ രാമന്റെ ഏദൻതോട്ടം എന്നിവ വിജയമായില്ല.
ഔട്ടാകലിന്റെ വക്കിലാണ് ഒരുകാലത്ത് നമ്മുടെ പ്രിയ നടൻ ജയറാം. അദ്ദേഹം നായകനായ സത്യ,അച്ചായൻസ് എന്നീ രണ്ടു ചിത്രങ്ങളെയും പ്രേക്ഷകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു.സുരേഷ്‌ഗോപി അഭിനയം നിർത്തി രാഷ്ട്രീയത്തിലറിങ്ങിയത് നന്നായി.ഇല്‌ളെങ്കിൽ അദ്ദേഹത്തെയും ജനം വീട്ടിലിരുത്തിയേനെ.

ആശ്വാസവിജയത്തിൽ ആസിഫലി

തുടർച്ചയായി പടങ്ങൾ പൊട്ടുന്നതിന്റെ അഹങ്കാരം ലവലേശം ഇല്ലാത്ത നടനാണ് ആസിഫലിയെന്നാണ് ഈയിടെ ഒരു വിരുതൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.ആസിഫ് നായകനായി ഈ വർഷം ഇറങ്ങിയ ആറുപടങ്ങളിൽ അഞ്ചും പൊട്ടിത്തകർന്നു.സൺഡേ ഹോളിഡേ എന്ന ഒരു പടമാണ് ഈ യുവ നടന് ആശ്വാസം ജയം നൽകിയത്.അതേസമയം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ,കാറ്റ് എന്നിവ വിജയം അർഹിച്ച കലാമൂല്യമുള്ള ചിത്രങ്ങൾ ആയിരുന്നുവെന്നത് കാണാതിരുന്നുകൂടാ.

നടികളിൽ പാർവതി തന്നെ

ലേഡിസൂപ്പർസ്റ്റാർ എന്ന പദവി മഞ്ജുവാരിയറിൽ നിന്ന് പാർവതി പതുക്കെ ഏറ്റുവാങ്ങുകയാണെന്ന് തോനുന്നു.ഗോവൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള അംഗീകാരം നേടിയ ടേക്ക് ഓഫിലെ സമീറയുടെ ഒറ്റ പ്രകടനം മതി,ഒരു ആയുഷ്‌ക്കാലം മുഴുവൻ ഓർക്കാൻ.മലയാള സിനിമയുടെ സ്ത്രീ മുഖമായി ഇപ്പോൾ ഏവരും പരിഗണിക്കുന്നത് ഈ യുവ നടിയെയാണ്. കസബ വിവാദങ്ങളൊക്കെ നോക്കുക.പാർവതി വേഴ്‌സസ് മമ്മൂട്ടി ഫാൻസ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ.പക്ഷേ ടേക്ക് ഓഫിനുശേഷം ഒറ്റമലയാള ചിത്രത്തിലും പാർവതിയെ കണ്ടിട്ടില്‌ളെന്നതും അതിശയിപ്പിക്കുന്നതാണ്.

സുജാതയായും സൈറാബാനുവായും മഞ്ജു

പുറത്തിറങ്ങിയ രണ്ടുചിത്രങ്ങളും തരക്കേടില്ലാത്ത വിജയമാക്കാൻ മഞ്ജുവാര്യർക്ക് കഴിഞ്ഞു. ഉദാഹരണം സുജാതയിലേതിനേക്കാൾ എത്രയോ മുന്നിലായിരുന്നു കെയർ ഓഫ് സൈറാബാനുവിൽ മഞ്ജുവിന്റെ പ്രകടനം.പക്ഷേ തന്റെ പ്രതാപകാലത്തിന്റെ വെറും നിഴൽമാത്രമാണ് ഈ 38കാരിയിപ്പോഴെന്നതാണ് സത്യം.രണ്ടാംവരവിൽ മീഡിയാ ഹൈപ്പല്ലാതെ,വെല്ലുവിളിയായ കഥാപാത്രങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല. കമലിന്റെ ആമിയും ലാലിന്റെ ഒടിയനും ആ കുറവ് പരിഹരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP