Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അണപൊട്ടിയ രോഷവുമായി ഇറാനിലെ യുവാക്കൾ തെരുവിൽ; പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; എൺപതിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു; സമൂഹമാധ്യമങ്ങളും മെസേജിങ് ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാമും ടെലിഗ്രാമും നിരോധിച്ച് അടിച്ചമർത്തൽ നടപടിയുമായി സർക്കാർ; വലിയ മുന്നേറ്റങ്ങളുടെ തുടക്കമെന്ന് സമാധാന നൊബേൽ ജേതാവ് ഷിറിൻ ഇബാദി

അണപൊട്ടിയ രോഷവുമായി ഇറാനിലെ യുവാക്കൾ തെരുവിൽ; പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; എൺപതിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു; സമൂഹമാധ്യമങ്ങളും മെസേജിങ് ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാമും ടെലിഗ്രാമും നിരോധിച്ച് അടിച്ചമർത്തൽ നടപടിയുമായി സർക്കാർ; വലിയ മുന്നേറ്റങ്ങളുടെ തുടക്കമെന്ന് സമാധാന നൊബേൽ ജേതാവ് ഷിറിൻ ഇബാദി

മറുനാടൻ ഡെസ്‌ക്ക്

ടെഹ്‌റാൻ: സാമ്പത്തികരംഗത്തെ മുരടിപ്പിനെതിരെ തുടർന്ന് തൊഴിലില്ലായ്മ്മ വർദ്ധിക്കുന്നതിലും സ്വാതന്ത്ര്യത്തിനും വേണ്ടി ഇറാനിലെ യുവത്വം തെരുവിലിറങ്ങിയതോടെ ഭരണകൂടം വിറയ്ക്കുന്നു. ഇറാനിലെ വിവിധ പട്ടണങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടിട്ടും ശമിക്കാത്തത് ഒരേ സമയം ആശങ്കയ്ക്കും ആവേശതത്തിനും ഇടനൽകുന്നുണ്ട്. നാലാം ദിവസവും പ്രക്ഷോഭകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ പടിഞ്ഞാറൻ ഇറാനിലെ ദെറൂദ് പട്ടണത്തിൽ ശനിയാഴ്ച രാത്രി രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടു. സമരക്കാരെ ഏതുവിധേനെയും അടിച്ചമർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

ഇറാനിലെ അർധ സർക്കാർ വാർത്തഏജൻസിയായ 'മെഹ്ർ' ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസോ സുരക്ഷാസേനയോ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് പ്രവിശ്യാ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ടുപേർ എങ്ങനെ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തതയായിട്ടില്ല. നേരത്തേ, പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി അബ്ദുറഹ്മാൻ റഹ്മാനി ഫസ്‌ലി മുന്നറിയിപ്പ് നൽകിയിരുന്നു.

അതിനിടെ സാമൂഹിക മാധ്യമങ്ങൾക്ക് രാജ്യത്ത് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ടെലഗ്രാമും ഇൻസ്റ്റർഗ്രാമുമാണ് താൽകാലികമായി തടഞ്ഞത്. സർക്കാരിനെതിരായ പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്.
സർക്കാരിനെതിരായ രോഷം ആളിക്കത്തിക്കാൻ ഇവ ഉപയോഗിക്കുന്നതു തടയുന്നതിന്റെ ഭാഗമാണിതെന്നു ടെലികോം മന്ത്രി മുഹമ്മദ് ജാവദ് അസരി ജറോമി അറിയിച്ചു. സർക്കാരിന്റെ വിദേശനയത്തിനെതിരെയും 1979ലെ വിപ്ലവത്തിനുശേഷം അധികാരത്തിൽ വന്ന മതഭരണകൂട സംവിധാനത്തോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചും മൂന്നു ദിവസമായി ഇറാനിലെങ്ങും പ്രക്ഷോഭം ശക്തമാണ്.

രാജ്യത്ത് ഇപ്പോൾ ആരംഭിച്ച പ്രക്ഷോഭങ്ങൾ വലിയ മുന്നേറ്റങ്ങളുടെ തുടക്കമാണെന്ന് ഇറാനിലെ സമാധാന നൊബേൽ ജേതാവ് ഷിറിൻ ഇബാദി പറഞ്ഞു. പ്രതിഷേധങ്ങൾ പെട്ടെന്ന് അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും 2009ലെ പ്രക്ഷോഭത്തെക്കാൾ ഇത് വളരുമെന്നും ലണ്ടനിൽ കഴിയുന്ന അവർ കൂട്ടിച്ചേർത്തു. തെഹ്‌റാനിൽ കഴിഞ്ഞദിവസം പ്രതിഷേധക്കാരുടെ ഭാഗമായ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടിയിരുന്നു. തെഹ്‌റാൻ സർവകലാശാലക്ക് സമീപത്താണ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ്‌നടപടിയുണ്ടായത്. ഈ സംഘർഷങ്ങളുടെ വിഡിയോകൾ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ചയാണ് ഇറാനിലെ രണ്ടാമത്തെ വലിയ പട്ടണമായ മശ്ഹദിൽ പ്രതിഷേധം ആരംഭിച്ചത്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനുള്ള സമൂഹമാധ്യമങ്ങളിലെ ആഹ്വാനമാണ് 2009ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സർക്കാർഅനുകൂല റാലികളും തെഹ്‌റാൻ അടക്കമുള്ള നഗരങ്ങളിൽ നടന്നതായി റിപ്പോർട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻപ്രക്ഷോഭകരെ പിന്തുണച്ച് സർക്കാറിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.

ട്രംപിന്റെ നടപടിയെ വിമർശിച്ച് പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്തെത്തി. ഇറാൻകാരെ തീവ്രവാദികൾ എന്നു വിളിച്ച വ്യക്തിയാണ് ട്രംപെന്നു പറഞ്ഞാണ് റൂഹാനി തിരിച്ചടിച്ചത്. ഇങ്ങനെയുള്ള ട്രംപ് ഇറാനെ നോക്കി സഹതപിക്കേണ്ട കാര്യമില്ലെന്നും റൂഹാനി പറഞ്ഞു. സാമ്പത്തിക ദുരിതങ്ങളിലും ഭരണരംഗത്തെ അഴിമതിയിലും മനംമടുത്ത ജനം തെരുവിലിറങ്ങിയതു ഭരണകൂടത്തിനു വെല്ലുവിളിയായി. പ്രക്ഷോഭകർ ഷാ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത് അധികാരകേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു. പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നു സർക്കാർ മുന്നറിയിപ്പു നൽകി.

2009ൽ ഹസൻ റൂഹാനി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതുമുതൽ രാജ്യത്തു പുകയുന്ന ജനരോഷം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തൊഴിലില്ലാത്തവരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വാഗ്ദാനം ചെയ്ത് ഇപ്പോൾ അധികാരത്തിലെത്തിയ പ്രസിഡന്റ് ഹസൻ റൂഹാനിക്കു കാര്യമായൊന്നും ചെയ്യാനാകാതിരുന്നതും സ്ഥിതി വഷളാക്കി. കാര്യമായ ഏകോപനമൊന്നുമില്ലെങ്കിലും ജനം സ്വാഭാവികമായി പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. പ്രക്ഷോഭകർ ബാങ്കുകളും സർക്കാർ ഓഫിസുകളും പൊലീസ് സ്റ്റേഷനുകളും ആക്രമിക്കുകയും തീയിടുകയും ചെയ്യുന്നു. ഇതിനു മുൻപുണ്ടായ പ്രക്ഷോഭങ്ങളെല്ലാം റവലൂഷനറി ഗാർഡുകളെ ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു.

പ്രതിഷേധക്കാരോട് മൃദുസമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. പുറത്തുനിന്നുള്ള ശക്തികളാണ് രാജ്യത്ത് കുഴപ്പമുണ്ടാക്കുന്നത് എന്ന നിലപാടാണ് അധികൃതർക്ക്. പ്രസിഡന്റ് ഹസൻ റൂഹാനി ഇതേക്കുറിച്ച് പരസ്യപ്രസ്താവന നടത്തിയിട്ടില്ല. സാമ്പത്തികപരിഷ്‌കരണം വാഗ്ദാനം ചെയ്താണ് 2013-ൽ റൂഹാനി അധികാരമേറ്റത്. ഉയർന്ന ജീവിതനിലവാരവും 12 ശതമാനമെത്തിയ തൊഴിലില്ലായ്മയുമാണ് ജനത്തെ അസ്വസ്ഥരാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP