Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്താണ് പ്ലാത്തോട്ടത്തിന്റെ കഥകൾ തരുന്ന അസ്വസ്ഥത? വൈയക്തികമായി ഇടപെടാതെതന്നെ ജീവിതബോധത്തെയും സൗന്ദര്യബോധത്തെയും അദ്ദേഹം ശക്തമായി സ്വാധീനിക്കുന്നു; ഇവിടെ കഥാകൃത്ത് വിശുദ്ധമായ രണ്ട് കുറ്റകൃത്യങ്ങളാണ് വായനക്കാരോട് ചെയ്യുന്നത്: പുതിയ പുരുഷാർത്ഥങ്ങൾ തേടുന്ന കഥകളെന്ന ശീർഷകത്തിൽ ഡോ. മുഞ്ഞിനാടിന്റെ ആസ്വാദനം

എന്താണ് പ്ലാത്തോട്ടത്തിന്റെ കഥകൾ തരുന്ന അസ്വസ്ഥത? വൈയക്തികമായി ഇടപെടാതെതന്നെ ജീവിതബോധത്തെയും സൗന്ദര്യബോധത്തെയും അദ്ദേഹം ശക്തമായി സ്വാധീനിക്കുന്നു; ഇവിടെ കഥാകൃത്ത് വിശുദ്ധമായ രണ്ട് കുറ്റകൃത്യങ്ങളാണ് വായനക്കാരോട് ചെയ്യുന്നത്: പുതിയ പുരുഷാർത്ഥങ്ങൾ തേടുന്ന കഥകളെന്ന ശീർഷകത്തിൽ ഡോ. മുഞ്ഞിനാടിന്റെ ആസ്വാദനം

ജോണി ജെ. പ്ലാത്തോട്ടത്തിന്റെ കഥകളിൽ അത്രപെട്ടെന്ന് മെരുങ്ങാത്ത ജീവിതപ്രകൃതിയും ഫലിതപ്രകൃതിയുമുണ്ട്. അപകടകരമായി എങ്ങനെയൊരു നല്ല കഥയെഴുതാം എന്ന് ആലോചിച്ചവരിൽ രണ്ടുപേർ എന്റെ വായനയിൽ വിക്ടൽ ലീനസും ജോണി ജെ. പ്ലാത്തോട്ടവുമാണ്. ജിവിതാസക്തിയുടെ ഉയിർപ്പും തിണർപ്പും കടുംതാളവും പ്ലാത്തോട്ടത്തിന്റെ കഥകളിൽ മുഴങ്ങുന്നുണ്ട്.

പുതിയ കാലത്ത് അതൊരു ധൈര്യപ്പെടലാണ്. അതിലൂടെ ജീവിതത്തെ സംബന്ധിക്കുന്ന സമ്പൂർണ്ണമായൊരു ശുദ്ധീകരണമാണ് (Total Sublimation) കഥാകൃത്ത് ലക്ഷ്യംവയ്ക്കുന്നത്. അത് കഥയുടെ അകത്തും പുറത്തുമായി നടക്കുന്ന ഒരു ശുശ്രൂഷാ പദ്ധതിയാണ്. രോഗാതുരമായ കാലത്തെ, കാലരഹിതമായ (Timelessness) അവസ്ഥയിലേക്ക് എത്തിച്ചുകൊണ്ട് ശുദ്ധീകരിക്കുക എന്നത് ഒരു കഥാകൃത്ത് ഏറ്റെടുത്തു നടപ്പിലാക്കുന്ന കടുത്ത ഒരു തീരുമാനമാണ്. എന്നാലിത് അനുഭവത്തിന്റെ വർത്തമാനഗതിക്ക് വിഘാതം സൃഷ്ടിക്കുന്നതുമില്ല. ഇത് കലാപരമായ ലക്ഷ്യത്തോടെ പുനഃസംവിധാനം ചെയ്യുന്ന സർഗ്ഗാത്മക ക്രിയകൂടിയാണ്.

എന്താണ് പ്ലാത്തോട്ടത്തിന്റെ കഥകൾ തരുന്ന അസ്വസ്ഥത എന്നത് അതിന്റെ സാദ്ധ്യതകളെ അടിസ്ഥാനമാക്കി ചിന്തിക്കേണ്ട ഒരു വിഷയം കൂടിയാണ്. വിക്ടർ ലീനസിന്റെ കഥകളുടെ മെരുങ്ങാത്ത പ്രകൃതിയെപ്പറ്റി സൂചിപ്പിച്ചല്ലോ. മെരുങ്ങാത്ത ആ പ്രകൃതിക്ക് അകത്തും പുറത്തുമായി പ്ലാത്തോട്ടം നടന്നു തീർക്കുന്ന ആന്തരിക പ്രകൃതികൂടിയുണ്ട്. അതിനൊരു ഭൂഭാഗചിത്രത്തിന്റെ (Landscapes) ലാവണ്യബോധമാണുള്ളത്. ഇത്തരമൊന്ന് ലീനസിന്റെ കഥകളിലില്ല.

കഥയ്ക്ക് അകത്തുംപുറത്തും നിന്ന് സംസാരിക്കുന്ന ഒരു കഥാകൃത്തിനെ പ്ലാത്തോട്ടത്തിന്റെ കഥകളിൽ കാണാം. സംസാരിക്കുന്നു എന്നത് വൈയക്തികമായി ഇടപെടുന്നു എന്ന അർത്ഥത്തിലല്ല. വൈയക്തികമായി ഇടപെടാതെതന്നെ ജീവിതബോധത്തെയും സൗന്ദര്യബോധത്തെയും പ്ലാത്തോട്ടം ശക്തമായി സ്വാധീനിക്കുന്നു എന്നുള്ളതാണ് പ്രധാനം. ഇത് കഥയുടെ ചലനാത്മകതയെ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നു. അതോടെ പരിചിതമായ ഒരനുഭവം അപരിചിതമായ ഒന്നായിമാറുന്നു. ഇത് വായനയുടെ സൂക്ഷ്മതലങ്ങളിൽ ആനന്ദം പകരുന്ന ഒന്നായി പരിണമിക്കുന്നു.

പ്ലാത്തോട്ടം എഴുതുമ്പോൾ കഥയ്ക്ക് മാത്രമല്ല വ്യതിയാനങ്ങൾ സംഭവിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും ഇത് ഏറിയും കുറഞ്ഞും പ്രത്യക്ഷാനുഭവമായിത്തീരുന്നുണ്ട്. ഇതിവൃത്തഘടനയ്ക്കും കാലക്രമത്തിനും സംഭവിക്കുന്ന രോഗാതുരത പാത്രസൃഷ്ടിയിലും അനുഭവപ്പെടുന്നുണ്ട്. മേയർ സ്റ്റേൺബർഗിന്റെ (Meir SternBerg - What is exposition, A Eassy in Temporal Delimitation) സിദ്ധാന്തപ്രകാരം കലാകാല ദൈർഘ്യത്തെ (Represented time) സമൂല വിമലീകരണത്തിലേക്കെത്തിക്കുന്ന ചിന്താപദ്ധതിയാണിത്. ഇവിടെ വികാരങ്ങൾക്ക് സ്ഥാനമില്ല. ജീവിതത്തിന്റെ കയറ്റിറക്കങ്ങളില്ല. സംവാദങ്ങളിലൂടെയാണ് കഥ ഒഴുകിപ്പരക്കുന്നത്. എന്നാൽ, നിലപാടുകൾ ഉറപ്പിക്കുവാൻ ശേഷിയുള്ള രാഷ്ട്രീയാഭയങ്ങളില്ല. ആത്യന്തികമായുള്ളത്. ചെറുത്തുനിൽപുമാത്രമാണ്. അത് കാലത്തിനോടല്ല. ആത്മാവിനോട് കാട്ടുന്ന തെറ്റുകളോടും അതിന് സ്വയം വിധിക്കുന്ന ശിക്ഷകളോടുമാണ്.

മറ്റൊന്ന് പ്ലാത്തോട്ടത്തിന്റെ കഥകളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ/പുരുഷപ്രകൃതികൾക്ക് നൽകിയിട്ടുള്ള സങ്കല്പത്തെ സംബന്ധിച്ചുള്ളതാണ്. ഒരു പ്രത്യേക ആദർശത്തിൽ അധിഷ്ഠിതമായ സ്ത്രീസങ്കല്പമോ (Anima) പുരുഷസങ്കല്പമോ (Animus) അല്ല അത്. അവർ ആരും കാല്പനികരുമല്ല. ജനപ്രീതിക്കുവേണ്ടി അവരൊന്നും ചെയ്യുന്നതുമില്ല. അതു കൊണ്ടുതന്നെ അവർ അമാനുഷരുമല്ല. നായികാ-നായകന്മാരെ ആദർശവത്കരിക്കാതെതന്നെ അവരെക്കൊണ്ട് മിണ്ടിപ്പറയിപ്പിക്കുക മാത്രമാണ് കഥാകൃത്ത് ചെയ്യുന്നത്.

ഒരർത്ഥത്തിൽ അവരൊന്നുംതന്നെ പറയുന്നില്ല എന്നതാണ് ശരി. ഒന്നും പറയാതെ എല്ലാം തുറന്നുപറയുന്നു എന്ന് അതിന്റെ മറുപാതിയിൽനിന്ന് വ്യാഖ്യാനിക്കാനാകും. ഇത്തരം വ്യാഖ്യാനങ്ങൾക്ക് അതിന്റെതായ പേശീബലവും ശക്തിസൗന്ദര്യവുമുണ്ട്. അത് പ്രത്യക്ഷത്തിൽ സംവാദത്തിന്റെ യുക്തിപരമായ പരിശുദ്ധി (Logical Purity)യെ അർത്ഥവത്താക്കുന്ന ഒന്നാണ്. 'സ്വപ്നാടനത്തിന്റെ സ്വകാര്യസാദ്ധ്യതകൾ' എന്ന കഥ ശ്രദ്ധിക്കുക.

വിനയനും സീമയും തമ്മിലുള്ള മിണ്ടിപ്പറയൽ ഒരു സംവാദത്തിലേക്ക് കടക്കുന്നതുകാണാം. എന്നാൽ ഇരുവരും ഒന്നും പറയുന്നില്ല എന്ന് കരുതിയാലും തെറ്റില്ല. ഒന്നും പറയാതെതന്നെ എല്ലാം പറയുന്നു എന്നിടത്താണ് നേരത്തെ സൂചിപ്പിച്ച യുക്തിപരമായ പരിശുദ്ധി അനുഭവവേദ്യമാകുന്നത്. ഇത് കഥയിലെ ദാർശനികതലത്തെ ഗൗരവതരമാക്കുന്നു. കഥയിലെ പതിവ് വഴക്കങ്ങളെ അനുസരിക്കാതെ ഒഴുകിപ്പരക്കുന്ന അനുഭവകാന്തിയാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ ഈ കഥയ്ക്ക് അകംപുറം വികസിക്കുന്നൊരു ലാവണ്യാനുഭവമുണ്ട്.

ഇവിടെ കഥാകൃത്ത് വിശുദ്ധമായ രണ്ട് കുറ്റകൃത്യങ്ങളാണ് വായനക്കാരോട് ചെയ്യുന്നത്. ആദ്യത്തേക് സങ്കല്പത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ സംഭവിക്കുന്ന സംവാദത്തെ ഭാഷാന്തരീകരിക്കുന്നു എന്നുള്ളതാണ്. വിനയനും സീമയ്ക്കും മാത്രമറിയാവുന്ന ഭാഷയ്ക്കുള്ളിൽ കഥാകൃത്ത് പുതിയൊരു ഭാഷയുടെ ലോകം തന്നെ സൃഷ്ടിച്ചുകൊണ്ട് കഥയുടെ അകം കാഴ്ചയെ മെരുക്കിയെടുക്കുന്നു.

'ഗൃഹനിബദ്ധം' എന്ന കഥ ഇതിന് അനുബദ്ധചർച്ചയ്ക്ക് വിഷയമാക്കേണ്ട ഒന്നാണ്. ഈ കഥയ്ക്ക് സ്ഥലകാലബാധയില്ല. ദൃശ്യങ്ങൾ ഒന്നൊന്നായി പെരുകിവരുകയാണ്. അതിൽപ്പെട്ട് അവനും ചേച്ചിയും ഒരു മായികലോകത്തെന്നപ്പോലെ എത്തപ്പെടുന്നു. എന്താണ് പ്രകൃതിയിൽ സംഭവിക്കുന്നത് എന്നത് അവർക്കറിയില്ല. വല്ലാത്തൊരു വിമ്മിട്ടം അവരെ ചൂഴ്ന്നു നിൽക്കുന്നു. പലവിധ ഭയങ്ങൾക്കിയിലൂടെയാണ് അവർ സ്‌കൂളിലേക്ക് പോകുന്നത്.മറ്റൊന്ന് കഥയിൽ ഇടപെട്ടുകൊണ്ട് 'കല്യാണം കഴിച്ചതോടെ സീമ നീന്താൻ വരാതായി' എന്നും 'ജോലി കിട്ടിയതിനാൽ വിനയൻ പട്ടണത്തിലേക്ക് പോയി' എന്നും കുമ്പസാരിക്കുന്നതിലൂടെ അവർക്കിരുവർക്കും നാം നമ്മുടെ മനസ്സുകളിൽ കൊടുത്ത ആകാശവും ഭൂമിയും നഷ്ടപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്യുന്നത്. മുകളിൽ പറഞ്ഞ നഷ്ടപ്പെടലുകളിൽ നിന്നാണ് കഥ അതിന്റെ തനിമ (Identity)യെ നിലനിർത്തുന്നത്. വായനക്കാരുടെ മനസ്സ് നന്നല്ലാത്തതുകൊണ്ടാണ് കഥയിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് പറയാൻപോലും കഥാകൃത്ത് ധൈര്യപ്പെടുന്നു. ഇത് കഥയുടെ ദാർശനികതലത്തെ ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്.

'ഗൃഹനിബദ്ധം' എന്ന കഥ ഇതിന് അനുബദ്ധചർച്ചയ്ക്ക് വിഷയമാക്കേണ്ട ഒന്നാണ്. ഈ കഥയ്ക്ക് സ്ഥലകാലബാധയില്ല. ദൃശ്യങ്ങൾ ഒന്നൊന്നായി പെരുകിവരുകയാണ്. അതിൽപ്പെട്ട് അവനും ചേച്ചിയും ഒരു മായികലോകത്തെന്നപ്പോലെ എത്തപ്പെടുന്നു. എന്താണ് പ്രകൃതിയിൽ സംഭവിക്കുന്നത് എന്നത് അവർക്കറിയില്ല. വല്ലാത്തൊരു വിമ്മിട്ടം അവരെ ചൂഴ്ന്നു നിൽക്കുന്നു. പലവിധ ഭയങ്ങൾക്കിയിലൂടെയാണ് അവർ സ്‌കൂളിലേക്ക് പോകുന്നത്. ആ യാത്ര അവനെ വീർപ്പുമുട്ടിക്കുന്നുണ്ട്. അവിടേക്ക് മനുഷ്യശബ്ദത്തിന്റെ നുറുങ്ങുകൾ കൂടി എത്തപ്പെടുന്നതോടെ ഭയത്തിന്റെ അളവ് വർദ്ധിക്കുകയും അവനുള്ളിലെ വിജനതയ്ക്കും വിരസതയ്ക്കും ആഴം കൂടുകയും ചെയ്യുന്നു. ഇത്തരമൊരവസ്ഥയെ മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് ന്യായീകരിക്കാവുന്നതാണ്.

എന്നാൽ അത്തരം ന്യായീകരണങ്ങൾക്കുള്ളിൽ ഒതുങ്ങുന്ന മനോഘടനയല്ല ഈ കഥയ്ക്കുള്ളത്. ഇതിൽനിന്ന് ജീവിതമെന്ന സത്യത്തെ അടർത്തിമാറ്റി പരിശോധിക്കാനാവില്ല. പകരം ഉള്ളത് ജീവിതമെന്ന സത്യത്തെ ചൂഴ്ന്നു നിൽക്കുന്ന വിഭ്രാന്തികളാണ്. സൂരജും അയാളുടെ വീടും വിഭ്രാന്തിയുടെ സൗന്ദര്യാനുഭവങ്ങളാണ്. ഇതുതേടിയുള്ള, ഗ്രാമത്തിലേക്കുള്ള യാത്ര അവൻ സങ്കല്പത്തിലേക്കല്ല നടത്തുന്നത്. അത് യഥാർത്ഥ്യത്തിലേക്ക് നീളുന്ന ഒന്നാണ്. പക്ഷേ അവിടെ അവനെ കാത്തിരിക്കുന്നത് അത്യന്തം ശൂന്യതയാണ്. വളർന്നു തടിച്ചുനിൽക്കുന്ന വൃക്ഷങ്ങൾക്കിടയിൽ എവിടെയോ ആ വീടും ആ വീട്ടിനുള്ളിലെവിടെയോ സൂരജും ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന സങ്കല്പത്തിലേക്ക് അവന് വീണ്ടും മടങ്ങിപ്പോകാനാകുന്നില്ല. അവൻ ബൈക്ക് ഓടിക്കേണ്ടത് യഥാർത്ഥ്യത്തിലേക്കാണ്. അതവന് കഴിയുന്നില്ല.

പൂർണ്ണത അവകാശപ്പെടാവുന്ന ഒരു കഥയാണ്. 'സ്ത്രീകളുടെ അധികമാനങ്ങൾ'. ഈ കഥയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായൊരു സമ്പർക്ക സംസ്‌കാരമുണ്ട്. ഇതിവൃത്തസംവിധാനത്തിലും പാത്രസൃഷ്ടിയിലും പാത്രചിത്രീകരണത്തിലും ആ സൂക്ഷ്മത ദർശിക്കാവുന്നതാണ്. കന്യാസ്ത്രീയും നേഴ്‌സും ഉമ്മാച്ചിയും ചേർന്നാണ് സംവാദം നടത്തുന്നത്. കഥയിലെ പ്രഥമപുരുഷൻ ആ സംവാദത്തിന് നേതൃത്വം കൊടുക്കുന്നു എന്നേയുള്ളൂ.അസ്വസ്ഥതയിൽ നിന്ന് അവസ്ഥതയിലേക്ക് കടക്കുന്ന ഒരു കഥയാണിത്. ഇതു മുകളിൽ വിശദീകരിച്ച കഥയുടെ സ്വത്വാന്വേഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ്. തൃഷ്ണയുടെ അകംപുറം വെന്ത വിഭ്രാന്തികളിൽ നിന്നാണ് ഈ അനുഭവം പുറത്തേക്ക് പൊട്ടിയൊഴുകന്നത്. പ്ലാത്തോട്ടത്തിന്റെ കഥകളിലെ തനിമകളിലൊന്നായി ഈ കഥയെ അടയാളപ്പെടുത്താവുന്നതാണ്.

അവതരണപരമായ (Expositional) പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായ കുറേകഥകൾ ഈ സമാഹാരത്തിലുണ്ട്. അവയിൽ നിന്ന് 'സ്ത്രീയുടെ അധികമാനങ്ങൾ' എന്ന കഥ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനു പിന്നിൽ ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. പ്ലാത്തോട്ടത്തിന്റെ കഥകൾ ജീവിതവുമായി ബന്ധപ്പെടുത്തിയ ആശയതലത്തിൽ നിന്ന് ഒരു ഐക്യപ്പെടൽ (Solidarity) സ്വാംശീകരിച്ചെടുക്കുന്നവാണ്. അത്തരമൊരു ഇത് കഥയ്ക്കുള്ളിൽ കഥ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യയാണ്. ഇത്തരമൊരു കഥയെഴുത്തിനു പിന്നിൽ എഴുത്തുകാരന്റെ സൂക്ഷ്മദർശനമുണ്ട്. അതുകൊണ്ടാണ് ഈ കഥ ഒരു സുന്ദരമുഹൂർത്തം സൃഷ്ടിക്കുന്നത്. ഇത്തരമൊരനുഭവം ബോർഹസിന്റെ കഥകളിൽ കാണാം. കഥപറഞ്ഞുനിൽക്കുന്ന ആളുകൾതന്നെ കഥാപാത്രങ്ങളായി മാറുന്നു. കഥയിലെ അച്ചടക്കത്തിന്റെ (Discipline) മികച്ച മാതൃകകൂടിയായി ഈ കഥ മാറുന്നതിനു പിന്നിൽ ഇത്തരം ചില മര്യാദകൾ കൂടിയുണ്ട്.

ആരംഭത്തിൽ സൂചിപ്പിച്ച, കഥയിൽ അനുഭവവേദ്യമാകുന്ന ഭാഷയെയും രതിയെയും സംബന്ധിച്ച ആശയപരമായ സംവാദങ്ങൾക്ക് കുറച്ചുകൂടി വ്യക്തത ആവശ്യമാമെന്ന് തോന്നുന്നു. അത് മാനഷികമായൊരു പരിഗണന ആവശ്യപ്പെടുന്ന ഒന്നാണ്. 'മാനുഷികം' എന്ന പ്രത്യക്ഷാർത്ഥത്തിലല്ല ഇവിടിത് വിശദീകരിക്കുന്നത്. പ്ലാത്തോട്ടത്തിന്റെ കഥയിലെ ഭാഷ കേവലം ആശയവിനിമയോപാധിയല്ല. അത് ലക്ഷ്യം വയ്ക്കുന്നൊരു സാംസ്കാരിക സദസ്സുണ്ട്. അവിടെ സംഭവിക്കുന്നത് ആശയവിനിമയങ്ങൾ മാത്രമല്ല. സ്വാതന്ത്ര്യബോധത്തിന്റെതായ ഘനനാദവുമായാണ് പ്ലാത്തോട്ടം അവിടേക്ക് പ്രവേശിക്കുന്നത്. അത് ഭാഷ്‌യ്ക്കുള്ളിലെ ഭാഷയ്ക്കുണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. അങ്ങനെ സ്വയം നവീകരിക്കപ്പെടുകയും മറ്റെല്ലാത്തിനെയും നവീകരിക്കുകയും ചെയ്യുന്നൊരു ശുദ്ധീകരണക്രിയ ഈ ഭാഷ നിർവ്വഹിക്കുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ടുന്ന പ്രത്യേകതകളിലൊന്ന്. അതിനാകട്ടെ പ്രജ്ഞയുടെയും യുക്തിയുടെയും നിരാസത്തിന്റെയുമായ പൊരുത്തവും പൊരുത്തക്കേടുകളുമുണ്ട്.

ആന്തരികവിക്ഷോഭങ്ങൾ ഏല്പിക്കുന്ന പരുക്കുകളിൽ നിന്ന് കുതറിമാറുമ്പോഴും 'അമ്മ' സ്വയം ഏല്ക്കുകയും ഏല്പിക്കുകയും ചെയ്യുന്ന ചില പരുക്കുകളുണ്ട്. എന്നാൽ അവ നമ്മെ അമ്പരപ്പിക്കുന്നില്ല. പകരം സ്‌തോഭജനകമായ സംഭ്രമങ്ങൾ തരുകയാണു ചെയ്യുന്നത്. ഇത് കഥയുടെ പെരുമാറ്റത്തിൽനിന്ന് ആകുന്നത്ര അകലം പാലിക്കുന്ന അനുഭവങ്ങളാണ്. 'നിർവ്വേദം' മുന്നോട്ടുവയ്ക്കുന്ന ദർശനം അതാണ്.ഭാഷയ്ക്കുള്ളിലെ ഭാഷ എന്നപോലെതന്നെ ശ്രദ്ധിക്കേണ്ട ഒന്ന് കഥയിലെ രതിയെ സംബന്ധിച്ചുള്ളതാണ്. 'നിർവ്വേദം' എന്ന കഥയിലെ വന്യകാമനയെ ഒതുക്കിയും അടക്കിയും പറയുന്നതിലൂടെ മാത്രമല്ല അത് മറ്റൊന്നായി മാറുന്നത്. അശ്ലീലത്തിൽ നിന്ന് ശ്ലീലത്തിലേക്ക് സ്വൈരവിഹാരം നടത്തുന്ന ഒന്നായി ഭാഷയും രത്യാനുഭവവും ഇവിടെ മാറുന്നു. ഈ മാറ്റം മനുഷ്യാവസ്ഥയിലേക്ക് തുറന്നുവച്ച മൂന്നാം കണ്ണാണ്. അസാധാരണമായ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല. കഥയിലെ 'അമ്മ' അനുഭവിക്കുന്ന പീഡനത്തിനും സുഖത്തിനുമിടയിൽ അല്ലെങ്കിൽ സുഖത്തിനും പീഡനത്തിനുമിടയിലെ കാലം നൈമിഷികം മാത്രമായ ഒന്നല്ല. അതിന് ഇച്ഛയുടെയും അമർഷത്തിന്റെയുമായ തീഷ്ണസൗന്ദര്യം കൂടിയുണ്ട്. കഥയിലെ സർഗാത്മകത (Creative) പ്രത്യക്ഷപ്പെടുന്നത് അവിടെയാണ്.

ആന്തരികവിക്ഷോഭങ്ങൾ ഏല്പിക്കുന്ന പരുക്കുകളിൽ നിന്ന് കുതറിമാറുമ്പോഴും 'അമ്മ' സ്വയം ഏല്ക്കുകയും ഏല്പിക്കുകയും ചെയ്യുന്ന ചില പരുക്കുകളുണ്ട്. എന്നാൽ അവ നമ്മെ അമ്പരപ്പിക്കുന്നില്ല. പകരം സ്‌തോഭജനകമായ സംഭ്രമങ്ങൾ തരുകയാണു ചെയ്യുന്നത്. ഇത് കഥയുടെ പെരുമാറ്റത്തിൽനിന്ന് ആകുന്നത്ര അകലം പാലിക്കുന്ന അനുഭവങ്ങളാണ്. 'നിർവ്വേദം' മുന്നോട്ടുവയ്ക്കുന്ന ദർശനം അതാണ്. അതുകൊണ്ട് ഒരുതരം അമാനുഷികതയുമില്ലാത്ത 'ദിവ്യത്വം' ഈ കഥയ്ക്കുണ്ടെന്നുവരുന്നു.

അത് പ്രത്യക്ഷാർത്ഥത്തിൽ അടയാളപ്പെടുന്ന ദിവ്യത്വമല്ല. പകരം യോഗാത്മകതയിലേക്ക് ഒരുവേള കടക്കാൻ സാദ്ധ്യമായോരു അനുഭവാവസ്ഥയാണ്. 'അമ്മയെക്കുറിച്ച് അധികമൊന്നും അറിയേണ്ടെന്ന് നിശബ്ദസാക്ഷിയോ കാലസാക്ഷിയോ ആയ കഥാപാത്രം കഥയിലൊരിടത്തു പറയുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട ഒന്നാണ്. സ്ഥലകാലരഹിതമായ മാത്രകൾകൊണ്ട് രൂപപ്പെടുത്തിയെടുത്ത ഒരു ആന്തരിക വിശുദ്ധികൂടി 'നിർവ്വേദം' സൂക്ഷിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

പുതിയ കഥ നേരിടുന്ന ജീവിതവ്യാഖ്യാനങ്ങളെയും അനുഭവബോധത്തെയും അതിന്റെ സൂക്ഷ്മതലത്തിൽ വിലയിരുത്തിക്കൊണ്ട് പുതുക്കിപ്പണിയുകയാണ് കഥകളിലൂടെ ജോണി ജെ പ്ലാത്തോട്ടം. പ്ലാത്തോട്ടം കഥ പറയുമ്പോൾ കാഴ്ചയിലും അനുഭവത്തിലും മാത്രമായി കഥമെരുങ്ങി നിൽക്കുന്നില്ല. കഥാകൃത്ത് ഉപയോഗിക്കുന്ന ഭാഷയിൽ പോലും അതിന്റെ എരിഞ്ഞടങ്ങലും ഉയിർത്തെഴുന്നേല്പുമുണ്ട്.പ്ലാത്തോട്ടത്തിന്റെ രാഷ്ട്രീയ/അരാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ഇവിടെ അധികം ചർച്ചചെയ്യുന്നില്ല. രാഷ്ട്രീയത്തെ വെട്ടിയും തിരുത്തിയും ധർമ്മാധർമ്മങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ ചെയ്യുന്ന കുറച്ചു നല്ല കഥകൾ ഈ സമാഹാരത്തിലുണ്ട്. അവയിലെ മനസ്സും നിലപാടുകളും പുതുമതേടുന്ന ഒന്നാണ്. 'ആപേക്ഷികമരണ'ത്തിലെ രാഷ്ട്രീയം നമ്മുടെ മര്യാദാപ്രമാണങ്ങളെ നിശിതമായി അട്ടിമറിക്കുന്നതുകാണാം. ഈ അട്ടിമറിക്കൽ പുതുമതേടുന്ന ഒന്നാണ്. നമ്മുടെതന്നെ വർത്തമാനകാലജീവിതത്തിനു സംഭവിച്ച ദുര്യോഗങ്ങളിൽനിന്ന് അപകടകരമായ ഒരു ദുര്യോഗത്തെ ആഴത്തിൽ വിചാരണ ചെയ്യുകയാണ് കഥാകൃത്ത്.

ഇവിടെ നമ്മൾ സാക്ഷിയോ പ്രതിയോ ആയിമാറും. ഇതിനിടയിൽ നിന്ന് കുതറിപ്പോകാനോ നിശ്ശബ്ദനാകാനോ നമുക്ക് സാദ്ധ്യമല്ല. ഇതിനിടയിലെ പിടച്ചിലിൽ നിന്നാണ് പ്ലാത്തോട്ടത്തിന്റെ കഥയിലെ സൂക്ഷ്മ രാഷ്ട്രീയം വായിച്ചെടുക്കേണ്ടത്. ഇത്തരം വായനകളെ ചരിത്രഗതിയുടെ സൗന്ദര്യബോധത്തിൽനിന്നുകൊണ്ട് വായിക്കേണ്ടകാലംകൂടിയാണിത്. കാരണം അത് സാമൂഹിക മനുഷ്യനെ സംബന്ധിച്ചുള്ള നീതികേടിൽ നിന്നാണ് രൂപപ്പെടുന്നത്. 'കഥയറിയാത്ത ആട്ടങ്ങളി'ലും 'കിരാതപർവ്വ'-ത്തിലും ഇതിന്റെ പ്രകമ്പനങ്ങൾ അനുഭവിച്ചറിയാനാകും.

പുതിയ കഥ നേരിടുന്ന ജീവിതവ്യാഖ്യാനങ്ങളെയും അനുഭവബോധത്തെയും അതിന്റെ സൂക്ഷ്മതലത്തിൽ വിലയിരുത്തിക്കൊണ്ട് പുതുക്കിപ്പണിയുകയാണ് കഥകളിലൂടെ ജോണി ജെ പ്ലാത്തോട്ടം. പ്ലാത്തോട്ടം കഥ പറയുമ്പോൾ കാഴ്ചയിലും അനുഭവത്തിലും മാത്രമായി കഥമെരുങ്ങി നിൽക്കുന്നില്ല. കഥാകൃത്ത് ഉപയോഗിക്കുന്ന ഭാഷയിൽ പോലും അതിന്റെ എരിഞ്ഞടങ്ങലും ഉയിർത്തെഴുന്നേല്പുമുണ്ട്. മറ്റൊന്ന്, കഥകളിൽ മുഴങ്ങുന്ന കാലത്തിനോടുള്ള എതിർപ്പാണ്. അതു കേവലം നിരാസത്തിന്റെയോ, തിരസ്‌കാരത്തിന്റെയോ ശബ്ദമല്ല. ഒരുതരം പാരുഷ്യം കലർന്ന വെല്ലുവിളിയാണിത്. ഇത്തരം കഥകൾ തരുന്ന അസ്വസ്ഥത പുതിയ കാലം ആവശ്യപ്പെടുന്ന ഒന്നാണ്.

('സ്വപ്‌നാടനത്തിന്റെ സ്വകാര്യ സാധ്യതകൾ'എന്ന ജോണി ജെ പ്‌ളാത്തോട്ടത്തിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരത്തിന് ഡോ. മുഞ്ഞിനാട് പത്മകുമാർ എഴുതിയ അവതാരികയിൽ നിന്ന്. കോട്ടയത്തെ ഇന്ദുലേഖ ഓൺലൈൻ പബ്‌ളിഷേഴ്‌സാണ്‌ പ്രസാധകർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP