Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തിപരമായ പരാമർശം വളച്ചൊടിച്ചതാണെന്ന് ബൽറാം വിശദീകരിച്ചെന്ന് ഹസൻ; അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി; മാപ്പു പറയണമെന്ന് തിരുവഞ്ചൂർ; യുവ തുർക്കിയെ ഒറ്റപ്പെടുത്താൻ മത്സരിച്ച് ഗ്രൂപ്പ് മാനേജർമാർ; പിന്തുണയുമായി യൂത്ത് ടീമും; രാഹുലിന്റെ അടുപ്പക്കാരനെ വെട്ടാൻ ആയുധം കിട്ടിയ സന്തോഷത്തിൽ എ ഗ്രൂപ്പ്; എകെജിക്കെതിരായ പരാമർശത്തിൽ യുവതുർക്കിയെ തളയ്ക്കാൻ എല്ലാരും ഒറ്റക്കെട്ട്

വ്യക്തിപരമായ പരാമർശം വളച്ചൊടിച്ചതാണെന്ന് ബൽറാം വിശദീകരിച്ചെന്ന് ഹസൻ; അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി; മാപ്പു പറയണമെന്ന് തിരുവഞ്ചൂർ; യുവ തുർക്കിയെ ഒറ്റപ്പെടുത്താൻ മത്സരിച്ച് ഗ്രൂപ്പ് മാനേജർമാർ; പിന്തുണയുമായി യൂത്ത് ടീമും; രാഹുലിന്റെ അടുപ്പക്കാരനെ വെട്ടാൻ ആയുധം കിട്ടിയ സന്തോഷത്തിൽ എ ഗ്രൂപ്പ്; എകെജിക്കെതിരായ പരാമർശത്തിൽ യുവതുർക്കിയെ തളയ്ക്കാൻ എല്ലാരും ഒറ്റക്കെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെജിക്കെതിരെ വിവാദ പരാമർശം നടത്തിയ വി.ടി ബൽറാം എംഎ‍ൽഎയെ തള്ളി കോൺഗ്രസ്. എകെജിക്കെതിരെ നടത്തിയ പരാമർശം തെറ്റായിപ്പോയെന്നും ഇത് കോൺഗ്രസ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. ബൽറാമിന്റെ പരാമർശം പരിധി കടന്നു പോയെന്നും, എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബൽറാമിനെതിരെ അതിശക്തമായി രംഗത്ത് വരാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ പ്രതിഫലിപ്പിക്കുന്നത്. അതിനിടെ ബൽറാമിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസും രംഗത്തു വന്നു.

ബൽറാം പറഞ്ഞത് ശരിയായില്ലെന്ന് ഹസൻ വിശദീകരിച്ചതിന് ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട് വിശദീകരണം. എകെജിക്കെതിരായ പരാമർശത്തിൽ വിടി ബൽറാം എംഎ‍ൽഎ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു. പരാമർശത്തിന് മാപ്പ് പറയണമെങ്കിൽ ആദ്യം കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയട്ടെ. നെഹ്രു കുടുംബത്തെ അപമാനിച്ച കോടിയേരിയുടെ പരാമർശത്തിൽ സിപിഎം അഭിപ്രായം വ്യക്തമാക്കണം. വ്യക്തിപരമായി ബൽറാം നടത്തിയ അഭിപ്രായപ്രകടനം മാത്രമാണിതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പറഞ്ഞു.

നെഹ്രു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ ഭാവിയിൽ കോൺഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന കോടിയേരി പരാമർശത്തെ സൂചിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് കോടിയേരി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത്. ഇതോടെ കോൺഗ്രസിൽ ബൽറാമിനെ അനുകൂലിക്കുന്ന ചേരിയും സജീവമായി. എന്നാൽ മുതിർന്ന നേതാക്കളെല്ലാം ബൽറാമിന് എതിരാണ്. സോളാർ കേസിലും ടിപി കേസിലും പാർട്ടി നിലപാടുകളെ ചോദ്യം ചെയ്ത വ്യക്തിയാണ് ബൽറാം. രാഹുൽ ഗാന്ധിക്ക് ഏറെ താൽപ്പര്യമുള്ള നേതാവ്. ജനപക്ഷത്തും ബൽറാമിന് പിന്തുണയുണ്ട്. ഈ സാഹചര്യത്തിലാണ് ബൽറാമിനെ ഒതുക്കാൻ എകെജി വിവാദം സമർത്ഥമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉപയോഗിക്കുന്നത്.

ഭാവി കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി പരിഗണിക്കുന്നവരുടെ പട്ടികയിൽ ബൽറാമുമുണ്ടായിരുന്നു. ഗുജറാത്തിൽ യുവതുർക്കികളുടെ ഇടപെടലാണ് ബിജെപിക്ക് തിരിച്ചടി നൽകിയത്. ഈ മാതൃത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനത്തും സ്വീകരിക്കാൻ രാഹുൽ തയ്യാറെടുക്കുകയായിരുന്നു. കേരളത്തിലേക്കും ഇതിനുള്ള നേതാക്കളെ രാഹുൽ മുന്നിൽ കണ്ടു. അതിൽ പ്രധാന പേരുകാരനായിരുന്നു ബൽറാം. ഇത് മനസ്സിലാക്കിയാണ് ഹസനും ഉമ്മൻ ചാണ്ടിയും ബൽറാമിനെ എതിർക്കുന്നതെന്ന് സൂചനയുണ്ട്. ബൽറാമിനെതിരെ പരസ്യമായ നിലപാട് എടുക്കുന്നതിനെ യൂത്ത് കോൺഗ്രസ് എതിർക്കുന്നതും ഈ സാഹചര്യത്തിലാണ്. എന്നാൽ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി മുന്നേറുന്നത് ബൽറാമിന് തിരിച്ചടിയാണ്.

നേരത്തെ പ്രധാനമന്ത്രി മോദിക്കെതിരെ പരാമർശം നടത്തിയ മണിശങ്കർ അയ്യരെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സമാന രീതിയിൽ ബൽറാമിനെതിരെ നടപടി വേണമെന്നാണ് മുതിർന്ന നേതാക്കളുടെ ആവശ്യം. ഇതിലൂടെ കെപിസിസി അധ്യക്ഷനായി എത്താനുള്ള ബൽറാമിന്റെ സാധ്യതകളെ മുളയിലേ നുള്ളുകയാണ് മുതിർന്ന നേതാക്കളും ഗ്രൂപ്പ് മാനേജർമാരും. എല്ലാവരും ആദരിക്കുന്ന നേതാവാണ് എകെജി. അദ്ദേഹത്തിനെതിരെ അത്തരമൊരു പരാമർശനം നടത്തിയത് തെറ്റായിപ്പോയി. ഇക്കാര്യം ബൽറാമിനോട് നേരിട്ടു സംസാരിച്ചു. വ്യക്തിപരമായ ഒരു പരാമർശത്തെ വളച്ചൊടിച്ചതാണെന്ന് ബൽറാം വിശദീകരിച്ചെന്നും ഹസൻ പറഞ്ഞു കഴിഞ്ഞു. ഇതോടെ ഈ വിഷയത്തിൽ എന്തു പറഞ്ഞാലും ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് ബൽറാം എത്തി.

വ്യക്തിപരമായിപ്പോലും അങ്ങനെ പറയുന്നത് ശരിയല്ലെന്നും ഹസ്സൻ വ്യക്തമാക്കി. എകെജിക്കെതിരായ പരാമർശം വിവാദമായതോടെയാണ് ബൽറാമിനെ തള്ളിപ്പറഞ്ഞ് പാർട്ടി തന്നെ രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്റ് പറഞ്ഞത് കോൺഗ്രസിന്റെ പൊതു അഭിപ്രായമാണെന്ന് ഉമ്മൻ ചാണ്ടിയും വിശദമാക്കി. അതേസമയം, എകെജി വിരുദ്ധ പരാമർശത്തിൽ ബൽറാം ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് ബൽറാമിനെ പിന്തുണയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ കരുതലോടെ മാത്രമേ പ്രതികരിച്ചിട്ടൂള്ളൂ. ബൽറാമിന്റെ മോശം പരാമർശത്തെ എതിർത്തു. എന്നാൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ബൽറാമിനെ പരിഹസിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് വേണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശമെന്ന് ചെന്നിത്തല പറയുന്നു. ഗാന്ധി കുടുംബത്തെ വരെ സിപിഎം അടച്ചാക്ഷേപിച്ചിട്ടുണ്ടെന്നും ചെന്നിത്തല വിശദീകരിക്കുന്നു. അങ്ങനെ ബൽറാമിനെ തീർത്തും തള്ളിപ്പറയാതെയാണ് ചെന്നിത്തലയുടെ നിലപാട് വിശദീകരണം.

ബലറാമിന്റെ ഓഫീസിലേക്ക് ഡിവൈഎഫ് ഐ അക്രമം കാട്ടിയിരുന്നു. ഇതിനെതിരെ പോലും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല. ബൽറാമിന്റെ ഒറ്റയാൾ പോക്കിനെ തള്ളിക്കളയാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. അതിനിടെ എകെജി പരമാർശത്തിൽ മാപ്പു പറയാൻ ബൽറാം തയ്യാറാകില്ലെന്നാണ് സൂചന. ഇതിനുള്ള സമ്മർദ്ദമാണ് യുവ നേതാവിൽ ചെലുത്തുന്നത്. ഇതിലൂടെ തൃത്താല എംഎൽഎയ്ക്ക് പ്രതിച്ഛായ നഷ്ടം ഉണ്ടാകുമെന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.

ഇതിന് തയ്യാറായില്ലെങ്കിൽ ബൽറാമിനെതിരെ നടപടിയെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം. എന്നാൽ കടുത്ത നടപടികളോട് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യവുമില്ല. ഏതായാലും ബലറാമിന് വലിയ പിഴവുണ്ടായെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനെ ധരിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP