Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെപിസിസി പ്രസിഡന്റിനെ ആദരിച്ച് വിവാദത്തിലായി; കർമ്മ മണ്ഡലത്തിൽ ജനകീയനായതോടെ വിവാദങ്ങൾ അകന്ന് പാവങ്ങളുടെ പ്രിയതോഴനായി; മികച്ച മനുഷ്യാവകാശ പ്രവർത്തൻ എന്ന നിലയിലും തിളിങ്ങി ജീവിതത്തിൽ നിന്ന് വിടവാങ്ങിയ മുൻ ജില്ലാ കളക്ടർ ബി.മോഹനന് നാടിന്റെ അന്ത്യാഞ്ജലി

കെപിസിസി പ്രസിഡന്റിനെ ആദരിച്ച് വിവാദത്തിലായി; കർമ്മ മണ്ഡലത്തിൽ ജനകീയനായതോടെ വിവാദങ്ങൾ അകന്ന് പാവങ്ങളുടെ പ്രിയതോഴനായി; മികച്ച മനുഷ്യാവകാശ പ്രവർത്തൻ എന്ന നിലയിലും തിളിങ്ങി ജീവിതത്തിൽ നിന്ന് വിടവാങ്ങിയ മുൻ ജില്ലാ കളക്ടർ ബി.മോഹനന് നാടിന്റെ അന്ത്യാഞ്ജലി

ആർ.പീയൂഷ്

കൊല്ലം: വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നിട്ടും നാടിന്റെ നന്മകൾക്ക് മുൻതൂക്കം നൽകിയ മികച്ച ജനസേവകനായിരുന്നു ഇന്നലെ കരുനാഗപ്പള്ളിയിൽ അന്തരിച്ച മുൻ ജില്ലാ കളക്ടർ ബി.മോഹനൻ (62). ജനകീയ കളക്ടർ, നിയമജ്ഞൻ, അദ്ധ്യാപകൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ തന്റേതായ കൈയൊപ്പു പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

പഠന കാലത്ത് എസ്.എഫ്.ഐ പ്രവർത്തകനായിരുന്നെങ്കിലും പിന്നീട് കോൺഗ്രസ്സിലേക്ക് മാറി. കളക്ടർ ചുമതലയുള്ളപ്പോൾ പോലും തന്റെ കോൺഗ്രസ്സ് രാഷ്ട്രീയത്തോടുള്ള അനുഭാവം പരസ്യമായി പ്രകടിപ്പിച്ചതോടെ ഇടതുപക്ഷത്തിന് അനഭിമതനായി എന്ന് പ്രചാരണം ഉണ്ടായെങ്കിലും ജനകീയനായ ജില്ലാ അധികാരിയെന്ന സൽപ്പേര് പ്രവൃത്തികൊണ്ട് നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കൊല്ലം ഡിസിസി ഓഫീസിലെത്തിയ കെപിസിസി പ്രസിഡന്റ് വി എം.സുധീരനെ മിനിട്ടുകൾക്കുള്ളിൽ ഔദ്യോഗിക വാഹനത്തിൽ എത്തി ജില്ലാ ഭരണാധികാരിയായ കളക്ടർ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. 2014 ഫെബ്രുവരി 12നായിരുന്നു ഇത്.

രാത്രിയോടെ ഔദ്യോഗിക വാഹനത്തിൽ എത്തിയ ജില്ലാ കളക്ടർ മോഹനൻ കോൺഗ്രസിന്റെ ജില്ലാ ഓഫീസിനുള്ളിലെത്തി അവിടെ ചർച്ചയിൽ ഇരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ഹസ്തദാനം ചെയ്യുകയും അവിടെയുണ്ടായിരുന്ന പ്രവർത്തകനിൽ നിന്നും ഷാൾ വാങ്ങി സുധീരനെ അണിയിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ ഈ നടപടി അന്ന് ഏറെ വിവാദത്തിന് തിരി കൊളുത്തി, എന്നാൽ ഇതിനെപ്പറ്റി യാതൊരു പതർച്ചയുമില്ലാത്ത ഭാഷയിലായിരുന്നു മോഹനന്റെ പ്രതികരണം. താൻ എല്ലാ രാഷ്ട്രീയനേതാക്കളെയും ബഹുമാനത്തോടെയാണ് കാണുന്നതെന്നും വി എം.സുധീരനെ വ്യക്തിപരമായി നന്നായറിയാവുന്നതിനാൽ ആദരിച്ചെന്നേയുള്ളൂവെന്നും ഇതിൽ യാതൊരു തെറ്റും കാണുന്നില്ലെന്നും മോഹനൻ പറഞ്ഞതോടെ വിവാദങ്ങൾ ഒഴിഞ്ഞു.

എന്നിരുന്നാലും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ വേണ്ട രീതിയിലുള്ള നടപടികൾ കൈക്കൊണ്ട് ഏറെ ജനസമ്മതനായി മാറി അദ്ദേഹം. അതിലൂടെ വിവാദങ്ങൾ അകന്നുനിൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഓച്ചിറ ചങ്ങൻകുളങ്ങര ആർ.സിപിഎം.ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവരുകയായിരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കളക്ടർ, റവന്യൂ കമ്മിഷണർ, രജിസ്ട്രേഷൻ ഐ.ജി., എറണാകുളം മഹാരാജാസ് കോളേജ് ലക്ചറർ, കോഴിക്കോട് ലാ കോളേജിലെ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ധ്യാപകനായിരിക്കെ ഡെപ്യൂട്ടി കളക്ടറായി നേരിട്ട് നിയമനം ലഭിക്കുകയായിരുന്നു.

മനുഷ്യാവകാശ ഫോറം സംസ്ഥാന രക്ഷാധികാരിയാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എസ്.എഫ്.ഐ.യുടെ ആദ്യത്തെ ചെയർമാനായിരുന്നു. നല്ലൊരു വാഗ്മിയും പ്രഭാഷകനുമായിരുന്ന മോഹനൻ റിട്ടയർമെന്റിനുശേഷം പൊതുരംഗത്ത് സജീവമായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോയ മോഹനൻ ഈ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. തികഞ്ഞ പ്രകൃതിസ്നേഹിയായ മോഹനൻ പരിസ്ഥിതിസംരക്ഷണ പരിപാടികളിൽ ഏറെ തത്പരനായിരുന്നു. ചടങ്ങുകളിൽ ഭക്തിനിർഭരമായ ശ്ലോകങ്ങൾ ആലപിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

കേരള കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറിയും മനുഷ്യാവകാശ സാമൂഹിക നീതി ഫോറം സംസ്ഥാന രക്ഷാധികാരിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. പുതിയകാവിൽ ഐഎഎസ് അക്കാദമി സ്ഥാപിച്ചു വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നുണ്ടായിരുന്നു. ജനകീയനായ അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ ഓച്ചിറയിലെ സ്വകാര്യ അശുത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം ഇന്നു 3.30ന് മരുതൂർകുളങ്ങര വടക്ക് കൈലാസം വീട്ടിൽ നടക്കും
ഭാര്യ: ഗീത ജി.മോഹൻ (ആർക്കിറ്റെക്ട്). മകൾ: പാർവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP