Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാബാലൻ മാധവിക്കുട്ടിയായിരുന്നെങ്കിൽ സിനിമയിൽ ലൈംഗികത കടന്നുകൂടിയേനെ; മഞ്ജു എത്തിയതോടെ സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ പറ്റി; ആമിയിൽ നിന്നും വിദ്യ പിന്മാറിയത് ദൈവാനുഗ്രഹം കൊണ്ട്: ദേശീ അവാർഡ് നേടിയ നടിയെ അധിക്ഷേപിച്ച സംവിധായകൻ കമലിനെതിരെ സൈബർ പ്രതിഷേധം

വിദ്യാബാലൻ മാധവിക്കുട്ടിയായിരുന്നെങ്കിൽ സിനിമയിൽ ലൈംഗികത കടന്നുകൂടിയേനെ; മഞ്ജു എത്തിയതോടെ സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ പറ്റി; ആമിയിൽ നിന്നും വിദ്യ പിന്മാറിയത് ദൈവാനുഗ്രഹം കൊണ്ട്: ദേശീ അവാർഡ് നേടിയ നടിയെ അധിക്ഷേപിച്ച സംവിധായകൻ കമലിനെതിരെ സൈബർ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ പുരസ്‌ക്കാരം നേടിയ നടി വിദ്യ ബാലനെ അവഹേളിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായി കമൽ. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയെന്ന ചിത്രത്തിൽ നിന്നും വിദ്യാ ബാലൻ പിന്മാറിയ കാര്യം പരാമർശിക്കവേയാണ് കമൽ വിദ്യാ ബാലനെ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയത്. വിദ്യാ ബാലൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ സിനിമയിൽ ലൈംഗികത കടന്നുവരാൻ സാധ്യതുണ്ടായിരുന്നുവെന്ന് മകൽ പറഞ്ഞു. കമലിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ അടക്കം വിവാദമായിട്ടുണ്ട്.

'വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കിൽ അതിൽ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാൻ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാർട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോൾ സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവർ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാൻ വിദ്യാ ബാലനെക്കാൾ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്'- ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.

മെയ്ക്ക് ഓവർ ശരിയാകുമോ എന്ന ആശയക്കുഴപ്പം ഉള്ളതുകൊണ്ടാണ് മഞ്ജുവിനെ ആദ്യമേ കാസ്റ്റ് ചെയ്യാതിരുന്നതെന്നും പക്ഷെ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞെന്നും കമൽ വ്യക്തമാക്കുന്നുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷം ആമി എന്ന ചിത്രം പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംവിധായകൻ കമൽ. ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കമൽ പറഞ്ഞു. സിനിമയിൽ നിന്നും വിദ്യാ ബാലൻ പിന്മാറിയത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും കമൽ പറഞ്ഞു. ഞാൻ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ സന്തോഷവും സമാധാനവും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യ പിന്മാറിയതിൽ നഷ്ടബോധമില്ലെന്നും കമൽ പറഞ്ഞു.

ഈ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇപ്പോഴല്ലെങ്കിൽ പിന്നീട് ആ സിനിമ ചെയ്യാനോ ചെയ്തിട്ടോ കാര്യമില്ല. ഇനി റിലീസാകുന്ന സമയത്ത് വിവാദങ്ങൾക്ക് സാധ്യതയുണ്ട്. വർഗീയ ഫാസിസ്റ്റികൾക്ക് മാധവിക്കുട്ടിയുടെ അവസാന കാലഘട്ടങ്ങൾ, പ്രത്യേകിച്ച് കമല സുരയ്യയിലേക്കുള്ള മാറ്റം അംഗീകരിക്കാൻ പറ്റില്ല. അതാണ് ഈ വിവാദങ്ങളുടെ ഒക്കെ പ്രധാന കാരണം എന്ന് തോന്നുന്നു. പക്ഷെ മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോൾ ഇതൊന്നും മാറ്റി നിർത്താനാവില്ലെന്നും കമൽ പറയുന്നു.

അതേസമയം വിദ്യാ ബാലനെ വെറും ലൈംഗിക ശരീരമായി കണ്ടു കൊണ്ടാണ് കമൽ അഭിപ്രായം പറഞ്ഞതെന്ന ആരോപണം ഇതിനോടകം സജീവമായിട്ടുണ്ട്. കമലിന്റെ വൃത്തികെട്ട മനസിന്റെ പ്രതിഫലനമാണ് വിദ്യയെ അവഹേളിച്ചു സംസാരിച്ചതിലൂടെ പുറത്തുവന്നതെന്നും ചിലർ ആരോപിച്ചു. എ കെ ജിയെ കുറിച്ചുള്ള അഭിപ്രായത്തിന്റെ പേരിൽ വി ടി ബൽറാമിനെ തെറി വിളിക്കുന്ന സൈബർ സഖാക്കൾ സർക്കാർ പദവിയിൽ ഇരിക്കുന്ന സംവിധായകന്റെ അഭിപ്രായം കേട്ടല്ലോ എന്ന വിമർശനമാണ് മറ്റു ചിലർ ഉന്നയിക്കുന്നത്. അതിനിടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നടപടിയാണ് കമലിൽ നിന്നും ഉണ്ടാകുന്നതെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP