Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരമോന്നത നീതിപീഠത്തിലെ കലാപക്കൊടി താഴ്‌ത്താനുള്ള അനുരഞ്ജന ഫോർമുല കണ്ടെത്താൻ തീവ്രയത്‌നം; ഫുൾ കോർട്ട് ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലുജഡ്ജിമാരെയും അനുനയിപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധികൾ; പ്രശ്‌നങ്ങൾ ഉടൻ തീരുമെന്ന് അറ്റോർണി ജനറൽ; പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

പരമോന്നത നീതിപീഠത്തിലെ കലാപക്കൊടി താഴ്‌ത്താനുള്ള അനുരഞ്ജന ഫോർമുല കണ്ടെത്താൻ തീവ്രയത്‌നം; ഫുൾ കോർട്ട് ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലുജഡ്ജിമാരെയും അനുനയിപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധികൾ; പ്രശ്‌നങ്ങൾ ഉടൻ തീരുമെന്ന് അറ്റോർണി ജനറൽ; പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിലുണ്ടായ അപൂർവ പ്രതിസന്ധി പരിഹരിക്കാൻ തലസ്ഥാനത്ത് തീവ്രശ്രമം തുടരുകയാണ്.നാല് സഹജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ കലാപത്തിന് മുതിർന്നതോടെയുണ്ടായ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്നാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞത്.

പ്രശ്‌നങ്ങൾ നീതിന്യായ വ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന് താൽപര്യം.ഫുൾകോർട്ട് ചേർന്ന് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി നിഷേധിച്ചു. നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റീസിന്റെ വീട്ടിൽ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടർന്ന് മടങ്ങി.

.അതിനിടെ, സുപ്രീം കോടതി ബാർ അസോസിയേഷൻ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.ഇന്നലെ അറ്റോർണി ജനറൽ വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം നടന്നിരുന്നു. വിഷയത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് സുപ്രീം കോടതി അഭിഭാഷകരുടെ യോഗം ഇന്ന് ഉച്ചയ്ക്കു ശേഷം ചേരുന്നുണ്ട്. ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പെടെയുള്ളവർ ഇന്നലെ നടത്തിയത് അസാധാരണ നടപടിയാണെന്ന് അഭിഭാഷകർക്കിടയിലും അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ യോഗം ചേരുന്നത്. യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

വിരമിച്ച ജഡ്ജിമാരും അഭിഭാഷകരും മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും അടക്കമുള്ളവർ ചീഫ് ജസ്റ്റിസിന് എതിരായ നാലു ജഡ്ജിമാരുടെ നീക്കത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. നാലു ജഡ്ജിമാരെയും ഇംപീച്ച് ചെയ്യാനുള്ള നടപടി പാർലമെന്റിൽ കൈക്കൊള്ളണമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ആർ.എസ് സോധി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലും സുപ്രീം കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സുപ്രീം കോടതിയിലുണ്ടായ പ്രത്യേക സാഹചര്യം കോടതിക്കുള്ളിൽതന്നെ പരിഹരിക്കണമെന്ന് ഒരു വിഭാഗം ജഡ്ജിമാർ അഭിപ്രായപ്പെടുന്നുണ്ട്. ഫുൾ കോർട്ട് വിളിച്ച് പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ദീപക് മിശ്ര ക്രമവിരുദ്ധമായി ഇടപെടൽ നടത്തുകയും പ്രധാനപ്പെട്ട കേസുകൾ പലതും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിലേയ്ക്ക് കൈമാറിയെന്നാണ് ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണം. ആധാർ കേസ് അടക്കമുള്ള കേസുകൾ പ്രത്യേകമായി രൂപീകരിച്ച ബെഞ്ചുകൾക്ക് കൈമാറുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി ചേർന്നതിന് പിന്നാലെ ജസ്റ്റീസുമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ എന്നിവർ കോടതി ബഹിഷ്‌കരിച്ച് വാർത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിലപാടുകൾ പരസ്യമായി എതിർത്തായിരുന്നു ജഡ്ജിമാരുടെ വാർത്താസമ്മേളനം. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടിക്കാഴ്ച നടത്താനാണ് നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റീസിന്റെ വീട്ടിലെത്തിയത്.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ടും പ്രധാനമന്ത്രി തേടി. റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.ഇപ്പോഴുണ്ടായിട്ടുള്ളതു നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്‌നമാണെന്നാണു സർക്കാർ നിലപാട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണു പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലെത്താൻ കാരണമായത് എന്നതിനാൽ കേന്ദ്ര സർക്കാർ കരുതലോടെയാണ് ഇടപെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP