Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം ഹാഷ് ടാഗ് കാമ്പയിൻ സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേക്ക്; ട്രോൾ മലയാളവും ഔട്ട്സ്പോക്കണും ഐസിയുവും അടക്കമുള്ള എല്ലാ ട്രോൾ ഗ്രൂപ്പുകളിലെയും ട്രോളന്മാരും നാളെ സെക്രട്ടറിയേറ്റ് പടിക്കലെത്തും; ശ്രീജിത്തിന് നീതി തേടിള്ള പ്രതിഷേധത്തിൽ പങ്കാളികളാകാൻ 'മില്ല്യൺ മാസ്‌ക് മാർച്ചു'മായി മല്ലു സൈബർ സോൾജിയേഴ്സും; സോഷ്യൽ മീഡിയ വെറും കീബോർഡ് വിപ്ലവം മാത്രമല്ല എന്ന് തെളിയിക്കാൻ ഒരുങ്ങി യുവാക്കൾ

പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം ഹാഷ് ടാഗ് കാമ്പയിൻ സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേക്ക്; ട്രോൾ മലയാളവും ഔട്ട്സ്പോക്കണും ഐസിയുവും അടക്കമുള്ള എല്ലാ ട്രോൾ ഗ്രൂപ്പുകളിലെയും ട്രോളന്മാരും നാളെ സെക്രട്ടറിയേറ്റ് പടിക്കലെത്തും; ശ്രീജിത്തിന് നീതി തേടിള്ള പ്രതിഷേധത്തിൽ പങ്കാളികളാകാൻ 'മില്ല്യൺ മാസ്‌ക് മാർച്ചു'മായി മല്ലു സൈബർ സോൾജിയേഴ്സും; സോഷ്യൽ മീഡിയ വെറും കീബോർഡ് വിപ്ലവം മാത്രമല്ല എന്ന് തെളിയിക്കാൻ ഒരുങ്ങി യുവാക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങളും പാറികളിക്കുന്ന പാർട്ടികൊടികളുമായി നടന്നുനീങ്ങുന്നവരുടെ സമരമുറകൾക്ക് തലസ്ഥാന നഗരത്തോളം തന്നെ പ്രായം വരും. ഏതൊരു വിഷയത്തിലും പ്രതിഷേധിക്കാൻ വേണ്ടി കൊടിപിടിച്ച് തെരുവിൽ ഇറങ്ങുക എന്നതാണ് സമരാവേശം തുളുമ്പി നിൽക്കുന്ന കേരളീയ സമൂഹത്തിന്റെ പൊതുപരിപാടി. ആൾക്കൂട്ടത്തെ സംഘടിപ്പിക്കുക എന്നത് എളുപ്പമുള്ള പണിയായിരുന്നില്ല. എന്നാൽ, സാങ്കേതിക വിദ്യായുടെ വളർച്ചയോടെ മലയാളികളുടെ പ്രതികരണ വേദിയും മാറി.

സോഷ്യൽ മീഡിയയിലൂടെ എന്തിനുമെതിരെ പ്രതികരിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറി. സൈബർ ലോകത്തിന്റെ ഇടപെടൽ പല വിഷയങ്ങളിലും ഫലം കണ്ടു തുടങ്ങി. നടിയെ ആക്രമിച്ച കേസിൽ പോലും നിർണായ ഇടപെടൽ നടത്താൻ സാധിച്ചത് സൈബർ ലോകത്തിന്റെ ഇടപെടലോടെയാണ്. ഇപ്പോഴിതാ സൈബർ ലോകം രണ്ട് വർഷം പിന്നിട്ട ഒരു നീതി നിഷേധത്തിനെതിരെ സൈബർ ലോകം തെരുവിലേക്ക് ഇറങ്ങുകയാണ്.

അനുജന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി ശ്രീജിത്ത് എന്ന യുവാവിന്റെ 765 ദിവസം പിന്നിട്ട അസാധാരണ സമരത്തിന് പിന്തുണയുമായാണ് സൈബർ ലോകത്തെ പതിവും മുഖങ്ങളായ യുവതീയുവാക്കൾ ഒരുമിക്കുന്നത്. സൈബർ ലോകത്തെ പ്രതിഷേധക്കൂട്ടം എന്ന് ചിലരെങ്കിലും അധിക്ഷേപിക്കുന്നിടത്തു നിന്നാണ് മുഷ്ടിചുരുട്ടി സൈബർ ലോകത്തെ യുവതീ യുവാക്കൾ നാളെ തെരുവിലിറങ്ങുന്നത്. നിഷേധിക്കപ്പെട്ട നീതി ലഭിക്കാൻ പ്രമുഖനല്ലാത്ത ഒരു സാധാരണക്കാരന് വേണ്ടിയാണ് സൈബർ ലോകം ഒറ്റക്കെട്ടായി തെരുവിലിറങ്ങുന്നത്.

24 മണിക്കൂറും മൊബൈലും ലാപ്പ്ടോപ്പും നോക്കിയിരിക്കുന്ന നിങ്ങളൊക്കെ നാട്ടിൽ എന്തുമാറ്റം കൊണ്ട് വരാനാണെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയായിരിക്കും നാളെ സെക്രട്ടേറിയറ്റിന് മുന്നിലെ ആൾക്കൂട്ടം നൽകുക. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും സജീവമായ കൂട്ടായ്മകൾ അതിശക്തമായ പ്രചരണമാണ് ശ്രീജിത്തിന് വേണ്ടി നടത്തുന്നത്. ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ് ടാഗ് മലയാളം സൈബർ ഇടങ്ങളെ കീഴടക്കി കഴിഞ്ഞു. ഓൺലൈൻ പെറ്റീഷൻ അടക്കം തുടങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകൾ തുടങ്ങിയ പ്രചരണം തെരുവിലേക്ക് ഇറങ്ങി ശക്തിപ്പെടുത്താൻ നാളെ തെരുവിലിറങ്ങാനുള്ള ആഹ്വാനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ശ്രീജിത്തിന്റെ സമരം തുടങ്ങിയിട്ട് ഇത്രയും കാലമായിട്ടും ഒരു രാഷ്ട്രീയ പാർട്ടിയും വേണ്ടപോലെ വിഷയത്തിൽ ഇടപെട്ടില്ലെന്നും അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലാതെ സമരം നടത്തുമെന്നാണ് സാമൂഹ്യ മാധ്യമ കൂട്ടായ്മകളായ ട്രോൾ മലയാളവും ഔട്ട്‌സ്‌പോക്കണും ഐസിയുവും അടക്കമുള്ള എല്ലാ ട്രോൾ ഗ്രൂപ്പുകളിലെയും ട്രോളന്മാരും നാളെ സെക്രട്ടറിയേറ്റ് പടിക്കലെത്തും. മില്ല്യൺ മാസ്‌ക് മാർച്ചുമായി മല്ലു സൈബർ സോൾജിയേഴ്സും നാളെ പരിപാടികളിൽ പങ്കെടുക്കും.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആളുകൾ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് സംഘാടകർ മറുനാടൻ മലയാളിയോട് പറഞ്ഞു. ശ്രീജിത്തിന്റെ സമരം 50 ദിവസം പിന്നിട്ടപ്പോൾ മുതൽ ഈ വിഷയം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയും തുടർ വാർത്തകൾ നൽകുകയും ചെയ്തിരുന്നു. മഴയും വെയിലുമൊന്നും വകവയ്ക്കാതെയുള്ള ശ്രീജിത്തിന്റെ സമരത്തിന് ആദ്യം മുതൽ പിന്തുണ നൽകിയത് മറുനാടൻ മലയാളിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യ നില മോശമായതോടെയാണ് ശ്രീജിത്തിനെ സോഷ്യൽ മീഡിയ വീണ്ടും രംഗതെത്തിയത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന ഹാഷ് ടാഗിൽ തുടങ്ങിയ പ്രതിഷേധമാണ് തെരുവിലേക്ക് എത്തുന്നത്. ഇന്നലെ മുതൽ ശ്രീജിതത്തിനെ സെക്രട്ടറിയേറ്റ് പടിക്കലെത്തി നേരിട്ട് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തികൊണ്ടിരുന്നു. സംഭവം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കൾ ശ്രീജിത്തിനെ നേരിൽ കണ്ട് പിന്തുണയറിയിച്ചു. ഇന്ന് രാവിലെ മുതൽ തന്നെ നിരവധി യുവാക്കളാണ് ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്നെഴുതിയ പ്ലക്കാർഡുകളുമായി ശ്രീജിത്തിനടുത്ത് വന്നത്.

ഒരു രാഷ്ട്രീയ പാർട്ടിയുടേയും ലേബലില്ലാതെ ആ യുവാവിനെ സഹായിക്കാൻ മനസ്സുള്ളവർ ഞായറാഴ്ച സെക്രട്ടേറിയറ്റ് പടിക്കലേക്ക് വരിക. നമുക്ക് ഒരുമിച്ച കൂടാം എന്നാണ് പ്രചരിച്ച സന്ദേശം. വിവിധ ട്രോൾ ഗ്രൂപ്പുകളും ഹാക്കർഗ്രൂപ്പുകളും നാളെ സെക്രട്ടറിയേറ്റ് പടിക്കലെത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഫേസ്‌ബുക്കിൽ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന ഫ്രെയ്മിൽ നിരവധിയാളുകൾ തങ്ങളുടെ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റി ഐകദ്യാർഡ്യം പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരത്ത് എത്താൻ ആഹ്വാനം ചെയ്യുന്ന ഗ്രാഫിക് കാർഡുകളും വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പാറിനടക്കുന്നുണ്ട്. കണ്ണുകളില്ലാത്ത അധികാരി വർഗങ്ങളേ നീതി തേടി ഞങ്ങൾ വരുന്നുവെന്നുൾപ്പടെയുള്ള ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്.

ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന പേരിൽ നിരവധി ഫേസ്‌ബുക്ക് പേജുകളും രൂപം കൊണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയ വെറും സൈബർ കീബോർഡ് വിപ്ലവം മാത്രമല്ല എന്ന് തെളിയിച്ചു കൊടുക്കാൻ.... അണിചേരാം.... ഒരുമിച്ചു ചേരാം എന്നാണ് ഫേസ്‌ബുക്ക് പേജുകളുടെ ആഹ്വാനം. പത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പരമാവധി ആളുകളെ തെരുവിലിറക്കാനും തീരുമാനവുമായി രംഗത്തുണ്ട്.

നേരത്തെ സൈബർ ലോകത്തിന്റെ ആഹ്വാനം അനുസരിച്ച് ചുംബന സമരത്തിനായി കൊച്ചി മറൈൻ ഡ്രൈവിലും മറ്റു ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്നു. എന്നാൽ, പിൽക്കാലത്ത് ഈ സമരത്തെ ചൊല്ലി വിവാദങ്ങളുടെ കുത്തൊഴുക്കു തന്നെയുണ്ടായി. എന്നാൽ, ഒരു സാധാരണക്കാരന് നീതി തേടിയുള്ള സമരമെന്ന നിലയിൽ നാളെ ശ്രീജിത്തിന് പിന്തുണയുമായി നിരവധി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കസ്റ്റഡി മരണങ്ങൾക്കെതിരെ ജനകീയ സമരം എന്ന നിലയിൽ സൈബർ ലോകം ഏറ്റെടുക്കുന്ന ഏറ്റവും വലിയ സമരമാകും നാളെ തലസ്ഥാനത്തുണ്ടാകുക എന്നതും ഉറപ്പാണ്.  തീർത്തും സമാധാന സമരമാകും ഇതെന്നാണ് സൈബർ ലോകം ഒരേ ശബ്ദത്തിൽ പറയുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP