Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു നോട്ടീസ് പോലും അടിക്കാതെ.. നയാപൈസ മുടക്കാതെ.. മൈക്കും ബഹളവും ഇല്ലാതെ ഒഴുകി എത്തിയത് പതിനായിരത്തോളം പേർ; ഇതു കേരള ചരിത്രത്തിൽ ആദ്യം; വിർച്വൽ ലോകത്ത് നിന്നും ചെറുപ്പക്കാർ തെരുവിലേയ്ക്ക് നീങ്ങുമ്പോൾ ഭരണകൂടങ്ങൾ പേടിക്കട്ടെ: ഒരു ഇടിമുഴക്കത്തിന്റെ കഥ

ഒരു നോട്ടീസ് പോലും അടിക്കാതെ.. നയാപൈസ മുടക്കാതെ.. മൈക്കും ബഹളവും ഇല്ലാതെ ഒഴുകി എത്തിയത് പതിനായിരത്തോളം പേർ; ഇതു കേരള ചരിത്രത്തിൽ ആദ്യം; വിർച്വൽ ലോകത്ത് നിന്നും ചെറുപ്പക്കാർ തെരുവിലേയ്ക്ക് നീങ്ങുമ്പോൾ ഭരണകൂടങ്ങൾ പേടിക്കട്ടെ: ഒരു ഇടിമുഴക്കത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഇടിവെട്ടി പെയ്യുന്ന മഴ പോലെ ആയിരുന്നു ആ നിമിഷങ്ങൾ. എങ്ങും മിന്നൽ പ്രഹരങ്ങൾ, പക്ഷേ ആരും ഒന്നിനെയും ഭയക്കാതെ മുമ്പോട്ട്. എങ്ങും ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന വിളികൾ മാത്രം. കടലിരമ്പം പോലെ ആയിരങ്ങൾ കൈകോർത്ത് മുമ്പോട്ട്. ആരും കലഹിക്കുന്നില്ല. ആർക്കും ആരോടും വിരോധമില്ല. എന്നാൽ എല്ലാവർക്കും ഒരു ആവശ്യമേയുള്ളൂ. ശ്രീജിത്തിന്റെ ജീവൻ കാക്കണം. അയാൾക്ക് നീതി നൽകണം.

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം തടിച്ചു കൂടിയവരെ എണ്ണിയെടുക്കാൻ കഴിയുമായിരുന്നില്ല. കൃത്യം പൊലീസ് പാളയം മുസ്ലിം പള്ളിക്കും കന്നിമര മാർക്കറ്റിനും സമീപം നിലയുറപ്പിച്ചെങ്കിലും അവർക്കാർക്കും ഒന്നിനെക്കുറിച്ചും ആശങ്ക ഉണ്ടായിരുന്നില്ല. കൃത്യം 11ന് ജാഥ പുറപ്പെട്ടപ്പോൾ ആണ് അവിടെ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം വ്യക്തമായത്. ഒന്നിനു പിന്നാലെ ഒന്നായി അണി ചേർന്നത് ആയിരങ്ങളാണ്.

സംഘാടകർ എന്നു വിളിക്കാൻ ആരും ഉണ്ടായിരുന്നില്ലാഞ്ഞിട്ടുകൂടി റോഡ് ബ്ലോക്ക് ചെയ്‌തോ ആർക്കെങ്കിലും തടസം ഉണ്ടാക്കിയോ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിക്കാൻ ബോധപൂർവ്വമായ ഒരു കരുതൽ എങ്ങും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും അടക്കം ജാഥയിൽ ചേർന്ന എല്ലാവരും സ്വയം അച്ചടക്കം പാലിച്ചുമുന്നേറി. സെക്രട്ടറിയേറ്റിനു മുമ്പിൽ നിന്നും പാളയം വഴിയുള്ള എംജി റോഡിലെ ഒരു വശം അപ്പോഴും തടസമില്ലാതെ നീങ്ങിയിരുന്നു.

എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചിരുന്നത് ജസ്റ്റിസ് ഫോർ ശ്രീജിത് എന്നു മാത്രമായിരുന്നു. എല്ലാവരുടെയും കൈയിലെ പ്ലക്കാർഡുകളിൽ ശ്രീജിത്തിന്റെയും ശ്രീജീവിന്റെയും ചിത്രങ്ങൾ മാത്രമായിരുന്നു. എല്ലാവരുടെയും തലയിൽ ചുറ്റിയിരുന്ന റിബണുകളിൽ മറ്റൊന്നും ഇല്ലായിരുന്നു. അന്തരീക്ഷത്തിൽ ഒഴുകിയെത്തിയ മുദ്രാവാക്യം വിളികളിൽ നീതി ലഭിക്കാനുള്ള ദാഹമായിരുന്നു കോപത്തേക്കാളും വിദ്വേഷത്തേക്കാലുമേറേ.

റാലിയുടെ ഒരു വശം സെക്രട്ടറിയേറ്റിനു മുമ്പിൽ ശ്രീജിത്തിന്റെ സമരപന്തലിൽ എത്തിയപ്പോഴും മറുവശം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റോഡിൽ ഇറങ്ങി പൂർത്തിയായി കഴിഞ്ഞിരുന്നില്ല. സമരപന്തലനു ശേഷം പെട്ടെന്നു ഒരു മനുഷ്യ സാഗരം തന്നെ രൂപപ്പെട്ടു. രമേശ് ചെന്നിത്തലയുടെ അനുഭവം മൂലം രാഷ്ട്രീയക്കാർ അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നപ്പോൾ താരമായത് സമരം കേട്ടറിഞ്ഞെത്തിയ ടോവിനോ തോമസ് ആയിരുന്നു. ടോവിനോയുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയും ആവേശവും ആയിരുന്നു.

സെക്രട്ടറിയേറ്റിന്റെ മുൻവശം അക്ഷരാർത്ഥത്തിൽ മനുഷ്യ സാഗരമായി. സിപിഎമ്മിന്റെ വിഖ്യാതമായ സെക്രട്ടറിയേറ്റ് വളയൽ അടക്കമുള്ള വമ്പൻ സമരങ്ങൾ കണ്ടു തഴമ്പിച്ച സെക്രട്ടറിയേറ്റിന് മുൻവശം ആദ്യമായായിരുന്നു ഇങ്ങനെ വ്യത്യസ്തമായി ഒരു സമരം കാണുന്നത്. സമരപന്തലിന് മുമ്പിൽ കുത്തിയിരുന്നു ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അതിൽ നിന്നും പിൻവലിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടായിരുന്നു. ഗതാഗത തടസം ഉണ്ടായപ്പോൾ പൊലീസ് കേസ് എടുക്കും എന്ന ഭയം അവർ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

കുറഞ്ഞത് പതിനായിരം പേരെങ്കിലും അവിടെയെത്തി എന്നു തീർച്ച. ഇതൊരു ചരിത്രപരമായ സംഭവം ആയെ കരുതാൻ പറ്റു. കേരള സാമൂഹ്യ ചരിത്രത്തിലെ അപൂർവമായ ഒരു അധ്യായമാണ് ഇന്നു നടന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ, അഞ്ചു നയാ പൈസ മുടക്കില്ലാതെ ജനങ്ങൾക്ക് നീതിക്കുവേണ്ടി ഒരുമിക്കാൻ സാധിക്കുമെന്ന പാഠം. ഇത്രയും വലിയൊരു പരിപാടി ഒരു രാഷ്ട്രീയ പാർട്ടി നടത്തണം എങ്കിൽ എത്ര കോടികൾ മുടക്കേണ്ടി വരുമായിരുന്നു എന്നോർക്കുക.

സോഷ്യൽ മീഡിയ വിർച്വൽ ലോകത്ത് നിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങുകയാണ്. എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്ന പേരും നാളും ഇല്ലാത്ത ഭീരുക്കൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇതു പേരും നാളും മുഖവും ഉള്ളവരുടെ കൂട്ടായ്മയാണ്. അവരെ ഒരുമിപ്പിക്കുന്നത് നീതിബോധം മാത്രമാണ്. അവർ വായടച്ചിരിക്കുന്ന മാധ്യമങ്ങളുടെ വായ തുറപ്പിക്കും. അവർ കതകടച്ചിരിക്കുന്ന നേതാക്കളുടെ കതക് തുറപ്പിക്കും. സർക്കാരിനെതിരെയുള്ള ജനവികാരമായി മാറാതിരിക്കാൻ നടപടികളുമായി ഒടുവിൽ നേതാക്കളും എത്തും.

മറക്കുവാനാവില്ല ഈ ദിവസത്തെ, കേരള രാഷ്ട്രീയത്തിലെ വലിയ വഴിത്തിരുവിന് കാരണം ആകുന്ന ദിവസമാണിത്. സോഷ്യൽ മീഡിയയുടെ കരുത്തിന് മുൻപിൽ ചൂളിപ്പോകാത്തവരായി ആരും ഉണ്ടാവില്ല. അതുകൊണ്ട് വാർത്ത മുക്കി വച്ച് ഇനി മാധ്യമങ്ങൾക്ക് മുമ്പോട്ട് പോകാൻ സാധിക്കില്ല. പ്രമുഖർക്ക് മാത്രം നീതി നൽകാനും സാധിക്കില്ല. അത്രയ്ക്കും ശക്തമാണ് ഈ ഇടപെടൽ നൽകുന്ന സന്ദേശം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP