Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെണ്ണായതുകൊണ്ട് മാത്രം അനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചു പറയുമ്പോൾ അത് 'പൊരിച്ചമീനിനോടുള്ള' ആർത്തിയായി മാത്രം മനസ്സിലാക്കുന്ന പുരുഷ പ്രജകളോട് ചില ചോദ്യങ്ങൾ

പെണ്ണായതുകൊണ്ട് മാത്രം അനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചു പറയുമ്പോൾ അത് 'പൊരിച്ചമീനിനോടുള്ള' ആർത്തിയായി മാത്രം മനസ്സിലാക്കുന്ന പുരുഷ പ്രജകളോട് ചില ചോദ്യങ്ങൾ

പെണ്ണായതുകൊണ്ട് മാത്രം അനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചു പറയുമ്പോൾ അത് 'പൊരിച്ചമീനിനോടുള്ള' ആർത്തിയായി വ്യാഖ്യാനിക്കുന്ന, എന്തേലും കുഴപ്പമുണ്ടെങ്കിൽ നിങ്ങൾ പെണ്ണുങ്ങൾ തന്നെയാണ് ഉത്തരവാദി എന്ന് ഒച്ചയിട്ടും കണ്ണുരുട്ടിയും ഇവിടം സമത്വസുന്ദരമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ആണായി ജനിച്ചതിന്റെ സകല ആനുകൂല്യങ്ങളും ആസ്വദിച്ചു കൊണ്ട് കണ്ണടച്ചിരുട്ടാക്കുന്നവരോട് ചില കാര്യങ്ങൾ.

ദാമ്പത്യജീവിതം അഞ്ചും ആറും പതിറ്റാണ്ട് പിന്നിട്ട, മക്കളും പേരക്കുട്ടികളും ഒക്കെയായ ഒരാളുടെ ഭാര്യ മരണപ്പെട്ടാൽ 'ചൂടാറുംമുമ്പ്' അയാളെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ നാം കാണിക്കുന്ന ഉത്സാഹം ഇങ്ങനെ ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ കാര്യത്തിൽ ഉണ്ടാവാറുണ്ടോ?. ശുശ്രൂഷിക്കാൻ/ വീട് നോക്കാൻ/ മക്കളെ നോക്കാൻ എന്നിങ്ങനെ പുരുഷനെ കൊണ്ട് പുനർവിവാഹം കഴിപ്പിക്കാൻ, അതും കഴിയുന്നത്ര ബാധ്യതയില്ലാത്ത ചെറുപ്പമായ ആരോഗ്യമുള്ള പെണ്ണിനെ കണ്ടെത്താൻ ഉത്സാഹിക്കുന്ന നാം, ചെറുപ്രായത്തിൽ തന്നെ വിധവയായി ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ കാര്യത്തിൽ ഈ ഉദാരത കാണിക്കാറുണ്ടോ?. ഇത്തിരി മുതിർന്ന മക്കൾ കൂടി ഉള്ള സ്ത്രീ ആണെങ്കിൽ അവളുടെ ശിഷ്ടജീവിതം മക്കൾക്ക് വേണ്ടി ഉഴിഞ്ഞുവെക്കണം എന്ന കാഴ്ചപ്പാടിന് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? ആരോഗ്യപ്രശ്‌നങ്ങളും ഏകാന്തതയുമൊന്നും സ്ത്രീയെ ബാധിക്കാത്ത കാര്യമാണ് എന്ന് നാമെങ്ങിനെയാണ് ഉറപ്പിച്ചത്?

വിവാഹിതനായ ഒരു പുരുഷന്റെ പരസ്ത്രീബന്ധങ്ങൾ പലപ്പോഴും ഒരു 'ഹീറോ' പരിവേഷത്തോടെ കാണുന്ന സമൂഹം ഒരുപാട് പുരുഷന്മാരുമായി ബന്ധമുള്ള സ്ത്രീയെ കാണുക ഏതു വിധത്തിലാണ്?. വിവാഹിതനായ ഒരു പുരുഷന്റെ അവിഹിതബന്ധം കയ്യോടെ പിടികൂടിയാലും നാട്ടിൽ പാട്ടായാലും അതിന്റെ പേരിൽ എത്ര ഭാര്യമാർ ദാമ്പത്യം അവസാനിപ്പിച്ചു പോവാറുണ്ട്. തെരുവോരത്തു കിടന്നുറങ്ങുന്ന പിച്ചക്കാർ മുതൽ അവിഹിത ബന്ധങ്ങളിൽ ആരോപിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്ത ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും വരെയുള്ളവരുടെ ഭാര്യമാരുടെ യോഗം മാധ്യമങ്ങൾക്ക് മുന്നിൽ പോലും ഭർത്താവിനെ കുടുക്കിയതാണ് എന്നു ന്യായീകരിക്കുകയല്ലേ. നേരെ മറിച്ച് ഇങ്ങനെ പിടിക്കപ്പെടുന്നത് ഒരു സ്ത്രീ ആണെങ്കിൽ ഇതായിരിക്കുമോ അവസ്ഥ. ഇനി ഭർത്താവ് ക്ഷമിക്കാനും പൊറുക്കാനും തയ്യാറായാലും 'ആണത്തമില്ലാത്ത' അയാളെ സമൂഹം വെറുതെ വിടുമോ?

ദാമ്പത്യ ജീവിതത്തിനിടയിൽ അപകടമോ രോഗമോ കാരണം ഭർത്താവ് കിടപ്പിലായിപ്പോയാൽ ആയുഷ്‌കാലം മുഴുവൻ ശുശ്രൂഷിച്ചും സ്‌നേഹിച്ചും കൂടെ നിൽക്കുന്നവരാണ് ഏറെ സ്ത്രീകളും. എത്ര ചെറിയ പ്രായത്തിൽ ആയാലും അവരിൽ ഭൂരിപക്ഷവും യാതൊരു മടിയും ഇല്ലാതെ അയാൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുന്നവരാണ്. എന്നാൽ ഭാര്യക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നുപെട്ടാൽ എത്ര പുരുഷന്മാർ ഇങ്ങനെ കൂടെ നിൽക്കും. അയാളോട് മറ്റൊരു വിവാഹം ചെയ്യാൻ ഉപദേശിക്കുന്ന എത്രപേർ ഈ അവസ്ഥയിൽ ഉള്ള ഒരു പുരുഷനെ വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് പോയി വേറെ വിവാഹം കഴിക്കണം എന്നു പറഞ്ഞാൽ അവളെ അനുകൂലിക്കും?.

ഓട്ടിസമോ, ബുദ്ധിമാന്ദ്യമോ, അംഗവൈകല്യമോ ഉള്ള കുഞ്ഞുങ്ങൾ ജനിച്ചാൽ പോലും അതൊക്കെ അമ്മയുടെ കുറ്റം കൊണ്ട് എന്നപോലെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്ന പുരുഷന്മാർ നമുക്ക് ചുറ്റും എത്രയോ ഉണ്ടെന്നിരിക്കെ, അവർക്ക് മറ്റൊരു വിവാഹം ചെയ്യാൻ വീട്ടുകാരും സമൂഹവും കൂടെ നിൽക്കെ, ഇങ്ങനെയുള്ള ഒരു കുഞ്ഞിനെ അമ്മ ഇട്ടേച്ചു പോയാൽ നാം അവരെ വെറുതേ വിടുമോ?

ഉറച്ച നിലപാടോടെ തന്റേടത്തോടെ പുരുഷ ലോകത്തിന് അപ്രിയമായ കാര്യങ്ങൾ വിളിച്ചു പറയുന്ന സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പോലും 'വേശ്യ'യെന്നും 'വെടി'യെന്നും 'പൊലയാടിച്ചി' എന്നുമൊക്കെ ഏറ്റവും മോശമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന നാം, യഥാർഥ ജീവിതത്തിൽ ഇത്തരം അനാശാസ്യ പ്രവർത്തനം നടത്തുന്ന പുരുഷനെ സൂചിപ്പിക്കാൻ എന്തുകൊണ്ടാണ് നമ്മുടെ ഭാഷകളിൽ ഒരു വാക്ക് പോലും ഇന്നുവരെ ഉണ്ടാകാതെ പോയത് എന്നു ചിന്തിച്ചിട്ടുണ്ടോ?

ജീവിതത്തിലെ സമസ്ത വിനിമയങ്ങളിലും ആണിനും പെണ്ണിനും ഇങ്ങനെ വെവ്വേറെ നീതിയാണ് എന്നത് പരമാർത്ഥമായിരിക്കേ, ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ന്യായീകരണങ്ങളുടെ ആവശ്യമെന്താണ്. സഹനവും ക്ഷമയും കാരുണ്യവും സ്‌നേഹവുമൊക്കെ പെണ്ണിന് മാത്രമേ പാടുള്ളൂ എന്ന് കാലങ്ങളായി സ്ഥാപിക്കാൻ ശ്രമിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ഭാഗമായ ഞാനടക്കം പെണ്ണ് ഇങ്ങനെയൊന്നും അല്ലാതായിപ്പോയാൽ ആണായതുകൊണ്ട് മാത്രം നാം അനുഭവിക്കുന്ന ഒരുപാട് പ്രിവിലേജുകൾ ഇല്ലാതായിപ്പോവുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്യും എന്ന ഭീതിയല്ലേ, ഒന്ന് എതിർത്തു മിണ്ടാൻ പോലും അനുവദിക്കാതെ ഒച്ചയിട്ടും പരിഹസിച്ചും അടക്കിക്കളയാൻ ശ്രമിക്കുന്നതിന്റെ അടിസ്ഥാനം. എത്രകാലം ഈ അനീതികൾ ഇങ്ങനെ മൂടിവെക്കാനാവും.

ജാതി വിവേചനവും അടിമത്തവും ഒക്കെ ഇല്ലാതായി എന്ന് നാം വലിയ വായിൽ വിളിച്ചു പറയുമ്പോഴും പെണ്ണായി ജനിച്ചുപോയതുകൊണ്ട് മാത്രം ഇത് രണ്ടും ഏറ്റവും ഭീകരമായി അനുഭവിക്കേണ്ടി വരുന്ന ജന്മങ്ങൾ നമ്മുടെ വീടകങ്ങളിൽ തന്നെയുണ്ട് എന്നതല്ലേ നിഷേധിക്കാനാവാത്ത സത്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP