Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരിക്കട്ടയായി വേണു; വജ്രമായി ഫഹദ് ഫാസിൽ! കൈ്‌ളമാക്‌സിൽ കലമുടച്ച് കാർബൺ; ഒരു അഡ്വവെഞ്ചർ ത്രില്ലർ അവസാനിക്കുന്നത് ചിന്താ പരീക്ഷണമായി; ബുജി ജാട നല്ല സിനിമയെ തകർക്കുന്നത് ഇങ്ങനെയാണ്!

കരിക്കട്ടയായി വേണു; വജ്രമായി ഫഹദ് ഫാസിൽ! കൈ്‌ളമാക്‌സിൽ കലമുടച്ച് കാർബൺ; ഒരു അഡ്വവെഞ്ചർ ത്രില്ലർ അവസാനിക്കുന്നത് ചിന്താ പരീക്ഷണമായി; ബുജി ജാട നല്ല സിനിമയെ തകർക്കുന്നത് ഇങ്ങനെയാണ്!

എം മാധവദാസ്

കലു മുഴുവൻ വെള്ളംകോരുക.എന്നിട്ട് വൈകീട്ട് കുടമെറിഞ്ഞ് ഉടക്കുക! പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണുവിന്റെ പുതിയ ചിത്രമായ 'കാർബൺ' ന്യൂജൻ ശൈലി എന്നൊക്കെ പറയുന്നപോലെ പുതിയൊന്ന് മലയാളത്തിന് നൽകുന്നുണ്ട്. അതാണ് നാറാണത്തുഭ്രാന്തൻ സ്റ്റെൽ!

ഈ ചിത്രത്തിന്റെ 90 ശതമാനം ഭാഗങ്ങളും ഒരു അഡ്വവെഞ്ചർ ത്രില്ലർ എന്ന രീതിയിൽ ഗംഭീരമായി എടുത്തിട്ടുണ്ട്. എന്നാൽ കൈ്‌ളമാക്‌സ് അടക്കമുള്ള അവസാനത്തെ ഏതാനും രംഗങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകന് മനസ്സിലാവണമെങ്കിൽ സംവിധായകൻ ഒപ്പം കസേരയിട്ട് ഇരുന്ന് വിശദീകരിക്കേണ്ടി വരും. ( പിന്നെ എങ്ങനെയും നിങ്ങൾക്ക് വ്യാഖാനിക്കാം, കേട്ടോ) ഫിക്ഷനേത്, ഫാന്റസിയേത്, റിയലിസമേത് എന്ന് മനസ്സിലാവാത്ത കൂട്ടക്കുഴപ്പത്തിൽ പ്രേക്ഷകനെ വിട്ടിട്ടാണ് കാർബൺ കടന്നുപോവുന്നത്.

ഇത് ഒരുതരം ജാടതന്നെയാണ്. മലയാള സിനിമയിൽനിന്ന് പ്രേക്ഷകനെ അകറ്റിയ, തീയേറ്ററുകളെ കല്യാണമണ്ഡപങ്ങളാക്കാൻ കൂട്ടുനിന്ന ഇത്തരം അരവട്ടുകൾ, 90കളോടെ കളംവിട്ടൊഴിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനെയാരു പടപ്പ്. ഒരു നല്ല സിനിമയെ ബുദ്ധിജീവി ഗിമ്മിക്കുകൾ എങ്ങനെ കൊല്ലുന്നു എന്നതിന്റെ ഉദാഹരണമായിട്ടായിരിക്കും ഭാവിയിൽ 'കാർബൺ' അറിയപ്പെടുക.

ഒരുപക്ഷേ അടൂർ ഗോപാലകൃഷ്ണൻ മോഡലിൽ എക്‌സ്‌പോർട്ട് ക്വാളിറ്റി മാത്രമാണ് വേണു ലക്ഷ്യമിടുന്നതെന്നും സംശയമുണ്ട്. നമ്മുടെ പ്രേക്ഷകർക്ക് ചിന്തിച്ച് വട്ടായിപ്പോയാലെന്താ, വിദേശ ഫെസ്റ്റിവലുകൾ ഇല്ലേ എന്നുകരുതിയാണ് ഈ കൺഫ്യൂഷൻ ഡ്രാമയെങ്കിൽ, പ്രിയപ്പെട്ട വേണു നിങ്ങൾക്ക് തെറ്റിപ്പോയിരിക്കുന്നു. ഏറ്റവും വലിയ സാംസ്കാരിക നിരക്ഷരനോട് പോലും സംവദിക്കുന്ന രീതിയിൽ ചലച്ചിത്രഭാഷ സുതാര്യമായ കാലമാണിത്. അത്തരം സിനിമകളെയാണ് വിദേശ ഫെസ്റ്റിവലുകളും പ്രോൽസാഹിപ്പിക്കുന്നതും. അല്ലാതെ അരപ്പിരി ചിത്രങ്ങളല്ല.

പക്ഷേ ഒരുകാര്യം നിസ്സംശയം പറയാം. ചിത്രാന്ത്യത്തിലെ ഏതാനും രംഗങ്ങൾ മാറ്റിനിർത്തിയിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുമായിരുന്നു ഈ 'കാർബൺ'. അതിനുള്ള ഒന്നാന്തരം അവസരമാണ് ചിത്രത്തിന്റെ എഴുത്തുകാരൻകൂടിയായ വേണു കളഞ്ഞുകുളിച്ചത്.പുതുമയാർന്ന കഥ, ത്രില്ലിങ്ങായ ആഖ്യാനം, ഒന്നാന്തരം ക്യാമറാവർക്ക്, മികച്ച സംഗീതം,അഭിനേതാക്കളുടെ കിടിലൻ പ്രകടനം... ഈ ചലച്ചിത്രത്തെക്കുറിച്ച് നല്ലതുപറയാൻ ഒരുപാടുണ്ട്. എടുത്തുപറയേണ്ടത് ഫഹദ് ഫാസിലിന്റെ ഘടാഘടിയൻ പ്രകടനമാണ്.നിഷ്‌കളങ്കതയും, വഞ്ചനയും, ക്രൂരതയും, ദേഷ്യവും, അത്ഭുതവും, നിരാശയും, ഹാസ്യവും, ഭീരുത്വവും, നിഗൂഢതകളുമെല്ലാം ഒരു മുഖത്ത് എങ്ങനെ സ്വാഭാവികമായി പൊട്ടിവിടരുന്നത് ചലച്ചിത്ര വിദ്യാർത്ഥികൾ എഴുതിയെുടുത്ത് പഠിക്കേണ്ടതാണ്. പടം കണ്ടിറങ്ങുമ്പോൾ ഫഹദ് വജ്രവും, ഈ ജാടയൊക്കെ കുത്തിക്കയറ്റിയ വേണു ചാരവും ആയപോലൊയാണ് തോന്നുക.

എന്നിരുന്നാലും അവസാനത്തെ പത്തുമിനുട്ട് മറന്നു കഴിഞ്ഞാൽ നിർബന്ധമായും കാണാൻ ശിപാർശ ചെയ്യാവുന്ന ചിത്രമാണ് കാർബൺ. ഒരേ കഥകൾമാത്രം പറയാൻ കഴിയുന്ന ഒരേ അച്ചിൽ മാത്രം കറങ്ങുന്ന മലയാള സിനിമക്ക് തീർത്തും വ്യത്യസ്തമായ അനുഭവമാണ് ഈ പടം.

വജ്രമോ അതോ കരിക്കട്ടയോ?

എം ടിയുടെ തിരക്കഥയിൽ മഞ്ജുവാര്യരെ നായികയാക്കി എടുത്ത 'ദയ', മമ്മൂട്ടിയുടെ 'മുന്നറിയിപ്പ്' എന്നീ മികച്ച സിനിമാനുഭവങ്ങൾക്ക് ശേഷം വേണു എടുക്കുന്ന ചിത്രമായതിനാൽ ഈ പടത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു. ആഷസ് ആൻഡ് ഡയമണ്ട് എന്ന ടാഗ്ലൈൻ തന്നെ ചിത്രത്തിന്റെ കഥാഗതി വ്യക്തമാക്കുന്നുണ്ട്.കോടികൾ വിലമതിക്കുന്ന വജ്രവും,ഒരു വിലയുമില്ലാത്ത കരിയും ഒരുപോലെ കാർബണാണ്.നമ്മുടെ ഉള്ളിലുള്ള സാധനത്തെ എങ്ങനെ ഉപയോഗിക്കുന്നു,അല്‌ളെങ്കിൽ ഏത് ചേരുവകളിലൂടെ നാം കടന്നുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ജീവിത വിജയം എന്ന ലളിതമായ തത്വമാണ് വേണു അവതരിപ്പിക്കുന്നത്.

പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പംനീങ്ങുന്ന നല്ല തുടക്കമാണ് ചിത്രത്തിന്റെത്. എളുപ്പത്തിൽ കോടീശ്വരനാവാൻ കൊതിക്കുന്ന പാലാക്കാരനായ സിബി സെബാസ്റ്റ്യനോടൊപ്പമുള്ള യാത്രയാണിത്. മരതകകല്ല്, വെള്ളിമൂങ്ങ, ആനക്കച്ചവടം, തുടങ്ങിയ അൽപ്പം നിഗൂഡമായ ബിസിനസുകളിലാണ് അയാളുടെ ശ്രദ്ധ. ഇടക്ക് ഝാർഖണ്ഡിലെ ആദിവാസികൾക്കായി ചൈനയിൽനിന്ന് സൈക്കിൾ ഇറക്കുമതി ചെയ്ത് കോടികൾ ലാഭമുണ്ടാക്കുന്ന പദ്ധതിയും കൈയിലുണ്ട്. എത്ര പൊളിഞ്ഞാലും സിബി പഠിക്കുകയുമില്ല.അടുത്ത വിജയങ്ങളിലേക്കുള്ള മുതൽക്കൂട്ടായാണ് അയാൾ തോൽവികളെ എടുക്കുന്നത്.ഒരു കടുവതന്നെ പത്തുതവണ ശ്രമിക്കുമ്പോഴാണ് ഇരയെ കിട്ടുന്നതെന്നാണ് സിബിയുടെ ആപ്തവാക്യം.ഇത്തരം സംഭാഷണങ്ങളിലൂടെയൊക്കെ ഹാസ്യത്തിന്റെ മേലങ്കിയിട്ട് തീർത്തും റിയലിസ്റ്റിക്കായാണ് വേണു പടം മുന്നോട്ടുകൊണ്ടുപോവുന്നത്.( അപ്പോഴൊന്നും ഇത് പ്രേക്ഷകർക്ക് നേരെയുള്ള ചിന്താപരീക്ഷണം ആവുമെന്ന് തോന്നില്ല.)

പതിവുപോലെ ഈ ബിസിനസുകൾ ഒക്കെ പൊളിയുകയും വീട്ടിൽ ബ്‌ളേഡുകാർ കയറിയിറങ്ങുകയും ചെയ്തതോടെയാണ് സിബി കാട്ടിനുള്ളിലുള്ള ആ കൊട്ടാരത്തിലേക്ക് മാനേജർ ജോലിയുമായി വരുന്നത്.വീട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ ഭാരമായതോടെ നാട്ടിൽനിന്ന് മാറിനിൽക്കാനുള്ള അയാളുടെ തന്ത്രം കൂടിയായിരുന്നു വനത്തോട് ചേർന്ന ഏകാന്തമായ ആ ബംഗ്‌ളാവിലെ ജോലി.അവിടെയും അയാളുടെ മനസ്സിലേക്ക് വീണ്ടും കോടികളുടെ കിലുക്കവുമായി ഒരു നിധിക്കഥയത്തെുന്നു.അതുതേടിയുള്ള കാട്ടിലൂടെയുള്ള യാത്രയാണ് പിന്നീടങ്ങോട്ട്.സിബിക്ക് കൂട്ടായി ജംഗിൾ ജോക്കിയായ സമീറയും( മംമ്ത മോഹൻദാസ്),വഴികാട്ടിയായ സ്റ്റാലിനും (മണികണ്ഠൻ ആചാരി) ആദിവാസി ബാലൻ കണ്ണനും (മാസ്റ്റർ ചേതൻ).അതികഠിനവും,സാഹസികവുമായ ആ യാത്ര സിബിയെ പലതും പഠിപ്പിക്കയാണ്.കാടുകയറലൊക്കെ കൊതിപ്പിക്കുന്ന രീതിയിലാണ് എം.കെ മോഹനന്റെ കാമറ ഒപ്പിയെടുത്തിരിക്കുന്നത്. അൽപ്പം പ്രകൃതി സ്‌നേഹമുള്ളവർക്ക് കൊതിയാവും.

കല്ലുകടിയായത് ഫാന്റസിയുടെ മിശ്രണവും ടാഗും

ഒന്നാന്തരമൊരു കഥയും രസകരമായൊരു തിരക്കഥയും അസാധാരണമായ മേക്കിങ്ങുമൊക്കെയുണ്ടായിട്ടും കാർബൺ പ്രേക്ഷകൾക്കങ്ങോട്ട് ദഹിക്കാതെ പോവുന്നുണ്ടെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ..ഫാന്റസി ജാട. റിയലിസവും ഫാന്റസിയും കലർത്തിയ എത്രയോ സിനിമകൾ ഐ.എഫ്.എഫ്.കെയിൽ നിന്നടക്കം കണ്ടിട്ടുള്ളവരാണ് മലയാളി ചലച്ചിത്ര പ്രേക്ഷകർ.പക്ഷേ ഇവിടെ അങ്ങനെയല്ല.ഏതാണ് ഫാന്റസി എതാണ് റിയൽ എന്ന് മനസ്സിലാവുന്നില്ല.സാധാരണരംഗത്തിന്റെ തുടർച്ചയെന്നോണം ഫാന്റസി കുത്തിക്കയറ്റിയാൽ എങ്ങനെയാണ് മനസ്സിലാവുക.ഉദാഹരണമായി സിബി ആനബിസിനസ് തുടങ്ങുന്ന സമയത്ത് പരിചയപ്പെടുന്ന വീട്ടിലെ ആനക്കാരനായ സൗബിന്റെ കഥാപാത്രം പുറത്തിറങ്ങിയ ശേഷം പറയുന്നുണ്ട്, അങ്ങനെയാരു ആന തന്നെയില്‌ളെന്നും താൻപോലും മരിച്ച് കഴിഞ്ഞശേഷമാണ് ഈ രംഗത്തേക്ക് എത്തിയതെന്നും. തുടർന്ന് അയാൾ സിബിയെ ഓടിക്കുന്നു, ചെവിക്ക് തോട്ടിയിട്ട് വലിക്കുന്നു. ഇതോടെ സ്വപനം കണ്ട് ഞെട്ടി ഉണരുന്ന സിബിയെയാണ് പിന്നീട് കാണിക്കുന്നത്. ഇവിടെയുള്ള സംശയം ഈ ആനബിസിനസ് മൊത്തമായി സ്വപ്നമായിരുന്നോ, അതോ തോട്ടിവലിമാത്രമായിരുന്നോയെന്നാണ്.ചിത്രം അതിന് ഉത്തരം തരുന്നില്ല.

കൈ്‌ളമാക്‌സിൽ വെള്ളംകിട്ടാതെ പരിക്ഷീണനായി കാട്ടിലൂടെ അലയുന്ന നായകന്റെ മുമ്പിലും എത്തുന്നുണ്ട് ആനയെ അന്വേഷിച്ച് അതേ പാപ്പാൻ!എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിഭ്രാന്തമായ മനസ്സിന്റെ സൃഷ്ടിയെന്നൊക്കെ സംവിധായകന് ലേഖനമെഴുതേണ്ടി വരും. പ്രേക്ഷകന് ഒന്നും പിടികിട്ടില്ല.അതുപോലെ ചിത്രാന്ത്യത്തിലെന്തു സംഭവിച്ചുവെന്നതും അടപടലം ഫാന്റസിത്തള്ളലിൽ ഓരോരുത്തർക്കും ഇഷ്ടംപോലെ വ്യാഖ്യാനിക്കാം!( വേണുവിന്റെ മുൻ ചിത്രമായ മുന്നറയിപ്പിൽ മമ്മൂട്ടിയുടെ കഥാപാത്രം അടിമുടി ദുരൂഹമാണ്.പക്ഷേ അത് ന്യായീകരിക്കാനുള്ള എല്ലാ സൂചനകളും ചിത്രത്തിലുണ്ട്.അവിടെയാണ് ഒരു ചലച്ചിത്രകാരന്റെ വിജയം)

ബീനാപോളെങ്കിലും വേണുവിന് പറഞ്ഞുകൊടുക്കണമായിരുന്നു, മാസ്റ്റേഴ്‌സിന്റെ സൃഷ്ടിയൊന്നും ഇങ്ങനെയല്‌ളെന്ന്.എതാണ് റിയൽ എതാണ് ഫാന്റസി എന്ന് പ്രേക്ഷന് മനസ്സിലായില്‌ളെങ്കിൽ, അതിനുള്ള സൂചനകളില്‌ളെങ്കിൽ, പിന്നെന്താണ് സാർ ചലച്ചിത്രം എന്ന സങ്കേതത്തിന്റെ പ്രസക്തി.എന്തൊക്കെയെ കുറേ സീനുകൾ തലങ്ങും വിലങ്ങുമെടുത്താൽ ചിത്രമാവില്ലല്ലോ.

അതുപോലെ തന്നെ കാർബൺ ടാഗും പലയിടത്തും ചിത്രത്തിന് വല്ലാത്ത ബാധ്യതയാവുന്നുണ്ട്.വജ്രവും കരിക്കട്ടയും തമ്മിലുള്ള ദ്വന്ദങ്ങൾ സൂചിപ്പിക്കാനെന്നോണം ഇടക്കിടെ ആ ആശയം പറഞ്ഞുകൊണ്ടിരിക്കണം.നാഗരികരുടെ ആർത്തി,കാടിന്റെ മക്കളുടെ ലാളിത്യം തൊട്ടുപോകുന്ന ദ്വന്ദങ്ങൾ.പിന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എന്ന 'ഫോട്ടോഗ്രാഫറും', 'ലോഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടിയും' അടക്കമുള്ള ഒരുപാട് മലയാള ചിത്രങ്ങൾപോലും പറയാൻ ശ്രമിച്ച ആശയം ഇവിടെയും വരുന്നുണ്ട്.ഒരു ടാഗിട്ടാലുള്ള കുഴപ്പം ഇതാണ്.കാലിനനുസരിച്ച് ചെരിപ്പ്വെട്ടുകയെന്ന് പറയുന്നപോലെ ടാഗിനൊപ്പിച്ച് കഥ വെട്ടേണ്ടി വരും!

ഫഹദിന്റെ നവരസ ഷോ!

മലയാളത്തിലെ ഏക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ താൻ തന്നെയാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയാണ് ഫഹദ്ഫാസിൽ ഈ കഥാപാത്രത്തിലൂടെ.ഒരർഥത്തിൽ ഫഹദിന്റെ വൺമാൻ നവരസഷോയാണ് ഈ പടം.സിബിയുടെ സംഘർഷങ്ങളും ഹർഷോന്മാദങ്ങളും ഇത്രക്ക് ഗംഭീരമാക്കാൻ പറ്റിയ നടൻ ഇന്ന് ഇന്ത്യൻ സിനിമയിൽ വേറെയില്ല.ഒരുവേള നവാസുദ്ദീൻ സിദ്ദീഖിയെ ഓർത്തുപോയി.

'കമ്മട്ടിപ്പാടത്തിലെ' ബാലേട്ടന്റെ ഹാങ്ങോവറിൽ പെട്ടുപോയ മണികണ്ഠൻ ആചാരിക്ക്, 'ഈട'യിലെ മികച്ച കഥാപാത്രത്തിനുശേഷം കിട്ടിയ വെല്ലുവിളിയാണ് കാൺബണിലെ സ്റ്റാലിൻ. ഉജ്ജ്വലമായി ആ കഥാപാത്രത്തെ മണി വികസിപ്പിച്ചരിക്കുന്നു. മലയാളം കാത്തിരുന്ന സ്വഭാവ നടനാണ് ഇയാൾ.മംമ്ത മോഹൻദാസിന്റെ പ്രസരിപ്പാർന്ന അഭിനയവും ചിത്രത്തിന് മുതൽക്കൂട്ടാണ്.ബോളിവുഡ്ഡിലെ തിളങ്ങുന്ന കാ്യാമറാനായ എം.കെ മോഹനന്റെ പ്രതിഭ ചിത്രത്തിൽ ഉടനീളം കാണാം.വനത്തിലെ ചില രാത്രി ദൃശ്യങ്ങളും ഹെലിക്യാം ഷോട്ടുകളും ക്‌ളാസിക്ക് തന്നെ. 

വിശാൽ ഭരദ്വാജ് എന്ന സംഗീത പ്രതിഭയുടെ മുൻകാല വർക്കുകൾ കേട്ടിട്ടുള്ളവർക്ക് നിരാശതോന്നാത്ത വിധത്തിലാണ് ചിത്രത്തിന്റെ സംഗീതം.ശബ്ദമിശ്രണവും ബിജിപാലിന്റെ പശ്ചാത്തലവും ചിത്രത്തോട് ചേർന്നു നിൽക്കുന്നു.

വാൽക്കഷ്ണം: ഈ ചിത്രത്തെ വിമർശിച്ചാൽ എന്തോ പറ്റിപ്പോവുമെന്ന ഭയം ചിലർക്കുണ്ടെന്ന് നവമാധ്യമങ്ങൾ കണ്ടാൽ അറിയം.എന്തിനെയും ട്രോളുന്നവർക്കുപോലും കാർബൺ സൂപ്പറാണ്.പക്ഷേ കൈ്‌ളമാക്‌സിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാൽ ബബ്ബബ.ഡിജിറ്റൽ സിനിമാകാലത്തിന് മുമ്പ്, ഒരു ഗോവൻ ഫിലിം ഫെസ്റ്റിവലിൽ റീലുമാറി ഒരു പടം പ്രദർശിപ്പിച്ചിട്ടും ഡെലിഗേറ്റ്‌സ് കൈയടിച്ച സംഭവം പറഞ്ഞുകേട്ടിരുന്നു. ആ ബൗദ്ധിക അടിമത്തകാലം തിരച്ചുവരികയാണോ? ഈ പടം എടുത്തത് ന്യൂജൻ പിള്ളേരായിരുന്നെങ്കിൽ ഗഞ്ചൻ കൂടിപ്പോയതുകൊണ്ടാണെന്നേ എല്ലാവരും പറയുമായിരുന്നുള്ളൂ. കഷ്ടം, ഒരു അഭിപ്രായം പോലും സത്യസന്ധമായി പറയാൻ കഴിയാത്ത രീതിയിൽ മാറിയോ നാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP