Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാര്യങ്ങൾ കൈവിട്ടതോടെ പണം കൊടുത്ത് പ്രശ്‌നം തീർക്കാൻ രവിപിള്ള തന്നെ രംഗത്ത്; ഒരു വർഷം പിന്നാലെ നടന്നിട്ടും ലഭിക്കാതെ പോയ പണം ഒരു ദിവസം കൊണ്ട് തിരിച്ചു കിട്ടുമെന്ന് അറിഞ്ഞ ആശ്വാസത്തിൽ പരാതിക്കാരൻ; കേസിലേക്കും അറസ്റ്റിലേക്കും നീളാതെ ബിനോയ് കോടിയേരിയുടെ വഞ്ചനാ പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു

കാര്യങ്ങൾ കൈവിട്ടതോടെ പണം കൊടുത്ത് പ്രശ്‌നം തീർക്കാൻ രവിപിള്ള തന്നെ രംഗത്ത്; ഒരു വർഷം പിന്നാലെ നടന്നിട്ടും ലഭിക്കാതെ പോയ പണം ഒരു ദിവസം കൊണ്ട് തിരിച്ചു കിട്ടുമെന്ന് അറിഞ്ഞ ആശ്വാസത്തിൽ പരാതിക്കാരൻ; കേസിലേക്കും അറസ്റ്റിലേക്കും നീളാതെ ബിനോയ് കോടിയേരിയുടെ വഞ്ചനാ പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയെ കുടുക്കിയ വഞ്ചനാ കേസ് ഒത്തുതീർപ്പിലേക്ക്. കേസും വഴക്കുമൊന്നുമായി ഇത് മാറില്ല. ബിനോയിയും രാഹുൽ കൃഷ്ണയുമായി ഇതു സംബന്ധിച്ച ധാരണയായെന്നാണ് സൂചന. 13 കോടി നൽകി തലവേദന ഒഴിവാക്കാൻ സഹായിക്കാമെന്ന് പ്രവാസി വ്യവസായി രവി പിള്ള അറിയിച്ചിട്ടുണ്ട്. രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ബിനോയ് കോടിയേരി. ഈ സാഹചര്യത്തിലാണ് രവി പിള്ള സഹായ വാഗ്ദാനം നൽകുന്നത്. കോടിയേരിയുമായും രവിപിള്ള ഫോണിൽ സംസാരിച്ചതായി സൂചനയുണ്ട്. സിപിഎം നേതൃത്വത്തേയും രവി പിള്ള കാര്യങ്ങൾ അറിയിച്ചു കഴിഞ്ഞു.

ഇതോടെ നിയമ നടപടികൾ ദുബായിലെ കമ്പനി അവസാനിപ്പിക്കുമെന്നാണ് സൂചന. രാഹുൽ കൃഷ്ണ സ്‌പോൺസറോട് ഇതു സംബന്ധിച്ച് ചർച്ച നടത്തും. അതിന് ശേഷം എല്ലാ കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. അതിനിടെ സഹായ വാഗ്ദാനവുമായി മറ്റൊരു പ്രവാസിയായ യൂസഫലിയും രംഗത്ത് വന്നു. എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നാണ് യൂസഫലി നൽകിയ വാഗ്ദാനം. അതിനിടെ വിവാദത്തിൽ ഇനിയും പിണറായി വിജയൻ പരസ്യമായി നിലപാട് വിശദീകരിച്ചിട്ടില്ല. ഇന്നലെ കോടിയേരിയുമായി പിണറായി ചർച്ച നടത്തിയിരുന്നു. എന്തുകൊണ്ട് ഈ വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഇത് തന്നെയാണ് സിപിഎം കേന്ദ്രങ്ങൾ ഇപ്പോഴും ചർച്ചയാക്കുന്നത്.

ഈ വിവാദം തുടങ്ങുമ്പോഴും രവി പിള്ള അടക്കമുള്ളവർ സഹായിക്കാൻ തയ്യാറായിരുന്നുവെന്നാണ് സൂചന. എന്നാൽ പിണറായിയുടെ മൗനം കാരണം മിണ്ടാതിരുന്നു. ഇതാണ് വിവാദങ്ങൾ പുതിയ തലത്തിലെത്തിച്ചത്. അതിനിടെ മകൻ ബിനോയ് ഉൾപ്പെട്ട പണമിടപാടു വിഷയം ഉടൻ പരിഹരിക്കുമെന്നു കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചു നേതൃത്വത്തിനു പരാതി ലഭിച്ചുവെന്നും തുടർന്നു വിഷയം കോടിയേരിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണു പാർട്ടി വൃത്തങ്ങളിൽനിന്ന് അറിയുന്നത്. രവി പിള്ളയുടേയും മറ്റും ഉറപ്പാണ് കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിക്കാൻ കോടിയേരിയെ സഹായിച്ചത്. വിഷയം പാർട്ടിയുടെ അവെയ്ലബ്ൾ പൊളിറ്റ് ബ്യൂറോ ഇന്നലെ ചർച്ച ചെയ്‌തെന്നാണു സൂചന.

മകനുൾപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്‌നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്നു നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മഈൽ അബ്ദുല്ല അൽ മർസൂഖി നേരിട്ടു സിപിഎം നേതൃത്വവുമായി ചർച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ഇതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. രണ്ട് വർഷത്തോളം ഈ കാശിനായി ബിനോയിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. രാഷ്ട്രീയ വിവാദമായാലേ പണം കിട്ടുവെന്ന് അറബി തിരിച്ചറിഞ്ഞു. രാഹുൽ കൃഷ്ണയുടെ തന്ത്രങ്ങളും ഫലം കണ്ടു. ഇതിനിടെയിൽ സിപിഎം കേന്ദ്ര നേതാക്കൾക്കിടയിലുള്ള ഭിന്നതയും കാര്യങ്ങളുടെ മൂർച്ഛ കൂട്ടി. ഇതെല്ലാം പണം തിരിച്ചു കിട്ടാൻ ദുബായ് കമ്പനിയെ സഹായിക്കുകയും ചെയ്തു.

ഔഡി-എ8 (കമ്പനി വൃത്തങ്ങൾ പരാതിയിൽ പറയുന്ന നമ്പർ: എച്ച് 71957) കാർ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങൾക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരൻ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം മെയ്‌ 16 തീയതിയായുള്ള മൂന്നു ചെക്കുകളാണു മടങ്ങിയതെന്നു പരാതിയുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു (ചെക്ക് നമ്പരുകൾ: 769490, 769502, 000020). ചെക്കുകൾ മടങ്ങിയതിനു ബാങ്ക് രേഖാമൂലം വ്യക്തമാക്കിയിട്ടുള്ള കാരണം, അക്കൗണ്ട് അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ്. ഔഡി കാറിന്റെ വായ്പയിനത്തിൽ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്നല്ലാതെ, അതിന് എന്തെങ്കിലും നടപടികൾ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടോയെന്നു പരാതിയിൽ പറയുന്നില്ല. എന്നാൽ, യുഎഇയിലെ ബാങ്കുകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ബിനോയ് തട്ടിച്ചതായി ആരോപിക്കുന്നുമുണ്ട്. പണം കിട്ടിയാൽ നിയമ നടപടി ഉപേക്ഷിക്കുമെന്നും അറബി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യം മനസ്സിലാക്കിയാണ് രവി പിള്ള സഹായം നൽകാൻ രംഗത്ത് എത്തുന്നത്.

ബിനോയ് 13 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് രവി പിള്ളയും തിരിച്ചറിയുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫും ബിജെപി.യും ഇത് ആയുധമാക്കി രംഗത്തെത്തി. ഇതോടെയാണ് സിപിഎം. നേതൃത്വം പ്രതിരോധത്തിലായത്. ഷാർജയിലെ സോൾവ് മാനേജ്മെന്റ് കൺസൾട്ടൻസിയിൽ ബിസിനസ് പാർട്ട്ണറായിരുന്നു ബിനോയിയെന്നാണ് ജാസ് കന്പനി നൽകിയ പരാതിയിൽ പറയുന്നത്. ജാസ് ടൂറിസം കമ്പനിയുടെ ബിസിനസ് പങ്കാളിയായ രാഹുൽ കൃഷ്ണയാണ് ബിനോയിയെ കന്പനിയുമായി അടുപ്പിക്കുന്നത്. പുതിയ ഔഡി കാർ വാങ്ങാനായി ജാസ് കമ്പനിയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് ബിനോയ് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) വായ്പയെടുത്തു. രാഹുൽ കൃഷ്ണയുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തിയായിരുന്നു ഈ വായ്പ.

പിന്നീട്, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ വിവിധ ബിസിനസ് ഇടപാടുകൾക്കായി രാകുൽ കൃഷ്ണയിൽനിന്ന് ബിനോയ് 45 ലക്ഷം ദിർഹം (7.87 കോടി രൂപ) കടംവാങ്ങി. 2016 ജൂൺ പത്തിനുള്ളിലോ അതിനുമുൻപോ തിരിച്ചുനൽകാമെന്ന് ഉറപ്പും നൽകി. 2015 ഓഗസ്റ്റ് മുതൽ ബാങ്കിലെ വായ്പാഗഡു അടയ്ക്കാതായി. അടവ് മുടങ്ങിയതോടെ, ബാങ്ക് ടൂറിസം കമ്പനിക്ക് നോട്ടീസയച്ചു. ഈ തുകയും ബിസിനസ് ഇടപാടിനുവാങ്ങിയ കടവും തിരിച്ചുനൽകാതെ ബിനോയ് യു.ഇ.എ.യിൽനിന്ന് മുങ്ങിയെന്നും പറയുന്നു. പിന്നീടുള്ള അന്വേഷണത്തിൽ യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളിൽനിന്നും വ്യക്തികളിൽനിന്നും ഇതുപോലെ ബിനോയ് കോടിയേരി കടം വാങ്ങിയിട്ടുണ്ടെന്നും തിരിച്ചുനൽകിയിട്ടില്ലെന്നും അറിയാനായി. ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കാനായി. ഇതിനിടെ, പലവട്ടം രാകുൽ കൃഷ്ണ ബിനോയിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാനോ നേരിൽക്കാണാനോ തയ്യാറായില്ല.

ഇതിനിടെ കോടിയേരി ബാലകൃഷ്ണനെയും സമീപിച്ചു. ബാങ്കിലെ പലിശസഹിതം മൊത്തം 13 കോടി രൂപ ഉടൻ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയിയുടെ വീട്ടിലെത്തി അഭ്യർത്ഥിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. തുടർന്ന്, ബിനോയ് ഈടായി നൽകിയ മൂന്ന് ചെക്കുകൾ ബാങ്കിൽ നിക്ഷേപിച്ചെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ അവ മടങ്ങി. ഇതോടെയാണ് ദുബായ് പൊലീസിൽ പരാതി നൽകിയതെന്നും ഹസൻ ഇസ്മായിൽ പറഞ്ഞു. ഇന്റർപോളിനെ സമീപിച്ച് ബിനോയിയെ ദുബായിലെത്തിക്കാനാണ് യു.എ.ഇ. കോടതിയിൽനിന്ന് തങ്ങൾക്കുലഭിച്ച ഉപദേശം.

അതിനായി ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ഉടമ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ശരിയാണെന്ന് രവി പിള്ള അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഹായത്തിന് തയ്യാറാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP